ഇന്ധനമോ പണമോ വേണ്ട; വാഹനമോടിക്കാന്‍ സ്ത്രീനഗ്നത മതി

Web Desk
Posted on February 22, 2018, 9:37 pm

ഗീതാനസീര്‍

പരസ്യങ്ങളില്‍ ബുദ്ധിയില്ലാത്തവളായി
ചിത്രീകരിക്കുക, ലൈംഗികതയ്ക്കുള്ള
വസ്തു മാത്രെമന്ന സന്ദേശം നല്‍കുക
തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്

രസ്യങ്ങളില്‍ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് നിരവധി പ്രതിഷേധങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. സ്ത്രീയെ ഉപകരണമാക്കുക, നിസാരയായും ബുദ്ധിയില്ലാത്തവളുമായി ചിത്രീകരിക്കുക, സ്ത്രീ വെറും ലൈംഗികതയ്ക്കുള്ള വസ്തു മാത്രമാണെന്ന സന്ദേശം നല്‍കുക തുടങ്ങി ഗൗരവകരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. വാഷിങ് മെഷീന്‍, വാഷിങ് പൗഡര്‍, മസാലകള്‍, ടൂത്ത്‌പേസ്റ്റുകള്‍, അടിവസ്ത്രങ്ങള്‍, സോപ്പുകള്‍, പെയിന്റ് തുടങ്ങി നിരവധി ഉല്‍പന്നങ്ങളുടെ പരസ്യങ്ങളെപറ്റി ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്തകാലത്ത് മോട്ടോര്‍ വാഹനങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച പരസ്യങ്ങള്‍ ഏറെ വിവാദമുയര്‍ത്തുകയുണ്ടായി.
പുരുഷനെപോലെ തന്നെ സ്ത്രീയും വാഹനമോടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ പുരുഷനെ സങ്കല്‍പിക്കാനേ ഇപ്പോഴും കഴിയുന്നുള്ളു. അത് പരസ്യമായാലും, നിയമങ്ങളായാലും, നിര്‍മാണങ്ങളായാലും, ഭരണാധികാരമായാലും എവിടെയും ഡ്രൈവിങ് സീറ്റില്‍ പുരുഷനാണ് നിയന്ത്രകന്‍. പുരുഷകേന്ദ്രീകൃതമാണ് എല്ലാമെന്നര്‍ഥം.

മിക്ക മോട്ടോര്‍വാഹനങ്ങളുടേയും പരസ്യങ്ങളില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് എങ്ങനെയാണെന്നതു സംബന്ധിച്ച് ചിന്തോദ്ദീപകമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ബിഎംഡബ്ല്യു എന്ന ലക്ഷ്വറി കാറിന്റെ പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കുടുംബത്തിലെ ഒരു പ്രശ്‌നത്തെച്ചൊല്ലി അസ്വസ്ഥയായി ഭാര്യ പൊട്ടിത്തെറിക്കുമ്പോള്‍ ഭര്‍ത്താവ് അലസമായി ഒരു ആംഗ്യം കാണിക്കുന്നു. അത് ബിഎംഡബ്ല്യു എന്ന അക്ഷരമാണ്. ആംഗ്യത്തിനൊടുവില്‍ ഭാര്യയ്ക്ക് പെട്ടെന്ന് ബോധോദയം ഉണ്ടാകുന്നു ആ ആംഗ്യഭാഷ ബിഎംഡബ്ല്യു എന്നാണെന്ന് അത്യുത്ഭതത്തോടെ കണ്ണ് തള്ളി പറയുന്ന ഭാര്യ ഒടുവില്‍ ശാന്തയാകുന്നു. ഭാര്യമാരെ അടക്കിനിര്‍ത്തുന്ന വാക്കായി ബിഎംഡബ്ല്യു മാറുന്നു. മറ്റൊന്ന് ഭാര്യമാരോട് ഭര്‍ത്താവ് പറയുന്ന രീതിയിലേ പരസ്യവും ആകാവൂ എന്നതാണ്. ഈ പരസ്യത്തില്‍ നിര്‍മാതാക്കള്‍ പറഞ്ഞു വയ്ക്കുന്നത് ബിഎംഡബ്ല്യു കാര്‍ യാത്ര വളരെ മൃദുവായാണ് അനുഭവപ്പെടുക എന്നാണ്. ഏത് ശബ്ദമലിനീകരണത്തെയും അതില്ലാതാക്കുമെന്നുമാണ്. ഈ പരസ്യവാചകത്തിന്റെ ചിത്രീകരണം നിശബ്ദമാക്കപ്പെടുന്ന ഭാര്യയുടേതാണെന്ന് മാത്രം. സ്ത്രീ എന്നത് നിശബ്ദമാക്കപ്പെടേണ്ട ഒരു ബഹളമാണെന്നര്‍ഥം. മേല്‍ക്കോയ്മ വാദം ഇനിയുമുണ്ട്. സംഗതി കാറാണെങ്കിലും ലൈംഗികബന്ധത്തിനിടയില്‍പോലും കാര്‍ പുരുഷത്വത്തിന്റെ ബിംബമാക്കുന്നതാണ് മറ്റൊരു പരസ്യചിത്രം. പുരുഷത്വത്തില്‍ അമരുന്ന ഒരു നഗ്നസ്ത്രീ അവിടേയും വേണം. മജ്ജയും മാംസവും ശ്വാസവും കാമനകളുമുള്ള സ്ത്രീയേക്കാള്‍ ആവശ്യം സ്ത്രീ എന്ന ലൈംഗിക ഉപകരണത്തെയാണ്.

