28 March 2024, Thursday

മാഗ്നാകാർട്ടയുടെ ചരിത്രത്തിൽ നിന്ന് മാഞ്ഞു പോയ ഒരിടം

മിനി വിനീത്
November 22, 2021 6:32 am

ഏറെക്കാലം നീണ്ടു നിന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ ക്ഷേത്ര മതിലിനു സമീപം സ്ഥാപിച്ചിരുന്ന തീണ്ടൽ പലകകളെ വൈക്കം കായലിലെ ഓളങ്ങൾ ഏറ്റുവാങ്ങിയ ആ ദിവസം. അന്നാണ് തിരുവിതാംകൂറിന്റെ ആകാശത്ത് ഒരു പുതിയ സൂര്യൻ ഉദിച്ചത്. ഉയരുന്ന ആഹ്ളാദാരവങ്ങൾക്കിടയിൽ വിവിധ ജാതിക്കാർ ചേർന്നു തെളിച്ച ആ ദീപത്തിന്റെ വെളിച്ചം കേരളമാകെ പരന്നു. അധഃകൃതരുടെ വിമോചനത്തിനും അയിത്തോച്ചാടനത്തിനും വേണ്ടിയുള്ള സമരങ്ങൾക്ക് പലയിടത്തും തുടക്കമായി. അതിൽ ഏറ്റവും പ്രധാന ആവശ്യമായിരുന്നു അവർണർക്ക് ക്ഷേത്രങ്ങളിൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുക എന്നത്. പഠന കമ്മറ്റികൾക്കും റിപ്പോർട്ടുകൾക്കും ഒടുവിൽ 1936 നവംബർ 12ന് (1112 തുലാം 27) ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു.

കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ ചരിത്രത്തിലെ ഉജ്വല മുഹൂർത്തം. അതുകൊണ്ടു തന്നെയാണ് വിളംബരത്തിനു ശേഷമുള്ള തന്റെ കേരള സന്ദർശനത്തെ ഒരു തീർത്ഥയാത്ര എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്. ക്ഷേത്രപ്രവേശനത്തിൻ്റെ 85 മതു വാർഷികം നവംബർ 12ന് നമ്മൾ ആചരിച്ചു. പക്ഷേ ആ ചരിത്രം ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പേര് എവിടെയും പരാമർശിച്ചു കണ്ടില്ല. പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഊരാഴ്മ ദേവസ്വത്തിനു കീഴിലുള്ള ഈ ക്ഷേത്രംകോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ തെക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം ആദ്യമായി അവർണർക്ക് തുറന്നു കൊടുത്ത ക്ഷേത്രമാണിത്. നിയമം നിലവിൽ വന്നെങ്കിലും ക്ഷേത്രങ്ങൾ തുറന്നുകൊടുക്കാൻ സവർണ്ണാധികാരികൾ മടിച്ചപ്പോൾ വിളംബരത്തിനു ശേഷമുള്ള അഞ്ചാം ദിവസം(1112 വൃശ്ചികം ഒന്ന്) തന്നെ ഈ ക്ഷേത്രവാതിൽ അവർണർക്കായി തുറന്നു കൊടുത്തു. ഇതേക്കുറിച്ചു കേട്ടറിഞ്ഞ ഗാന്ധിജി ഏറെ താൽപര്യത്തോടെ ഈ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിന് സമീപം നടന്ന സമ്മേളനത്തിൽ അദ്ദേഹം പെരുന്ന ദേശവാസികളെ ആവോളം പ്രശംസിക്കുകയും ചെയ്തു.

ക്ഷേത്രപ്രവേശനത്തെ ഓർമ്മിപ്പിക്കുന്ന ഒരു ശിലാലിഖിതവും ഈ ക്ഷേത്രത്തിലുണ്ട്. കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെടേണ്ട ഒരു പേരിനെ ചരിത്രം മറക്കുന്നതെന്തേ? ചരിത്രത്തിലെ ഈ വിപ്ലവേതിഹാസമായ ക്ഷേത്രത്തെ അവഗണിക്കുന്നതിൽ പ്രദേശവാസികൾക്ക് ഏറെ ദുഖമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.