പ്രതിമയുടെ മഹത്വത്തിനെക്കാള്‍…

Web Desk
Posted on November 14, 2018, 4:36 pm
സീതാ വിക്രമന്‍

സീതാ വിക്രമന്‍

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നത് 6.32 കോടി പെണ്‍കുട്ടികളാണ്. അവരുടെ ഭാവി ആശങ്കയിലാണെന്ന് കൗമാരക്കാരികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നാന്ദി ഫൗണ്ടേഷന്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തി. എന്നാല്‍ വോട്ട് ചെയ്യുന്നതിനു പറ്റിയ ആരോഗ്യമുണ്ടോ എന്ന് പരിശോധിച്ചാല്‍ ഇല്ലായെന്ന് പറയേണ്ടിവരും. നാളത്തെ അമ്മമാര്‍ ഇന്നുതന്നെ ദുരിതത്തിലായിരിക്കുന്നു. കണക്കിന്റെ പിന്‍ബലത്തിലാണിത് പറയുന്നത്. രാജ്യത്തെ പകുതിയിലേറെ പെണ്‍കുട്ടികളില്‍ ഭാരക്കുറവും വിളര്‍ച്ചയും കാണപ്പെടുന്നു. പകുതിയോളം പേര്‍ ആര്‍ത്തവകാല പരിചരണം ലഭിക്കാത്തവരാണ്. കണക്കു പരിശോധിച്ചാല്‍ ഭാരക്കുറവുള്ളവര്‍ 52 ശതമാനം. വിളര്‍ച്ച ബാധിച്ചവര്‍ 52 ശതമാനം. തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നവര്‍ 39 ശതമാനം. ആര്‍ത്തവകാല ശുചിത്വം പാലിക്കാന്‍ ഗതിയില്ലാത്തവര്‍ 46 ശതമാനം.

കേരളത്തിലെ 99 ശതമാനം പേര്‍ക്കും മലമൂത്രവിസര്‍ജ്ജന സൗകര്യമുണ്ട്. കേരളത്തിന് അഭിമാനിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഝാര്‍ഖണ്ഡുകാരാണ്. ബിഹാറും ഗുജറാത്തും ഒഡീഷയുമെല്ലാം തൊട്ടുപിന്നിലുണ്ട്.
ആര്‍ത്തവകാല ശുചിത്വം പാലിക്കുന്നതില്‍ രാജ്യത്ത് ഒന്നാമത് തമിഴ്‌നാടാണ്. 97.1 ശതമാനം പേരും തമിഴ്‌നാട്ടില്‍ സാനിട്ടറി നാപ്കിന്‍ അടക്കമുള്ള ശുചിത്വരീതികള്‍ അവലംബിക്കുന്നു. ഇക്കാര്യത്തില്‍ മാത്രമല്ല, ഒട്ടുമിക്ക കാര്യങ്ങളിലും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഗുജറാത്ത് മുന്നിലാണ്.

തൂക്കക്കുറവുള്ള പെണ്‍കുട്ടികള്‍ ഏറെയുള്ളത് ബിഹാറിലാണ്. മധ്യപ്രദേശും തെലങ്കാനയും ഝാര്‍ഖണ്ഡും പിന്നാലെയുണ്ട്.
എന്നാല്‍ തൂക്കത്തിന്റെ കാര്യത്തില്‍ മണിപ്പൂര്‍ സംസ്ഥാനം മുന്നിട്ടുനില്‍ക്കുന്നു. വിളര്‍ച്ചക്കാരായ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് ത്രിപുരയിലാണ്. 64.5 ശതമാനം വിളര്‍ച്ചക്കാരികള്‍ ത്രിപുരയിലുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടുപിന്നില്‍ പഞ്ചാബും ഗുജറാത്തും.

28 സംസ്ഥാനങ്ങളിലെയും ഏഴ് നഗരങ്ങളിലെയും 74,000 പെണ്‍കുട്ടികളാണ് സര്‍വേയില്‍ സഹകരിച്ചത്. കൗമാരപ്രായക്കാരായ യുവതികളുടെ ഭാവിയിലെ ആശങ്കയാണ് സര്‍വേയില്‍ തെളിഞ്ഞുനില്‍ക്കുന്നത്. ഇവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ അടുത്ത തലമുറകളുടെയും അനാരോഗ്യ ഹേതുവാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ആരോഗ്യത്തില്‍ ഒതുങ്ങുന്നതല്ല സര്‍വേ. വിദ്യാഭ്യാസം, ഉപജീവനത്തിനുള്ള കഴിവുകള്‍, ശാക്തീകരണം, വീടിനും അകത്തും പുറത്തുമുള്ള അവസ്ഥകള്‍, ആഗ്രഹങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദഗ്ധരെയാണ് സര്‍വേക്കായി ഉപയോഗിച്ചത്. ഉയരവും തൂക്കവുമെല്ലാം അളന്ന ശേഷമാണ് സര്‍വേയിലെ ചോദ്യങ്ങളുമായി അവരോട് ഇടപഴകിയത്.

