അഭിലാഷ് കൊട്ടാരക്കര

October 11, 2020, 2:00 am

ദേവദാരുക്കൾ നിരയിട്ടു നിൽക്കുന്നൊരിടയ ഭൂമി

Janayugom Online

കാശ്മീരിലെ പഹൽഗാമിലൂടെയൊരു യാത്ര…

ചൂടുസമയമായതുകൊണ്ട് പഞ്ഞിക്കെട്ടുപോലുള്ള മഞ്ഞ് ഒട്ടുമില്ലെങ്കിലും കാശ്മീരിന്റെ കുളിരുകോരിയിടുന്ന തണുത്ത പ്രഭാതത്തിലൂടെയൊരു മറക്കാനാവാത്ത യാത്ര! എല്ലാ യാത്രകൾക്കും പ്രചോദനമാകുന്ന സുന്ദരമായൊരു സഞ്ചാരം!

യാത്രാനുഭവങ്ങളെ കുറിപ്പ് കൊണ്ട് അളക്കാനാവില്ലെന്നറിയാം. എഴുതുകയും പറയുകയും ചെയ്യുമ്പോഴും നഷ്ടമാകുന്നതെന്താണോ അതാണ് സത്യത്തിൽ ‘സഞ്ചാരം’ എന്നുമറിയാം. എങ്കിലും എഴുതാതിരിക്കുന്നത് അതിനേക്കാൾ നഷ്ടമാകുമെന്നതുകൊണ്ട് എഴുതിപ്പോകുന്നതാണ്.

പൊട്ടിത്തെറിക്കുന്ന സൗന്ദര്യം

“കാശ്മീരിലേക്കോ. . അതും കുടുംബസമേതം, അത് റിസ്കല്ലേ? ’ എന്റെ യാത്രയെപ്പറ്റി കേട്ടപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും ചോദിച്ച ചോദ്യമിതായിരുന്നു. സഞ്ചാരത്തോടുള്ള അഭിനിവേശവും കാശ്മീരിനോടുള്ള കൊതിയുംകൊണ്ട് മാത്രമാണ് ഞാനാ ചോദ്യത്തിൽ നിന്ന് കുതറിമാറിയത്. ഇന്ത്യയുടെ തെക്കേമുനമ്പിലുള്ള നമുക്ക് കാശ്മീർ പൊട്ടിത്തെറികളുടെ ഭൂമിയാണ്. ഹിമവാന്റെ മടിത്തട്ടിൽ മയങ്ങുന്ന കാശ്മീർ എന്ന അപ്സരസ്സിനെ എത്രയോ കാലമായി കൊതിക്കുന്നതുകൊണ്ടാവാം മറ്റ് പലരെയും പോലെ എനിക്കും അറിയാമായിരുന്നു സ്വർഗ്ഗീയ സൗന്ദര്യം തന്നെയായാണ് ആ താഴ്‌വരയിൽ പൊട്ടിത്തെറിച്ച് പൂക്കുന്നത് എന്ന്. പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിനെപ്പറ്റി കൊച്ചുക്ലാസിലെവിടെയോ പഠിച്ചപ്പോൾ വായിച്ച അദ്ദേഹത്തിന്റെ വാക്കുകൾ ഓർമ വന്നു. ” ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ്… ”

