ഇന്ത്യന്‍ സമ്പദ്ഘടന: പ്രതിസന്ധിയുടെ ആഴങ്ങള്‍

Web Desk
Posted on May 09, 2019, 10:07 pm

രണ്ടു ഘട്ടങ്ങള്‍ കൂടി അവശേഷിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്ന വിഷയമായിരുന്നു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അവസ്ഥ. അത് അത്ര സന്തോഷകരമല്ലെന്ന് നല്ല ബോധ്യമുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര ഭരണാധികാരികളും അതുകൊണ്ടുതന്നെ സാധാരണക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യവിഷയമാകാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തി. മറ്റു പല വൈകാരിക വിഷയങ്ങളെയും പകരം പ്രതിഷ്ഠിച്ച് ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഗുരുതരമായ വെല്ലുവിളികളും ആഭ്യന്തര വളര്‍ച്ച നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ചാവേദികള്‍ക്ക് പുറത്തുനിര്‍ത്താന്‍ അവര്‍ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചുവെന്ന് വേണം കരുതാന്‍.
എന്നാല്‍ എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും സത്യം അധികകാലം മൂടിവയ്ക്കാനാവില്ലെന്ന സാമാന്യനീതിയുടെ ഭാഗമായി സമ്പദ്ഘടന സംബന്ധിച്ച സുപ്രധാനമായ രണ്ടു വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

നരേന്ദ്രമോഡിയുടെ ഭരണകാലത്ത് ഇന്ത്യയുടെ വളര്‍ച്ച നിരക്കിലുണ്ടായെന്ന് പറയുന്ന കുതിപ്പ് വ്യാജ വസ്തുതകളുടെയും കെട്ടിച്ചമച്ച കണക്കുകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷ (എന്‍എസ്എസ്ഒ) ന്റെ റിപ്പോര്‍ട്ടാണ് അതിലൊന്ന്. അതിനെക്കാള്‍ പ്രധാനപ്പെട്ട വെളിപ്പെടുത്തലുണ്ടായിരിക്കുന്നത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ രഥിന്‍ റോയിയില്‍ നിന്നാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.
തൊഴിലില്ലായ്മ വളര്‍ച്ച നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന വസ്തുത പുറത്തുവരാതിരിക്കാന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനുമേല്‍ സമ്മര്‍ദം ചെലുത്തുകയും അതിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നവര്‍ രാജിവയ്ക്കുകയും ചെയ്ത സാഹചര്യം വന്‍വിവാദമായതും ഇതിനോട് ചേര്‍ത്തുവായിക്കണം.

മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) നിരക്ക് മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി മുന്നേറിയെന്നാണ് ഭരണത്തിലേറി തൊട്ടടുത്ത വര്‍ഷം മുതല്‍ കേന്ദ്രഭരണാധികാരികളും ധനകാര്യ സ്ഥാപനങ്ങളും അവകാശപ്പെട്ടുവന്നിരുന്നത്. പെട്ടെന്നുള്ള ഈ കുതിച്ചുകയറ്റത്തിന്റെ ആ ഘട്ടത്തില്‍ തന്നെ സാമ്പത്തിക വിദഗ്ധര്‍ സംശയാലുക്കളായിരുന്നു. അങ്ങനെ വന്നപ്പോള്‍ വളര്‍ച്ച നിരക്ക് നിശ്ചയിക്കുന്നതിന് പുതിയ രീതി അവലംബിച്ചുവെന്നായിരുന്നു അതിന് ഭരണാധികാരികളും സാമ്പത്തിക വിദഗ്ധരും നല്‍കിയ വിശദീകരണം.

