October 3, 2022 Monday

കടയ്ക്കല്‍ വിപ്ലവം

Janayugom Webdesk
ഡോ. ലൈലാ വിക്രമരാജ്
September 29, 2020 3:30 am

ഡോ. ലൈലാ വിക്രമരാജ്

വിദേശാധിപത്യത്തില്‍ നിന്നും മോചനം ലഭിക്കുവാന്‍ ഇന്ത്യ നടത്തിയ പോരാട്ടം ലോക ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിനു ദേശാഭിമാനികളുടെ ജീവത്യാഗം, ദശലക്ഷക്കണക്കായുള്ള ജനങ്ങള്‍ അനുഭവിച്ച കൊടിയ മര്‍ദ്ദനം… ഇതിന്റെയെല്ലാം ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് എത്ര കൊച്ചു കൂട്ടുകാര്‍ക്കറിയാം?

കേരളത്തിലെ പോരാട്ടം

സ്വാതന്ത്യസമരത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളിലൊന്നാണ് കടയ്ക്കല്‍ കലാപം. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയുടെ മോചനത്തിനായി നടന്ന 39 പോരാ‍ട്ടങ്ങളില്‍ ഒന്നായിരുന്നു അത്. 1938 സെപ്റ്റംബര്‍ 29ന് കടയ്ക്കലിലെ ജനത ഒന്നായി നടത്തിയ പോരാട്ടമാണ് കടയ്ക്കല്‍ വിപ്ലവമെന്നറിയപ്പെടുന്നത്. കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്നൊരു ഗ്രാമപ്രദേശമാണ് കടയ്ക്കല്‍. സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്പാദനത്തിനും വിപണനത്തിനുമുള്ള ഒരു പ്രധാന ബിസിനസ് കേന്ദ്രമായിരുന്നു കടയ്ക്കല്‍. കര്‍ഷകര്‍ ചന്തയില്‍ വില്ക്കാന്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ അന്യായമായും അമിതമായും ടോള്‍ പിരിവ് നടത്തിയിരുന്നു. ഇതിനെതിരെ നാട്ടുകാരായ കുറച്ചു ചെറുപ്പക്കാര്‍ സംഘടിച്ച് പ്രക്ഷോഭമാരംഭിച്ചു.

പ്രചോദനമായി നിസ്സഹകരണ പ്രസ്ഥാനം

1930 ല്‍ ഗാന്ധിജി വിഭാവനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രക്ഷോഭമാരംഭിച്ചത്. ടോള്‍ പരിവിന് തടസം സൃഷ്ടിച്ചും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പൊലീസ് സ്റ്റേഷന്‍ കൊള്ളയടിച്ചും പ്രക്ഷോഭകര്‍ മുന്നോട്ടുപോയി. സെപ്റ്റംബര്‍ 26 മുതല്‍ ടോള്‍ പിരിവ് ഫലപ്രദമായി തടയുവാന്‍ കഴിഞ്ഞു. 29ന് രാവിലെ ഏഴു മണിക്ക് മജിസ്ട്രേട്ടും എസ്ഐമാരും പൊലീസുകാരുമടങ്ങിയ ഒരു സംഘം കടയ്ക്കലെത്തി. പൊലീസ് സംഘം തൃക്കണ്ണപുരത്തെത്തിയപ്പോള്‍ ആയിരത്തോളം വരുന്ന ജനക്കൂട്ടം വടിയും കല്ലും മറ്റുമുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിച്ചു. ലാത്തി വീശി നാട്ടുകാരെ ഓടിക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും ആ സംഘം തിരിച്ചുപോവുകയുമാണുണ്ടായത്. ജനക്കൂട്ടം പത്തു മണിയോടെ കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പല രേഖകളും കിണറ്റിലെറിയുകയും അടുക്കള ഭാഗം തീയിടുകയും ചെയ്തു. അങ്ങനെ അത് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറി. സൈന്യമെത്തുന്നു സര്‍ക്കാര്‍ കടയ്ക്കലിലെ ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പട്ടാളം എത്തുന്നതിന് മുന്‍പ് വരെ കുമ്മിള്‍ പകുതി എന്ന ദേശത്തിന്റെ നിയന്ത്രണം പോലും പ്രക്ഷോഭകര്‍ സ്വയം ഏറ്റെടുത്തിരുന്നു. തിരുവനന്തപുരത്തു നിന്നും പട്ടാളമെത്തി പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുവാന്‍ തുടങ്ങി. തത്ഫലമായി അഞ്ച് പേര്‍ക്ക് വധശിക്ഷയും എഴുപതോളം പേര്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു. സെപ്റ്റംബര്‍ 26ന് തുടങ്ങി ഒക്ടോബര്‍ അഞ്ചിന് പ്രക്ഷോഭമവസാനിച്ചു.