മണ്ണിലെ വിണ്ണാണ് കാശ്മീർ

സൗന്ദര്യം കൊണ്ട് ഭൂമിയിലെ സ്വർഗം തന്നെയാണ് കാശ്മീർ. ഭാരതീയനായ ഒരാൾ ആദ്യം കണ്ടിരിക്കേണ്ട ഇടം ഹിമവാന്റെ പാദങ്ങളിൽ ചെരിഞ്ഞുറങ്ങുന്ന കാശ്മീർ തന്നെ, സംശയമില്ല. അതുകൊണ്ടുതന്നെ ഒറ്റയ്ക്കും കൂട്ടുകാരൊത്തുമുള്ള യാത്ര ഒഴിവാക്കി കാശ്മീർയാത്ര കുടുംബത്തോടൊപ്പമാക്കി. ‘റിസ്കി‘ന് അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും പൂർണപിന്തുണയും കിട്ടി. ഒരുകോടികൊല്ലമാണ് കാശ്മീറിന്റെ പ്രായം! അതിന് മുമ്പ് തെത്യ എന്ന കടലിനടിയിലായിരുന്നു ‘അവൾ’ എന്ന് ജിയോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. കശ്യപമുനി ബഹുദേവ് എന്ന രാക്ഷസനെ കൊന്നയിടമായതുകൊണ്ട് ആദ്യം ‘കശ്യൻമാർ’ എന്നും പിന്നീടത് ‘കാശ്മീരാ‘യെന്നും പുരാണം. ‘കാശ്’ എന്ന നാടോടിവംശം ആദ്യമായി കുടിയേറിപ്പാർത്ത ഇടമായതുകൊണ്ട് കാശ്മീർ എന്ന പേരുവന്നുവെന്ന് സാമൂഹ്യശാസ്ത്രം. എന്നാൽ ഭാഷാശാസ്ത്രം മുന്നോട്ടുവെയ്ക്കുന്ന വാദം മറ്റൊന്നാണ്. ‘ക’ എന്നാൽ സംസ്കൃതഭാഷയിൽ ജലം എന്നർത്ഥം. ‘ശ്മീരഃ’ എന്നാൽ ഉറയുക എന്നർത്ഥം. ജലം ഉറഞ്ഞും ചോർന്നും ബാക്കിയായ ‘ഊഷരഭൂമിയത്രെ കാശ്മീർ.’ ഏതായാലും പഹൽഗാമിലേക്കുള്ള വഴിയിലെ പൈൻമരച്ചോട്ടിൽ വണ്ടിയൊന്നു നിർത്തി. മന്ദമായൊഴുകുന്നൊരു ചെറിയ പുഴ. പളുങ്കുപോലുള്ള വെള്ളം മലിനമാക്കാനാരുമില്ല. കൈക്കുമ്പിളിൽ കോരി കുടിച്ചാൽപോലും കുഴപ്പമില്ലെന്ന് തോന്നിപോകുന്നത്ര പരിശുദ്ധമായ ജലം.

വെള്ളാരംകല്ലുകൾ കഥ പറയുന്നിടം

കാശ്മീരിൽ നിന്ന് 95കിലോമീറ്റർ അകലെയാണ് പഹൽഗാം. സമുദ്രനിരപ്പിൽ നിന്ന് 2കിലോമീറ്റർ പൊക്കത്തിലാണ് ഞങ്ങളിപ്പോൾ. അമർനാഥിലേക്കുള്ള സുപ്രസിദ്ധമായ തീർത്ഥാടനത്തിനിടയിലെ അനന്ത്നാഗ് ജില്ലയിലുള്ള ഇടത്താവളമാണ് പഹൽഗാം എന്ന സുന്ദരിഗ്രാമം. ‘ഷെഷ്നാഗ്’ തടാകവും ‘ആരു’ അരുവിയും വരച്ചിടുന്ന പ്രദേശം, വെള്ളാരംകല്ലിൽ തട്ടിയുരഞ്ഞുപോകുന്ന കുഞ്ഞുപുഴ ‘ലിഡർ നദി‘യാണ്. നദിയൊഴുകുന്ന വഴികളിൽ അടർന്നുവീണൊഴുകി മുനകളെല്ലാം പോയി മിനുസപ്പെട്ടവയാണ് വെള്ളാരംകല്ലുകൾ. നദിക്കരയിലെ പല നിർമിതികളും നടത്തിയിരിക്കുന്നതുപോലും ഈ കല്ലുകൾ കൊണ്ടാണ്. സിമന്റോ പശയോ ഇല്ലാതെ വെറുതെ അടുക്കിവെച്ച ഭിത്തികൾ! വണ്ടിയിൽ നിന്നിറങ്ങി അടുത്തുചെന്ന് നോക്കിയപ്പോഴാണ് അത്ഭുതപ്പെട്ടുപോയത്. ആ വെൺകല്ലുകളിൽ കൊതിപ്പിക്കുന്ന വർണങ്ങളുടെ വെട്ടിത്തിളക്കം. വരച്ചുചേർക്കാനാവാത്ത എത്രയോ നിറങ്ങൾ ലയിച്ചുചേർന്നവയാണ് മഹാമേരു പൊടിഞ്ഞുണ്ടായ ആ കുഞ്ഞുകഷണങ്ങൾ.

