September 28, 2022 Wednesday

മാഹാത്മ്യം ഈ കസ്തൂർബാ

Janayugom Webdesk
റെജി മലയാലപ്പുഴ
September 29, 2020 3:45 am

റെജി മലയാലപ്പുഴ

കൂട്ടുകാർക്ക് ഒക്ടോബർ 2 ഗാന്ധി ജയന്തിയാണെന്നും, അന്ന് അഹിംസാ ദിനമായി ആചരിക്കുന്നുവെന്നതും അറിവുള്ളതാണല്ലോ? മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെന്ന മനുഷ്യന്റെയൊപ്പം അദ്ദേഹത്തിന്റെ ഉയർച്ചയിൽ വലം കൈയായിരുന്ന പ്രിയ പത്നി കസ്തൂർബാ ഗാന്ധിയെയും നമുക്ക് മറക്കാനാകില്ല. ഏതൊരു പുരുഷന്റെ ഉയർച്ചയിലും ഭാര്യയുടെ പങ്ക് വലുതാണ്. പ്രത്യേകിച്ചും സാമൂഹിക പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ തന്നെയാണ് കസ്തൂർബയുടേയും ജീവിതം. അതുപോലെ ശൈശവ വിവാഹം ആചാരമായി നിലനിർത്തിയിരുന്ന പൗരോഹിത്യത്തിന്റെ അധീശത്വവും. രണ്ടുംകൂടി ചേരുമ്പോൾ അനാചാരത്തിന്റെ ഇരുണ്ട ഭൂപടം തെളിയും. ഇത്തരം ദുഷ്‌പ്രവണതയുടെ ഇരയായി പതിമൂന്നാം വയസിൽ കസ്തൂർബയും സമപ്രായക്കാരനായ ഒരു ആൺകുട്ടിക്ക് വരണമാല്യം ചാർത്തി.

വീട്ടിൽ എന്തോ ആഘോഷം നടക്കുന്നു എന്നതിനപ്പുറം വിവാഹം, കുടുംബം എന്നത് എന്തെന്ന് ചിന്തിക്കാൻ മനസ് പാകമാകാത്ത കാലം. പതിമൂന്നാം വയസിൽ കല്യാണം എന്നു കേട്ടാൽ പുതു തലമുറ കുട്ടികൾക്ക് നാണം വിടരും. ഒപ്പം ആശ്ചര്യവും. നല്ല സംസ്കാരത്തെക്കുറിച്ച് വാചാലമാകുമ്പോൾ ഇത്തരം അനാചാരങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മോഹൻദാസിനും തന്റെ പതിമൂന്നാം വയസിൽ ഒരു കളിക്കൂട്ടുകാരിയെ കിട്ടി എന്നതിനപ്പുറം കല്യാണത്തിനുള്ള മറ്റ് പുതുമകൾ ഒന്നുമുണ്ടായില്ല. ആചാരരീതിയനുസരിച്ച് കസ്തൂർബയും “കുട്ടി” ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചത്. കളിക്കൂട്ടുകാരനിൽ നിന്നും ഭർത്താവായി ലോകത്തിന്റെ മഹാത്മാവാകും തന്റെ പങ്കാളിയെന്ന് സ്വപ്നത്തിൽപോലും അവർ കരുതിയിട്ടുണ്ടാകില്ല. മോഹൻദാസ് നടത്തുന്ന സാമൂഹിക ഇടപെടലുകൾക്ക് തങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ തടസമായില്ല. ഉപരി പഠനത്തിന് ഇംഗ്ലണ്ടിൽ പോകാനുള്ള തീരുമാനത്തെ ബന്ധുക്കൾ എതിർത്തപ്പോൾ കസ്തൂർബ ഒപ്പം നിന്നു. ബാരിസ്റ്റർ പരീക്ഷ പാസായശേഷം 1891 ലാണ് മോഹൻദാസ് ഭാരതത്തിൽ തിരിച്ചെത്തിയത്.

പിന്നീട് ഭാര്യയേയും മക്കളേയും കൂട്ടി ദക്ഷിണാഫ്രിക്കയിൽ താമസിക്കേണ്ടി വന്നിട്ടുണ്ട് മോഹൻ ദാസിന്. വർണ വിവേചനത്തിനെതിരേ പോരാടാനുള്ള പ്രചോദനം കസ്തൂർബ യിൽ നിന്നും മോഹൻദാസിന് കിട്ടിയിട്ടുണ്ടാകണം. ദക്ഷിണാഫ്രിക്കയിൽ താമസിക്കുമ്പോഴും കസ്തൂർബ യുടെ ഉള്ളിലെ യാഥാസ്തിതികത്വത്തിന് മാറ്റമുണ്ടാകാത്തത് കുടുംബത്തിൽ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കുകയും മോഹൻദാസ് കസ്തൂർബയെ വീടിനു പുറത്താക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഭർത്താവിനൊപ്പം ക്ഷമയോടെ ജീവിക്കാൻ ശീലിച്ച സ്ത്രീ രത്നമാണ് കസ്തൂർബ. സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾക്കൊപ്പം നിലകൊണ്ടു.ഗുരുവായൂർ സത്യഗ്രഹ കാലത്ത് കസ്തൂർബ കേരളത്തിൽ വന്നിരുന്നു. ഭാരത സ്വാതന്ത്ര്യത്തിന് ഏകശിലയായി നിന്ന് പോരാടിയ, അതിലൂടെ മഹാത്മാവും, രാഷ്ട്ര പിതാവുമായ മഹാത്മാഗാന്ധിയുടെ പ്രിയ പത്നി 1944 ഫെബ്രുവരി ഇരുപത്തിരണ്ടിന് ഓർമയായി. അക്ഷരം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ തലമുറയിൽ വളർന്ന കസ്തൂർബ സഹനത്തിന്റെയും, ത്യാഗത്തിന്റെയും സ്ത്രീ മാതൃകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.