കണക്ക് പറയുകയല്ല. എന്നാല്‍ ചില കണക്ക് അറിയാതെ പോകരുത്. വിളര്‍ച്ച ബാധിച്ചവര്‍ 52 ശതമാനം എന്ന് കേള്‍ക്കുമ്പോള്‍ ‘ഓഹോ’ എന്ന് നടിച്ചുപോകുന്ന അവര്‍ കേള്‍ക്കാനാണ് ഈ കണക്കുപറച്ചില്‍. രക്തത്തില്‍ അരുണ രക്താണുക്കളുടെ കുറവാണല്ലോ വിളര്‍ച്ച എന്ന് പറയുന്നത്. അതുകൊണ്ട് രക്തത്തിലെ ഓക്‌സിജന്‍ ആഗിരണശേഷി ഗണ്യമായി കുറയുന്നു. അതുവഴിയുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ മരണം വരെ ഉണ്ട്. ഇതുകൊണ്ടുണ്ടാകുന്ന ഉല്‍പ്പാദനക്ഷമതക്കുറവും ദോഷങ്ങളും വരുത്തുന്ന നഷ്ടം രൂപയിലേക്ക് മാറ്റിനോക്കിയാലോ. 1.5 ലക്ഷം കോടിയാണത്. അതായത്, ഇന്ത്യയിലെ ആരോഗ്യ ബഡ്ജറ്റിന്റെ മൂന്നിരട്ടി. വിളര്‍ച്ചാകണക്കുകണ്ട് വിളരാത്തവര്‍ ചുരുങ്ങുമെന്ന് ഉറപ്പല്ലേ.

ലോകത്തെ ഏറ്റവും ആധികാരിക മെഡിക്കല്‍ ജേര്‍ണലുകളിലൊന്നായ ‘ദി ലാന്‍ സെറ്റ്’ അടുത്തയിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് ഇന്ത്യയുടെ ആരോഗ്യ അടിയന്തരാവസ്ഥ കൃത്യമായി തുറന്നുകാണിക്കുന്നുണ്ട്. പ്രതിവര്‍ഷം 24 ലക്ഷം പേര്‍ മതിയായ ചികിത്സ ലഭിക്കാതെ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 16 ലക്ഷം പേരുടെയും ജീവനെടുത്തത് ദുര്‍ബലമായ ചികിത്സാ സംവിധാനമാണത്രേ. 136 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ ആരോഗ്യമേഖലയുടെ വര്‍ത്തമാനം അത്യന്തം പരിതാപകരമാണെന്നും ‘ദി ലാന്‍സെറ്റ്’ വ്യക്തമാക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 3.8 ലക്ഷം ആളുകള്‍ ചികിത്സയ്ക്കു പണമില്ലാത്തതുമൂലം ആത്മഹത്യയില്‍ അഭയംതേടിയെന്ന നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ രാജ്യം നേരിടുന്ന കാരണങ്ങള്‍ ഏറെക്കുറെ വ്യക്തമാകും.

രണ്ടാം ലോകമയുദ്ധാനന്തരം നിരന്തരം ആവര്‍ത്തിക്കപ്പെട്ട മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ‘ജീവിക്കാനുള്ള അവകാശം’ എന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടിനിപ്പുറം ആ മുദ്രാവാക്യം ‘ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം’ എന്നായിരിക്കുന്നു. വെറുതെ ജീവിച്ചാല്‍ പോര, അത് പൂര്‍ണ ആരോഗ്യത്തോടെതന്നെ വേണമെന്നും അതിനായി ഭരണകൂടം ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് അതിന്റെ അന്തഃസത്ത.
പ്രതിമയുടെ മഹത്വത്തിനെക്കാള്‍ വില കല്‍പ്പിക്കേണ്ടത് മനുഷ്യജീവനാണ് എന്നു പറയാതെ വയ്യ. മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത ഇന്നത്തെ ഭരണകൂടത്തിനെതിരെ പൊതുസമൂഹം ഉണരേണ്ടിയിരിക്കുന്നു.