ഇന്ന് സംസ്ഥാന കായിക ദിനം; അതിജീവനത്തിന്റെ പാതയിൽ പ്രതീക്ഷയോടെ കായിക കേരളം

ഡോ. അജീഷ് പി ടി

റിസർച്ച് ഓഫീസർ, എസ്‌സിഇആർടി കേരളം

Posted on October 13, 2020, 8:58 am

ഡോ. അജീഷ് പി ടി

കോവിഡിന്റെ തീവ്രവ്യാപന പശ്ചാത്തലത്തിൽ ലോക കായികമണ്ഡലത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ദീർഘകാലത്തെ കായിക പാരമ്പര്യമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട മൈതാനങ്ങളെല്ലാം താരങ്ങളുടെ തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ കായിക സമ്പദ്ഘടനയിൽ നിർണായക സ്രോതസായ ഐപിഎൽ മത്സരങ്ങൾ സുരക്ഷാ കാരണങ്ങളാൽ മറ്റൊരു രാജ്യത്തിലേക്ക് മാറ്റേണ്ടി വന്നു. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ദേശീയ യോഗ മത്സരം നടന്നത് വേറിട്ട സംഘാടന തന്ത്രമായി. സ്കൂൾ തലം മുതൽ ആരംഭിക്കുന്ന കായിക മേളകൾ നടത്തുന്നതിലുള്ള അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. കോവിഡ് ഭീതിയാൽ രാജ്യത്തെ സ്കൂളുകൾ തുറക്കുന്നതിൽ അവ്യക്തതയും ആശയക്കുഴപ്പവും ഉള്ളതിനാൽ ഈ വർഷം കായികോത്സവങ്ങൾ നടക്കുവാനുള്ള സാധ്യത വളരെ വിരളമാണ്. ഉത്സവ പ്രതീതിയോടെ നടക്കുന്ന ഇത്തരം കായികമേളകൾ ഒഴിവാക്കേണ്ടിവരുന്നതിലൂടെ നിരവധി യുവ പ്രതിഭകളുടെ അവസരം നഷ്ടപ്പെടുമെന്നത് ഖേദകരമായ സംഗതിയാണ്. കുരുന്നു പ്രതിഭകൾക്ക് മാനസിക, സാമൂഹിക, വൈകാരിക ബന്ധങ്ങൾ നിലനിർത്തുവാനും ജീവിത നൈപുണികൾ കൈവരിക്കുവാനും സാധിക്കുന്ന പൊതു ഇടമാണ് കായികോത്സവ വേദികൾ.

കായിക സംസ്കാരത്തിന്റെ ശക്തമായ അടിത്തറയും സ്വാധീനവും നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ആയോധന കലയായ കളരിപ്പയറ്റു മുതൽ നാടൻ കളികളെവരെ പ്രോത്സാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. ക്രമേണ ഇത് അന്തർദേശീയ കായിക ഇനങ്ങളുടെ ചുവടുമാറ്റത്തിലേക്കും പരിശീലനത്തിലേക്കും വഴിമാറുകയും നിരവധി കായിക താരങ്ങളുടെ പിറവിക്ക് കാരണമാകുകയും ചെയ്തു. ആരോഗ്യ കായിക ക്ഷമത ആർജിച്ച ഒരു തലമുറയുടെ ശരിയായ പ്രയാണത്തിൽ കായിക ഇനങ്ങളിലെ സ്ഥിരമായ പങ്കാളിത്തം ഏറെ സഹായിക്കും. രാജ്യാന്തര തലത്തിൽ കായിക നേട്ടങ്ങൾ കരസ്ഥമാക്കിയ നിരവധി മലയാളി താരങ്ങളുടെ പങ്കാളിത്തം ഉള്ളതിനാൽ ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഏറെ മുന്‍പന്തിയിലാണ്. ഇത്തരം നേട്ടങ്ങൾക്കുവേണ്ടി സംസ്ഥാനം ഓരോ വർഷവും ഭീമമായ തുകയാണ് ബഡ്ജറ്റിൽ വകയിരുത്തുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം, എല്ലാ ജില്ലകളിലും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബി മുഖാന്തിരം ഏകദേശം 900 കോടിയിലധികം രൂപ ഇപ്പോഴത്തെ സർക്കാർ മാത്രം വിനിയോഗിച്ചു കഴിഞ്ഞു. 2015 ൽ നടന്ന 35-ാമത് ദേശീയ ഗെയിംസിന്റെ വരവിലൂടെ സംസ്ഥാനത്തെ കായിക മേഖലയിൽ കാര്യമായ സ്പന്ദനം സൃഷ്ടിക്കുവാൻ സാധിച്ചു.

കായിക താരങ്ങൾക്ക് കൂടുതൽ പരിഗണന നൽകുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രത്യേക ശ്രദ്ധ നൽകുവാനും കഴിഞ്ഞിട്ടുണ്ട്. കായിക രംഗത്തെ നിശ്ചലമാക്കിയ കൊറോണ വൈറസിനെ തുരത്തി മുന്നേറുവാൻ മനുഷ്യ വിഭവശേഷിക്ക് നിസംശയം സാധിക്കും. കേരളത്തിലെ കായിക പുരോഗതിയുടെ ചാലക ശക്തിയായി പ്രവർത്തിച്ച മഹത് വ്യക്തിത്വമാണ് കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ഗോദവർമ്മ രാജ എന്ന ജി വി രാജ. കായിക മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിച്ചു വരുന്നു. സംസ്ഥാനമൊട്ടാകെ നടന്നുവരാറുള്ള പരിപാടികൾ ഈ വർഷം കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് സംഘടിപ്പിക്കുന്നത്.