അല്‍ഷെെമേഴ്സിനെക്കുറിച്ച് അറിയാം

ഡോ.എം ആർ സുദർശനകുമാർ
Posted on September 22, 2020, 3:45 am

ഡോ.എം ആർ സുദർശനകുമാർ

ഏറ്റവും പ്രധാനപ്പെട്ട ഒരു മറവി രോഗമാണ് അല്‍ഷെെമേഴ്സ്. മോഹന്‍ലാല്‍ അനശ്വരമാക്കിയ ‘തന്മാത്ര’ എന്ന സിനിമയിലെ പ്രതിപാദ്യം ഇതായിരുന്നു. 2004ല്‍ അന്തരിച്ച അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ അല്‍ഷെെമേഴ്സ് രോഗബാധിതനായിരുന്നു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനും ഇതേ രോഗം പിടിപെട്ടിരുന്നു. വിട്ടുമാറാത്ത ഒരു രോഗാവസ്ഥയാണ് അല്‍ഷെെമേഴ്സ്. സമീപകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടുന്നതാണ് അല്‍ഷെെമേഴ്സിന്റെ സാധാരണ ലക്ഷണം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ആശയവിനിയമത്തിന് തടസം നേരിടുക, വഴി മറന്നുപോകുക, മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകുക, ദെെനംദിന കാര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടാകുക, ഒന്നിലും പ്രചോദനമില്ലാതാവുക, പെരുമാറ്റത്തില്‍ വ്യതിയാനങ്ങളുണ്ടാവുക എന്നീ ലക്ഷണങ്ങളും പ്രദര്‍ശിപ്പിക്കും. വ്യക്തിയുടെ അവസ്ഥ മോശമാകുമ്പോള്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പിന്‍വലിയുകയും ചെയ്യും.

മസ്തിഷ്ക കോശങ്ങളില്‍ അമെെലോയിഡ് പോലുള്ള പ്രോട്ടീനുകള്‍ അടിഞ്ഞുകൂടുന്നതാണ് രോഗത്തിന് കാരണമാകുന്നത്. തലയ്ക്കേറ്റ പരിക്കുകള്‍, വിഷാദം, രക്തസമ്മര്‍ദ്ദം എന്നിവയും രോഗസാധ്യതയ്ക്കുള്ള ഘടകങ്ങളാണ്. ലോകത്ത് ഏകദേശം അഞ്ച് കോടി ആള്‍ക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മറവി രോഗമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ നാല്പത് ലക്ഷം പേര്‍ക്ക് അല്‍ഷെെമേഴ്സ് രോഗമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അറുപത്തഞ്ച് വയസില്‍ കൂടുതലുള്ളവര്‍ക്ക് അല്‍ഷെെമേഴ്സ് രോഗസാധ്യത കൂടുതലാണ്.

അലോയ്ഡ് അല്‍ഷെെമര്‍ എന്ന ജര്‍മ്മന്‍ മനോരോഗ വിദഗ്ധന്‍ 1906ല്‍ ആദ്യമായി ഈ രോഗത്തെക്കുറിച്ച് വിശദീകരിച്ചു. 1864 ജൂണ്‍ 14നാണ് അല്‍ഷെെമര്‍ ജനിച്ചത്. വിര്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നും വെെദ്യശാസ്ത്രബിരുദം നേടി. അല്‍ഷെെമര്‍ 1901ല്‍ അഗസ്റ്റെ ഡെറ്റര്‍ എന്ന രോഗിയെ ഫ്രാങ്ക്ഫര്‍ട്ടിലെ മനോരോഗ അഭയ കേന്ദ്രത്തില്‍ പരിശോധിക്കാനിടയായി. അഗസ്റ്റെ ഡെറ്റര്‍ക്ക് പെരുമാറ്റ വെെകല്യമുണ്ടായിരുന്നു. അവിടത്തെ ചെലവേറിയ ചികിത്സയില്‍ നിന്നും ചെലവുകുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക് അഗസ്റ്റെയെ മാറ്റണമെന്ന് ഹെര്‍ഡെറ്റര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍ഷെെമറുടെ നിര്‍ബന്ധംമൂലം അഗസ്റ്റെ അവിടെത്തന്നെ തുടര്‍ന്നു. മരണശേഷം വെെദ്യപരിശോധനയ്ക്കായി അഗസ്റ്റയുടെ മസ്തിഷ്ക്കവും മെഡിക്കല്‍ റെക്കോഡുകളും അല്‍ഷെെമറിന് കെെമാറാനുള്ള ഉടമ്പടിയും അവര്‍ ഒപ്പിട്ടു. 1906 ഏപ്രില്‍ എട്ടിന് അഗസ്റ്റെ ഡെറ്റര്‍ അന്തരിച്ചു. മരണശേഷം സ്റ്റെയിന്‍ ചെയ്തു നടത്തിയ പരിശോധനയിലാണ് മസ്തിഷ്ക്ക കോശങ്ങളെ ആവരണം ചെയ്ത അമെെലോയിഡ് പ്രോട്ടീനുകളുടെ ആവരണം കണ്ടെത്തിയത്.

‘അല്‍ഷെെമേഴ്സ് രോഗം’ എന്ന് പിന്നീട് പേരു ലഭിച്ച രോഗത്തിന്റെ ആദ്യ വിശദീകരണമായിരുന്നത്. 1915 ഡിസംബര്‍ 19ന് അലോയ്ഡ് അല്‍ഷെെമര്‍ അന്തരിച്ചു. അല്‍ഷെെമേഴ്സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മാസം അല്‍ഷെെമേഴ്സ് മാസമായി ആചരിക്കുന്നു. സെപ്റ്റംബര്‍ 21 ലോക അല്‍ഷെെമേഴ്സ് ദിനമായും ആചരിക്കുന്നു. ലോകത്തുള്ള മൂന്നില്‍ രണ്ട് പേര്‍ തങ്ങള്‍ക്ക് മറവി രോഗത്തെക്കുറിച്ച് അറിയില്ലെന്ന് വിശ്വസിക്കുന്നു. അല്‍ഷെെമേഴ്സ് മാസവും ദിനവും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുവാന്‍ ശ്രമിക്കുന്നു. 2012 മുതലാണ് അല്‍ഷെെമേഴ്സ് മാസം ആചരിച്ചു തുടങ്ങിയത്.