ഗാന്ധിജിയുടെ ദൂതനെത്തുന്നു

ഈ സംഭവമറി‍ഞ്ഞ് ഗാന്ധിജി ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയെ വിവരശേഖരണത്തിനായയച്ചു. ഒക്ടോബര്‍ 11ന് അദ്ദേഹം കടയ്ക്കലിലെത്തി സംഭവവികാസങ്ങളുടെ വിശദമായ വിവരശേഖരണം നടത്തുകയും 14ന് ഒരു പത്രക്കുറിപ്പായി അത് പുറത്തിറക്കുകയും ചെയ്തു. പട്ടാളമെത്തിയ ശേഷമുള്ള ആ ഗ്രാമത്തിന്റെ അവസ്ഥ അദ്ദേഹം അതില്‍ വിവരിക്കുന്നു. ഹൃദയഭേദകമായ കാഴ്ചകളായിരുന്നു ആ നാട്ടില്‍ കാണാന്‍ കഴിഞ്ഞത്. ഒരു വീട്ടിലും പുരുഷന്മാരില്ല. പട്ടിണിയും കഷ്ടപ്പാടുകളും ആ നാട്ടിലെ ജനങ്ങള്‍ നേരിടുകയായിരുന്നു. എണ്‍പതോളം വീടുകള്‍ പട്ടാളം അഗ്നിക്കിരയാക്കി. വാഹനങ്ങള്‍ക്കോ ആളുകള്‍ക്കോ നിരത്തിലിറങ്ങുവാനനുവാദം ഉണ്ടായിരുന്നില്ല. മരച്ചീനി വേവിച്ച് ഉപ്പില്ലാതെ കഴിക്കേണ്ട ഗതികേടിലായിരുന്നു ജനങ്ങള്‍.

രക്തസാക്ഷികള്‍

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ച് പേര്‍ ഇവരാണ്- ബീഡി വേലു, തോട്ടുംഭാഗം സദാനന്ദന്‍, ചന്തവിള ഗംഗാധരന്‍, പങ്ങല്‍ക്കാട് നാരായണന്‍, പറയാട്ട് വാസു ഇവരുടെയും ജീവപര്യന്തം ലഭിച്ചവരുടെയും വസ്തുവകകളെല്ലാം കണ്ടുകെട്ടി.

ഫ്രാങ്കോ രാഘവന്‍ പിള്ള

പോരാട്ടത്തിന് നേതൃ‍ത്വം നല്കിയത് പുതിയ വീട്ടില്‍ രാഘവന്‍ പിള്ളയായിരുന്നു. 1937 ല്‍ മൊറോക്കോയിലെ സൈന്യാധിപനായിരുന്ന ജനറല്‍ ഫ്രാങ്കോ അവിടത്തെ ജനാധിപത്യ ഗവണ്‍മെന്റിനെ അട്ടിമറിച്ചതിനോട് താരതമ്യം ചെയ്ത് ഇവിടുത്തെ സര്‍ക്കാര്‍ രാഘവന്‍ പിള്ളയെയും ഫ്രാങ്കോ എന്ന് വിളിച്ചു. അങ്ങനെ അദ്ദേഹം ഫ്രാങ്കോ രാഘവന്‍ പിള്ളയായിത്തീര്‍ന്നു. ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഒരു സ്വാതന്ത്ര്യസമരമാണ് കടയ്ക്കല്‍ വിപ്ലവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.