രമേശ് ബാബു

May 06, 2021, 4:30 am

മതേതരത്വം ഉറപ്പാക്കിയ വിജയം

Janayugom Online

നിങ്ങള്‍ ചോദിക്കും: “എന്തുകൊണ്ടാണ് നിങ്ങളുടെ കവിത സ്വപ്നത്തെക്കുറിച്ച് ഇലകളെക്കുറിച്ച് പൂക്കളെക്കുറിച്ച് നിങ്ങളുടെ നാട്ടിലെ അഗ്നിശെെലങ്ങളെക്കുറിച്ച് പാടാത്തതെന്ന്?”
വരൂ ഈ തെരുവിലെ ചോര കാണൂ!
— പാബ്ലോ നെരൂദ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളം ഓഖി, പ്രളയം പോലുള്ള പ്രകൃതിദുരന്തം, മഹാമാരി തുടങ്ങി ഒട്ടേറെ പ്രതിസന്ധികളിലൂടെയായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്. കോവിഡ് എന്ന മഹാമാരി താണ്ഡവം തുടരുകയാണ്. എല്ലാത്തിനെയും പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തുകൊണ്ടാണ് കേരളം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് കേരളത്തില്‍ തദ്ദേശ‑നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വന്നത്. രണ്ടിലും കേരളം ഭരിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ മുന്നണി വന്‍വിജയം നേടി. പ്രകൃതി ദുരന്തങ്ങളിലും കോവിഡ് വ്യാപനത്തിലുംപ്പെട്ട് ഉഴലുന്ന ജനതയ്ക്ക് കെെത്താങ്ങായ സര്‍ക്കാരിനെ അവര്‍ പിന്തുണച്ചു. പട്ടിണിയിലും ദുരിതത്തിലും ആണ്ടുപോയൊരു നശിച്ചകാലത്ത് ജനത്തിന് വേണ്ടത് നാമജപക്കാരെയോ, കാണാത്ത ദെെവത്തെയോ അല്ല, അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വാസസ്ഥലങ്ങളും പരിചരണവുമാണ്. ഭരിക്കുന്ന സര്‍ക്കാര്‍ അതൊക്കെ ഉറപ്പാക്കിയപ്പോള്‍ ജനം സര്‍ക്കാരിനെ വീണ്ടും സ്വീകരിച്ചു. ആപത്തുകാലത്ത് കാല്പനികതയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന പാബ്ലോ നെരൂദയുടെ (ചിലിയന്‍ കമ്മ്യൂണിസ്റ്റ് കവി) വരികളെ സാര്‍ത്ഥകമാക്കുന്നു കേരളത്തിലെ ഭരണത്തുടര്‍ച്ച.

