കഥകളുടെ കഥ

അലിഫ് ലൈല വ ലൈല അറബിക്കഥകളുടെ മാന്ത്രികലോകം
ഗിഫു മേലാറ്റൂർ
Posted on November 17, 2020, 6:15 am

ഗിഫു മേലാറ്റൂർ

യിരത്തൊന്നു രാവുകൾ എന്നപേരിൽ ലോകപ്രസിദ്ധി നേടിയ അറബിക്കഥാസമാഹാരം. രചനാകാലം 8–15 ശതകം ആണെന്ന് കരുതുന്നു. സ്വന്തം പട്ടമഹിഷിയുടെയും മറ്റ് അന്തഃപുരസ്ത്രീകളുടെയും വിശ്വാസവഞ്ചന കണ്ട് മനംനൊന്ത ഷഹർയാർ ചക്രവർത്തി പത്നിയടക്കം എല്ലാ കുറ്റവാളികളെയും വധിക്കുകയും എല്ലാ സ്ത്രീകളും ചാരിത്യ്രവിഹീനകളാണെന്ന് വിധിക്കുകയും ചെയ്തു. അന്നുമുതൽ ദിവസവും ഓരോ വധുവിനെ പരിണയിക്കാനും ആദ്യരാത്രിക്കുശേഷം വധുവിനെ വധിക്കാനും ചക്രവർത്തി തീരുമാനിച്ചു. മൂന്നു വർഷം കഴിഞ്ഞപ്പോൾ നാട്ടിൽ കന്യകമാരില്ലെന്ന നിലയായി.

ഒരു ദിവസം മന്ത്രിപുത്രിയായ ഷഹർസാദ് സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടുതന്നെ രാജപത്നിയാകാൻ മുന്നോട്ടുവന്നു. മരണത്തിനുമുമ്പ് ഒരു നോക്കു കാണാൻ തന്റെ കൊച്ചനുജത്തി ദുനിയാസാദിനെ അടുത്ത മുറിയിൽ കിടത്തണമെന്ന് ഷഹർസാദ് ചക്രവർത്തിയോടപേക്ഷിച്ചു. അത് അംഗീകരിക്കപ്പെട്ടു. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച്, പുലരാൻ രണ്ടുനാഴികയുള്ളപ്പോൾ അനുജത്തി ഷഹർസാദിനെ വിളിച്ചുണർത്തി മരിക്കുന്നതിനുമുമ്പ് ഒരു കഥ പറഞ്ഞുതരണമെന്ന് അപേക്ഷിച്ചു. ചക്രവർത്തിയുടെ അനുമതിയോടെ ഷഹർസാദ് കഥ പറയുവാൻ തുടങ്ങി. കഥ പൂർത്തിയാക്കുന്നതിനു മുമ്പ് നേരം പുലർന്നു. ദുനിയാസാദിനു മാത്രമല്ല, ചക്രവർത്തിക്കും കഥയുടെ ബാക്കിഭാഗമറിയാൻ ആകാംക്ഷയുണ്ടായി. അതിനാൽ ഷഹർസാദിന്റെ വധം അടുത്ത ദിവസത്തേക്ക് നീട്ടിവച്ചു. അടുത്ത രാത്രിയും അവസാനിച്ചത് പുതിയൊരു രസികൻ കഥയുടെ ആരംഭത്തോടെയാണ്.

ഇങ്ങനെ ആയിരത്തൊന്നു രാവുകൾ കഥാകഥനം തുടർന്നു. ഷഹർസാദിൽ ചക്രവർത്തിക്ക് കുട്ടികളുണ്ടാവുകയും അവളിൽ ചക്രവർത്തി അനുരക്തനാവുകയും ചെയ്തു. ഒടുവിൽ ചക്രവർത്തി ഷഹർസാദിനെ പട്ടമഹിഷിയായി സ്വീകരിച്ചു; സ്ത്രീവർഗസംഹാര പരിപാടി ഉപേക്ഷിച്ചു. ഷഹർസാദ് പറഞ്ഞ കഥകളാണ് അറബിക്കഥകൾ. ഇന്ത്യ, പേർഷ്യ, ഗ്രീസ്, ചൈന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ മഹത്തായ കഥകൾ ഇക്കൂട്ടത്തിൽക്കാണാം. അറബിക്കഥകളിലുൾക്കൊള്ളിച്ചിട്ടുള്ള കഥകളെ പ്രധാനമായും തിര്യക്കഥകൾ, അഭൗമശക്തികളുടെ വ്യാപാരത്തിന് പ്രാധാന്യമുള്ള കഥകൾ, ചരിത്രവുമായിബന്ധപ്പെട്ട കഥകൾ എന്നിങ്ങനെ മൂന്നു വിഭാഗത്തിൽ പെടുത്താം. ഉദ്വേഗജനകമായ സംഭവങ്ങളും അദ്ഭുതകഥാപാത്രങ്ങളും ഉജ്ജ്വലമായ വർണനകളും സരസമായ പ്രതിപാദന രീതിയും അറബിക്കഥകളെ അനശ്വരമാക്കിയിരിക്കുന്നു. മിക്കലോകഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽത്തന്നെ കഥകൾ പൂർണ്ണമായും വിവിധ കഥകളായും എത്രയോ തവണ വിവർത്തനങ്ങളും പുനരാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്.