വിജ്ഞേയ രചയിതാവിന് സ്‌നേഹാഭിനന്ദനങ്ങള്‍…

Web Desk
Posted on February 18, 2018, 6:56 pm

സി ബാലകൃഷ്ണന്‍

ചക്കരക്കുളമ്പ്, മണ്ണാര്‍ക്കാട്‌

ഫെബ്രുവരി 5ലെ സഹപാഠിയില്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലൂടെ എന്ന പംക്തിയില്‍ ബല്‍വന്ത്ഫാത്‌കെയെന്ന സമരപോരാളിയെക്കുറിച്ചെഴുതിയ എസ് എം ഗൗതമെന്ന കൊച്ചുലേഖകന് ഒരുപിടി അഭിനന്ദനങ്ങള്‍.
അഞ്ചാം ക്ലാസുകാരനായി വിദേശത്തു പഠനം നടത്തുന്ന ഗൗതമിന്റെ സ്വാതന്ത്ര്യസമര ചരിത്രപംക്തി വായിക്കാറുണ്ടെങ്കിലും പ്രതികരണക്കുറിപ്പെഴുതാന്‍ താമസിച്ചുപോയത് മനഃപൂര്‍വമാണ്. കാരണം മറ്റൊന്നുമല്ല. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഈ കൊച്ചുമിടുക്കന്‍ വിജ്ഞാനപ്രദമായി തുടര്‍ന്നുവന്ന വിജ്ഞേയം പംക്തി വായിച്ച് ഒരു വായനക്കാരനോ വായനക്കാരിയോ പ്രതികരണക്കുറിപ്പെഴുതുമെന്ന് ഉറച്ചുവിശ്വസിച്ചിരിക്കുകയായിരുന്നു ഞാന്‍.

എന്നാല്‍, നിരവധി പംക്തികളിലൂടെ സ്വാതന്ത്ര്യസമര പോരാട്ടത്തെക്കുറിച്ചും അതില്‍ പങ്കാളിത്തം വഹിച്ച ധീരദേശാഭിമാനികളെക്കുറിച്ചും സമഗ്രമായി എഴുതിയ ഈ കൊച്ചുമിടുക്കനൊരു ആശംസ നേരാനോ രചനയെക്കുറിച്ചൊരു പ്രതികരണക്കുറിപ്പെഴുതാനോ ഒരാളും തയാറായില്ലെന്നത് വേദനിപ്പിക്കുന്നു. നമ്മുടെ കുഞ്ഞുമക്കളില്‍ നിന്ന് വര്‍ഷിക്കുന്ന വിജ്ഞാനവിഭവങ്ങള്‍ക്ക് പ്രഭാകിരണങ്ങളാകാന്‍ നമ്മള്‍ മുതിര്‍ന്നവരുടെ വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കുമാവണം. അങ്ങനെയായാല്‍ അവരുടെ സര്‍ഗശേഷി ഇരട്ടിക്കുക തന്നെ ചെയ്യും.

അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ വിജ്ഞാനവൈഭവത്തിനു സമാനമായ രീതിയിലല്ല കൊച്ചുലേഖകന്‍ ഈ പംക്തി തുടര്‍ന്നുവന്നത്. സ്വതന്ത്ര ഭാരതമെന്ന സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി വെള്ളപ്പട്ടാളത്തോടരാടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളുടേയും അവര്‍ക്ക് വഴികാട്ടിയായ രാഷ്ട്രത്തിന്റേയും സാഹസിക ജീവിതം കൊച്ചുമിടുക്കന്റെ വിരല്‍ത്തുമ്പിലൂടെ അക്ഷരങ്ങളായി പ്രവഹിച്ച് സഹപാഠി വീണ്ടും വീണ്ടും തിളങ്ങട്ടെ എന്നാശംസിക്കുന്നു. കൊച്ചുലേഖകന് ഒരിക്കല്‍ക്കൂടി സ്‌നേഹാഭിനന്ദനങ്ങള്‍ നേരുന്നു…