വി ദത്തൻ

July 05, 2021, 4:30 am

തിരുനല്ലൂർ — ശക്തിയുടെയും സൗന്ദര്യത്തിന്റെയും കവി

Janayugom Online

ശക്തിയുടെയും സൗന്ദര്യത്തിന്റെയും കവിയാണ് തിരുനല്ലൂർ കരുണാകരൻ. വിപ്ലവ കവിയെന്നും കേരളത്തെ ചുവപ്പിച്ച കവിയെന്നും അദ്ദേഹത്തെക്കുറിച്ചു പറയാറുണ്ട്. ഈ വിശേഷണങ്ങൾ എല്ലാം തിരുനല്ലൂരിനു ചേരും എന്നതാണ് വാസ്തവം. മാനവികതയും സ്നേഹവും കാരുണ്യവും തൊഴിലാളിവർഗ താല്പര്യങ്ങളും ആ കവിതകളിൽ തുടിച്ചുനിൽക്കുന്നു. 

മലയാള കവിതയ്ക്ക് പുതിയ ദിശാബോധം നൽകിയ ഈ ജനകീയ കവി, 1924 ഒക്ടോബർ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാട്ട് ജനിച്ചു. അച്ഛൻ പി കെ പത്മനാഭൻ. അമ്മ എൻ ലക്ഷ്മി. പ്രാക്കുളം എൻഎസ്എസ്, ഹൈസ്കൂൾ, കൊല്ലം എസ് എൻ കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1954ൽ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം എ പരീക്ഷ പ്രശസ്തമായ രീതിയിൽ പാസായി. ആ വര്‍ഷംതന്നെ തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് യൂണിവേഴ്‌സിറ്റി കോളജിലേക്ക് മാറി. 1975 ൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായി. 1981ൽ സർവീസിൽ നിന്നും വിരമിച്ചു. 

1989 മുതൽ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപർ. 1973 ൽ സോവിയറ്റ് യൂണിയനിലെ കസാഖിസ്ഥാനിൽ നടന്ന ആഫ്രോ ഏഷ്യൻ എഴുത്തുകാരുടെ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായി പങ്കെടുത്തു.
“തിരുനല്ലൂർ കരുണാകരന്റെ കവിതകൾ “എന്ന കവിതാ സമാഹാരത്തിന് 1985ലെ ആശാൻ അവാർഡും 1988 ലെ വയലാർ അവാർഡും ലഭിച്ചു. “ഗ്രീഷ്മ സന്ധ്യകൾ” എന്ന കവിതാ സമാഹാരത്തിന് മുല്ലൂർ അവാർഡും എഴുകോൺ ശിവശങ്കരൻ അവാർഡും ലഭിക്കുകയുണ്ടായി. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 2006 ജൂലൈ അഞ്ചിന് അന്തരിച്ചു. 

സൗന്ദര്യത്തിന്റെ പടയാളികൾ, പ്രേമം മധുരമാണ് ധീരവുമാണ്. രാത്രി, റാണി, അന്തി മയങ്ങുമ്പോൾ, താഷ്കന്റ്, വയലാർ, തിരുനല്ലൂർ കരുണാകരന്റെ കവിതകൾ, ഗ്രീഷ്മ സന്ധ്യകൾ, പുതുമഴ എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ.
മേഘസന്ദേശം, അഭിജ്ഞാന ശാകുന്തളം, ജിപ്സികൾ ഒമർഖയ്യാമിന്റെ ഗാഥകൾ എന്നിവയുടെ തർജ്ജുമകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. 

മലയാളഭാഷാ പരിണാമം — സിദ്ധാന്തങ്ങളും വസ്തുതകളും,ഒരു മഹായുദ്ധത്തിന്റെ പര്യവസാനം തുടങ്ങിയവ തിരുനല്ലൂരിന്റെ പ്രധാന ഗദ്യകൃതികളാണ്. 

സ്വതന്ത്ര കൃതികളെപ്പോലെ തന്നെ കിടയറ്റതാണ് അദ്ദേഹത്തിന്റെ തർജ്ജുമകളും. മേഘസന്ദേശം ആദ്യമായി ദ്രാവിഡവൃത്തത്തിൽ വിവർത്തനം ചെയ്തത് തിരുനല്ലൂരാണ്. അദ്ദേഹത്തിന്റെ ‘റാണി’യിലെ വരികൾ പോലെ മേഘസന്ദേശ തർജ്ജുമയും മലയാളികളുടെ നാവിൻതുമ്പിൽ ഇന്നും തത്തിക്കളിക്കുന്നുണ്ട്.
സങ്കല്പ യാഥാർത്ഥ്യങ്ങളെ സമന്വയിപ്പിച്ച് മലയാള കവിതയ്ക്ക് സൗന്ദര്യത്തിന്റെ പുതിയ ചക്രവാളങ്ങൾ കാട്ടിത്തന്ന കവി, വരുംതലമുറയ്ക്ക് മുഴുവൻ പ്രചോദനം ആയിരിക്കും.