19 April 2024, Friday

വറുതിയുടെ ഇരുണ്ട ദിനങ്ങൾ

web desk
March 26, 2023 5:00 am

രാജ്യത്തെ ദരിദ്രരായ 20 ശതമാനം മനുഷ്യരുടെ വാർഷിക വരുമാനം 53 ശതമാനം ഇടിയുകയും 2015–16 ലെ നിലവാരത്തിൽ നിന്ന് താഴോട്ട് പോവുകയും ചെയ്യുമ്പോള്‍ ദാരിദ്ര്യത്തിന്റെ ഇരുണ്ട ഘട്ടങ്ങളിലേക്കാണ് ഇന്ത്യ പ്രവേശിക്കുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി, കോവിഡിന് മുമ്പുവരെ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം ഏഴ് ശതമാനം എന്ന നിരക്കിൽ വികസിച്ചിരുന്നു. മഹാമാരിക്കാലം വരെ പ്രതിശീർഷ വരുമാനം പ്രതിവര്‍ഷം 2100 ഡോളറിലെത്തുകയും ചെയ്തിരുന്നു. സമ്പന്നരായ 20 ശതമാനം 39 ശതമാനം വരുമാന വളർച്ച നേടിയതും ഇതേ വർഷങ്ങളിലാണ്. കോവിഡ് ദിനങ്ങളാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ അഗാധമായ വിടവുണ്ടാക്കിയത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുണ്ടായത് ഭീമമായ അന്തരമാണ്. 2021 ഏപ്രിലിനും ഒക്‌ടോബറിനും ഇടയിൽ പീപ്പിൾസ് റിസർച്ച് ഓൺ ഇന്ത്യ, ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നടത്തിയ സർവേയിൽ സാമ്പത്തിക വളര്‍ച്ച ഏതാണ്ട് പൂജ്യത്തിലേക്ക് താഴുകയും 2020–21 കാലത്ത് ജിഡിപി 7.3 ശതമാനമായി ചുരുങ്ങുകയും ചെയ്തതായി കണ്ടെത്തി. ആദ്യഘട്ടത്തില്‍ 2,00,000 ഗ്രാമീണ വീടുകളും നഗരങ്ങളിലെ 42,000 വീടുകളുമാണ് പഠനവിധേയമാക്കിയത്. 100 ജില്ലകളിലായി 120 പട്ടണങ്ങളിലും 800 ഗ്രാമങ്ങളിലുമായിരുന്നു രണ്ടാംഘട്ട സര്‍വേ. സാമ്പത്തിക തകര്‍ച്ചയ്ക്കൊപ്പം ദാരിദ്ര്യത്തിന്റെ അളവിലും വ്യത്യാസമുണ്ടായി. മൊത്തം ജനസംഖ്യയിൽ 20 ശതമാനത്തിന്റെ വരുമാനത്തില്‍ വളരെ ചെറിയ വ്യത്യാസമേ ഉണ്ടായുള്ളൂ. എന്നാല്‍ ഏറ്റവും ദരിദ്രരായ 20 ശതമാനത്തിന്റെ വരുമാനം 53 ശതമാനം കുറഞ്ഞു. താഴ്ന്ന ഇടത്തരം വിഭാഗക്കാരുടെ കുടുംബ വരുമാനത്തിലെ ഇടിവ് 32 ശതമാനമായിരുന്നു. ഇടത്തരം വരുമാന വിഭാഗത്തിൽ ഒമ്പത് ശതമാനം ഇടിവുണ്ടായപ്പോൾ ഉയർന്ന ഇടത്തരം വിഭാഗത്തിലിത് ഏഴ് ശതമാനമായിരുന്നു. അതേസമയം ഉയർന്ന വർധനവ് നേടിയത് ഏറ്റവും സമ്പന്നരായ 20 ശതമാനമാണ്. ഒരുഭാഗത്ത് പട്ടിണിയും തൊഴിലില്ലായ്മയും ഉണ്ടായപ്പോൾ ഇക്കൂട്ടരുടെ സമ്പത്ത് 39 ശതമാനം ഉയർന്നു.


ഈ ഭയാനകനാളുകളിൽ,

ജനം ക്ഷാമകാലങ്ങള്‍ക്ക് സമാനമായ 

അവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്.

ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍

സഹിക്കുന്ന ജനത്തിന്

വിലക്കയറ്റത്തിന്റെ ഭാരം

സര്‍ക്കാര്‍ പകരം നല്കുകയും ചെയ്യുന്നു


ഉദാരവൽക്കരണാനന്തര വർഷങ്ങളിൽ, മഹാമാരിയുടെ നാളുകൾ ഉൾപ്പെടെ 20ശതമാനം വരുന്ന സമ്പന്നർ കൂടുതൽ സമ്പന്നരായെന്ന വസ്തുത സർവേ പുറത്തുകൊണ്ടുവന്നു. അതേസമയം 2021 മുതല്‍ അതിദരിദ്രരായ 20 ശതമാനം കുടുംബങ്ങളുടെ വരുമാനം 2016ലേതിന്റെ പകുതിയിലധികം ഇടിഞ്ഞു. 2016ല്‍ അതിസമ്പന്നരുടെ വരുമാനം 20 ശതമാനത്തിൽ നിന്ന് 34 ശതമാനമായി ഉയർന്നു, ദരിദ്രരായ 20 ശതമാനത്തിന് ഇത് ശരാശരി 9.9 ശതമാനമായിരുന്നു. 2021ൽ ദരിദ്രരുടെ പങ്ക് 3.3 ശതമാനമായി കുറഞ്ഞു. ഇതില്‍നിന്ന് വ്യത്യസ്തമായി, സമ്പന്നരായ 20 ശതമാനത്തിന്റെ സമ്പത്തില്‍ 56.3 ശതമാനം കുതിച്ചുചാട്ടമുണ്ടായി. ഈ 20 ശതമാനത്തിനൊപ്പം വൻകിട കമ്പനികളും ചെറിയവയുടെ ചെലവിൽ നേട്ടമുണ്ടാക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കിടയിൽ തൊഴിൽനഷ്ടം ഏറെക്കുറെ വ്യാപകമായെങ്കിലും വൻകിട കമ്പനികൾക്ക് വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന വസ്തുതയാണ് സർവേ വെളിച്ചത്തു കൊണ്ടുവന്നത്. നഗര‑ഗ്രാമീണ മേഖലകൾ തമ്മില്‍ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. നഗരമേഖലയിലെ ദരിദ്രര്‍ കോവിഡിനും ലോക്ഡൗണിനും ശേഷം ഗ്രാമീണ മേഖലയിലുള്ളവരേക്കാള്‍ കൂടുതൽ ദുരിതം അനുഭവിച്ചു. താൽക്കാലിക ജോലിക്കാര്‍, ചെറുകിട കച്ചവടക്കാർ, വീട്ടുജോലിക്കാർ തുടങ്ങിയവര്‍ക്ക് വലിയ തൊഴിൽ നഷ്ടവും വരുമാന നഷ്ടവുമുണ്ടായത് നഗരങ്ങളിലാണ്.

മേല്‍ത്തട്ടിലെ 25 ശതമാനത്തിന് സഹായകരമായ സാമ്പത്തിക നയങ്ങൾ രാജ്യത്തെ ബഹുജനങ്ങളുടെ ദുരിതങ്ങൾ കണക്കിലെടുക്കുന്നതായിരുന്നില്ല. സാമ്പത്തിക മൂലധനം ഭരണത്തിന് നല്കുന്ന കൈത്താങ്ങ് മൂലം ഇത്തരം നയങ്ങളുടെ വിനാശകരമായ അനന്തരഫലങ്ങൾ പട്ടികപ്പെടുത്താൻ പോലും ഭരണകൂടം വിമുഖത കാണിക്കുന്നു. ഇത് പോഷകാഹാരക്കുറവ് നേരിടുന്ന, കുട്ടികളിൽ മുരടിപ്പും ക്ഷയമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിക്കുന്ന ഭൂരിപക്ഷം വരുന്ന ദരിദ്രജനതയുടെ ആളോഹരി വരുമാനത്തിൽ ഇടിവ് വരുത്തി. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 116 രാജ്യങ്ങളിൽ 94-ാം റാങ്കിലേക്ക് താഴ്ന്നു. നോട്ട് നിരോധനവും രാജ്യത്തെ നാശത്തിലേക്ക് തള്ളിവിട്ടു. ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. സര്‍ക്കാരില്‍ നിന്ന് യാതൊരു പിന്തുണയും ഇല്ലാത്ത ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അരാജകത്വത്തിലായി. തൊഴിലില്ലായ്മ 7.2 ശതമാനമായി വർധിച്ചു. നഗരങ്ങളിൽ ഇത് 8.4 ഉം ഗ്രാമങ്ങളിൽ 6.4 ശതമാനവുമാണ്. ഉയർന്ന പണപ്പെരുപ്പ നിരക്ക്, 5.6 ശതമാനമായ ഉപഭോക്തൃ വില സൂചിക, ഉയർന്ന പരോക്ഷ നികുതികൾ, അമിതമായ പ്രത്യക്ഷ നികുതികൾ, തെറ്റായി നടപ്പാക്കിയ ജിഎസ്‌ടി, പെട്രോൾ‑ഡീസൽ-എൽപിജി എന്നിവയുടെ ഉയര്‍ന്ന വില, മൂലധനത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണവും കുത്തകകളെ ശക്തിപ്പെടുത്തലും… അങ്ങനെ പോകുന്നു ചങ്ങാത്ത മുതലാളിത്തം. ഈ ഭയാനകനാളുകളിൽ, ജനം ക്ഷാമകാലങ്ങള്‍ക്ക് സമാനമായ അവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ സഹിക്കുന്ന ജനത്തിന് വിലക്കയറ്റത്തിന്റെ ഭാരം സര്‍ക്കാര്‍ പകരം നല്കുകയും ചെയ്യുന്നു.

 

Eng­lish Sam­mury: India is enter­ing the dark­est stages of pover­ty, janayu­gom newage editorial

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.