October 1, 2022 Saturday

ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പിന്നിലെ അറിയപ്പെടാത്ത തോട്ടക്കാരന്‍

വലിയശാല രാജു
September 29, 2020 4:15 am

വലിയശാല രാജു

ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണില്‍ ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാഡ് (1922–2001) ആദ്യമായി ഹൃദയം മാറ്റിവച്ചപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരുമറിയാത്ത ഒരു നായകനുണ്ട്, ഹാമില്‍ട്ടണ്‍ നാകി (1926 – 2005). ഡോക്ടറോ സാങ്കേതിക വിദഗ്ധനോ ഒന്നുമായിരുന്നില്ല നാകി. കേപ്‌ടൗണ്‍ യൂണിവേഴ്സിറ്റിയിലെ തോട്ടക്കാരനായിരുന്നു. അതോടൊപ്പം അവിടത്തെ മൃഗഡോക്ടറെ സഹായിക്കലുമായിരുന്നു പണി. മൃഗങ്ങളെ ശസ്ത്രക്രിയക്കായി പിടിച്ചുകൊടുക്കാന്‍ തുടങ്ങിയ അദ്ദേഹം തുടര്‍ന്ന് അവയെ ശസ്ത്രക്രിയ ചെയ്യാനും പഠിച്ചു. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ് പ്രവിശ്യയിലെ സെന്റാണിയിലെ എന്‍സിങ്ങ് വാനെ ഗ്രാമത്തില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് ഹാമില്‍ട്ടണ്‍ നാകി ജനിച്ചത്.

14 വയസിനുള്ളില്‍ ആകെ ആറു വര്‍ഷത്തെ വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം പിന്നീട് കേപ്‌ടൗണിലേക്ക് മാറുകയും അവിടത്തെ യൂണിവേഴ്സിറ്റിയില്‍ തോട്ടക്കാരനായി ജോലി നോക്കുകയും ചെയ്തു. മൃഗശസ്ത്രക്രിയയില്‍ വൈദഗ്ധ്യം നേടിയ നാകി, മനുഷ്യ മൃതശരീരങ്ങളില്‍ ഹൃദയ ശസ്ത്രക്രിയ ചെയ്യാന്‍ പഠിച്ചു. അതോടൊപ്പം ആയിരക്കണക്കിന് യുവ ഡോക്ടര്‍മാര്‍ക്ക് ഹൃദയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. ഇതൊക്കെ കൊണ്ടാകാം താന്‍ ആദ്യമായി നടത്തുന്ന ഹൃദയം മാറ്റിവയ്ക്കല്‍ വിജയിക്കാന്‍ ഈ ‘കാര്‍ഡിയാക്’ സര്‍ജന്റെ സഹായം വേണമെന്ന് ക്രിസ്റ്റ്യന്‍ ബര്‍ണാഡിന് തോന്നിയത്. മാത്രമല്ല നിര്‍ബന്ധപൂര്‍വം ഈ ചരിത്രനിയോഗത്തിന് നാകിയെ കൂട്ടുകയും ചെയ്തു. റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ഡെന്നീസ് സാര്‍വല്‍ എന്ന യുവതിയുടെ ഹൃദയമാണ് ലൂയി വാഷ് കെന്‍സ്‌കി എന്ന രോഗിയില്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡ് തുന്നിച്ചേര്‍ത്തത്. ബര്‍ണാഡും സംഘവും രോഗിയെ ശസ്ത്രക്രിയക്ക് തയ്യാറാക്കുന്ന സമയത്ത് നാകി അടുത്ത ഓപ്പറേഷന്‍ തിയേറ്ററില്‍ ആ സ്ത്രീയുടെ നെഞ്ച് കീറി ഹൃദയം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ആദ്യം ഹൃദയം മാറ്റിവയ്ക്കലിന്റെ വാര്‍ത്ത പിറ്റേന്ന് ലോകമറിഞ്ഞു.

ക്രിസ്റ്റ്യന്‍ ബര്‍ണാഡ് ലോകപ്രശസ്തനായി. ഈ ശസ്ത്രക്രിയ ചരിത്രത്തിന്റെ ഭാഗവുമായി. പക്ഷേ, ഹാമില്‍ടണ്‍ നാകിയെക്കുറിച്ച് എവിടെയും പരാമര്‍ശമുണ്ടായിരുന്നില്ല. ശസ്ത്രക്രിയയെ സഹായിച്ച് മിടുക്ക് തെളിയിച്ചിട്ടും തോട്ടക്കാരന്റെ തുച്ഛമായ ശമ്പളത്തില്‍ അദ്ദേഹത്തിന് കഴിഞ്ഞുകൂടേണ്ടിവന്നു. കുറ്റബോധം കൊണ്ടായിരിക്കാം വര്‍ഷങ്ങള്‍ക്കു ശേഷം ബര്‍ണാഡ് ആ സത്യം വെളിപ്പെടുത്തി-‘തന്നെക്കാള്‍ മിടുക്കനായ ശസ്ത്രക്രിയ വിദഗ്ധനാണ് ഹാമില്‍ട്ടണ്‍ നാകി’. കൃത്യസമയത്ത് വേണ്ടതുപോലെ വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കില്‍ മിടുക്കനായ ഒരു ഡോക്ടറെ നമുക്ക് കിട്ടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ രംഗത്തെ നാകിയുടെ കഴിവിന്റെ അംഗീകാരമായി 2003ല്‍ കേപ്‌ടൗണ്‍ യൂണിവേഴ്സിറ്റി ഓണററി മെഡിക്കല്‍ ബിരുദം നല്കി അദ്ദേഹത്തെ ആദരിച്ചു. 2005 മെയ് 29ന് ഹാമില്‍ട്ടണ്‍ നാകി മരിച്ചപ്പോഴാണ് പ്രഥമഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന്റെ റോള്‍ ചര്‍ച്ചാവിഷയമായത്. കടംവാങ്ങിയ ഹൃദയവുമായി പതിനെട്ട് ദിവസം വരെ മാത്രം ജീവിച്ചിരിക്കാനേ ലൂയിസ് വാഷ്‌കെന്‍സ്‌കിക്ക് കഴിഞ്ഞുള്ളു. ന്യുമോണിയ ബാധയെ തുടര്‍ന്ന് 1967 ഡിസംബര്‍ 21ന് ലൂയിസ് മരണത്തിന് കീഴടങ്ങി. അന്നേവരെ അസാധ്യമെന്ന് കരുതിയ ഒരു നേട്ടത്തിന്റെ പേരില്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡ് വൈദ്യശാസ്ത്രരംഗത്തെ മറക്കാനാവാത്ത വ്യക്തിയായി. പക്ഷേ, നാകി നായകനായിട്ടും പിന്നില്‍ മൂകസാക്ഷിയായി നില്ക്കുന്നു. ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഗ്രൂട്ട് സ്കൂള്‍ ആശുപത്രി ഇന്ന് ക്രിസ്റ്റ്യന്‍ ബര്‍ണാഡിന്റെ പേരില്‍ അറിയപ്പെടുന്നു. ഇതൊരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ചെയ്ത മുറിയും ഉപകരണങ്ങളുമെല്ലാം അതുപോലെ സംരക്ഷിച്ചിരിക്കുന്നു. വിസ്മൃതിയിലായത് ഹാമില്‍ട്ടണ്‍ നാകി മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.