അതിർത്തിയിലെ സംഭവങ്ങൾ ആശങ്കാജനകം

Web Desk
Posted on July 18, 2020, 6:46 am

(മുൻസൈനിക ഉദ്യോഗസ്ഥർ രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, കര ‑വ്യോമ — നാവിക സൈനിക മേധാവികൾ എന്നിവർക്ക് അയച്ച കത്തിന്റെ പൂർണരൂപം)

ബഹുമാനപ്പെട്ട രാഷ്ട്രപതി,

ഇന്ത്യയുടെ സായുധ സേനയിൽ വിവിധ കാലയളവിലും പ്രതിരോധ മേഖലയിലെ വിവിധ തസ്തികകളിലും സമാധാനമുണ്ടായിരുന്നപ്പോഴും യുദ്ധമുണ്ടായിരുന്നപ്പോഴും ദശകങ്ങളോളം പ്രവർത്തിച്ചിരുന്ന ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിക്കുന്നവരല്ല. രാജ്യത്തിന്റെ പൊതുവായ താല്പര്യങ്ങളും നമ്മുടെ സായുധസേനയും ഇപ്പോഴും ഹൃദയത്തിൽ ഉള്ളതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഞങ്ങളുടെ താഴെ ചേർത്തിരിക്കുന്ന അഭിപ്രായങ്ങളും അഭ്യർത്ഥനയും ആവശ്യങ്ങളും ആ അർത്ഥത്തിൽ മാത്രം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

1. ഗൽവാനിലും അക്സായി ചിൻ മേഖലയിലും അടുത്തിടെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും അവിടെ നടന്ന സംഭവങ്ങളും മുതിർന്ന സൈനികരെന്ന നിലയിൽ ആശങ്ക ഉയർത്തുന്നതാണ്.

2. ജൂൺ 15/16 ന് ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ കമാൻഡിങ് ഓഫീസർ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ ഇരുപത് ജവാൻ‌മാരുടെ മരണം വളരെയധികം അസ്വസ്ഥതയുണ്ടാക്കുകയും നിരവധി ചോദ്യങ്ങൾ‌ ഉയർ‌ത്തുകയും ചെയ്യുന്നുണ്ട്. മെയ് അഞ്ചിന് പടിഞ്ഞാറൻ ലഡാക്കിൽ നടന്ന ഒരു സംഭവത്തിൽ ഒരു കേണൽ, ഒരു മേജർ, ജവാൻ എന്നിവരെ ചൈനക്കാർ സമാനമായ നടപടികളാൽ പരിക്കേൽപ്പിച്ചതും ഞങ്ങളുടെ ആശങ്കകൾ വർധിപ്പിക്കുന്നു, ഇത് തീർച്ചയായും എല്ലാ ഇന്ത്യക്കാരുടെയും സർക്കാരിന്റെയും ആശങ്കയായിരിക്കാം.

3. ഗൽവാനിലെ സംഭവം രാഷ്ട്രീയ, സിവിൽ, സൈനിക വിഭാഗത്തിന്റെ ഒന്നോ അതിലധികമോ തലങ്ങളിലുണ്ടായ പരാജയം കൊണ്ട് ഉണ്ടായതാണ്. പ്രത്യേകിച്ചും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയത്തിന്റെ ഫലം. ഏതൊരു സംവിധാനത്തിലും പരാജയങ്ങൾ സംഭവിക്കുമെന്നത് അംഗീകരിക്കുമ്പോൾ തന്നെ ഒന്നുകിൽ നമ്മുടെ രഹസ്യാന്വേഷണ സംവിധാനത്തിന് സാഹചര്യങ്ങൾ കണ്ടെത്താനായില്ല അല്ലെങ്കിൽ കണ്ടെത്തിയ വിവരങ്ങൾ യഥാസമയം താഴെ തലങ്ങളിൽ എത്തിക്കാനായില്ല. അതുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ രഹസ്യാന്വേഷണ സംവിധാനം അടിയന്തരമായി നവീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

