ജനഹിതം അട്ടിമറിക്കാനുള്ള പെയ്ഡ് ന്യൂസ്

Web Desk
Posted on April 06, 2019, 10:28 pm
jalakam

ജനഹിതത്തെ അട്ടിമറിക്കാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ പല സ്വാധീനങ്ങളും ഉപയോഗിക്കാറുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി നാം പലപ്പോഴും വിലയിരുത്തുന്നത് പണക്കൊഴുപ്പും ഗുണ്ടായിസവുമാണ്. ഇതൊന്നും കൂടാതെ പാവപ്പെട്ട വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ രൂപം കൊണ്ട പണക്കൊഴുപ്പിന്റെ മറ്റൊരു വകഭേദമാണ് പെയ്ഡ് ന്യൂസ്. ഇതില്‍ മാധ്യമ ധാര്‍മികതയും നിഷ്പക്ഷതയും പണത്തിനു മുന്നില്‍ വഴിമാറിക്കൊടുക്കുന്ന ചിത്രമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പണം നല്‍കുന്നതനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകളായും ലേഖനങ്ങളായും ആവശ്യക്കാര്‍ക്കനുകൂലമായും അവരുടെ നേട്ടങ്ങള്‍ക്കുമായി ജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കാന്‍ കഴിയുന്ന രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. തെറ്റായ മാര്‍ഗങ്ങളില്‍ക്കൂടി അയഥാര്‍ത്ഥമായ വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നത് അഴിമതിയുടെ പരിധിയില്‍ വരേണ്ടതാണ്. പണം വാങ്ങി ‘വാര്‍ത്ത’ യെ വില്‍പ്പന ചരക്കാക്കുകയാണ് ചില മാധ്യമ മാനേജ്‌മെന്റുകളും മാധ്യമ റിപ്പോര്‍ട്ടര്‍മാരും ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ മാരകമായ ഒരു പുഴുക്കുത്തായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയും ജനപ്രാതിനിധ്യ നിയമം ഉറപ്പുതരുന്ന സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയുമാണ് ”പെയ്ഡ് ന്യൂസില്‍” കൂടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിക്കുകയും മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും ചെയ്തത് 2019 മാര്‍ച്ച് പത്തിനാണ്. സിപിഐ ഒഴിച്ചുള്ള എല്ലാ കക്ഷികളും അവരവരുടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷവുമാണ്. (സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കേരളത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് മാര്‍ച്ച് 8 നാണ്) മലയാള മനോരമ ന്യൂസ് — കാര്‍വി അഭിപ്രായ സര്‍വെ നടത്തിയതിന്റെ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഒരു ഗസറ്റ് പോലെ പ്രചാരണം നടത്തുന്ന മനോരമ തെരഞ്ഞെടുപ്പ് വിജ്ഞാപനവും സ്ഥാനാര്‍ഥി നിര്‍ണയങ്ങളും നടക്കുന്നതിന് മുന്‍പ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെ നടത്തിയ ഒരു സര്‍വെ ഫലം പ്രസിദ്ധീകരിക്കുന്നതും ജനങ്ങളുടെ മുന്‍പില്‍ ലൈവായി ചര്‍ച്ച ചെയ്യിപ്പിക്കുന്നതും ഏപ്രില്‍ 4, 5 തീയതികളിലാണ്. കൃത്യം 17 ദിവസത്തിനു ശേഷം പോളിങ് ബൂത്തിലേക്കു പോകുന്ന വോട്ടര്‍മാരുടെ മുന്‍പില്‍ ഇങ്ങനെയൊരു നാടകം എന്തിനു വേണ്ടിയാണവതരിപ്പിക്കുന്നത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലുള്ള രണ്ടരക്കോടിയിലധികം വരുന്ന വോട്ടര്‍മാരില്‍ കേവലം 8616 വോട്ടര്‍മാരെ കണ്ടാണ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെ സര്‍വെ നടത്തിയത്. ശരാശരി ഒരു മണ്ഡലത്തില്‍ 430 വോട്ടര്‍മാരെ കണ്ടു എന്നര്‍ഥം.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഒരുപോലെ തഴയപ്പെട്ട ബിജെപിയുടെ സംസ്ഥാനാധ്യക്ഷന്റെ ദയനീയമായ മുഖം മനോരമയുടെ സര്‍വെക്കാര്‍ കണ്ടതേയില്ല. സീറ്റു ലഭിക്കാത്തതിന്റെ പേരില്‍ തഴയപ്പെട്ട ബിജെപി നേതാക്കളുടെ ആരുടെയും പ്രതികരണം സര്‍വെക്കാര്‍ കേട്ടില്ല. കോണ്‍ഗ്രസിന്റെ തമ്മിലടിയുടെയും ഗ്രൂപ്പ് തര്‍ക്കത്തിന്റെയും ഫലമായി വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറിയതും വടകരയില്‍ ഇപ്പോഴത്തെ സ്ഥാനാര്‍ഥി എങ്ങനെ വന്നു എന്നതും മനോരമ കണ്ടില്ല. കോണ്‍ഗ്രസിന്റെ വക്താവ് ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കേറിയതുമൊന്നും മനോരമ കണ്ടില്ല. അവര്‍ ആകെ കണ്ടത് കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ വരുമെന്നതും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയമായി ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലക്കാര്‍പോലും വിലക്കയറ്റം പറഞ്ഞപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ 23 ശതമാനം ആളുകള്‍ക്കും മുഖ്യവിഷയം ശബരിമലയാണുപോലും. ഇതു തന്നെ ഒരു തട്ടിപ്പല്ലെ. പക്ഷെ മനോരമ സര്‍വെക്കാര്‍ ഒരു ജാമ്യം എടുത്തിട്ടുണ്ട്. ”സര്‍വെ നടത്തിയതിനുശേഷം നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വോട്ടര്‍മാരുടെ ചിന്തകളില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്” എന്ന പ്രഖ്യാപനമാണത്.