പ്രസ്തുത രീതിക്കായി ഉപയോഗിക്കപ്പെട്ടത് വ്യാജകണക്കുകളും വിവരശേഖരവുമാണെന്ന വലിയ കുറ്റപ്പെടുത്തലാണ് എന്‍എസ്എസ്ഒയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇത്തരം വ്യാജകണക്കുകളിലൂടെ സൃഷ്ടിച്ചെടുത്ത ഉയര്‍ന്ന വളര്‍ച്ച നിരക്കിന്റെ പിന്‍ബലത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക വായ്പകളും വിദേശ സഹായങ്ങളും നേടിയെടുക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നുവെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുമുണ്ടായിട്ടുണ്ട്. അതിനര്‍ഥം ഇതിന് പിന്നില്‍ ബോധപൂര്‍വമായ ഗൂഢനീക്കമുണ്ടായിരുന്നുവെന്നാണ്. തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ രാജ്യം വളര്‍ന്നുവെന്ന താല്‍ക്കാലികമായ മേനിനടിക്കലിനപ്പുറം കോര്‍പ്പറേറ്റുകളെയും വന്‍കിട സംരംഭകരെയും സഹായിക്കുകയായിരുന്നു ലക്ഷ്യമെന്നും മനസിലാക്കാവുന്നതാണ്. ഇത് യഥാര്‍ഥത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നവരെ സംബന്ധിച്ച് ഭരണഘടനാലംഘനവും ക്രിമിനല്‍ കുറ്റവുമാണ്. ഒരു ജനതയെ മുഴുവന്‍ കബളിപ്പിക്കുകയും അതിലൂടെ ഒരു പിടി കോര്‍പ്പറേറ്റുകള്‍ക്ക് നേട്ടത്തിന് അവസരമൊരുക്കുകയും ചെയ്യുന്നുവെന്ന കുറ്റം.

കെട്ടിച്ചമച്ച വളര്‍ച്ച നിരക്കുമായി മേനിനടിച്ചിരുന്ന ഭരണക്കാരുടെ കരണത്ത് അടിയേല്‍ക്കുന്നതിന് സമാനമാണ് മോഡിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ രഥിന്‍ റോയിയുടെ വെളിപ്പെടുത്തലുകള്‍. ലോകത്ത് ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് സമാനമാണ് ഇന്ത്യയുടെ അവസ്ഥയെന്നാണ് റോയിയുടെ വാക്കുകള്‍. ഘടനാപരമായ തകര്‍ച്ചയാണ് രാജ്യം നേരിടുന്നത്. ചൈനയെക്കാള്‍ ഇന്ത്യ വളരാന്‍ പോകുന്നുവെന്നൊക്കെ വീമ്പ് പറഞ്ഞ ഭരണാധികാരികളെ ഇത്രയും നാള്‍ ഉപദേശിച്ച വ്യക്തിയാണ്, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പോലെയല്ല ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറാനാണ് പോകുന്നതെന്ന ദുഃഖകരമായ വാസ്തവം വിളിച്ചു പറഞ്ഞിരിക്കുന്നത്. നിലവിലെ ഇന്ത്യയുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും ദാരിദ്ര്യത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന പ്രവചനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

കണക്കുകളിലൂടെ വളര്‍ച്ച നേടാനാവില്ലെന്നും വ്യാജപ്രസ്താവനകളിലൂടെ എല്ലാവരേയും എല്ലാ കാലത്തേക്കും കബളിപ്പിച്ചുനിര്‍ത്താനാവില്ലെന്നുമാണ് എന്‍എസ്എസ്ഒ യുടെ റിപ്പോര്‍ട്ടും രഥിന്‍ റോയിയുടെ വെളിപ്പെടുത്തലും വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മോഡിയുടെ ധനകാര്യമാനേജ്‌മെന്റ് വന്‍ പരാജയമാണെന്ന നിഗമനം പൂര്‍ണമായും ശരിയാകുകയാണ്. അതില്‍ ഒരു പങ്കാളിയായിരുന്ന വ്യക്തി തന്നെ രാജ്യം എത്തിപ്പെട്ട അപകടകരമായ അവസ്ഥയെക്കുറിച്ച് വിളിച്ചു പറയുമ്പോള്‍ നാം മറ്റെന്താണ് മനസിലാക്കേണ്ടത്.