സുമേഷ്

ക്ലാസ്: 5

January 26, 2021, 4:11 am

ചിലന്തി പഠിപ്പിച്ച പാഠം

Janayugom Online

പണ്ടൊരു രാജാവ് യുദ്ധത്തില്‍ പരാജിതനായി കാട്ടിലേക്ക് ഓടിപ്പോയി. ഒരു ഗുഹയില്‍ അഭയം കണ്ടെത്തി. നന്നായി പൊരുതിയിട്ടും വലിയ ശത്രു സെെന്യത്തെ ജയിക്കാന്‍ രാജാവിന്റെ ചെറിയ സെെന്യത്തിനായില്ല. ശത്രു രാജ്യം പിടിച്ചടക്കി. അവര്‍ തന്നെ കൊല്ലുമെന്നു ഉറപ്പായപ്പോഴാണ് രാജാവ് കാട്ടിലേക്ക് രക്ഷപ്പെട്ടത്. ഒരു ദിവസം തന്റെ പരാജയത്തെക്കുറിച്ച് ഓര്‍ത്ത് ദുഃഖിച്ചു കിടക്കുകയായിരുന്ന രാജാവ് ഗുഹയുടെ മൂലയ്ക്ക് വലകെട്ടാന്‍ ശ്രമിക്കുന്ന ഒരു ചിലന്തിയെ ശ്രദ്ധിച്ചു.

വലകെട്ടാനായി ഗുഹയുടെ ചുവരിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനിടയില്‍ പലതവണ വല പൊട്ടി അവന്‍ താഴെ വീണു. അതുകൊണ്ടൊന്നും പിന്തിരിയാതെ അവന്‍ വല കെട്ടാനുള്ള ശ്രമം തുടര്‍ന്നു. ഒടുവില്‍ അവന്റെ ശ്രമം വിജയിക്കുക തന്നെ ചെയ്തു. ഇതു കണ്ട രാജാവ് ചിന്തിച്ചു. പിന്തിരിയാതെ ശ്രമിക്കാന്‍ ഒരു ചിലന്തിക്ക് കഴിയുമെങ്കില്‍ രാജാവായ ഞാന്‍ ഈ ഗുഹയില്‍ വന്നു ചടഞ്ഞിരിക്കുന്നത് ശരിയാണോ? അങ്ങനെ രാജാവ് കാട്ടില്‍ നിന്നും പുറപ്പെട്ടു.

പുറത്തുള്ള തന്റെ വിശ്വസ്തരായ അനുയായികളുമായി ബന്ധപ്പെട്ടു. അതിനു ശേഷം തന്നെ പിന്‍തുണയ്ക്കുന്ന വീരയോദ്ധാക്കളെയെല്ലാം ചേര്‍ത്ത് അദ്ദേഹം ഒരു ശക്തമായ സെെന്യം രൂപീകരിച്ചു. സെെന്യവുമായി ചെന്ന് അദ്ദേഹം ശത്രുക്കളുമായി ഏറ്റുമുട്ടി. തന്റെ രാജ്യം തിരിച്ചുപിടിച്ചു. തന്നെ മഹത്തായ പാഠം പഠിപ്പിച്ച ചിലന്തിയെ രാജാവ് നന്ദിപൂര്‍വം ഓര്‍ക്കുകയായിരുന്നു.