കാര്‍ഷികവായ്പയ്ക്ക് മോറട്ടോറിയം ആശങ്കയ്ക്ക് വകയില്ല

Web Desk
Posted on March 19, 2019, 9:52 pm

പ്രളയം ദുരിതം വിതച്ച സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം സംബന്ധിച്ച് അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമം തുടങ്ങിയിട്ടുണ്ട്. ഉത്തരവിറങ്ങിയിട്ടില്ലാത്തതിനാല്‍ മോറട്ടോറിയം പ്രാബല്യത്തിലായില്ലെന്നും അതുകൊണ്ട് ബാങ്കുകള്‍ക്ക് ജപ്തിയുമായി മുന്നോട്ടുപോകുന്നതിന് തടസമില്ലെന്നുമുള്ള സങ്കല്‍പങ്ങള്‍ നിരത്തിയാണ് ആശങ്ക സൃഷ്ടിക്കുന്നതിന് ശ്രമിക്കുന്നത്.

ആശങ്കകള്‍ സൃഷ്ടിക്കുന്നതിന് ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് ഇതുസംബന്ധിച്ച പ്രചരണങ്ങളെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.
രാജ്യത്താദ്യമായി കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയവും കടാശ്വാസവും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇവ രണ്ടും നടപ്പിലാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ തന്നെയായിരുന്നു. 2006 മെയ് മാസത്തില്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട തീരുമാനമായിരുന്നു കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയവും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കലും. അതിന് മുമ്പ് കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്താകെ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലായിരുന്നു ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഈ തീരുമാനം കൈക്കൊണ്ടത്.
പ്രസ്തുത നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ അധികാരമേറി ഏഴ് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് 2006 ഡിസംബറില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി കാര്‍ഷിക കടാശ്വാസ നിയമവും പാസാക്കി. പ്രസ്തുത നിയമത്തിന്റെ പിന്‍ബലത്തില്‍ ലക്ഷത്തോളം കര്‍ഷകരുടെ വായ്പകള്‍ക്കാണ് സമാശ്വാസം ലഭ്യമായത്. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് പോലും സമാശ്വാസം നല്‍കുന്ന വിധത്തിലായിരുന്നു പ്രസ്തുത നിയമം രൂപീകരിച്ചത്. രാജ്യത്തൊരിടത്തും ഇത്തരത്തിലൊരു നിയമമുണ്ടായിരുന്നില്ലെന്നുമോര്‍ക്കണം. 2006 മുതല്‍ അഞ്ചുവര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യകള്‍ ഗണ്യമായി കുറയ്ക്കാനായത് പ്രസ്തുത നിയമത്തിന്റെ പിന്‍ബലത്തിലുള്ള കൈത്താങ്ങിന്റെയും അന്നത്തെ സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെയും ഫലമായിട്ടായിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക മേഖലയും ഉല്‍പാദനവും വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യമാണുണ്ടായത്. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ ശേഷം കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ് നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുകയാണ്. ഇതിനിടയിലാണ് പ്രളയമെന്ന മഹാദുരന്തം കടന്നുവന്നത്. ഇത് കാര്‍ഷിക മേഖലയ്ക്കുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ഈ സാഹചര്യത്തിലാണ് മോറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഈ വര്‍ഷം ഒക്‌ടോബര്‍ 31 വരെയുണ്ടായിരുന്ന മോറട്ടോറിയം ഡിസംബര്‍ 31 വരെയാക്കുന്നതിനായിരുന്നു പ്രസ്തുത തീരുമാനം. പ്രസ്തുത മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവിറങ്ങിയില്ലെന്നും അതുകൊണ്ട് ബാങ്കുകള്‍ വായ്പ പിരിച്ചെടുക്കാന്‍ ജപ്തിയുമായിറങ്ങുമെന്നുമുള്ള സങ്കല്‍പങ്ങള്‍ സൃഷ്ടിച്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ചിലര്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്.
മന്ത്രിസഭാ യോഗതീരുമാനം ഉത്തരവായിറക്കുന്നതിന് മതിയായ സമയമുണ്ടായിട്ടും അക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ ജാഗ്രതക്കുറവ് അപലപനീയം തന്നെയാണ്. മെയ് അഞ്ചിന് മന്ത്രിസഭ തീരുമാനമെടുത്തതിന് ശേഷം മൂന്ന് പ്രവൃത്തി ദിവസം മുന്നിലുണ്ടായിരുന്നു. അതും കഴിഞ്ഞ് രണ്ടാം ദിവസം മാര്‍ച്ച് പത്ത് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതും. മന്ത്രിസഭാ യോഗതീരുമാനങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറിനകം ഉത്തരവിറങ്ങണമെന്നതാണ് കീഴ്‌വഴക്കമെങ്കിലും സുപ്രധാനമായ ഈ വിഷയത്തില്‍ ഉത്തരവിറക്കുന്നതില്‍ വീഴ്ചയുണ്ടായെന്നത് അംഗീകരിക്കാവുന്നതല്ല. എന്നാല്‍ അതിന്റെ പേരില്‍ സാങ്കല്‍പിക കാര്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതുതന്നെയാണ്.
യഥാര്‍ഥത്തില്‍ ഒക്‌ടോബര്‍ 31 വരെ സംസ്ഥാനത്ത് കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം നിലവിലുണ്ട്. എന്നുമാത്രമല്ല ഡിസംബര്‍ 31 വരെ തീയതി ദീര്‍ഘിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കേഴ്‌സ് സമിതിയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ക്കുകയും അത് പ്രസ്തുത സമിതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം മാര്‍ച്ച് ആറിന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഉത്തരവായിറങ്ങിയില്ലെന്ന സാങ്കേതികത്വത്തില്‍ പിടിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സദുദ്ദേശ്യപരമായ തീരുമാനം നടപ്പിലാകില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഇത്തരം പ്രചരണങ്ങള്‍ നിഷ്പക്ഷതയുടെ ഭാഗമല്ലെന്നും ഗൂഢോദ്ദേശ്യത്തോടെയാണെന്നും മനസിലാക്കാന്‍ പ്രയാസമില്ല.