സാഹസികമായ വിനോദ സഞ്ചാരം ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്നൊരു കാലഘട്ടമാണിത്. സാഹസികമായ സഞ്ചാരങ്ങൾ നടത്തിയിട്ടുള്ള വിദേശികളെയും ഇന്ത്യക്കാരെയുംകുറിച്ച് നമുക്കൊക്കെ അറിയാവുന്നതാണ്. എന്നാൽ വിനോദ സഞ്ചാര മേഖലയിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് സ്പേസ് എക്സ് എന്ന അമേരിക്കൻ കമ്പനി. എലോൺ മസ്ക് എന്ന കോടീശ്വരന്റെ അധീനതയിലുള്ളതാണീ കമ്പനി. ബഹിരാകാശ ടൂറിസത്തിന്റെ ആരംഭമെന്ന് വിശേഷിപ്പിക്കാം നമുക്കീ സംരംഭത്തെ. ഒരു പ്രൊഫഷണൽ ബഹിരാകാശ സഞ്ചാരി ഇല്ലാതെ നടത്തിയ ആദ്യ ദൗത്യമാണിത്. രണ്ട് വനിതകൾ ഉൾപ്പെടെ നാല് അമച്വർ ബഹിരാകാശ സഞ്ചാരികളുടെ ബഹിരാകാശ യാത്ര വിജയകരമായി തിരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ വന്നിറങ്ങി എന്നത് കൂട്ടുകാർക്ക് വളരെ ആവേശവും അത്ഭുതവും നല്കുന്നൊരു വാർത്തയാണ്.
സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സൂൾ പേടകം എന്നായിരുന്നു അവരുടെ യാത്രാ പേടകത്തിന്റെ പേര്. നാല് പേരുമായി ഈ പേടകം മൂന്നുദിവസം ഭൂമിയെ ഭ്രമണം ചെയ്തു. ഒരു ദിവസം 15 പ്രാവശ്യം എന്ന കണക്കിനായിരുന്നു അവരുടെ യാത്ര. ഇക്കഴിഞ്ഞ സെപ്റ്റംബർ 15 ബുധനാഴ്ചയായിരുന്നു അവർ യാത്ര ആരംഭിച്ചത്. ബഹിരാകാശത്ത് 585 കിലോമീറ്റർ ഉയരത്തിലാണ് പേടകം സഞ്ചരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തെക്കാൾ 160 കിലോമീറ്റർ ഉയരെ. പേടകത്തിലെ ഭീമൻ ജനാലയിലൂടെ സഞ്ചാരികൾ ഭൂമിയെ കണ്ടു. പെെലറ്റും വ്യവസായിയുമായ ജറേഡ് ഇസാക്മാൻ ആണ് ഈ ദൗത്യം ചാർട്ടർ ചെയ്തത്. സെന്റ് ജൂഡ്സ് ചിൽഡ്രൻസ് ആശുപത്രിക്കുവേണ്ടി 20 കോടി ഡോളർ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
പത്ത് കോടി ഡോളർ അദ്ദേഹം തന്നെ നല്കി. ഒരു സീറ്റിനുവേണ്ടി അദ്ദേഹം ലോട്ടറിയും നടത്തി. സെന്റ് ജൂഡ്സ് ആശുപത്രിയിലെ വനിതാ ഫിസിഷ്യൻ അസിസ്റ്റന്റ് ഹെയ്ലി ആഴ്സെന്യ, ഡേറ്റാ എൻജിനീയർ ക്രിസ് സെംബ്രോസ്കി, ജിയോളജി പ്രൊഫസറും കലാകാരിയുമായ സിയാൻ പ്രോക്ടർ എന്നിവരായിരുന്നു സഞ്ചാരികൾ. ഹെയ്ലി ആഴ്സെന്യു ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ക്യാൻസർ രോഗിയുമാണ്. അവർ കൃത്രിമ കാലിലാണ് ബഹിരാകാശത്ത് യാത്ര പോയത്. സിയാൻ പ്രോക്ടർ ബഹിരാകാശ പേടകത്തിന്റെ പെെലറ്റാകുന്ന ആദ്യ കറുത്ത വർഗക്കാരിയാണ്.
നാല് പാരച്യൂട്ടുകൾ വിടർത്തി വേഗത കുറച്ച് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ പതിച്ച പേടകത്തെ മിനിറ്റുകൾക്കുള്ളിൽ സ്പേസ് എക്സിന്റെ രണ്ട് ബോട്ടുകൾ വീണ്ടെടുത്ത് റിക്കവറി കപ്പലിൽ കയറ്റി. പേടകം തുറന്ന് പുറത്തിറങ്ങിയ സഞ്ചാരികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കെന്നഡി സ്പേസ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ അവരുടെ കുടുംബാംഗങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ സിവിലിയൻ ബഹിരാകാശ ടൂറിസം പദ്ധതിയുടെ വൻവിജയമായിരുന്നു ദൗത്യം.