റെജി മലയാലപ്പുഴ

September 20, 2021, 3:23 am

സ്മാർട്ട് ഗ്രൗണ്ട്.…

Janayugom Online

വിനോദവും, വിജ്ഞാനവും ഒത്തുചേരുമ്പോഴാണ് പഠനം ആസ്വാദ്യകരമായിത്തീരുന്നത്. കണക്കും, സയൻസും, ഭാഷയുമൊക്കെ പഠിക്കുന്നതിന് ഓൺലൈൻ പ്രതലം വഴി തുറന്നപ്പോൾ വഴി പൂർണമായി അടഞ്ഞത് ആകെ കിട്ടുന്ന ഡ്രിൽ പീരിഡാണ്. കണക്ക് പിരീഡ് ഇരുന്ന് കണക്കു കൂട്ടുന്നത് ഡ്രിൽ പീരിഡിലേക്ക് എത്ര ദൂരമുണ്ടെന്നതാണ്.
കാരണം വിഷയാധിഷ്ഠിത പഠനത്തിനേക്കാൾ കുഞ്ഞുങ്ങൾക്ക് താല്പര്യം ഒന്ന് ഓടി ചാടി മേഞ്ഞ് നടക്കുന്നതിന് തന്നെയായിരുന്നു. കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലായി കൂട്ടിലടയ്ക്കപ്പെട്ട കുട്ടികളുടെ മാനസിക പിരിമുറുക്കത്തിന് അയവ് ലഭിക്കണമെങ്കിൽ കായിക വേദി ഉണരേണ്ടിയിരിക്കുന്നു.

സ്പോർട്സ് നമുക്ക് തരുന്ന റിലാക്സേഷൻ വലുതാണ്

ഒരു മത്സര ഇനം എന്നതിനേക്കാളുപരി ഏത് കായിക വിനോദത്തെയും മാനസിക ഉല്ലാസമാക്കി മാറ്റുക എന്നതാണ് ഇനി വിദ്യാലയങ്ങൾ തുറക്കുമ്പോൾ ആദ്യം ചെയ്യേണ്ടത്.
ഓട്ടവും, ചാട്ടവും, ഏറുമൊക്കെ കുഞ്ഞുങ്ങളുടെ മനസിനെ ഏറെ സന്തോഷിപ്പിക്കുന്നു. ക്ലാസിന്റെ ഇടവേളകളിൽ പലപ്പോഴും ഏറെ സമയം കണ്ടെത്തുന്നത് ഓടാനും, ചാടാനുമൊക്കെയാണ്.
അരുതെന്ന് പറയുമ്പൊഴും ഉള്ളിലെ ത്വര ഒന്ന് ചാടുന്നതിനായിരിക്കും. കായിക ശേഷിയെ ഊർജസ്വലമാക്കി മാറ്റിയാൽ ഇന്ന് കുഞ്ഞുങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയും. പ്രാചീന കാലത്തെ ഗുരുകുലങ്ങളിൽ വേദപഠനത്തോടൊപ്പം ആയുധവിദ്യയും പഠിപ്പിച്ചിരുന്നു. ആയോധന കലകൾ എന്ന വിളിപ്പേര് തന്നെയാണ് ഏറെ യോജിച്ചു പോന്നത്. അസ്ത്രവിദ്യ, കളരിപ്പയറ്റ്, ഗുസ്തി, കുതിരസവാരി, ആനസവാരി, നീന്തൽ ഇവയിലൊക്കെയുള്ള മികവ് ജീവിത വിജയത്തിന് അനിവാര്യമായിരുന്നു.

