ഡോ. ലൈലാ വിക്രമരാജ്

October 27, 2020, 6:00 am

ജ്ഞാനപീഠത്തിന്റെ ചരിത്രം

Janayugom Online

ഡോ. ലൈലാ വിക്രമരാജ്

ഇന്ത്യയുടെ ഏതെങ്കിലുമൊരു ഔദ്യോഗികഭാഷയില്‍ സാഹിത്യരംഗത്ത് വ്യക്തിമുദ്രപതിപ്പിക്കുവാന്‍ കഴിയുന്ന ഏതൊരു ഇന്ത്യന്‍ പൗരനും ജ്ഞാനപീഠ പുരസ്കാരത്തിന് യോഗ്യനാണ്. സാഹിത്യത്തിനു നല്കിയ സമഗ്ര സംഭാവന മാനദണ്ഡമാക്കി എഴുത്തുകാരന് ഭാരതീയ ജ്ഞാനപീഠം നല്കുന്ന ഒരു ഇന്ത്യന്‍ സാഹിത്യ അവാര്‍ഡാണിത്. ഭാരതീയ ജ്ഞാനപീഠം സ്ഥാപിതമായത് 1944 ല്‍ ആണ്. ഇതൊരു ഗവേഷണ സാംസ്കാരിക സ്ഥാപനമാണ്. ഉത്തര്‍പ്രദേശിലെ സാഹു ശാന്തിപ്രസാദ് ജെയിന്‍ എന്ന സാഹു കുടുംബമാണീ പുരസ്കാര സമിതി സ്ഥാപിച്ചത്.

സരസ്വതീ ശില്പം

 

പതിനൊന്ന് ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് ജ്ഞാനപീഠ പുരസ്കാരം. വെങ്കലത്തില്‍ നിര്‍മ്മിച്ച സരസ്വതീദേവിയുടെ ശില്പമാണ് നല്കുന്നത്. ഭോജരാജാവിന്റെ (എ ഡി 1035) കാലത്തുണ്ടായിരുന്ന സരസ്വതീശില്പമാണ് ജ്ഞാനപീഠത്തിന് പ്രചോദനമായതെന്ന് വിശ്വസിക്കപ്പെടുന്നു. ഭോജന്റെ തലസ്ഥാനമായ ധാരാനഗരത്തില്‍ നിന്നും കണ്ടെടുത്ത സരസ്വതീ ‘കണ്ഠാഭരണപ്രസാദ’മെന്നറിയപ്പെടുന്ന യഥാര്‍ത്ഥ ശില്പം ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലാണുള്ളത്. ഇതിന്റെ വെങ്കല രൂപമാണ് പുരസ്കാരമായി നല്കിവരുന്നത്.

കങ്കലിതില

 

ഈ ശില്പത്തിനൊപ്പം മറ്റു ചില ചിഹ്നങ്ങളും കൂടി കൂട്ടുകാര്‍ക്ക് കാണുവാന്‍ കഴിയും. അതിനെക്കുറിച്ചു കൂടെ പറയാം. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് കങ്കലിതില, കങ്കലി മൗണ്ടന്‍ അല്ലെങ്കില്‍ ജൈനക്കുന്ന്. ഹിന്ദുദേവതയായ കങ്കലിദേവിയുടെ സ്തൂപത്തില്‍ നിന്നുള്ള ജൈനമതചിഹ്നങ്ങളും കൂടി പുരസ്കാര സമിതിയുടെ ചുമതലക്കാരായ സാഹുകുടുംബം ശില്പത്തോടൊപ്പം ചേര്‍ക്കുകയാണുണ്ടായത്.

കേരളവും ജ്ഞാനപീഠവും

 

1961 മുതലാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. ഏറ്റവും കൂടുതല്‍ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ഹിന്ദിഭാഷയ്ക്കാണ് (11). കര്‍ണാടകം രണ്ടാം സ്ഥാനത്തും (8). 1965 ല്‍ ആദ്യമായി മലയാളഭാഷയ്ക്ക് ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിന്റെ പ്രിയ കവി ജി ശങ്കരക്കുറുപ്പിനാണ്. ആ അവാര്‍ഡ് തുക കൊണ്ടാണദ്ദേഹം ‘ഓടക്കുഴല്‍’ (അദ്ദേഹത്തിന്റെ ഒരു പ്രധാനകൃതി) അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. രണ്ടാമതായി ജ്ഞാനപീഠം കേരളക്കരയിലെത്തിയത് 1980ല്‍ സഞ്ചാര സാഹിത്യകാരനും നോവലിസ്റ്റുമെന്ന് പ്രസിദ്ധിയാര്‍ജിച്ച എസ് കെ പൊറ്റെക്കാട്ടിലൂടെ. ഒരുദേശത്തിന്റെ കഥ, വിഷകന്യക, കാപ്പിരികളുടെ നാട്ടില്‍.… തുടങ്ങിയവയാണ് പ്രസിദ്ധ കൃതികള്‍. മൂന്നാമത്തെ ജ്ഞാനപീഠ പുരസ്കാരം കുട്ടനാട്ടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് 1984 ല്‍ ലഭിച്ചു. കയര്‍, ചെമ്മീന്‍, ഏണിപ്പടികള്‍ തുടങ്ങിയവ പ്രസിദ്ധമായ കൃതികള്‍. 1995 ല്‍ എം ടി വാസുദേവന്‍ നായര്‍ക്കാണ് നാലാമത് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.

കഥാകൃത്ത്, സംവിധായകന്‍, തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണദ്ദേഹം. മഞ്ഞ്, രണ്ടാമൂഴം, വാരണാസി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവും ജനകീയ കവിയുമായ ഒഎന്‍വി കുറുപ്പാണ് അഞ്ചാമത്തെ ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായത്. നൂറുകണക്കിന് സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ഗാനരചന നടത്തിയ ഒരു അതുല്യ പ്രതിഭയാണദ്ദേഹം. ഭൂമിക്കൊരു ചരമഗീതം, മയില്‍പ്പീലി, ഉജ്ജയിനി തുടങ്ങിയവ പ്രധാന കൃതികള്‍.

ഏറ്റവുമടുത്ത കാലത്ത് (2019 ല്‍) മലയാളത്തിന് ആറാമത് ജ്ഞാനപീഠ പുരസ്കാരം നേടിത്തന്നത് പാലക്കാട്ടുകാരനായ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയാണ്. എട്ടാം വയസില്‍ അദ്ദേഹം കവിത എഴുതുവാനാരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, കരതലാമലകം, അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അളവില്ലാത്താര്‍ദ്രത പ്രതിഫലിപ്പിക്കുന്നവയാണ് അക്കിത്തം നമ്പൂതിരിയുടെ കവിതകള്‍. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവഴികളില്‍ മനുഷ്യവികാരങ്ങളിലേക്ക് ആഴ്‌ന്നിറങ്ങുന്നതാണ് അക്കിത്തത്തിന്റെ കവിതകളെന്ന് പുരസ്കാരസമിതി വിലയിരുത്തുകയുണ്ടായി. ഇതില്‍നിന്നും കൊച്ചുകൂട്ടുകാര്‍ക്ക് ജ്ഞാനപീഠ പുരസ്കാരത്തെക്കുറിച്ച് ഒരു ഏകദേശ രൂപം മനസിലായിക്കാണുമല്ലോ.