4. ജൂൺ 15/16 ൽ ഗൽവാനിലുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾക്ക് തൊട്ടുപിന്നാലെ സൈന്യത്തിൽ നിന്നും സർക്കാരിൽ നിന്നുമുണ്ടായ പ്രസ്താവന അഭ്യൂഹങ്ങളെയും നിഗമനങ്ങളെയും നിലനിർത്തുന്നതായിരുന്നു. അവ്യക്തമോ കൃത്യതയില്ലാത്തതോ ആയ പ്രസ്താവനയിലെ വൈരുദ്ധ്യങ്ങൾ ചൈനയ്ക്ക് മുതലെടുപ്പിന് സഹായകമായിരുന്നു. കൂടുതൽ വ്യക്തത ആവശ്യമുള്ളതും. അതിനാൽ ഭാവിയിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ആശയക്കുഴപ്പത്തിലാകാതിരിക്കാനും ആക്രമണകാരികളായ രാഷ്ട്രത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാതിരിക്കാനും ഔദ്യോഗിക പ്രസ്താവനകൾ മാത്രമേ പുറപ്പെടുവിക്കാവൂ എന്ന് അഭ്യർത്ഥിക്കുന്നു.

5. അരികെയുള്ളതും അകലെ കിടക്കുന്നതുമായ രാജ്യങ്ങളുമായുള്ള — പ്രത്യേകിച്ച് ചൈനയും പാകിസ്ഥാനുമായി — അയൽപക്ക ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യക്ക് അടിയന്തരമായി ഒരു ദേശീയ പ്രഖ്യാപിതനയം ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ഒരു നയം രൂപീകരിക്കുന്ന കാര്യം വിവിധ സർക്കാരുകൾ അവഗണിക്കുകയായിരുന്നു. ഇനിയെങ്കിലും അത്തരത്തിലൊരു ദേശീയനയം പ്രഖ്യാപിക്കുകയും രാഷ്ട്രീയ, സൈ­നിക, ഉദ്യോഗസ്ഥ, നയതന്ത്ര സംവിധാനങ്ങളെ അതിനനുസരിച്ച് കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും നടപടികൾ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു. ഇത് ചെറുതോ വലുതോ ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെ അയൽരാജ്യങ്ങളുമായി സുസ്ഥിര ബന്ധം സ്ഥാപിക്കുന്നതിന് സഹായകമായിരിക്കും.

6. അക്സായി ചിൻ (ഡെപ്‌സാംഗ്, ഗൽവാൻ, പാംഗോങ്ങ് തുടങ്ങിയ) മേഖലകളിലും കിഴക്ക് അരുണാചൽപ്രദേശ് വരെ നീളുന്ന അതിർത്തികളിലും ചൈന നടത്തിയിട്ടുള്ള കടന്നുകയറ്റങ്ങൾ, കയ്യേറ്റങ്ങൾ, അതിക്രമങ്ങൾ എന്നിവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഒരു വസ്തുതാന്വേഷണ സംഘത്തെ അടിയന്തരമായി നിയോഗിക്കണം. വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് നിശ്ചിത സമയപരിധിക്കുള്ളിൽ പാർലമെന്റിൽ സമർപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

7. 1962 ലെ ഇന്തോ — ചൈന യുദ്ധത്തെ സംബന്ധിച്ച ഹെന്റേഴ്സൺ ബ്രൂക്സ്-ഭഗത്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് നല്ലതാണ്. അക്കാലത്തെ വസ്തുതകൾ എല്ലാവർക്കും മനസിലാക്കുന്നതിന് അത് സഹായകമാവും. 57 വർഷം പിന്നിട്ടിട്ടും പ്രസ്തുത റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കുന്നതിന് മതിയായ ഒരു കാരണവുമില്ല.

8. എല്ലാ അയൽരാജ്യങ്ങളുമായുമുള്ള — പ്രത്യേകിച്ച് ചൈനയും പാകിസ്ഥാനുമായി — അതിർത്തി കരാറുകൾ പൂർത്തിയാക്കുന്നതിന് ലഭ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും സമ്മർദ്ദങ്ങളും 2020–21 വർഷത്തെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ അംഗത്വമെന്ന ഇന്ത്യയുടെ അധികാരമുൾപ്പെടെ ഉപയോഗിച്ചുകൊണ്ട് അടിയന്തര നടപടികൾ കൈക്കൊള്ളണം. ഇത് ഒരു തരത്തിലും നമ്മുടെ സായുധ സേനയുടെ വിന്യാസം കുറയ്ക്കുന്നതിനോ അല്ലെങ്കിൽ നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനോ അല്ല, മറിച്ച് രാജ്യത്തിനകത്തുള്ള നമ്മുടെ ജനങ്ങളുടെ വികസന കാര്യത്തിൽ മികച്ച രീതിയിൽ ശ്രദ്ധിക്കുന്നതിന് പ്രാപ്തരാക്കും.

