കോവിഡ്കാല ജീവിതശൈലിയിൽ ശ്രദ്ധ അനിവാര്യം

ഡോ.അജീഷ് പി ടി

റിസര്‍ച്ച് ഓഫീസര്‍, എസ്സിഇആര്‍ടി

Posted on September 22, 2020, 3:00 am

ഡോ.അജീഷ് പി ടി

പുതുതലമുറയുടെ ചിന്താഗതിയിലും ജീവിതരീതിയിലുമുണ്ടായ വ്യതിയാനം മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തെയും അതിജീവനത്തെയും വലിയൊരു പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. നിലവിൽ ദൈനംദിന പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും യന്ത്രങ്ങൾ ഏറ്റെടുത്തതോടെ മനുഷ്യന്റെ അധ്വാനശേഷിയും കായികശേഷിയും കുറഞ്ഞു തുടങ്ങി. ശരീര ചലനങ്ങളുടെ കുറവും ഭക്ഷണരീതികളിലെ മാറ്റവും ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള മാനസിക പിരിമുറുക്കവും മനുഷ്യനെ ജീവിതശൈലീ രോഗങ്ങളുടെ ഇരയാക്കി മാറ്റി. ജീവിതരീതിയിൽ വന്ന മാറ്റംമൂലം സ്വന്തം ആരോഗ്യത്തെ മെച്ചപ്പെടുത്തുവാനും പ്രതിരോധശേഷി നിലനിർത്തുവാനും മനുഷ്യന് ഉണ്ടായിരുന്ന സ്വാഭാവികമായ കഴിവ് ഇല്ലാതായിരിക്കുകയാണ്. കുട്ടികൾക്കുപോലും വിവിധ ജീവിതശൈലീരോഗങ്ങൾ ബാധിക്കുന്നത് വ്യാപകമായിരിക്കുന്നു.

കായിക മികവ് പ്രധാനം

കോവിഡ് 19 പോലുള്ള സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുവാൻ ആരോഗ്യത്തിലും കായികക്ഷമതയിലും മികവു പുലർത്തുന്നവർക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന വസ്തുത നാം മനസിലാക്കിയതാണ്. സാംക്രമിക രോഗങ്ങളിൽ പലതിനേയും ആധുനിക വൈദ്യശാസ്ത്രത്തിലൂടെ തടഞ്ഞു നിർത്തുവാൻ സാധിക്കുന്നുണ്ടെങ്കിലും ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുവാൻ കഴിയുന്നില്ല എന്നത് ആശങ്കാജനകമാണ്. ഓരോ വർഷവും ലോകവ്യാപകമായി 30 നും 69 നും ഇടയിൽ പ്രായമുള്ള ഏകദേശം 14.2 മില്യൺ പേർ ഹൃദയസംബന്ധിയായ വിവിധ ആരോഗ്യപ്രശ്നങ്ങൾ, പ്രമേഹം, കടുത്ത രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്ക് വിധേയരായി മരണത്തിന് കീഴടങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് ഭൂരിഭാഗം ജനങ്ങളുടെ ഇടയിലും ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ സാധാരണയായിത്തീർന്നിരിക്കുകയാണ്.

ഓരോ മാസത്തിലും പരിശോധനയ്ക്കായി ഡോക്ടറെ കാണുന്നതും പലതരം ഗുളികകൾ കഴിക്കുന്നതും ഇൻസുലിൻ കുത്തിവയ്ക്കുന്നതും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. രാജ്യവും സംസ്ഥാനങ്ങളും ആരോഗ്യമേഖലയ്ക്കുവേണ്ടി തയാറാക്കുന്ന ബജറ്റിൽ വകയിരുത്തുന്ന തുക ഓരോ വർഷവും ഇരട്ടിയിലധികമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മിക്ക ആശുപത്രികളിലും ജീവിതശൈലീരോഗനിർണയത്തിന് പ്രത്യേക വിഭാഗങ്ങൾവരെ ആരംഭിച്ചിട്ടുള്ളത് ഇത്തരം രോഗങ്ങളുടെ വ്യാപ്തി എത്രമാത്രം വർദ്ധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ജീവിതശൈലീ രോഗങ്ങൾ പരസ്പരബന്ധിതവും ഒന്നിലധികം ശരീരാവയവങ്ങളെ ബാധിക്കുന്നവയുമാണ്. ഒരു ദിവസം ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളിൽ ശാസ്ത്രീയ വ്യായാമം കൂടി ഉൾപ്പെടുത്തി ആരോഗ്യം പരിപാലിക്കുവാൻ ശ്രമിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

