Web Desk

അജിത് കൊളാടി

August 02, 2020, 5:45 am

ഗുഹന്മാരില്ലാത്ത രാമരാജ്യം ഈ യുഗത്തിലെന്തിന്

Janayugom Online

അജിത് കൊളാടി

കൊട്ടാരം വിട്ട് ശ്രീരാമൻ ഗംഗാതീരത്തെത്തി. സുമന്ത്രരോട് രഥം നിർത്താൻ ആവശ്യപ്പെട്ടു. നദീതീരത്തിന് അകലെയല്ലാതെ, മനോഹരമായ പൂക്കളും ഇലകളും നിറഞ്ഞ വലിയ ഇംഗുഡി വൃക്ഷത്തിനടിയിൽ അന്നത്തെ രാത്രി ചിലവഴിക്കാൻ തീരുമാനിച്ചു. ധാരാളം പൂമരങ്ങൾ അരികെ. വെള്ളാമ്പൽ പൂക്കളും താമര പൂക്കളും ഇടതൂർന്നു നിൽക്കുന്ന ഗംഗയുടെ ചില തീരങ്ങൾ കണ്ടാൽ അനുരക്തയായ സർവാംഗ സുന്ദരിയെ പോലെ തോന്നും. നിഷാദ രാജാവ് ഗുഹൻ അവിടെ എത്തി. ശ്രീരാമചന്ദ്രൻ ഗുഹനെ കെട്ടിപ്പിടിച്ചു. ഗുഹൻ പറഞ്ഞു, മരവുരിഉടുത്ത രാമനോട്, “ഈ ശൃംഗവേരപുരം അങ്ങയുടേതാണ്. ഈ പ്രദേശത്തെ അയോധ്യയായി കാണാം. ഇത്രയും മഹനീയനായ ഒരതിഥിയെ സ്വീകരിക്കാൻ ആർക്കാണ് അവസരം കിട്ടുക.

ഞങ്ങൾ അങ്ങയുടെ സേവകർ”. ശ്രീരാമൻ പറഞ്ഞു, “ഞങ്ങൾ സന്തുഷ്ടരാണ്, അങ്ങയെ സന്ധിക്കാൻ ഇടവന്നതിൽ”. വീണ്ടും ഗുഹനെ തന്റെ വലതു കൈകൊണ്ട് ചേർത്തുപിടിച്ച് രാമൻ ചോദിച്ചു, “അങ്ങയുടെ പ്രജകൾക്കും രാജ്യത്തിനും സുഖമല്ലെ? നിങ്ങളുടെ അതിഥി സൽക്കാരം ഗംഭീരം. എനിക്കായിക്കൊണ്ടുവന്ന ഭക്ഷണം തിരികെക്കൊണ്ടു പോകൂ. പതിന്നാലു വർഷം ഞാൻ താപസനാണ്. ഫലാദികൾ മാത്രമെ കഴിക്കൂ”. വെള്ളം കുടിച്ചു, രാമൻ. ശ്രീരാമനും സീതയും ആ രാത്രിയിൽ പുൽത്തട്ടിൽ കിടന്നു. ലക്ഷ്മണന് ഉറക്കം വന്നില്ല, ഗുഹനും. ഗുഹന്റെ കണ്ണുകൾ നിറഞ്ഞു, ആ കാഴ്ചകണ്ട്. കാട്ടുപുൽ വിരിച്ച മെത്തയിൽ അദ്ദേഹം കിടക്കുന്നത് ഗുഹൻ നോക്കി നിന്നു. ലക്ഷ്മണനോടു പറഞ്ഞു “എന്റെ സന്തോഷവും ധനവും തപഃഫലങ്ങളും രാമഭക്തിയാണ്. ഞാൻ ഉറങ്ങാതിരിക്കാം. എനിക്ക് അപരിചിതമായിട്ട് ഈ വനത്തിൽ ഒന്നുമില്ല. അങ്ങ് ഉറങ്ങിക്കൊള്ളു”.

ഗുഹാ, താങ്കളുടെ ഭക്തിയും സൈന്യബലവും സംരക്ഷണ ശക്തിയും ഞാൻ മനസ്സിലാക്കുന്നു എന്ന് ലക്ഷ്മണൻ പറഞ്ഞു. പിന്നെയും തുടർന്നു, “രാമനും സീതയും പച്ചപ്പുല്ലിൽ കിടക്കുമ്പോൾ എനിക്കുവേറെ സൗകര്യം വേണ്ട. വിരഹം കൊണ്ട് ദശരഥൻ അധികനാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ല. അച്ഛൻ ദശരഥനും അമ്മ കൗസല്യയും എന്റെ അമ്മ സുമിത്രയും ഈ രാത്രി എങ്ങിനെ കരഞ്ഞ് തീർക്കുമെന്ന് ഊഹിക്കാൻ പോലും ആകുന്നില്ല. ദശരഥൻ മരിച്ചാൽ അയോധ്യ മാത്രമല്ല ഭൂമിയും വിരഹാർത്തയായി കേഴുന്നത് നമുക്ക് കേൾക്കാം. രാമമാതാവായ കൗസല്യ പുത്ര ദുഃഖത്താൽ മരണമടഞ്ഞേക്കാം. എന്റെ അമ്മ ഒരു പക്ഷെ ശത്രുഘ്നനെ ഓർത്തു ജീവിച്ചിരിക്കും. എല്ലാം നഷ്ടമായി എന്ന വ്യഥയാകും ദശരഥന് മരണസമയത്ത്”. ഇതുവരെ കാണാത്ത ലക്ഷ്മണനെയാണ് ഇവിടെ കാണുന്നത്. തികച്ചും അപ്രതീക്ഷിതമായ ഒരു തലത്തിൽ. ചടുല സ്വഭാവക്കാരനും വീരശൂരപരാക്രമിയുമായി ഇതുവരെ കാണപ്പെട്ട ലക്ഷ്മണനിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭാവം അദ്ധ്യാത്മരാമായണത്തിൽ കാണാം.

“ദുഃഖസുഖങ്ങൾ ദാനം ചെയ്‌വതിന്നാരു

മുൾക്കാമ്പിലോർത്തു കണ്ടാലില്ല നിർണ്ണയം

ഏകൻ മമ സുഖദാതാ ജഗതി

മറ്റേകൻ മമ ദുഃഖ ദാതാവിതി വ്യഥാ

തോന്നുന്നിതജ്ഞാനബുദ്ധികൾക്കെപ്പോഴും

തോന്നുകില്ല ബുധന്മാർക്കതേതു മേ-

…ഭോഗത്തിനായ് കൊണ്ടു കാമിക്കയും വേണ്ട

ഭോഗം വിധികൃതം വർജ്ജിക്കയും വേണ്ട

ദുഃഖമധ്യേ സുഖമായും വരും

ദുഃഖം സുഖമധ്യേ സംസ്ഥമായും വരും”

സുഖദുഃഖങ്ങൾ ജീവിതത്തിൻ അനിവാര്യമാണെന്ന് നാം മനസ്സിലാക്കണം. പകലും രാത്രിയും ചെളിയും ജലവും പോലെ അവ ചേർന്നിരിക്കുന്നു. രാത്രി മുഴുവൻ ഗുഹ- ലക്ഷ്മണ സംഭാഷണം നീണ്ടു!