25 April 2024, Thursday

തെരുവിൽവിരിഞ്ഞ വയൽപ്പൂക്കളെ കേൾക്കൂ.…

എംഒ. രഘുനാഥ്
October 16, 2021 11:44 am

ഹേ സൈനികരേ,
വരൂ…
ഞങ്ങളുടെ അരികിലേക്കുവരൂ…

ഇന്നലെ,
നിങ്ങളയച്ച വെടിയുണ്ടകൾക്കുനേരെ
വിരിഞ്ഞുണർന്ന
ചുവന്ന പൂക്കളിപ്പൊഴും
ഈ തെരുവിൽ, വാടാതെയിരിപ്പുണ്ട്…

ഉരുകിത്തീർന്നുകൊണ്ടിരിക്കുന്ന
മെഴുകുതിരിവെട്ടത്തിൽ
പാറ്റകളെപ്പോലെ നൃത്തംചെയ്യുന്ന
ഞങ്ങളെ, നിങ്ങൾക്ക്
കാണാനാവുന്നുണ്ടോ..?

പടച്ചട്ടയണിഞ്ഞ നിങ്ങളുടെ
ഭ്രാന്തമായ അച്ചടക്കത്തിന്റെ
യാന്ത്രികച്ചുവടുകളല്ലിത്;

കല്പനകൾക്കനുസരിച്ച്
ദിശയും വേഗതയും തിരയുന്ന
തോക്കുകളില്ലിവിടെ;

പടയ്ക്കുപിന്നിലൊളിച്ചിരിക്കുന്ന
വഞ്ചകരായ പടനായകരുമില്ലിവിടെ..!

ഞങ്ങളുടെ ധാന്യപ്പുരകൾക്കുമേൽ
രാവുകൾ കറുത്തുപെയ്തപ്പോഴാണ്
വയലുകളിൽ കനൽ വിളഞ്ഞത്;
തെരുവുകളിൽ തീപടർന്നത്… 

ഞങ്ങളെയറിയും മുൻപ്
നിങ്ങൾ, സ്വയം പരിചിതരാവുക…

ഞങ്ങളെ ഉന്നംവയ്ക്കുംമുൻപ്,
നിങ്ങളുടെ വീടുകളെയോർക്കൂ..,
കുഞ്ഞുകണ്ണുകളെ നോക്കൂ…

നിങ്ങളുടെ കലവറകൾ
വയറൊട്ടി, വിളറിയിരിക്കുന്നു..!

മറവിയുടെ അഗാധനിദ്രകളിലാഴ്ത്തുന്ന
നുരയുന്ന ദേശീയതയുടെ
വീഞ്ഞുകുപ്പികൾ ദൂരേക്കുവലിച്ചെറിയൂ…

നിങ്ങൾക്കരികിലൂടെ,
ഞങ്ങളുടെ നെഞ്ചിലേക്കായുന്ന
കൂറ്റൻ ചക്രങ്ങൾ കാണൂ…

നിങ്ങൾക്ക്,
ഞങ്ങളിലേക്കെത്തുക എളുപ്പമേയല്ല;

അധികാരങ്ങളും
അടയാളങ്ങളും
നിങ്ങളുടെ ഹൃദയത്തെ
താഴിട്ടുപൂട്ടിയിരിക്കുന്നു..!

നിങ്ങളുടെ കൈകളിലെ
ആയുധങ്ങൾ താഴെവയ്ക്കൂ..,
പോരാട്ടവീര്യവുമായി
ഈ വെട്ടത്തിന്നരികിലേക്കുവരൂ…

താഴുകൾ തകർത്തെറിയൂ…
താക്കുഴകൾ വലിച്ചെറിയൂ…

സ്വയം താക്കോലുകളായ്
ഓരോ ചങ്ങലക്കണ്ണികളും തുറന്ന്
സ്വാതന്ത്ര്യത്തിന്റെ
പാടവരമ്പുകളിലൂടെ നടന്നുവരൂ…

കരുതലോടെ,
സ്വയം കണ്ണാടിയിയായിമാറൂ;
സ്നേഹത്തിന്റെ
പാനപാത്രം നിറയ്ക്കൂ…

അപ്പോൾ,
നമുക്കിടയിലെ മുൾവേലികൾ
അലിഞ്ഞലിഞ്ഞില്ലാതാവും
ആയുധക്കറപ്പറ്റിയ കൈകളിൽ
റോസാപ്പൂക്കൾ വിടരും
നിങ്ങളും ഞങ്ങൾക്കൊപ്പം
പടയാളികളായ്തീരും…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.