September 29, 2022 Thursday

വയലാറിനെ സ്മരിക്കുമ്പോൾ…

റെജി മലയാലപ്പുഴ
September 22, 2020 3:00 am

റെജി മലയാലപ്പുഴ

മലയാളിയുടെ മനസ്സിൽ വയലാർ എന്ന ദേശം എന്നും ഉണർത്തുപാട്ടായി നിലകൊളളുന്നത് വിപ്ലവത്തിന്റേയും, കവിതയുടേയും ഈറ്റില്ലമായതുകൊണ്ടാണ്. അതിൽ തന്നെ വയലാർ രാമവർമ്മ മലയാളസാഹിത്യത്തിന് നൽകിയിട്ടുള്ള കാവ്യ സംഭാവനകൾ ഏറെയാണ്. മലയാള ചലച്ചിത്ര ഗാനശാഖയെ ഇമ്പമാർന്ന വരികൾകൊണ്ട് സമ്പുഷ്ടമാക്കിയ ഗാനരചയിതാവു കൂടി യാണ് വയലാർ. വേദനിക്കുന്നവന്റെ ഒപ്പം നിന്ന് അവന്റെ നൊമ്പരങ്ങളെ സമൂഹത്തെ പാടിക്കേൾപ്പിച്ച മഹാ കവി, അക്കൂട്ടത്തിൽ ഒന്നാണ് ‘ആത്മാവിലൊരു ചിത’.

ചുണ്ടുകളിലൂടെ കണ്ണീരിന്റെ നനവിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന കവിതയാണ് ആത്മാവിൽ ഒരു ചിത. പാടിപ്പതിഞ്ഞതും ഹൃദയത്തിൽ തട്ടിയതുമായ ഈ കവിത കവിയുടെ അന്തരാത്മാവിൽ എരിഞ്ഞു കത്തിയതിന്റെ കനലുകൾ ഇന്നും ആസ്വാദകമനസ്സിൽ വേദനയുടെ കനലുകളായി ശേഷിക്കുന്നു. തിരിച്ചറിവാകാത്ത പ്രായത്തിൽ എരിഞ്ഞുകത്തുന്ന ചിത കണ്ടപ്പോൾ ഒന്നും തോന്നിയില്ല. അന്ന് അത് വേദനയായില്ല, ചില സംശയങ്ങൾ മാത്രമായി മനസ്സിൽ അവശേഷിച്ചു. അല്പംകൂടി വളർന്നപ്പോൾ ചിത അവശേഷിപ്പിച്ച ചിന്തകൾ മനസ്സിൽ അഗ്നിയായി ആളിപ്പടർന്നു. ബാല്യകാലത്തിന്റെ ആ നിമിഷത്തിലേക്ക് കവി തിരികെ ചെന്നു.

അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം

നിശബ്ദത പോലുമന്നു നിശബ്ദമായ് വന്നവർ,

വന്നവർ നാലുകെട്ടിൽ തങ്ങി നിന്നു പോയ്

ഞാനാ നിഴലുകൾ മാതിരി

ഉറങ്ങുന്ന അച്ഛന്നരികെ

പതിവില്ലാതെ ധാരാളം ആളുകൾ വന്നുപോകുന്ന കാഴ്ച അവനിൽ അത്ഭുതമുണ്ടാക്കി.

വീടും പരിസരവും നിശബ്ദമായി.

നിശബ്ദത പോലും അന്നത്തെ ദിവസം നിശബ്ദമാകുമ്പോൾ എന്നു പറയുമ്പോൾ സന്ദർഭത്തിന്റെ തീവ്രത കവി വരച്ചുകാട്ടുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ കുട്ടി. ചാണകം മെഴുകിയ തറയിൽ അച്ഛൻ എന്തിനിങ്ങനെ ഉറങ്ങാൻ കിടന്നു. ഒരിക്കലുമച്ഛൻ തറയിൽ കിടന്നുറങ്ങാറില്ലല്ലോ! അച്ഛന്റെ അടുക്കൽ എന്തിനാണാവോ വിളക്ക് കൊളുത്തി വച്ചിരിക്കുന്നത്. ചിന്തയുടെ കാലത്തേയ്ക്ക് പറന്നു കയറുവാൻ തക്ക പ്രായമാകാത്ത കുട്ടി കഥയറിയാതെ ഉഴലുകയാണ്. സന്ദർഭത്തിന്റെ വികാരവായ്പ്പ് ജനിപ്പിക്കുന്ന ഒന്നാണ്. വാരിയെടുത്തെന്നെയുമ്മ വച്ചമ്മയ- ന്നോരോന്നു ചൊല്ലിക്കരഞ്ഞതോർക്കുന്നു ഞാൻ നൊമ്പരം കൊണ്ടു വിതുമ്പി ഞാനെന്റെ കളിപ്പമ്പരം കാണാതിരുന്നതു കാരണം. അമ്മയും മകനും കരയുകയാണ്. അമ്മ കരയുന്നതിന്റെ പൊരുൾ മനസ്സിലാക്കിയിട്ടില്ല, അവൻ പൊന്നുപോലെ കാത്ത കളി പമ്പരം കാണാതെ പോയതിലുള്ള അവന്റെ മനോവിഷമമാണ് അവനെ കരച്ചിലിലേക്ക് എത്തിച്ചത്.

