ദേവലക്ഷ്മി യുഎ
(ക്ലാസ്: ആറ് ബി)
ഹലോ കൂട്ടുകാരേ, കൊറോണക്കാലം എങ്ങനെ ഉണ്ടായിരുന്നു. ഇതൊക്കെ ചോദിക്കുവാന്‍ ഞാനാരാണെന്നല്ലെ പറയാം. ഞാന്‍ ചെമ്മാപ്പിള്ളിയിലെ ഫീനിക്സ് ലെെബ്രറിയിലെ ഒരു പുസ്തകമാണ്. സാധാരണ ഒരു പുസ്തകം എന്ന രീതിയില്‍ എന്നെ അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. അവിടത്തെ എല്ലാ പുസ്തകങ്ങളുടെയും സകല വിശേഷങ്ങളും വിവരങ്ങളും അറിയുന്ന ഒരു പുസ്തകമാണ് ഞാന്‍. എല്ലാവരും എന്നെ രജിസ്റ്റര്‍ എന്ന് വിളിക്കും. ഞാനിവിടെയുള്ള എല്ലാ പുസ്തകങ്ങളുടെയും നേതാവാണ്. അന്നും പതിവുപോലെ തന്നെ ലെെബ്രറി പൂട്ടി ബീനാന്റി നടന്നകന്നു. ഞങ്ങളേവരും മിണ്ടാതെ കാതോര്‍ത്തിരുന്നു. ആ കാല്പാദം പതിയെ പതിയെ അകന്നുപോയി. ആരും മിണ്ടാതെ വന്നപ്പോള്‍ ആ ഇരുട്ടിലെ നിശബ്ദതയില്‍ ഞാന്‍ തന്നെ ധെെര്യപൂര്‍വം ചോദിച്ചു.
‘ഇന്നെന്താ പരിപാടി ഒന്നും ഇല്ലേ?’ ഇത് കേള്‍ക്കേണ്ട താമസം സിനിമാ പാട്ടുകളുടെ പുസ്തകം എഴുന്നേറ്റ് നിന്നു. എല്ലാവരുടേയും ശ്രദ്ധ അവന്റെ മേലായി. അവന് വളരെ അഹങ്കാരത്തോടുകൂടി ഒരു പാട്ടങ്ങ് കീച്ചി. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ട് ഒരു നൂറുവട്ടം കേട്ടതാണ്. എന്നാലും അവനെ നിരുത്സാഹപ്പെടുത്താന്‍ തോന്നിയില്ല. അത് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വേഗം സ്റ്റേജിലേക്ക് വന്നു. ഞാനാണല്ലോ അവതാരകന് ബീനാന്റിയുടെ മേശയാണ് ഞങ്ങളുടെ സ്റ്റേജ്. ഞാന്‍ മുഷ്ടി ചുരുട്ടി പിടിച്ചു. അതാണ് ഞങ്ങളുടെ മെെക്ക്. ഞാനെടുത്തെ പേര് ലിസ്റ്റ് നോക്കി വായിച്ചു. ‘പാത്തൂ… പാത്തുമ്മ… പാത്തുമ്മയുടെ ആട്’ ഇത്തിരി പണിപ്പെട്ടു വായിക്കാന്‍ പാത്തുമ്മയുടെ ആടെന്ന പുസ്തകം അത്യധികം ഉത്സാഹത്തോടെ അലമാരയില്‍ നിന്നും സ്റ്റേജിലേക്കോടി വന്നു. ആദ്യം ഇത്തിരി സഭാകമ്പത്തോടെ അവള് പതുക്കെ പതുക്കെ അവളുടെ കഥ പറഞ്ഞുതുടങ്ങി. അപ്പോളെല്ലാവരും കയ്യടിച്ചു.
