22 July 2024, Monday
KSFE Galaxy Chits Banner 2

നീറ്റല്ലാത്ത നീറ്റ് ഉപേക്ഷിക്കണം

സത്യന്‍ മൊകേരി
വിശകലനം
June 19, 2024 4:18 am

രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള യോഗ്യത നിര്‍ണയിക്കുന്നതിനായി പരീക്ഷ (നീറ്റ്) നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍ടിഎ) നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉയര്‍ത്തിയത്. എന്‍ടിഎയുടെ പരീക്ഷാ നടത്തിപ്പിലെ കെടുകാര്യസ്ഥത വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. ശക്തന്മാരായ സ്വകാര്യ കോച്ചിങ് സെന്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു നല്‍കുന്ന ഏജന്‍സിയായി ദേശീയ പരീക്ഷാ ഏജന്‍സി മാറിയതായാണ് ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
2024 മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് 24,06,079വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 23,33,297പേര്‍ പരീക്ഷ എഴുതി. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചപ്പോള്‍ 13,16,268പേര്‍ യോഗ്യത നേടി. ഫലം പ്രഖ്യാപിച്ചതോടെതന്നെ വിവാദങ്ങളും ശക്തമായി. ഉയര്‍ന്ന യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ പുറത്താകുകയും വഴിവിട്ട മാര്‍ഗം സ്വീകരിച്ചവര്‍ക്ക് ഉന്നത വിജയം നേടുവാനും കഴിഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി. വിദ്യാര്‍ത്ഥികള്‍ പരാതികളുമായി എന്‍ടിഎയെ സമീപിച്ചു. ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും കാര്യക്ഷമമായാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതെന്നും എന്‍ടിഎ വിശദീകരിച്ചു. വിശദീകരണം തൃപ്തികരമല്ലാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സുപ്രീം കോടതിയെ സമീപിച്ചു. വിദ്യാഭ്യാസ വകുപ്പിനും പരാതികള്‍ നല്‍കി. പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.
ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കൊടുത്തും ഉത്തരങ്ങള്‍ പൂര്‍ണമായും എഴുതാതെ മാറ്റിവച്ച ഉത്തര പേപ്പറില്‍ അധ്യാപകര്‍ ശരിയുത്തരം എഴുതുകയും ചെയ്യുന്നതരത്തിലുള്ള ക്രമക്കേടുകള്‍ നടന്നുവെന്നത് ‍ഞെട്ടിപ്പിക്കുന്നതാണ്. നീറ്റ് യുജിയില്‍ ക്രമക്കേട് നടന്നുവെന്നും വീണ്ടും പരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് ശിവാംഗി മിശ്രയെന്ന വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജഡ്ജിമാരായ അഹ്സനുദീന്‍ അമാനുള്ള, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പരിഗണനയ്ക്കായി വന്നു. പ്രഥമ നിരീക്ഷണത്തില്‍ത്തന്നെ കോടതി എന്‍ടിഎ നടപടികളില്‍ അസംതൃപ്തി രേഖപ്പെടുത്തുകയും വിശദമായ പരിശോധന നടത്തുന്നതിന് തീരുമാനിക്കുകയുമായിരുന്നു. ബിഹാര്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം ചോദിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായും പണം നല്‍കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപ്പേപ്പര്‍ നേരത്തെ ലഭിച്ചതായും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
പരീക്ഷയെഴുതിയ 67 വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കില്‍ 720 മാര്‍ക്കും ലഭിച്ചതിന്റെ മാനദണ്ഡവും ചോദ്യം ചെയ്യപ്പെട്ടു. ഹര്‍ജിക്കാരുടെ വാദം ഗൗരവമായി എടുത്ത്, വിഷയത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നതിനാല്‍ കൂടുതല്‍ വാദം കേള്‍ക്കാനായി സുപ്രീം കോടതി കേസ് ജൂലൈ എട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യം പരീക്ഷാ ക്രമക്കേട് പരാതി നിഷേധിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ സമ്മതിച്ചു. രണ്ട് കേന്ദ്രങ്ങളില്‍ ക്രമക്കേടുകൾ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പറഞ്ഞ മന്ത്രി, കുറ്റക്കാര്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും വിശദീകരിച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
യുപിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള നാലംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ കണ്ണില്‍പ്പൊടിയിടലാണെന്ന വിമര്‍ശനം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ സഹായിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംഘത്തിലെ ചിലര്‍ ഗുജറാത്തിലെ ഗോധ്രയില്‍ നിന്നും പിടിക്കപ്പെട്ടതോടെയാണ് വിഷയം ദേശീയ ശ്രദ്ധയില്‍ വന്നത്. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എഴുതാതെ വിടുക, പരീക്ഷ കഴിഞ്ഞതിനുശേഷം പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകര്‍ അത് പൂരിപ്പിച്ചു നല്‍കുക. അതാണ് ഗോധ്രയില്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 26 പരീക്ഷാര്‍ത്ഥികളില്‍ നിന്നായി 12 കോടി രൂപ വാങ്ങിയ വാര്‍ത്തയും ഞ‌െട്ടിക്കുന്നതാണ്.
ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറു വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതും അന്വേഷിക്കുന്നുണ്ട്. മുഴുവന്‍ മാര്‍ക്കായ 720 ലഭിച്ചവര്‍ ഇത്തവണ 67ആണ്. മുന്‍വര്‍ഷങ്ങളില്‍ ഇത് രണ്ടോ മൂന്നോ ആയിരുന്നു. പരീക്ഷ സംബന്ധമായി ഉയര്‍ന്നുവന്ന ആരോപണം നീറ്റ് പരീക്ഷയുടെ വിശ്വാസം ഇല്ലാതാക്കി. “ആരോപണങ്ങള്‍ പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചു“വെന്ന സുപ്രീം കോടതി പരാമര്‍ശം ശ്രദ്ധേയമാണ്.
നീറ്റ് പരീക്ഷയില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നേരത്തേ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.‍ നീറ്റ് നിലവില്‍ വന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഗ്രാമീണ മേഖലയിലെ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ പുറംതള്ളപ്പെടുകയാണ്. വന്‍തുക ചെലവഴിച്ച് നടത്തുന്ന പരിശീലന കേന്ദ്രങ്ങളില്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഉയര്‍ന്നുവന്നു. പണം മുടക്കി, പരിശീലനത്തിന് പോകുവാന്‍ കഴിയുന്ന സമ്പന്നവിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നീറ്റ് പരീക്ഷ മാറുന്നതാണ് രാജ്യം കണ്ടത്. പണം മുടക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ മാത്രം ഇടങ്ങളായി മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ മാറുന്നതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും എഐഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ സംസ്ഥാനങ്ങളാണ് മെഡിസിന്‍ ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷ നടത്തിയിരുന്നത്. 2010ലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നീറ്റ് പരീക്ഷ നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ ഇതിനോട് ശക്തമായ വിയോജിപ്പ് അന്നുതന്നെ ഉയര്‍ത്തിയതാണ്. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം നല്‍കണമെന്ന ആവശ്യം രാജ്യം ഉയര്‍ത്തുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യത്തിനായി ബില്ലുതന്നെ പാസാക്കി. രാഷ്ട്രപതി അതിന് അംഗീകാരം നല്‍കാത്തതിനാല്‍ ശക്തമായ വിമര്‍ശനത്തിന് വിധേയമായി.
ഉന്നത വിദ്യാഭ്യാസ മേഖല വന്‍കിട പരിശീലന കേന്ദ്രങ്ങളുടെ കയ്യില്‍ നിന്നും മോചിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഉന്നത വിദ്യാഭ്യാസത്തിന് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ആകണം. അത്തരം മാറ്റം ഉണ്ടായാല്‍ മാത്രമേ മഹാഭൂരിപക്ഷം വരുന്ന രാജ്യത്തെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിന് അവസരം ലഭിക്കൂ. നീറ്റ് പോലുള്ള ‘അരിപ്പ’ വച്ചാല്‍ സാമ്പത്തികശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇത്തരം കോഴ്സുകളില്‍ പ്രവേശനം ലഭിക്കുക. ഭരണഘടന നല്‍കുന്ന തുല്യത ഇല്ലാതാക്കുന്ന നടപടിയാണിത്. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.