സിപിഐ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതിനായി ബന്ധപ്പെട്ട ജില്ലാ കൗണ്‍സിലുകളോട് പാനല്‍ അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത് വരെ (മാര്‍ച്ച് ഒന്ന്) മനോരമ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി പ്രചരിപ്പിച്ചുകൊണ്ടിരുന്നതിലൊന്നും ഇപ്പോഴുള്ള സ്ഥാനാര്‍ഥിയില്ലായിരുന്നു. മറ്റുചില നേതാക്കളുടെ പേരായിരുന്നു ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി മനോരമയും മറ്റു ചില മാധ്യമങ്ങളും ബോധപൂര്‍വം പ്രചരിപ്പിച്ചിരുന്നത്. അതിന്റെ ജാള്യത മറച്ചു വയ്ക്കുന്നതിനായിരിക്കും പുതിയ മറ്റൊരഭ്യാസം കാണിക്കുന്നത്. എന്തായാലും ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കുകയില്ല.

കോണ്‍ഗ്രസിന് 2004 ലെ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു സീറ്റും കിട്ടുകയില്ലായെന്ന് ഒരു ചാനലും ഒരു പത്രവും സര്‍വെ നടത്തി പ്രഖ്യാപിച്ചില്ല. എന്‍ഡി ടിവിയുള്‍പ്പെടെയുള്ള ചില ചാനലുകള്‍ പ്രഖ്യാപിച്ചത് എല്‍ഡിഎഫിന് 7 സീറ്റും യുഡിഎഫിന് 13 സീറ്റും ലഭിക്കുമെന്നാണ്. പക്ഷെ ഫലം വന്നപ്പോള്‍ ആകെയുള്ള 20 ല്‍ എല്‍ഡിഎഫ് 18 സീറ്റിലും മുസ്‌ലിംലീഗ് ഒരു സീറ്റിലും സ്വതന്ത്രന്‍ ഒരു സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
സംഘപരിവാര്‍ ശക്തികള്‍ നയിക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ കഴിയുന്ന സകല ശക്തികളെയും യോജിപ്പിച്ച് അണിനിരത്താന്‍ നേതൃത്വം കൊടുക്കേണ്ടുന്ന എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപിക്ക് സ്ഥാനാര്‍ഥി പോലുമില്ലാത്ത വയനാട്ടില്‍ വന്ന് മത്സരിക്കുന്നത് എഐസിസി നേതൃത്വത്തിലുള്ള കേരളത്തിലെ ചില കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാരുടെ പ്രേരണയ്ക്ക് വിധേയനായിട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. അതേ കമ്മ്യൂണിസ്റ്റു വിരുദ്ധരുടെ പ്രചരണായുധമാണ് മനോരമയുടെ സര്‍വെ. സ്ഥാനാര്‍ഥികള്‍ അണിനിരക്കുന്നതിന് മുന്‍പ് നടത്തിയ ഒരു സര്‍വെയുടെ ഫലത്തെക്കുറിച്ച് പോളിങിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജനങ്ങളുടെ സമക്ഷം ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കുറ്റമായി കണ്ട് ഈ പെയ്ഡ് ന്യൂസിന്റെ സ്രഷ്ടാക്കള്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളേണ്ടത് ആവശ്യമാണ്.