ചെറു സ്വിറ്റ്സർലണ്ടും ബേത്താബ് താഴ് വരയും

പഹൽഗാമിലേക്കുള്ള വഴിയിലാണ് ‘ബയ്സരൺ’ താഴ്‌വര. താഴ്‌വരയിലേക്കൊന്നു പരക്കെ കണ്ണോടിക്കാം. സംശയിക്കണ്ട മനംകുളിർത്ത് നാം നിൽക്കുന്നത് ഒരു പാശ്ചാത്യനാട്ടിലല്ലെന്ന് തിരിച്ചറിയാൻ അൽപം സമയമെടുക്കും. കടുംനീലവർണത്തിൽ ആകാശം, കടുംവൺമയേറിയ മഞ്ഞുമല, കടുപച്ചമരച്ചോല. പുൽമേട്ടിന്റെ ആഴമുള്ള ഹരിതനിറം. അതെ, കടുംവർണത്തിൽ വരച്ചുവച്ചപോലുള്ള ബയ്സരൺ താഴ് വര, അങ്ങനെയാണ് ‘മിനി സിറ്റ്സർലണ്ടെ‘ന്ന പേര് പിടിച്ചുവാങ്ങിയത്.

വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ കണ്ട അടുത്ത ഇടമാണ് ബേത്താബ് താഴ്‌വര. ഹാഗൂൺ വാലിയെന്നായിരുന്നു അതിന്റെ യഥാർത്ഥപേര്. 1983ൽ സണ്ണി ഡിയോളും അമൃതസിംഗും തകർത്തഭിനയിച്ച റൊമാന്റിക് സൂപ്പർഹിറ്റായിരുന്ന ‘ബേത്താബ്’ എന്ന സിനിമ ഷൂട്ട് ചെയ്ത അന്നുമുതൽ ‘അവൾ’ബേത്താബ് താഴ് വരയെന്നറിയപ്പെട്ടു തുടങ്ങി. പിന്നെയും ഒട്ടേറെ സിനിമകൾക്ക് സുന്ദരമായ ആ പുൽമേട് സാക്ഷിയായി.

മറക്കാനാവാത്ത പഹൽഗാം

പ്രകൃതിസൗന്ദര്യത്തെ മൗനമായി ആസ്വദിക്കുന്നവർക്കും യാത്രയെ ഉല്ലാസമാക്കി ആഹ്ലാദിക്കുന്നവർക്കും ഒരുപോലെ വഴങ്ങുന്നവളാണ് പഹൽഗാം. പ്രകൃതിയോട് മത്സരിക്കാതെ തീർത്തിട്ടുള്ള ഉല്ലാസോപാധികൾ അനവധിയുണ്ടവിടെ. മഞ്ഞുപാളിയിലൂടെ തെന്നിപ്പായൽ, ഗോൾഫ്, ചൂണ്ടയിടീൽ, ട്രെക്കിംഗ് തുടങ്ങി മഞ്ഞു ൽസവം(Snow Fes­ti­val ) വരെ പഹൽഗാമിൽ നടത്താറുണ്ട്.