അവളുടെ ആടിന്റെ വികൃതികള്‍ കേട്ടപ്പോള്‍ എല്ലാവരും പൊട്ടി പൊട്ടി ചിരിച്ചു. അവള്‍ക്ക് എല്ലാവരും അഭിനന്ദനങ്ങള്‍ നല്കി. അങ്ങനെ 101 ഇസോപ്പ് കഥകളും, തെനാലിരാമന് കഥകളും, ബീര്‍ബല്‍ കഥകളും ഒക്കെ തങ്ങളുടെ ഉള്ളിലെ രസകരമായ കഥകള്‍ അവതരിപ്പിച്ചു. അവസാനം ഒരു കവിതാസമാഹാരം വന്നു താരാട്ടുപാട്ടു പാടി. ആദ്യം ഉറങ്ങിയത് കവിതാസമാഹാരം തന്നെയാണ്. ജനലിലൂടെ ഒരു നേര്‍ത്ത വെളിച്ചം വന്നപ്പോള്‍ മനസിലായി രാവിലെ ആയെന്ന്. ക്ലോക്കച്ചന് മണികൊട്ടി എല്ലാവരേയും എഴുന്നേല്പിച്ചു. ഞങ്ങള്‍ യോഗയ്ക്കും പാട്ടുക്ലാസിനും നൃത്തക്ലാസിനും പോയി വന്നപ്പോഴേക്കും പത്ത് മണിയായി. പുത്തന്‍ ഉണര്‍വോടെ എല്ലാവരും അതാതു സ്ഥാനങ്ങളില്‍ കയറിയിരുന്നു 11 മണിയായി ഒരു മണിയായി നാല് മണിയായി പക്ഷെ ലെെബ്രറി തുറക്കാന്‍ ബീനാന്റി മാത്രം എത്തിയില്ല. എല്ലാവരും ടെന്‍ഷനിലായി. എന്നെ കൊണ്ടുപോകാന്‍ ആര് വരും എന്ന ആകാംക്ഷയിലായിരുന്നല്ലോ ഓരോരുത്തരും. അപ്പോഴതാ നമ്മുടെ സ്വന്തം ജനയുഗം പത്രം ചേട്ടന് അതിസാഹസികമായി ലെെബ്രറിക്കുള്ളില് കയറിപ്പറ്റി.
ഞാന്‍ ഉടനെ ചെന്ന് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കൂട്ടുകാരെ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി വാര്‍ത്തകള്‍ കേട്ടിട്ട്. എനിക്കുറപ്പായിരുന്നു ഇത് കേട്ടാല്‍ എല്ലാവരും നടുങ്ങുമെന്ന് ഞാന്‍ സ്റ്റേജിലേക്ക് മെല്ലെ കയറി. എന്റെ കയ്യിലെ വിളംബരം ഉറക്കെ വായിച്ചു. കൂട്ടുകാരെ, കൊറോണ എന്ന കുഞ്ഞന്‍ വെെറസ് കാരണം നാളെ മുതല്‍ നമ്മുടെ രാജ്യം മുഴുവന്‍ ലോക്ക് ഡൗണായി പ്രഖ്യാപിച്ചിരിക്കുന്നു. ‘ലോക്ക് ഡൗണോ? എന്താണീ ലോക്ക് ഡൗണ്‍? നമുക്കീ അസുഖം പകരുമോ? ഇത് വലിയ മാരകമായ വെെറസാണോ? പ്രതിരോധ മാര്‍ഗമെന്തെങ്കിലും? ഇങ്ങനെ ഒരു നൂറ് ചോദ്യങ്ങള്‍ അലമാരകളില്‍ നിന്നും ചീറിപാഞ്ഞുവന്നു. ഡിക്ഷ്ണറി മുത്തശ്ശി പറഞ്ഞു ‘എന്റെ പേജുകളില്‍ പോലും ഈ പറഞ്ഞ സാധനമില്ല. രജിസ്റ്റര്‍ സര് ഒന്നു വിശദീകരിക്കാമോ?’ ഞാന്‍ പറഞ്ഞു ‘ഇത്ര പേടിക്കാനൊന്നും ഇല്ല വീടിനുള്ളില്‍ അടിച്ചിട്ട് സുരക്ഷിതമായി ഇരിക്കണം സാനിറ്റെെസറും ഹാന്റ് വാഷും മാസ്കും ഉപയോഗിച്ചാമതീന്നാ’ നമുക്കിത് പകരില്ല പക്ഷെ നമ്മളിലൂടെ ഇത് പകരാനുള്ള സാധ്യത മുന്‍നിര്‍ത്തി ലെെബ്രറികളും അടയ്ക്കണം എന്ന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നു. എല്ലാവരും നിശബ്ദരായി ഞാന്‍ പറഞ്ഞത് ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അതിനുശേഷം ഞാന്‍ പറഞ്ഞു ‘കൂട്ടുകാരെ ഇനി കുറച്ചുകാലം ആരും വരില്ല. അതുകാരണം ഞങ്ങള്‍ കമ്മിറ്റിയംഗങ്ങള്‍ ഒരുകാര്യം തീരുമാനിച്ചിരിക്കുന്നു.