സംസ്ഥാനത്തിന്റെ മുന്‍ രാഷ്ട്രീയചരിത്രം തിരുത്തിയാണ് കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതിയിരിക്കുന്നത്. സര്‍ക്കാര്‍ ജനപക്ഷത്തു നില്‍ക്കുകയും സാമുദായിക നീതിയല്ല, സാമൂഹികനീതിയാണ് ഒരു നാടിന്റെ ആരോഗ്യപരമായ നിലനില്പിന് ആവശ്യമെന്ന് കണ്ട് ഭരണനിര്‍വഹണം നടത്തിക്കൊണ്ടിരുന്നാല്‍ ഭരണത്തുടര്‍ച്ചകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. രണ്ട് വന്‍ പ്രളയങ്ങള്‍ക്ക് ശേഷവും കോവിഡ് വ്യാപനവും കെടുതികളും തുടരുന്നതിനുമിടയിലാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ അഭൂതപൂര്‍വമായ ജനവിധിയുണ്ടായിരിക്കുന്നത്. ദുരിതവും ദുരന്തവും ഒഴിയാതെ സംസ്ഥാനത്തെ പിന്തുടരുമ്പോള്‍ പരിഹാരനടപടികളുമായി സര്‍ക്കാര്‍ കൂടെയുണ്ടെന്ന ബോധ്യം സൃഷ്ടിക്കുവാന്‍ ഭരണകൂടത്തിനായി. കക്ഷിരാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ വെെകാരിക പ്രതികരണം കൂടിയാണ് ഈ വിജയം. ആരോഗ്യമന്ത്രി കെ കെ ശെെലജയ്ക്ക് ലഭിച്ച അറുപത്തിയൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷം ഇതിന്റെ പ്രതിഫലനങ്ങളിലൊന്നാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ ഒരിടത്തു മാത്രമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് ജയിക്കുവാനായത്. ആ തോല്‍വിയും വിജയവും ദേശീയ രാഷ്ട്രീയ സമവാക്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചുവിടുന്ന അവസ്ഥയുമുണ്ടായി. മിക്കവാറും എല്ലാ ദിവസവും പ്രതിപക്ഷ നേതാവ് ഓരോതരം അഴിമതിക്കഥകളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ ഒന്നും ഏശിയില്ല. കണ്‍മുന്നിലെ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും അനുഭവിച്ചും നേരിട്ടും കൊണ്ടിരിക്കുന്ന ജനതയ്ക്ക് ഇതൊന്നും ഒരു വിഷയമേ ആയില്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതെന്ന പോലെ ഒച്ചയും ബഹളവും പണക്കൊഴുപ്പും കാട്ടിയാണ് കേരളത്തിലും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്. അവര്‍ക്ക് ചൂണ്ടിക്കാട്ടാനുണ്ടായത് രാമക്ഷേത്രവും പട്ടേല്‍ പ്രതിമയും പേരുമാറ്റിയ മോഡി സ്റ്റേഡിയവുമൊക്കെയായിരുന്നു. നയം വര്‍ഗീയ വിദ്വേഷവും കോര്‍പ്പറേറ്റ് പ്രീണനവും. ഇതൊന്നുംതന്നെ ജനം അഭിമുഖീകരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത സംഗതികളാണ്. കേരള ജനത നാണംകെട്ട തോല്‍വിയാണ് അവര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

