ദേവലക്ഷ്മി (യു എ എസ്സിജിഎച്ച്എസ് പെരിങ്ങോട്ടുക്കര പുത്തന്‍പീടിക തൃശൂര്‍)
മീനുക്കുട്ടിയുടെ അച്ഛന്റെ കാറിന്റെ നിര്‍ത്താതെ ഉള്ള ഹോണടി കേട്ടാണ് കുറിഞ്ഞി ഉണര്‍ന്നത്. ‘ഹോ… എന്തൊരു ശല്യം…’ പറയാന്‍ പാടില്ലാത്തതാണ് എന്നാലും പരിധിവിട്ട് പറഞ്ഞുപോയി. ഉച്ചയുറക്കം എനിക്ക് പ്രധാനമാണ്. നടുനിവര്‍ത്തി വാലൊന്നു കറക്കി ചെവിയൊന്നു കൂര്‍പ്പിച്ചു കാലുകളനക്കി വെച്ചടി വെച്ചടി നടന്നു. എന്തോ ശബ്ദം അതെ അത് കൂടി കൂടി വരുന്നു. ഞാന്‍ ചെവി കൂര്‍പ്പിച്ചു. ആ ശബ്ദം അത്ര പന്തിയല്ല. ഒരു പാദസരം ആണല്ലോ അത്. ഒറ്റ കുതിപ്പിന് ഞാന്‍ അടുത്ത കസേരയിലേക്ക് മാറി. മീനുക്കുട്ടി ചാടി എന്നെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ പോയി. ‘ഇപ്പോള്‍ ഞാന്‍ മാറിയില്ലെങ്കില്‍ ഞാന്‍ ചതഞ്ഞരഞ്ഞു പോയേനേ. ഈ കൊച്ചിന്റെ കണ്ണിലെന്താ മത്തങ്ങയാണോ ദേഷ്യത്തോടെ ഞാന്‍ പിറുപിറുത്തു. ഞാന്‍ സാവധാനം അടിവെച്ച് അടിവെച്ച് പുറത്തേക്ക് നടന്നു. അച്ഛന്റെ കെെയില്‍ രണ്ട് തുണിസഞ്ചികള്‍ ഉണ്ട്. ഒന്നില്‍ പൂക്കളാകണം രണ്ടാമത്തതില്‍ തിന്നാന്‍ വല്ലതുമായാല്‍ മതിയായിരുന്നു. വെള്ളംപോലെ ഒരു സാധനം മീനുക്കുട്ടി അച്ഛന്റെ കയ്യില്‍ ഇറ്റിച്ചുകൊടുത്തു. മുഖം മറച്ചിരിക്കുന്ന ഒരു മജന്ത കളര്‍ മാസ്ക് അച്ഛനൊരു വെള്ളത്തില്‍ ഇടുന്നു. അതെ അത് സോപ്പും വെള്ളം ആണ്. മീനുക്കുട്ടിയുടെ അച്ഛന് കെെ വൃത്തിയായി കഴുകി. മീനുക്കുട്ടി വേഗം വീടിനുള്ളില്‍ പോയി. ഞാനും പിറകെ പോയി ഒന്നാമത്തെ സഞ്ചിയില്‍ ഓണക്കോടിയാണ്.
