Friday
20 Sep 2019

വിദേശയാത്ര സ്വദേശവികസനത്തിന്

By: Web Desk | Monday 20 May 2019 9:24 PM IST


ജനനേതാക്കളുടെയും ഭരണാധികാരികളുടെയും വിദേശയാത്രകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കാലഘട്ടമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം. നരേന്ദ്രമോഡി പ്രധാനമന്ത്രി നാലരവര്‍ഷം കൊണ്ട് 2000 കോടി രൂപ ചെലവിട്ട് 84 വിദേശരാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. 2018 ഡിസംബര്‍ മൂന്ന് വരെയുള്ള ഔദ്യോഗിക കണക്കാണിത്. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിനകത്ത് നരേന്ദ്രമോഡി സഞ്ചരിച്ചത് ചുരുക്കം യാത്രകള്‍. അതും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും സംഘപരിവാര്‍ പരിപാടികള്‍ക്കുമാണ് അധികവും. സ്വദേശത്തും വിദേശത്തുമായി മോഡി നടത്തിയ സന്ദര്‍ശനങ്ങളും പരിപാടികളും രാജ്യത്തിന് എന്ത് നേട്ടമാണുണ്ടാക്കിയതെന്ന കാര്യം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ മാധ്യമങ്ങളെയോ ഒപ്പം കൂട്ടാതെ അഡാനി, അംബാനിമാരുമായുള്ള യാത്രകളില്‍ ഇതരരാജ്യങ്ങളുമായുണ്ടാക്കിയ ഉടമ്പടികളത്രയും നിഗൂഢത നിറഞ്ഞതാണ്.

റഫാല്‍ പോലുള്ള കോഴക്കേസുകളാണ് ഈ യാത്രകളുടെ ബാക്കിപത്രം. അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്തിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മാനഹാനിയും ഉണ്ടാക്കിയെടുത്തുവെന്ന് സാരം.
ഇങ്ങ് കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശയാത്രയും സാമൂഹിക ഓഡിറ്റിങിന് വിധേയമായിരുന്നു. കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ച് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത് ചരിത്രം കൂടിയാണ്. രാജ്യത്തുനിന്ന് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ലണ്ടന്‍ വിപണി തുറക്കാനവസരം ലഭിക്കുന്നത്.

പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഇച്ഛാശക്തിയുടെ മണിമുഴക്കമായിരുന്നു ബ്രിട്ടീഷ് തലസ്ഥാനത്ത് നടന്ന ആ ചടങ്ങ്. മസാലാ ബോണ്ടിലൂടെ മൂന്നുവര്‍ഷംകൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി 5000 കോടി രൂപയുടെ മൂലധനനിക്ഷേപം സമാഹരിക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. ലണ്ടന്‍ ഓഹരിവിപണിയിലും ലിസ്റ്റ് ചെയ്യപ്പെടുന്നത് സുപ്രധാന അവസരമാവും. രാജ്യാന്തര നിക്ഷേപകരെ കേരളവികസനത്തില്‍ പങ്കാളികളാക്കാനും ഇതുവഴി സാധിക്കും.ഇതോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളികള്‍ക്കും പ്രവാസിചിട്ടിയില്‍ ചേരാനുള്ള വലിയൊരവസരം മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടന്‍ യാത്രയിലുണ്ടായി. ലണ്ടന്‍ ഫിനാന്‍ഷ്യല്‍ കേന്ദ്രത്തിലെ മോണ്ട്കാം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യൂറോപ്പ് മേഖലയ്ക്കായി മലയാള ഗന്ധമുള്ള ചിട്ടി തുറന്നു കൊടുക്കുകയായിരുന്നു.