വനിതാദിനത്തിന്‍റെ ഭാഗമായി കാര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയ പരസ്യം അതിലേറെ വിചിത്രമായിരുന്നു. സ്ത്രീശാക്തീകരണമെന്ന തലവാചകത്തോടെ വന്ന പരസ്യത്തില്‍ വളരെ പതുക്കെ കാറോടിക്കുന്ന ഒരു സാത്വികയായ സ്ത്രീയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വണ്ടി ഓടിക്കുമ്പോള്‍ സ്പീഡും, അഭ്യാസമുറകളുമൊക്കെ പുരുഷന്‍ നടത്തും. ബിഎംഡബ്ല്യു മാത്രമല്ല പല കാര്‍ നിര്‍മാതാക്കളും ഇതേ നയമാണ് പരസ്യങ്ങളില്‍ സ്വീകരിക്കുന്നത്. ആവശ്യങ്ങള്‍ നിരത്തി നിരന്തരശല്യമാകുന്ന കാമുകിയേക്കാള്‍ ചീപ്പാണ് ഓലകാറിലെ യാത്രയെന്ന് അര്‍ഥം വരുന്ന പരസ്യമാണ് ഒന്ന്. ”മേരി ഗേള്‍ഫ്രണ്ട് ചല്‍ത്തി ഹൈ റുപ്പീസ് 525 പെര്‍ കിലോമീറ്റര്‍ ബട്ട് ഓല മൈക്രോ ചല്‍ത്തി ഹൈ റുപ്പീസ് 6 പെര്‍ കിലോമീറ്റര്‍” എന്നാണത്. ഫെമിനിസം ഇന്‍ ഇന്ത്യ പോലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെയും വനിതാ സംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് പരസ്യം പിന്‍വലിക്കപ്പെട്ടു. ഉപയോഗിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ വില്‍പനയ്ക്ക് വയ്ക്കുമ്പോള്‍ കൊടുത്ത പരസ്യവാചകം ഇതായിരുന്നു. ”യു നോ യു ആര്‍ നോട്ട് ദി ഫസ്റ്റ്, ബട്ട് ഡു യു റിയലി കേര്‍”. അര്‍ധനഗ്നയായി തികച്ചും ലൈംഗികചുവയോടെ പിന്‍തിരിഞ്ഞുനില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരുന്നത്. മസ്ദ കാറിന്റെ പരസ്യത്തിലും നഗ്നയായ ഒരു സ്ത്രീ കാറിന്റെ വിലക്കുറവും മറ്റ് പലിശരഹിത ഓഫറുകളും എഴുതിയ ബോര്‍ഡുകള്‍കൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങള്‍ മറച്ചുനില്‍ക്കുന്ന ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോഡ് കാറിന്‍റെ പരസ്യം അതിലേറെ വികൃതമായിരുന്നു. കാറിന്റെ ഡിക്കിയില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ മൂന്ന് അര്‍ധനഗ്നകളായ സ്ത്രീകള്‍, ഡ്രൈവിങ് സീറ്റില്‍ തിരിഞ്ഞുനോക്കി വിജയചിഹ്നം കാണിക്കുന്ന പുരുഷന്‍— ഏറ്റവും വലിയ ക്രൂരത ഈ പരസ്യചിത്രം പുറത്തിറങ്ങിയത് രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗം നടന്ന് മൂന്ന് മാസം പിന്നിട്ട ശേഷമാണെന്നതാണ്.
രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്ന് കാറെന്നത് പുരുഷ ഉല്‍പന്നമാണ്. രണ്ട് അവ കമ്പോളത്തില്‍ വില്‍ക്കപ്പെടണമെങ്കില്‍ സ്ത്രീലൈംഗികതയും സ്ത്രീവിരുദ്ധതയും ഉറപ്പായും ഉണ്ടായിരിക്കണം.
ചുരുക്കത്തില്‍ കാറോടിക്കാന്‍ അല്ലെങ്കില്‍ വില്‍ക്കപ്പെടാന്‍ പണത്തെക്കാളും ഇന്ധനത്തെക്കാളും ആവശ്യം സ്ത്രീനഗ്നതയാണ്.
വീട്ടകങ്ങളും പൊതുഇടങ്ങളും തൊഴിലിടങ്ങളും സ്ത്രീവിരുദ്ധമാകുമ്പോള്‍ പരസ്യനിര്‍മാതാക്കാള്‍ മാത്രം എന്തിന് മാറി നില്‍ക്കണം?