ഓണക്കോടി കണ്ടിട്ട് ആരും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ‘അത്ര നന്നായിട്ടില്ല എന്നാലും ഓണക്കോടി കിട്ടിയത് തന്നെ ഭാഗ്യം’ മീനുക്കുട്ടിയുടെ അമ്മ തന്റെ ഓണക്കോടി നോക്കുന്ന ധൃതിയില്‍ പറഞ്ഞു. നീലയും വെള്ളയുമായ മീനുക്കുട്ടിയുടെ ഉടുപ്പ് ഭംഗിയുണ്ട് പക്ഷെ അതിട്ടപ്പോള്‍ മീനുക്കുട്ടിക്ക് അഹങ്കാരം കൂടിപ്പോയോ എന്ന് സംശയമുണ്ട്. പതിയെ എന്റെ നോട്ടം അടുത്ത സഞ്ചിയിലേക്ക് ആയി. മീനുക്കുട്ടി പതിയെ ആ സഞ്ചി തുറന്നു. അതെ അത് ഉപ്പേരിയാണ്. ഞാന്‍ ചാടിയെന്റെ സന്തോഷം പ്രകടിപ്പിച്ചു. അപ്പോഴും ഒരു സംശയം ‘അപ്പോള്‍ പൂക്കളെവിടെ?’ അല്ലെങ്കിലും അതെന്തിന് ഞാന്‍ അറിയുന്നത്… എനിക്ക് ഉപ്പേരി പോരെ. മീനുക്കുട്ടി കവര്‍ പൊട്ടിച്ച് കയ്യില്‍ കൊള്ളാവുന്നത്ര ഉപ്പേരിയെടുത്തു. ഒന്നുരണ്ടെണ്ണം താഴത്ത് വീണു. ഞാന്‍ ശരവേഗത്തില്‍ അത് തിന്നു. ‘നാളെ രാവിലെ എഴുന്നേറ്റ് പൂക്കള്‍ പറിക്കണം’ എന്ന് അച്ഛന് മീനുക്കുട്ടിയോട് പറഞ്ഞു. അതും വീട്ടുമുറ്റത്തെ പൂക്കള്‍. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. അതുശരി അപ്പോള്‍ മനുഷ്യര്‍ പണ്ടത്തെ പോലെ ഒക്കെ ആയോ.
കഴിഞ്ഞ ഓണം ഇതുപോലെ അല്ലായിരുന്നു. കഴിഞ്ഞ ഓണത്തിന് എന്റെ കൊച്ചനിയന് മിട്ടുവും ഉണ്ടായിരുന്നു. മീനുക്കുട്ടിയുടെ ഓണ്‍ലെെന്‍ ക്ലാസില്‍ സായി ടീച്ചര്‍ മിട്ടു പൂച്ചേ… എന്ന് വിളിക്കുമ്പോള്‍ നെഞ്ച് പിടയും കണ്ണ് നനയും. ആ ദുഷ്ടന് കാടന്‍പൂച്ച ഇവിടെ എവിടെയോ ഉണ്ട്. എന്റെ അനിയന്റെ കൊലപാതകി. ഇന്ന് മനുഷ്യര്‍ക്ക് എല്ലാത്തിനും സമയമുണ്ട്. ഇരിക്കാനും നില്‍ക്കാനും ഒക്കെ. കൊറോണകൊണ്ട് ഉണ്ടായ ഒരേയൊരു ഗുണം. ‘എടി… കുറിഞ്ഞി…’ അതാ മീനുക്കുട്ടി ഭക്ഷണവുംകൊണ്ട് വരുന്നു. വയറ് നിറയെ ഭക്ഷണം കഴിച്ചു. ഇപ്പോഴും ഉപ്പേരി തിന്നുകൊണ്ടിരിക്കുകയാണ് മീനുക്കുട്ടി. ഓ… ഒരെണ്ണം കിട്ടിയെങ്കില്‍ ഞാനാശിച്ചു. നാളെ എന്തെല്ലാം വിഭവങ്ങള്‍ ഉള്ള സദ്യ ഉണ്ടാവും. കഴിഞ്ഞ വര്‍ഷം ഇവരുടെ മുത്തശ്ശി ഉണ്ടാക്കിയ പാലടപ്രഥമന്‍ എന്ത് രസമായിരുന്നു. അതില്‍ നിന്നും ആരും കാണാതെ അവര്‍ എനിക്കിത്തിരി പാല് ഒഴിച്ചുതന്നു. നാളെയും ഒഴിച്ചുതന്നാല് മതിയായിരുന്നു. ശരീരം ആകെ തളര്‍ന്നു കണ്ണുകള്‍ മെല്ലെ അടഞ്ഞ് വീണ്ടും ഉച്ചയുറക്കത്തിലെ സ്വപ്നലോകത്തേക്ക് ഞാന്‍ വെളിച്ചമേന്തി നടന്നു.