കേരളത്തില്‍ പലതവണ പ്രധാന ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് നേതൃരാഹിത്യത്തിലൂടെ ദേശീയതലത്തിലും സംസ്ഥാനത്തും ജീര്‍ണത നേരിടുകയാണ്. വര്‍ഗീയകക്ഷികള്‍ നല്കുന്ന പ്രാണവായുവിലാണ് കോണ്‍ഗ്രസിന്റെ നിലനില്പ് എന്നുകണ്ടാണ് പ്രബുദ്ധരായ ഭൂരിപക്ഷ കേരളീയ ജനത ആ പ്രസ്ഥാനത്തെ കെെവിട്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും സാരാംശങ്ങള്‍ നിലനിര്‍ത്തുന്നതിനും ശക്തമായ ഒരു പ്രതിപക്ഷ പ്രസ്ഥാനം അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ പരിതാപകരമായ പതനം സത്യത്തില്‍ ജനാധിപത്യ വിശ്വാസികളില്‍ ഉത്കണ്ഠ ജനിപ്പിക്കുന്നുണ്ട്. ജനാധിപത്യം എന്ന കളിക്കളത്തില്‍ എതിരാളിയില്ലെങ്കില്‍ പിന്നെ ജേതാവുമില്ലാതെവരും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാതെ വെറും നോമിനേഷനിലും ഗ്രൂപ്പിലും നിലനില്‍ക്കുന്ന കേരളത്തിലെ വര്‍ത്തമാനകാല കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഗീയശക്തികളുടെ പിന്‍ബലത്തില്‍ മാത്രം ജീവിക്കാന്‍ ശ്രമിച്ചാല്‍ അധികം വെെകാതെ കുറ്റിയറ്റുപോകും. കോണ്‍ഗ്രസിനൊപ്പം ഇപ്പോള്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ നാളെ നിറംമാറി മറ്റുപ്രസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കും. നിരോധിതവും അല്ലാത്തതുമായ വര്‍ഗീയ സംഘടനകള്‍ ദളിത്-ആദിവാസി-മാവോയിസ്റ്റ് അനുഭാവം കാട്ടി പുരോഗമന പ്രസ്ഥാനങ്ങളിലും മുഖ്യധാര മതേതര പ്രസ്ഥാനങ്ങളിലും നുഴഞ്ഞുകയറി അജണ്ടകള്‍ ഗൂഢമായി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മതേതതര വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ വിജയം. അവരുടെ വിശ്വാസം നിലനിര്‍ത്താന്‍ ഇനിയും ശുദ്ധീകരണമാവശ്യമാണെന്ന് ചില മണ്ഡലങ്ങളിലെ തോല്‍വിയും വിജയവും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പാലയില്‍ ജോസ് കെ മാണിയുടെ പരാജയവും തിരൂരിലെ കെ ടി ജലീലിന്റെ ജയവും ഈ ദിശയിലെ ചില സൂചകങ്ങളാണ്.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ഉണര്‍ത്തി വോട്ട് നേടാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രയോക്താക്കള്‍ തന്നെ സൂക്ഷ്മ ജാതീയതയുടെ വക്താക്കളാകുന്നതും ഈ തെരഞ്ഞെടുപ്പ് വേളയില്‍ കേരളം കണ്ടു. ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ മനുസ്മൃതിയിലെ ആശയങ്ങളാണ് അവരെ ഭരിക്കുന്നത്. ഈ ചിന്താധാരയുടെ പ്രത്യക്ഷ ആള്‍രൂപമായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശബരിമല വിഷയത്തിലൂടെയും നാമജപഘോഷയാത്രയിലൂടെയും വനിതാ വിമോചനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ഭൂരിപക്ഷ വര്‍ഗീയതയുടെ ചിറകിലേറി സൂക്ഷ്മജാതീയതയെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചെങ്കിലും കേരളീയ ജനത അതൊക്കെയും തൂത്തെറിയുകയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ വിജയിച്ച വി കെ പ്രശാന്തിന്റെയും രണ്ടിടത്തും തോറ്റ കെ സുരേന്ദ്രന്റെയുമൊക്കെ ജാതി വെളിപ്പെടുത്തി നടന്ന സുകുമാരന്‍ നായര്‍ വോട്ടെടുപ്പ് ദിനത്തിലും ജാതിവിഷം ചീറ്റിയെങ്കിലും കടലില്‍ കായം കലക്കിയതുപോലാകുകയായിരുന്നു. സുകുമാരന്‍ നായര്‍ ഈ വെെകിയ വേളയിലെങ്കിലും ചരിത്രകാരനും പണ്ഡിതനുമായ പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ കേരളചരിത്ര ഗ്രന്ഥങ്ങള്‍ വായിച്ചുപഠിക്കണം. അപ്പോള്‍ സ്ഥാനം മനസിലാകും. സാമുദായിക നേതാക്കളും സാമൂഹിക പരിഷ്കര്‍ത്താക്കളും തമ്മില്‍ എലിയും പര്‍വതവും പോലുള്ള അന്തരമുണ്ടെന്ന് ഇവര്‍ എന്നാണ് മനസിലാക്കുക?

ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ തെരഞ്ഞെടുപ്പ് വിജയം “നമ്മുടെ നാട്ടിലെ ജനങ്ങളുടെ വിജയം” തന്നെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഒരു ദിശാസൂചികയാണ്. നാനാത്വത്തില്‍ ഏകത്വം നിലനില്ക്കുന്ന, ഏറ്റവും വലിയ ജനാധിപത്യരാജ്യമായ, മതേതരത്വം നിലനില്ക്കുന്ന, ഉന്നതമായ പാരമ്പര്യമുള്ള ഭാരതം ഭാവിയില്‍ സഞ്ചരിക്കേണ്ടതും ഈ ദിശയില്‍ തന്നെയാണ്. സമഭാവനയും ജാഗ്രതയും ആന്തരിക ശുദ്ധീകരണവും അവലംബിച്ച് സുതാര്യഭരണം കാഴ്ചവയ്ക്കുന്ന കാലത്തോളം ഏതു സര്‍ക്കാരും തുടര്‍ഭരണം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

മാറ്റൊലി

പൊതുപ്രവര്‍ത്തകരുടെ ജാതിയും മതവും നോക്കി നടക്കുന്നവര്‍ക്ക് കൂടുതല്‍ നല്ലത് ദല്ലാള്‍പണിയാണ്.

Eng­lish Sum­ma­ry : Janayu­gom Col­umn Mat­toli by Ramesh Babu