അമിതവണ്ണം

മിക്കവാറും ജനങ്ങളെ അലട്ടുന്ന അമിതവണ്ണം കുറയ്ക്കുന്നതിന് ആഹാര നിയന്ത്രണവും വ്യായാമവുമാണ് ഏറ്റവും ഫലപ്രദമായ മാർഗം. അസമയത്തുള്ള ഭക്ഷണം, അമിതഭക്ഷണം, കലോറി കൂടുതലുള്ള ഭക്ഷണം എന്നിവയൊക്കെ പൊണ്ണത്തടി ക്ഷണിച്ചു വരുത്തുന്നു. കുട്ടികളിൽ തന്നെ അമിതവണ്ണമുള്ളവർ പൊതുവേ മടിയൻമാരും മാനസിക വളർച്ചയിൽ പിന്നാക്കം നിൽക്കുന്നവരുമായി കണ്ടുവരുന്നു. ചെറുപ്രായത്തിൽത്തന്നെ ഇതിൽ നിയന്ത്രണം ഏർപ്പെടുത്തുവാൻ സാധിച്ചാൽ പ്രായമേറുംതോറുമുള്ള സങ്കീർണതകളെ അകറ്റുവാൻ കഴിയും. ഇന്നത്തെ കുട്ടികളാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന നിലയിൽ അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി കായിക പ്രവർത്തനങ്ങളിലും കളികളിലും ലഘു വ്യായാമമുറകളിലും ഏർപ്പെടുവാൻ അവസരമൊരുക്കണം. കൂടാതെ കലോറി മൂല്യം കുറഞ്ഞ ഭക്ഷണപദാർഥങ്ങൾ തെരഞ്ഞെടുത്ത് കഴിക്കുവാനും അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ദിനംപ്രതിയുള്ള കായികപ്രവർത്തനങ്ങളും പാലിച്ചുകൊണ്ട് രക്ഷിതാക്കൾ തന്നെ അനുകരണീയമായ മാതൃക വീട്ടിൽത്തന്നെ സൃഷ്ടിക്കുകയും സാഹചര്യം ഒരുക്കുകയും വേണം.

നാം കഴിക്കുന്ന ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന ഊർജ്ജത്തിന്റെ അളവിൽ എത്രത്തോളം ഉപയോഗിക്കാതിരിക്കുന്നുവോ അത്രയും ഊർജം കൊഴുപ്പിന്റെ രൂപത്തിൽ അഡിപ്പോസ് കോശങ്ങളിൽ സംഭരിക്കപ്പെടുന്നു. ഇത് ഓരോ ദിവസവും വർദ്ധിക്കുന്നതിലൂടെ അമിതവണ്ണം രൂപപ്പെടുന്നു. കൊഴുപ്പ് സാധാരണയായി പൃഷ്ഠഭാഗം, വയർ, രക്തക്കുഴലുകൾ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും അടിയുന്നത്. കാലം കഴിയുംതോറും ഇത് വളരെയധികം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും നിരവധി രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. ശരീരഭാരവും ഉയരവും ശരിയായ അനുപാതത്തിൽ നിലനിർത്തുവാൻ ശ്രമിക്കുന്ന വ്യക്തികൾക്കു മാത്രമേ മികച്ച ആരോഗ്യം നിലനിർത്തുവാൻ സാധിക്കുകയുള്ളു.

ശരീരത്തിന്റെ താളം

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ശീലങ്ങളിലൂടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളുടെ തെറ്റായ താളക്രമമാണ് ഹൃദ്രോഗങ്ങൾ ഉണ്ടാകുവാൻ പ്രധാന കാരണം. അമിതവണ്ണം, പുകയില, മദ്യപാനം, ഉയർന്ന പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഹൃദയ സംബന്ധമായ രോഗങ്ങൾക്കിടവരുത്തും. എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം മലയാളികൾക്കിടയിൽ അമിതമാണ്. ദൈനംദിന ഉപയോഗത്തിലെ അളവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ഇത്തരം രോഗങ്ങൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുവാൻ സാധിക്കും. 30 വയസാകുന്ന ഏതൊരാൾക്കും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ തെളിയിക്കുന്നത്.

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചും കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ഉപയോഗിച്ചും ശരിയായ വ്യായാമത്തിലൂടെയും ഹൃദ്രോഗങ്ങളെ പരമാവധി തടഞ്ഞുനിർത്തുവാൻ സാധിക്കും. അമിതമായ ശരീരഭാരം ഏത് ആന്തരികാവയവത്തെ വേണമെങ്കിലും ദോഷകരമായി ബാധിക്കാം. പക്ഷാഘാതം, ഹൃദയാഘാതം, പ്രമേഹം, കരൾരോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ വളരെ വേഗം ശരീരത്തെ കീഴ്പ്പെടുത്തുന്നതിന് പൊണ്ണത്തടി ഒരു പ്രധാന കാരണമാണ്. ചില വ്യക്തികളിൽ അമിതവണ്ണം ശരിയായി ഉറങ്ങുന്നതിനും ശ്വാസോച്ഛ്വാസത്തിനും തടസം സൃഷ്ടിക്കുന്നു. സ്വാഭാവികമായും ഉറക്കത്തിലൂടെ ലഭിക്കേണ്ട വിശ്രമം ക്രമേണ നഷ്ടപ്പെടുന്നതിനും കഠിനമായ ക്ഷീണവും അലസതയും ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. അതിനാൽ ശരിയായ ജീവിതചര്യ ശീലമാക്കി ആരോഗ്യ പൂർണമായ ജീവിതം നയിക്കുന്നതിന് എല്ലാ വ്യക്തികളും തയാറാകണം.