9. നിലവിലുള്ള ആഭ്യന്തര സാഹചര്യത്തിൽ, ബലപ്രയോഗത്തിനും പ്രകോപനത്തിനും പകരം എല്ലാ ആഭ്യന്തര തർക്കങ്ങളിലും സാഹചര്യങ്ങളിലും കൂടിയാലോചന, ചർച്ച, സംവാദം എന്നിങ്ങനെയുള്ള തെരഞ്ഞെടുപ്പ് ഇതര രാഷ്ട്രീയ ഉപകരണങ്ങൾ ഉപയോഗിക്കാൻ സജീവമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു, കാരണം ഇത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം ശക്തിപ്പെടുത്തുകയും ശത്രുക്കളോ അല്ലാത്തതോ ആയ അയൽക്കാർ രൂപകല്പന നടത്തുന്ന അക്രമണോത്സുകമായ ഏതൊരു സാഹചര്യത്തെയും അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും. ഈ നടപടികൾ നമ്മുടെ രാജ്യത്തിനകത്തുള്ള ജനങ്ങളുടെ വികസനത്തിനും വിഭവങ്ങൾക്കുമായി കൂടുതൽ ശ്രദ്ധ ചെലുത്താൻ സംസ്ഥാന‑കേന്ദ്ര സർക്കാരുകളെ സഹായിക്കുകയും ചെയ്യും. 10. ദീർഘകാലം വിവിധ സൈനിക തലങ്ങളിൽ പ്രവർത്തിച്ചവരെന്ന നിലയിൽ ഇന്ത്യൻ സൈന്യത്തിന്റെ പരമാധികാരിയായ രാഷ്ട്രപതി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ടെന്ന് ചൂണ്ടിക്കാണിക്കട്ടെ.

10.(1) സൈന്യത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം രാജ്യത്തിന്റെ അതിര്‍ത്തിപരമായ പരമാധികാരം സംരക്ഷിക്കുക എന്നതാണെങ്കിലും ദീർഘകാലമായി സൈന്യത്തിലെ വലിയൊരു വിഭാഗത്തെ ആഭ്യന്തര സുരക്ഷയ്ക്കും കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായാണ് വിനിയോഗിക്കുന്നത്. അതേസമയംതന്നെ കേന്ദ്ര സായുധ പൊലീസ് സേനയുടെ വലിയ വിഭാഗത്തെയാണ് അതിർത്തിയിൽ സൈന്യത്തിന്റെ ജോലി ചെയ്യുന്നതിനായി നിയോഗിക്കുന്നത്. ചുമതലകൾക്കും ഉത്തരവാദിത്തങ്ങൾക്കും വിരുദ്ധമായുള്ള ഈ സാഹചര്യങ്ങളെ യുക്തിസഹമായി ക്രമീകരിക്കൽ ആഭ്യന്തരവും ബാഹ്യവുമായ ദേശീയസുരക്ഷ ഫലപ്രദമാക്കുന്നതിന് സഹായകമായിരിക്കും.

10.(2) ഭരണപരമായ പ്രവർത്തനങ്ങളിലും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലും ഉപയോഗിക്കുന്ന നിർണായക ഹാർഡ്‌വേറിനും നിർണായക സോഫ്റ്റ്‌വേറുകൾക്കും വിദേശ സ്രോതസ്സുകളെ ആശ്രയിക്കുന്നത്, സൈബർ ആക്രമണത്തിന് ഇടയാക്കുന്നുണ്ട്. പ്രത്യേകിച്ച് സുരക്ഷാ സേനകളെ (സായുധ സേന, ഇന്റലിജൻസ് സേവനങ്ങൾ, സി‌എ‌പി‌എഫുകൾ, സംസ്ഥാന പൊലീസ് സേനകൾ). അത് ഇന്ത്യയുടെ സൈനികപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്തതുമാവാം. ഈയൊരു സാഹചര്യം ഒഴിവാക്കുന്നതിന് ഹാർഡ്‌വേറും സോഫ്റ്റ്‌വേറും മതിയായ അളവിൽ തദ്ദേശീയമായി നിർമ്മിക്കുന്നതിന് ഭൗതിക — സാമ്പത്തിക മേഖലകളിൽ അടിയന്തരമായി നിക്ഷേപം നടത്തണമെന്നും അഭ്യർത്ഥിക്കുന്നു. ദേശീയസുരക്ഷയ്ക്കായി ഈ രംഗത്ത് അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