സൗന്ദര്യംകണ്ട് മതിമറന്ന് നിൽക്കുമ്പോൾ ആരോവന്ന് പുറത്തുതട്ടി. സൗമ്യനും സുമുഖനുമായൊരു യുവാവ്. ഒപ്പം ഒരു സുന്ദരിക്കുതിരയും. കാശ്മീരി, ഉറുദു, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നാലു ഭാഷകളിലവൻ കാര്യം പറഞ്ഞു. യഥാർത്ഥകാര്യം മനസിലാക്കാനെന്തിനാണിത്രയും ഭാഷ. നിമിഷങ്ങൾക്കുള്ളിൽ മക്കൾ രണ്ടുപേരും കുതിരമേൽ ചവിട്ടിക്കയറി സവാരിയും തുടങ്ങി! കാശ്മീരികൾ നാലുഭാഷയും നന്നായി കൈകാര്യം ചെയ്യാറുണ്ട്. ചരിത്രത്തിലെ നാലു കാലങ്ങളുടെ സാക്ഷ്യപ്പെടുത്തലാവാമത്. വൈവിധ്യമാർന്ന കാലങ്ങളെ വിളിച്ചോതുന്ന ഭാഷകൾ. നാടോടികളായി കാശ്മീർ താഴ് വരയിൽ കുടിയേറിയ കാലം, മുഗളൻമാരുടെ ശബളിമയാർന്ന ഉറുദുകാലം, ദേശീയ സമരങ്ങൾക്കൊപ്പം നിന്ന് പോരാടിയ ഹിന്ദികാലം. കോളോണിയൽ തേർവാഴ്ചയുടെ ആംഗലേയകാലം. ഇങ്ങനെ ചരിത്രത്തിന്റെ ശേഷിപ്പുകൾ അവർ പോലുമറിയാതെ അവരുടെ മൊഴികളിലൂടെ ജീവൻവെക്കുന്നതാവാം. തിരിച്ചുവന്ന കുതിരകൾക്ക് കൽക്കണ്ടവും പഞ്ചസാരക്കട്ടകളും സ്വന്തം കൈകൊണ്ട് നൽകിയപ്പോൾ മക്കൾക്ക് സന്തോഷമായി, കുതിരകൾക്കും. മഞ്ഞും തണുപ്പും കാരണം അമ്മ വണ്ടിയിൽ തന്നെയിരുന്നു. തൊട്ടടുത്ത് ഭാര്യയുടെ നിലവിളി. തിരിഞ്ഞുനോക്കും മുമ്പെ എന്നെയും ആരോ ചരൽവാരി എറിയുന്ന പോലെ. നിമിഷങ്ങൾ കൊണ്ട് ഏറ് വല്ലാത്തൊരാനന്ദമായി. തെളിഞ്ഞ കാലാവസ്ഥയിൽ അപൂർവമായുണ്ടാകുന്ന ‘ആലിപ്പഴ’വീഴ്ചയാണ്. കാശ്മീർ കനിഞ്ഞരുളിയ ‘മഞ്ഞേറി‘ൽ അവിടെ നിന്നവരെല്ലാം കുളിരണിഞ്ഞു.