വീട്ടിൽ എത്തുന്നവർ സഹതാപവാക്കുകൾ പറയുന്നതും തന്നെ നോക്കി നെടുവീർപ്പെടുന്നതും ഒന്നുമെനിക്കു മനസ്സിലായില്ലച്ഛനി- ന്നുണരാത്തതും ഉമ്മ തരാത്തതും ഏതായാലും ഒരു കാര്യം ആ കുഞ്ഞു മനസിൽ ഉറപ്പിച്ചു. എന്റെ അച്ഛൻ ഉണർന്ന് എണീക്കും വരെ ഒച്ചയുണ്ടാക്കുവാൻ പാടില്ല. ഒരാൾ വന്ന് കുട്ടിയെ തോളിലിട്ടു കൊണ്ടുപോകുമ്പോൾ കണ്ണീര് അയാളിലും അവൻ കാണുകയാണ്. അപ്പോഴവൻ അയാളോട് ചോദിക്കുന്നുണ്ട് എന്താണ് അച്ഛൻ ഇന്ന് ഇതുവരെ ഉണരാത്തതെന്ന്. അപ്പോൾ അയാൾ നൽകിയ മറുപടി കുഞ്ഞിന്റെ അച്ഛൻ “മരിച്ചുപോയി” എന്നാണ്. കുഞ്ഞു മനസ്സിൽ പോവുക എന്ന പദം കേട്ടിട്ടും വലിയ ചലനമുണ്ടാക്കിയില്ല. കാരണം അച്ഛൻ ഇടയ്ക്കിടെ ആലപ്പുഴയ്ക്ക് പോവാറുണ്ട്.

മടങ്ങിയെത്തുമ്പോൾ ഓറഞ്ച് കൊണ്ടത്തരാറുണ്ട്. അത്തരത്തിലൊരു പോക്കാണ് മരിച്ചുപോക്ക് എന്ന് ചിന്തിക്കുവാനേ അന്ന് അവന് കഴിഞ്ഞുള്ളൂ. അച്ഛൻ മരിച്ചതേയുള്ളു, മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ, കൊള്ളാം മരി ക്കുന്നതിന് അമ്മ എന്തിത്ര കരയാൻ എന്നാണവൻ ചിന്തിച്ചത്. കുട്ടനെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നത് കുട്ടനെയിട്ടേച്ചു പോയതെന്തിനിങ്ങനെ എന്നു ചോദിച്ചു കൊണ്ടാണ്. അപ്പോഴും അവന് സംശയം അമ്മ എന്താ ഈ പറയുന്നത്. അച്ഛനുണ്ടപ്പുറത്തിത്തിരി മുമ്പു ഞാ- നച്ഛനെ കണ്ടതാണെന്ന് അമ്മയ്ക്ക് ഉത്തരം നൽകുകയാണ് കുട്ടി. എല്ലാവരുടേയും നാവിൽ നിന്നും അന്ന് കേൾക്കാൻ സാധിച്ചത് അച്ഛൻ മരിച്ചുപോയി എന്നാണ്. മനസ്സിലാകാത്ത കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരാൾ അച്ഛനെ കുളിപ്പിക്കുന്നു, വെള്ളമുണ്ടിൽ പുതപ്പിക്കുന്നു, താങ്ങിപ്പിടിച്ചു പുറത്തേ ക്കെടുക്കുന്നു, കണ്ടു നിൽക്കുന്നവർ വാവിട്ടു കരയുന്നു, അവസാനം ചിതയിലേക്ക് കിടത്തുന്നു, തീ കൊളുത്തുന്നു.

ഒന്നും മനസ്സിലായില്ലെനിക്കപ്പോഴും ചന്ദനപ്പമ്പരം തേടി നടന്നു ഞാൻ അച്ഛന്റെ നഷ്ടം തിരിച്ചറിയാതെ പമ്പരത്തിന്റെ നഷ്ടത്തെക്കുറിച്ച് വേദനിച്ചു കരഞ്ഞവൻ വളർന്നപ്പോഴാണ്. ഞാനാരംഗമിപ്പോഴോർക്കുമ്പോൾ നടുങ്ങുന്നു മാനസം അന്ന് അവൻ അനുഭവിക്കാതിരുന്ന മാനസിക ദുഃഖം ഇന്നവനെ തന്നെ ദഹിപ്പിച്ചു കളയുന്ന തരത്തിലേക്ക് എത്തിനിൽക്കുന്നു. കവിത ഒരോ തവണ വായിക്കുമ്പോഴും ചിതയിലെ തീനാമ്പുകൾ നമ്മുടെ ആത്മാവിലേക്ക് ആളികത്തുന്നുവെന്നതാണ് വയലാർ എന്ന കവിയെ ശ്രദ്ധേയനാക്കിത്തീർക്കുന്നത്. അച്ഛന്റെ ചിതയ്ക്കു വലംവയ്ക്കുന്ന, പമ്പരം തേടുന്ന ബാലൻ എന്നും ആത്മാവിൽ തെളിഞ്ഞു നിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.