ദേവലക്ഷ്മി യുഎ

കഥ

January 26, 2021, 4:26 am

ശലഭ ക്കിനാവ്

Janayugom Online

ഹായ് എന്തുരസമാണ് ഈ ഇളങ്കാറ്റത്ത് പ­റന്നു നടക്കാന്‍. പ്യൂപ്‌വയിലിരുന്നു എ­ന്തോ­രം സ്വപ്നങ്ങളാണെന്നോ ഭൂമിയെപ്പറ്റി കണ്ടുകൂട്ടിയത് ഏ! ഞാന്‍ സ്വപ്നത്തില്‍ കണ്ട ഭൂമിപോലെ അല്ലല്ലോ ഇവിടം. ഒരു പുല്ലുപോലുമില്ലാത്ത മരുഭൂമിപോലെയുണ്ട്. ആ കുറച്ചു ദൂരം പിന്നിടുമ്പോള്‍ ശരിയായ ഭൂമി കാണാന്‍ സാധിക്കുമായിരിക്കും. ഏ! ദേ ഒരു കുട്ടി ഭൂമിയില്‍ വന്ന് ആദ്യം കണ്ടത് ഇവനെയാണ്. ഇവനെയൊന്ന് വട്ടംകറക്കാം. ഞാനവന്റെ അടുത്തുപോയിരിക്കാം. അപ്പോളവന്‍ എന്നെ പിടിക്കാന്‍ വരും. അങ്ങനെയവനെ ഓടിച്ചോടിച്ചൊരു പരിവമാക്കാം. പദ്ധതി എ അവന്റെയടുത്തു പോയിരിക്കാം പദ്ധതി എ തന്നെ പൊളിഞ്ഞ് പാളീസായോ. ഇവനെന്താ എന്നെ നോക്കാത്തെ.

ഇനി കണ്ണിന് കുഴപ്പമുള്ള കുട്ടിയാണോ? അവന്റെ അടുത്തുപോയി ചുറ്റാം. അപ്പോള്‍ അവനെന്നെ കാണാതിരിക്കില്ല. ഇപ്പോഴും അവന്‍ എന്നെ നോക്കുന്നില്ല. പദ്ധതി മുഴുവന്‍ തകര്‍ന്നുപോയി. അവന്‍ എന്തോ ഒരു ചതുരക്കഷ്ണത്തില്‍ കുത്തുകയാണ്. ശ്ശെടാ.… കുത്തിക്കുത്തി ഇവന് വേദനിക്കില്ലെ. അവനെന്നെ ശ്രദ്ധിക്കാത്ത സ്ഥിതിക്ക് അവന്റെ തലയില്‍ പോയിരിക്കാം. ഏ! ഇവന്റെ കൈയിലിരിക്കുന്നത് മരക്കഷ്ണമല്ല, ഒരു ചില്ലുകഷ്ണമാണ്. അതില്‍ നിന്ന് പ്രകാശം വരുന്നുണ്ട്. യൂട്യൂബ് എന്നെഴുതിയ കളത്തില്‍ ഇവനെന്തിനാ തൊടുന്നേ. യൂട്യൂബിനെ എന്നെപ്പോലെ സ്വതന്ത്രമായി വിടാതെ ഈ ചില്ലുകഷ്ണത്തില്‍ പിടിച്ചുവച്ചിരിക്ക്യാ ഈ ദുഷ്ടന്‍. യൂട്യൂബ് എന്നെപ്പോലെയല്ല. ഒരു സംഭവമാണല്ലോ. ഇതില്‍ നിറയെ വീഡിയോകള്‍ ഉണ്ടല്ലോ. “എടാ… ആ പൂമ്പാറ്റയുടെ ചിത്രമുള്ളതിന്മേല്‍ തൊട്ട് പ്ലീസ്” ഞാന്‍ പറഞ്ഞത് അവന്‍ കേട്ടില്ല. പക്ഷെ, ദൈവം കേട്ടു.

അവന്‍ പൂമ്പാറ്റയുടെ ചിത്രമുള്ളതിന്മേല്‍ തൊട്ടു. ഹായ്! ഇതൊരു പാട്ടാണല്ലോ. “പൂമ്പാറ്റേ… പൂമ്പാറ്റേ… ആടിവാ പാടിവാ പൂമ്പാറ്റേ… പൂമ്പാറ്റേ എന്നോടൊപ്പം വാ…” കൊള്ളാം… കൊള്ളാം.… സൂപ്പറായിട്ടുണ്ട് പാട്ട്. ഇവന്റെയൊപ്പം ഇവന്റെ വീടുവരെ പോയാലോ. പാട്ടു കേട്ട് സമയം പോയതറിഞ്ഞില്ല ഹേ! ഇവന്റെ വീടെത്തിയോ. രണ്ടുനിലയാണല്ലോ വീട്. രണ്ടുനിലയാ എന്ന് പറഞ്ഞിട്ടെന്താ കാര്യം. ചുറ്റും ഒരു മരംപോലും ഇല്ല. മുറ്റത്ത് മണ്ണ് കാണാനേ ഇല്ല.

മുറ്റത്ത് നിറയെ ടൈല്‍സ് ആണല്ലോ. വീട്ടിലൊരു കാറുണ്ടല്ലോ. ഇവന്റെ വീട്ടിലൊന്നു കേറാം. ഹയ്യോ ശ്വാസം മുട്ടിയിട്ട് വയ്യ. ജനലും വാതിലും ഒന്നും തുറന്നിട്ടില്ല. ദാ… ഒരു ജനല്‍ തുറന്നിട്ടിരിക്കുന്നു. അതിലൂടെ പുറത്തുകടക്കാം. എനിക്കുവേണ്ട ഇവന്റെ വീട്. കുറേ പറന്നിട്ടുമെന്തേ പുഴയും മലയും കാടും ഒന്നും കാണാത്തേ ഏ! ഒരു ഭാഗത്ത് പുഴ നികത്തുന്നു. മറുഭാഗത്ത് പാടം നികത്തുന്നു. ഇതല്ല ഞാന്‍ സ്വപ്നത്തില്‍ കണ്ട, ഞാനാഗ്രഹിച്ച ഭൂമി പക്ഷെ എനിക്കിവിടെ ജീവിച്ചേ തീരൂ. പക്ഷെ, ഒരുനാള്‍ ഞാന്‍ കണ്ടെത്തും ഞാനാഗ്രഹിച്ച സുന്ദരിയായ ഭൂമിയെ.