പച്ചമരുന്നിന്റെ കലവറ

അധികമാർക്കുമറിവില്ലാത്ത കാര്യമാണ് കാശ്മീർ നാട്ടുമരുന്നിന്റെ കലവറയാണെന്നത്. 750ലധികം ഔഷധഗുണമുള്ള പച്ചമരുന്നുകൾ പഹൽഗാമിൽ മാത്രമുള്ളതായി വിദഗ്ദ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ വൈദ്യൻമാരെപ്പോലെ പച്ചമരുന്നുചികിൽസ നടത്തുന്നവർ കാശ്മീരിൽ ധാരാളമുണ്ട്. ‘ഹക്കീമുകൾ’ എന്നാണവർ അറിയപ്പെടുന്നതു തന്നെ. കാശ്മീരിൽനിന്നും പഹൽഗാമിലേക്കുള്ള വഴിയിൽ പെട്ടെന്നാണ് ഒരു പർപ്പിൾ(purple ) കടൽ കണ്ണിൽപ്പെട്ടത്. മെത്തവിരിച്ചപോലുള്ള വയലറ്റ്പൂക്കൾ നിറഞ്ഞൊരു പാടം. കുങ്കുമപൂക്കളാണ് അത് മുഴുവൻ. പാമ്പോർ എന്നറിയപ്പെടുന്ന അവിടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഗുണമേൻമയുള്ള കുങ്കുമപ്പൂക്കൾ ഉണ്ടാകുന്നത് എന്നാണ് കരുതപ്പെടുന്നത്. നിരവധി ഭുകമ്പങ്ങളിലൂടെ സമുദ്രജലം ഒലിച്ചുപോയശേഷം അവശേഷിച്ച ഭൂമിയാണ് കാശ്മീർ എന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെ സംഭവിച്ച മണ്ണിന്റെ സവിശേഷതയായിരിക്കാം പാമ്പോറിന് ഇങ്ങനെയൊരു ബഹുമതി നൽകിയത് എന്നും കരുതപ്പെടുന്നു.

ഇടയഭൂമി

വണ്ടി വീണ്ടും മുന്നോട്ട് നീങ്ങുകയാണ്. നിരത്തിലിടക്കിടെ നിരന്നുനീങ്ങുന്ന ആട്ടിൻപറ്റങ്ങൾ. കൂട്ടത്തിൽ നിഷ്കളങ്കരായ ഗ്രാമീണർ. ‘ഇടയൻമാരുടെ താഴ്‌വര’യെന്നാണ് പഹൽഗാം പണ്ടുതൊട്ടേ അറിയപ്പെടുന്നത്. കണ്ടിട്ടും മതിയാകാതെ പഹൽഗാമിന്റെ അതിർത്തിയിൽ വണ്ടി നിർത്തി ഒന്നുകൂടി ഇറങ്ങി. കണ്ണിനെ കുളിരണിയിക്കുന്ന വർണക്കാഴ്ചകൾക്ക് അവസാനമില്ല, കാതുകളെ തരളിതമാക്കുന്ന അരുവിയുടെ കളനാദം, നാസാരന്ധ്രങ്ങളെ ലഹരി പിടിപ്പിക്കുന്ന പൂക്കളുടെയും പച്ചിലകളുടെയും ഹൃദ്യഗന്ധം, നാവിന് രുചി പകരാൻ മുട്ടപ്പഴവും ഓറഞ്ചും, പിന്നെ തനി കാശ്മീരി ആപ്പിളും. അതെ, പഞ്ചേന്ദ്രിയങ്ങൾ പഹൽഗാമിന് അടിയറ വെക്കേണ്ടിവരും ഉറപ്പ്.

മനസ്സുനിറയെ സഞ്ചാരത്തിന്റെ വർണഭംഗി നിറച്ച് ഞങ്ങൾ മടങ്ങാനൊരുങ്ങി. താഴ്‌വരയ്ക്ക് കാവലായി അങ്ങ് ദൂരെ എണ്ണിയാൽതീരാത്ത പൈൻമരങ്ങൾ. നിരത്തിൽ ഇരുവശങ്ങളിലും ആരെയോ കാത്ത് നിരയിട്ടുനിൽക്കുന്ന ദേവദാരുവൃക്ഷങ്ങൾ. ഈ ഭൂമിയിലെ സ്വർഗത്തിലിരുന്ന് അവർ ആരെയാവാം പ്രതീക്ഷിക്കുന്നത്? ഒരുപക്ഷെ, മനുഷ്യസ്പർശമില്ലാത്ത യാമങ്ങളിൽ മഹാനിഗൂഢതകൾ നിറഞ്ഞ ഹിമവാനെന്ന മഹാമേരുവിൽ നിന്ന് പറന്നിറങ്ങുന്ന ഗന്ധർവ്വകിന്നരന്മാരെത്തന്നെയായിരിക്കുമോ?