പ്രാചീനകാല കളികള്‍
ക്ലാസുകളിൽ ഗുസ്തി കൂടുന്നത് സ്ഥിരം കാഴ്ചയായിരുന്നല്ലോ. പൗരാണിക കാലത്ത് മനുഷ്യർ പരസ്പരമുള്ള ഗുസ്തിയേക്കാൾ വന്യമൃഗങ്ങളുമായുള്ള ഗുസ്തിയായിരുന്നു കൂടുതൽ.. അതിനാൽ തന്നെ അവയെ കീഴടക്കാനുള്ള സൂത്രവിദ്യ വേദപഠനത്തോടൊപ്പം നേടേണ്ടിയിരുന്നു.
ക്രൂരമൃഗങ്ങളിൽ നിന്ന് രക്ഷനേടാനായുള്ള ഓട്ടവും, ഇരയെ കീഴ്പ്പെടുത്താനുള്ള ഓട്ടവുമൊക്കെ പ്രാചീന കാലത്തെ ഓട്ടമത്സരങ്ങളായി കാണാം.
രാജാക്കൻമാരുടെ മൃഗയാ വിനോദങ്ങളെപ്പറ്റി പുരാണ കഥകളിലും മറ്റും പരാമർശിച്ചിട്ടുണ്ടല്ലോ.
മൃഗങ്ങളെ വേട്ടയാടുന്നതിന് അസ്ത്രവും, കുന്തവുമൊക്കെ ഉപയോഗിച്ചിരുന്നുവല്ലോ. കുന്തമൊക്കെ മൃഗങ്ങൾക്കു നേരെ വലിച്ചെറിഞ്ഞത് പരിഷ്ക്കരിക്കപ്പെട്ട കായിക വിനോദം തന്നെയാവണം ജാവലിൻ ത്രോ.
ഏറുകളുടെ രാജാക്കൻമാരായ ഷോട്ട് പുട്ടും, ഡിസ്കസ് ത്രോയും പരിഷ്ക്കരണ കായിക വിനോദങ്ങളാണ്. നമ്മുടെ നാട്ടിലെ ജലാശയങ്ങളിൽ ഓളങ്ങൾക്കൊപ്പം താളം തുള്ളി നീന്തി രസിക്കുന്നതിന് ഒരു ചന്തമുണ്ട്.

നീന്തല്‍ എന്ന ഔഷധം
ഒരു കായിക വിനോദമായി നീന്തൽ മാറുന്നതിന് മുന്നേ തന്നെ വ്യായാമം എന്ന നിലയിൽ നീന്തൽ മാനസികോല്ലാസത്തിന് നല്ലൊരു ഔഷധമാണ്. നാട്ടകങ്ങളുടെ വിനോദങ്ങൾ നിറഞ്ഞാടിയ കാലത്തെ നമ്മൾ മറന്നു.
കോവിഡ് കാലത്ത് നമുക്കവയെ തിരികെ വിളിക്കാം.
സാറ്റ് കളി, കണ്ണുകെട്ടിക്കളി, തൊട്ടാ തൊട്ടീൽ, കൈകൊട്ടിക്കളി, പശും പുല്ലും കളി, കിളിത്തട്ടുകളി, പാമ്പും, കോണിയും കളി, ഗോലി കളി, ഇലയൂതിക്കളി അങ്ങനെ പാരമ്പര്യമായി നമ്മൾ ശീലിച്ച പല കളികളും വിസ്മൃതിയിലാണ്ടു. അവയ്ക്കൊക്കെ ബദലായി ഓൺലൈൻ ഗെയിമുകൾ എത്തിയെങ്കിലും, അതൊക്കെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നതാണെന്ന തിരിച്ചറിവ് കുഞ്ഞുങ്ങൾക്കുണ്ടാകണം. അതുകൊണ്ടു തന്നെ നമുക്ക് വിദ്യാലയങ്ങൾ തുറക്കുമ്പോൾ മൈതാനങ്ങളെ ഉണർത്തണം. സ്പോർട്സിലൂടെ റിലാക്സേഷനിലെത്തിയിട്ട് നമ്മുടെ പഠന പ്രവർത്തനങ്ങളെ മനസിന് ഇഴയടുപ്പമുള്ളതാക്കി മാറ്റാം.