10.(3) അയൽക്കാരുമായുള്ള യുദ്ധത്തിനും സംഘർഷങ്ങൾക്കും ആഭ്യന്തര സുരക്ഷയ്ക്കുമായി ഇന്ത്യൻ സായുധസേനയെ തുടർച്ചയായി വിന്യസിച്ചിരിക്കുന്നത് പതിറ്റാണ്ടുകളായി തുടരുകയാണ് അതുകൊണ്ട് രാഷ്ട്രീയപരിഹാരങ്ങളിലൂടെ ഈ അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. കാരണം സൈന്യത്തെ നിരന്തരം വിന്യസിക്കുന്നത് ഒരിക്കലും ഒരു ദീർഘകാല പരിഹാരമാകില്ല. അതിനാൽ ബാഹ്യവും ആന്തരികവുമായ സുരക്ഷയ്ക്ക് സൈനികേതരമായ രാഷ്ട്രീയപരിഹാരം തേടാൻ നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

11. ലോകത്തിലെ ഏറ്റവും മികച്ച സന്നദ്ധതയും അച്ചടക്കമുള്ളതും തൊഴിൽ മികവുമുള്ള സായുധ സേനകളിലൊന്നാണ് നമ്മുടേത്. സ്വന്തംജീവന് ഭീഷണിയായാൽ പോലും സജീവമായ സൈനിക നടപടികളിലും കഠിനവും ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിലും രാജ്യത്തെ സംരക്ഷിച്ചുകൊള്ളാമെന്ന് ഇന്ത്യയുടെ സായുധ സേനയിലെ എല്ലാ ഉദ്യോഗസ്ഥരും ശപഥമെടുത്തവരാണ്. ഗൽവാൻ താഴ്‌വരയിൽ ജൂൺ 15/16 ലെ സംഭവത്തിൽ ഏറ്റവും പ്രഗൽഭരും ധീരരുമായ 20 പേരുടെ മരണം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

12. ഇന്ത്യയുടെ സായുധ സേന അതിന്റെ മതേതര നിലപാടുകളിൽ അഭിമാനിക്കുന്നവരാണ്. അത് അവരുടെ ധാർമ്മികത, പരിശീലനം, പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഓരോ സൈനികനും തന്റെ മതം, ജാതി, പാരമ്പര്യം എന്നിവ കണക്കിലെടുക്കാതെ ഇന്ത്യക്കാരനായി മാത്രമാണ് പോരാടുകയും മരിക്കുകയും ചെയ്യുന്നത്. ഈ മതേതര അടിത്തറ മാത്രമേ നമ്മുടെ വൈവിധ്യമാർന്ന രാജ്യത്തെ കൂടുതൽ ദൃഢമായി കൂട്ടി യോജിപ്പിക്കുകയുള്ളൂവെന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ട് മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഭിന്നത നയപരമായ വിഷയമായി നിരുത്സാഹപ്പെടുത്തണം. നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടിയുള്ള ചട്ടക്കൂട് വ്യക്തമാക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ കാഴ്ചപ്പാടും ചൈതന്യവും അചഞ്ചലമായി പാലിക്കണമെന്ന് രാഷ്ട്രീയ നേതൃത്വത്തോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

13. മുൻ‌കാലങ്ങളിൽ‌ ഞങ്ങളുടെ സജീവ സേവനത്തിനിടയിൽ‌ ഞങ്ങൾ‌ ചെയ്‌തതുപോലെ, ഞങ്ങളുടെ അതിർത്തികളിൽ‌ ചൈനയുടെ ഇന്നത്തെ ആക്രമണത്തെ അഭിമുഖീകരിക്കുന്നതിനും ഭാവിയിൽ ഏത് സാഹചര്യത്തിലും ഇത് തുടരുന്നതിനും നമ്മുടെ രാഷ്ട്രം, ഭരണഘടന, സർക്കാർ, നമ്മുടെ സായുധസേന എന്നിവയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. (കടപ്പാട്: കൗണ്ടർകറണ്ട്സ് ഓൺലൈൻ പോർട്ടൽ)