അടുത്തകാലം വരെ യുഎഇയില്‍ ഉള്ളവര്‍ക്കു മാത്രമായിരുന്നു ചിട്ടിയില്‍ ചേരുവാന്‍ കഴിയുമായിരുന്നത്. ഏപ്രില്‍ 24 മുതല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും പ്രവാസി ചിട്ടി വ്യാപിപ്പിച്ചു. ഇപ്പോള്‍ യൂറോപ്പിലേക്കും താമസിയാതെ ആഗോളമായും വിദേശമലയാളികള്‍ക്ക് ചിട്ടിയില്‍ നിക്ഷേപിക്കാം. രജിസ്‌ട്രേഷന്‍, പണം ഈടാക്കല്‍, ലേലം, സെക്യൂരിറ്റി പരിശോധന, ലേലത്തുക നല്‍കല്‍ തുടങ്ങിയവയെല്ലാം ഓണ്‍ലൈനായി നടക്കുമെന്നതാണ് ഈ ചിട്ടിയുടെ പ്രത്യേകത. ഒരു കമ്പനിയും ചിട്ടി ഇതുപോലെ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തിട്ടില്ല.
പ്രളയാനന്തര കേരളവും നവീനനിര്‍മാണവും ദീര്‍ഘവീക്ഷണത്തോടെ പ്രാവര്‍ത്തികമാക്കുക എന്ന മറ്റൊരു സുപ്രധാനമായ കാഴ്ചപ്പാട് മുഖ്യമന്ത്രിയുടെ യാത്രയ്ക്കുണ്ടായി. അതിന്റെ വിവരണങ്ങളാണ് ഇന്ന് പിണറായി വിജയന്‍ മാധ്യമങ്ങളിലൂടെ മാലോകരോട് വ്യക്തമാക്കിയത്. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ചില മാതൃകകള്‍ കേരളത്തിന് ഉള്‍ക്കൊള്ളാവുന്ന തരത്തിലുള്ളതാണെന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നു.

ജല കാര്‍ഷിക സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പനികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. കൃഷി, വന പരിപാലനം മുതല്‍ പരിസ്ഥിതി മുന്‍നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് വരെയുള്ള വിവിധ സാധ്യതകളാണ് മുഖ്യമന്ത്രിയുടെ യാത്രയില്‍ ചര്‍ച്ച ചെയ്തത്. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടെയും യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചത് യാത്രയുടെ നേട്ടമാണ്.

ലോകത്തിലെ തന്നെ വലിയ തുറമുഖങ്ങളിലൊന്നായ റോട്ടര്‍ഡാം തുറമുഖം 460 മില്ല്യണ്‍ ടണ്‍ ചരക്കുനീക്കമാണ് ഒരുവര്‍ഷം നടത്തുന്നത്. അവിടം സന്ദര്‍ശിച്ചതിലൂടെ കേരളത്തിന്റെ വികസനത്തിന് സഹായകമായ പലകാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു. റോട്ടര്‍ഡാം തുറമുഖ അധികൃതരുമായി മാരിടൈം രംഗത്തെ സഹകരണം സംബന്ധിച്ച് ജൂലൈയില്‍ കേരളം ചര്‍ച്ച നടത്തും. ഒക്‌ടോബറില്‍ ധാരണാപത്രം ഒപ്പിടാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയെയും എംബസിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിനും ജനങ്ങള്‍ക്കും സമഗ്രമായ വികസനത്തിന് അടിത്തറയൊരുക്കാന്‍ ഉതകുന്ന നിരവധി കാര്യങ്ങളാണ് സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തത്.

വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് പശ്ചാത്തലം ഒരുക്കുകയെന്ന ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തം വാക്കുകളിലൊതുക്കാതെ ചെയ്ത് തീര്‍ക്കുക എന്നതാണ് ഇടത് സര്‍ക്കാര്‍ ഇതിലൂടെ സാധ്യമാക്കുന്നത്. കേവലം പദ്ധതി പഠനങ്ങള്‍ക്കപ്പുറം കേരളത്തിന് അനുചിതമായതെന്തെന്ന് മനസിലാക്കി അതത് രാജ്യങ്ങളുടെ സഹായത്താല്‍ ഇവിടെയും പ്രാവര്‍ത്തികമാക്കാനുള്ള ഇടപെടലുകളും ചര്‍ച്ചകളും നടന്നിരിക്കുന്നു. ഒപ്പം ഇവയ്ക്കുള്ള വിഭവസമാഹരണ പോംവഴിയും. ജനകീയമായ സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അഭിവാദ്യമര്‍പ്പിക്കാം.