നമ്മുടെയെല്ലാം കഴിവുകള്‍ പുറത്തെടുക്കുന്നതിനും പരസ്പരം അടുത്തറിയുന്നതിനും വേണ്ടി നമുക്കൊരു കലോത്സവം സംഘടിപ്പിക്കാം. അങ്ങനെ ഞങ്ങള്‍ രണ്ടുമൂന്നാഴ്ചക്കാലം കലോത്സവം കൊണ്ടാടി. ഞങ്ങളുടെ ലോകത്തിലെ കലാതിലകമായി Snow White and Seven dwarfs എന്ന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടു. അവള്‍ക്ക് വലിയൊരു സ്വീകരണവും സമ്മാനവും നല്കി ഞങ്ങള്‍ ആദരിച്ചു . അപ്പോഴാണ് ജനയുഗം പത്രം കടന്നുവന്നത്. ഞങ്ങളോട് പറഞ്ഞു. ‘നിങ്ങളറിഞ്ഞോ നിങ്ങളെയൊക്കെ എല്ലാവരുമിപ്പോള്‍ ഓണ്‍ലെെനിലൂടെയാണ് വായിക്കുന്നത്’. ഞങ്ങള്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ ചോദിച്ചു ‘ഞങ്ങള്‍ അറിയാതെ ആണോ ഞങ്ങളെ വായിക്കുന്നത്?’ ആ ചോദ്യം കേട്ടപ്പോള്‍ തന്നെ ബ്യൂട്ടി കോണ്‍ഷ്യസായ സിന്‍ഡ്രല്ല എന്ന പുസ്തകം മേക്കപ്പിട്ടു. ഞങ്ങളതു കണ്ട് ചിരിച്ചു. പത്രം പറഞ്ഞ ന്യൂജെന്‍ വിശേഷങ്ങള്‍ കേട്ട് ഞങ്ങള്‍ അന്ധാളിച്ചു. പിറ്റേ ദിവസം ഞങ്ങള്‍ പതിവുപോലെ കഥാപരിപാടികള്‍ തുടങ്ങി. അതിനിടക്ക് കലണ്ടറച്ചന് വിളിച്ചുകൂവി ‘ഇന്ന് ജൂണ്‍ 19 ആണ് നിങ്ങള്‍ക്കറിയില്ലേ ഇന്ന് നിങ്ങളുടെ ദിവസം ആണ്’.
അതുകേട്ട ഒരു പുസ്തകം ചോദിച്ചു. ‘എന്താണിന്നത്തെ പ്രത്യേകത?’ അപ്പോള്‍ കലണ്ടറച്ചന് പറഞ്ഞു. ‘നമുക്കേവര്‍ക്കും ഇവിടെ ഒത്തുകൂടാനാവസരം നല്കിയ പി എന്‍ പണിക്കരുടെ ചരമദിനമാണ് ഇന്ന്, അതായത് വായനാദിനം’. പെട്ടെന്നാണ് ഒരു കാല്പെരുമാറ്റം കേട്ടത് അതെ ഇത് ബീനാന്റി തന്നെ എല്ലാവരും വേഗം അവരവരുടെ സ്ഥാനങ്ങളിലേക്ക് ചേക്കേറി. ബീനാന്റി ലെെബ്രറി തുറന്നു. മെല്ലെ വെളിച്ചം ഞങ്ങളെ തൊട്ടുതലോടി. പിന്നെ എന്നെ എടുത്തു മറിച്ചു നോക്കി. എന്നിട്ടൊരു നെടുവീര്‍പ്പുമിട്ടു. ഭാഗ്യത്തിനാ ഞങ്ങള്‍ രക്ഷപ്പെട്ടത്. ഞങ്ങള്‍ക്ക് ജീവനുണ്ടെന്ന കാര്യം ഒരു രഹസ്യം ആണ്. അതറിയുന്ന ഒരാള്‍ ഇപ്പോള്‍ നിങ്ങളായിരിക്കുന്നു. ബീനാന്റിക്ക് പോലും ഈ രഹസ്യമറിയില്ല. ഞങ്ങളുടെ വിശേഷം ഇനിയും ഒത്തിരിയുണ്ട്. അപ്പോള്‍ പിന്നെ കാണാം…
എന്ന് സ്വന്തം ഫീനിക്സ് ലെെബ്രറിയിലെ രജിസ്റ്റര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.