October 1, 2022 Saturday

വിനോദ സഞ്ചാരം എന്ന പാഠപുസ്തകം

വലിയശാല രാജു
September 22, 2020 4:00 am

വലിയശാല രാജു

വിനോദ സഞ്ചാരത്തിന് ലോകസമൂഹം വളരെ പ്രാധാന്യമാണ് ഇന്ന് നല്കുന്നത്. ടൂറിസമെന്നാല്‍ വെറും കാഴ്ച കാണല്‍‍ മാത്രമല്ല. വിവിധ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സഹകരണം ഊട്ടി ഉറപ്പിക്കാനും സാംസ്കാരിക വിനിമയത്തിനും വിനോദസഞ്ചാരം നല്കുന്ന സേവനം വളരെ വലുതാണ്. ജനതകള്‍ തമ്മില്‍ സാമൂഹ്യമായ കൊടുക്കല്‍ വാങ്ങല്‍ കൂടിയാണിന്ന് വിനോദസഞ്ചാരം. പല രാജ്യങ്ങളുടെയും സമ്പദ്ഘടനയ്ക്ക് ശക്തിപകരുന്ന മേഖലയായി കൂടി ഇന്നിത് വളര്‍ന്നിരിക്കുന്നു. മനുഷ്യന്റെ രണ്ടാം വായനയാണ് ഓരോ യാത്രകളും, കൊതി കയറുന്ന പ്രത്യേകതരം വായന സാധ്യമാക്കുന്ന പുസ്തകമാണ് യാത്ര. ഓരോ ദേശവും ഓരോ സംസ്കാരമാണ്. അവിടത്തെ മനുഷ്യര്‍, രുചിഭേദങ്ങള്‍, പ്രാദേശിക മായ വിളകള്‍, പച്ചപ്പുകള്‍, കുന്നുകള്‍, മലകള്‍ ഇതൊക്കെ മനസിലാക്കാന്‍ യാത്രകള്‍ കൂടിയേ കഴിയൂ. യാത്രകളിലൂടെ ഈ വൈവിധ്യമാര്‍ന്ന പ്രപഞ്ചത്തെ നാം തൊട്ടറിയുകയാണ്.

ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ ഇന്ത്യ

ടൂറിസ്റ്റ് ഭൂപടത്തില്‍ ഇന്ത്യക്ക് പ്രമുഖ സ്ഥാനമുണ്ട്. ഇന്ത്യക്ക് പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ വിനോദസഞ്ചാര മേഖലയില്‍ നിന്നും കിട്ടുന്നു. കോവിഡ് കാലമായതിനാല്‍ വലിയ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായമാണ് ടൂറിസം. ഈ രോഗകാലവും നാം അതിജീവിക്കുകതന്നെ ചെയ്യും. നൂറുകണക്കിന് വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ഓരോ വര്‍ഷവും ഒന്‍പത് ലക്ഷത്തിലേറെ പേര്‍ താജ്മഹല്‍ കാണാന്‍ മാത്രം വരുന്നു. ഫാം ടൂറിസം, റൂറല്‍ ടൂറിസം ഇവയൊക്കെ ഇന്ത്യയില്‍ വളര്‍ന്നുവരാന്‍ ഏറെ സാധ്യതയുള്ള മേഖലകളാണ്.

ദൈവത്തിന്റെ സ്വന്തം നാട്

ഇന്ത്യയില്‍ ആദ്യമായി ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച സംസ്ഥാനമാണ് കേരളം. ആദ്യം പലര്‍ക്കുമിത് അത്ഭുതമായിരുന്നു. പക്ഷേ, മറ്റുള്ളവരും നമ്മുടെ പാത പിന്‍തുടര്‍ന്നു. കുരുമുളകും സുഗന്ധദ്രവ്യങ്ങളും വാങ്ങാനായി വാണിജ്യലക്ഷ്യത്തോടെ എത്തിയ കച്ചവടക്കാരാണ് കേരളത്തിന്റെ സ്വര്‍ഗഭൂമി ലോകത്തിനു മുന്നില്‍ തുറന്നിട്ടത്. ഇന്ന് കേരളം ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ‍ പ്രമുഖ ഇടമാണ്. 2010 വരെയുള്ള കണക്കനുസരിച്ച് യൂറോപ്പാണ് കേരളത്തിലെ വിനോദസഞ്ചാരത്തിലെ പ്രധാന വിപണി. വിനോദ സഞ്ചാര വികസനത്തിന്റെ പേരില്‍ കുന്നിടിച്ചു നിരത്തലും പ്രകൃതിദത്ത തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് മൂടലും വനംവെട്ടി നശിപ്പിക്കലും വ്യാപകമായി നടക്കുന്നുണ്ട്. ഈയൊരു അവസ്ഥയില്‍ ലോക വിനോദ സഞ്ചാരത്തിന് ഒരു മാര്‍ഗരേഖയുണ്ടാകണം. ഐക്യരാഷ്ട്രസഭ അതിന്റെ ഏജന്‍സിയായ ലോക വിനോദ സഞ്ചാര സംഘടന സെപ്റ്റംബര്‍ 27 എല്ലാ വര്‍ഷവും ലോക വിനോദ സഞ്ചാര ദിനമായി ആചരിക്കുന്നത് ഇതൊക്കെ കണക്കിലെടുത്താണ്. ഈ വര്‍ഷത്തെ ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഇതാണ്. ‘അറിവ് വളര്‍ത്തുക സമാധാനം കെട്ടിപ്പടുക്കുക’ എന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.