വായനശാലയിലെ അകവും പുറവും

Web Desk
Posted on April 22, 2018, 9:12 am

ജയന്‍ മഠത്തില്‍

നേര്‍രേഖയിലൂടെ സഞ്ചരിക്കുന്നതാണ് രശ്മി സജയന്‍റെ കവിതകള്‍. ചിലപ്പോള്‍ രശ്മി അകം കണ്ണുകൊണ്ട് കാഴ്ചകളവതരിപ്പിക്കുന്നു. മറ്റു ചിലപ്പോള്‍ പുറത്തേക്കു തുറന്ന കണ്ണുകളിലൂടെ കാര്യങ്ങളെ വിശകലനം ചെയ്യുന്നു. ഇനിയും ചിലപ്പോള്‍ അക്ഷരങ്ങള്‍ പ്രതിരോധത്തിനുള്ള മൂര്‍ച്ചയേറിയ ആയുധങ്ങളാക്കുന്നു. കവിത വികാരങ്ങളുടെ അനര്‍ഗളമായ പ്രവാഹമാണെന്ന് രശ്മി വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ചിന്തയുടെ കതിനകള്‍ പൊട്ടിച്ചു കൊണ്ട് ചിലപ്പോഴൊക്കെ വായനക്കാരനെ അബോധത്തില്‍ നിന്ന് ബോധത്തിലേക്ക് എടുത്തെറിയുന്നത്. ഇവിടെ അക്ഷരങ്ങള്‍ വൈദ്യുതാലിംഗനം പോലെ വായനക്കാരനനുഭവപ്പെടുന്നു. ഏകാന്തതയില്‍ നിന്നും പിറവി കൊള്ളുന്ന ഓരോ കവിതയും പലപ്പോഴും നമ്മെ ജാഗ്രതാവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടു പോകും.

കവിതയില്‍ നിന്ന് ജീവിതത്തിലേക്ക് നേരിട്ടു കടക്കുന്ന ഒരു പാലമുണ്ട് രശ്മി സജയന്‍റെ കവിതകളില്‍, വര്‍ത്തമാനകാലത്തിന്‍റെ ക്രൗര്യം നിറഞ്ഞ കണ്ണാടിക്കാഴ്ചകള്‍ കവി. തീക്ഷ്ണനിറങ്ങളിലവതരിപ്പിക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഏകാന്ത തടവാണ് വാര്‍ദ്ധക്യം. മഹാശാപത്തിന്റെ ഇരുളില്‍ ഏകാകിയായവള്‍ കല്പടവിലിരുന്ന് ഓര്‍മ്മയുടെ ഭാണ്ഡമഴിക്കുകയാണ്. വിഷാദവും വിരഹവും സങ്കടച്ചാലുകളായി കരകവിഞ്ഞൊഴുകുകയാണ്. ഇന്നാണാ യാത്ര, വൃദ്ധസദനത്തിലേക്കുള്ള യാത്ര. വര്‍ത്തമാനകാലത്തിന്‍റെ ആര്‍ദ്ര ചിത്തമാണിത്. രശ്മി എഴുതുന്നു;

‘ലാഭനഷ്ടങ്ങള്‍ കൂട്ടിക്കിഴിച്ച്
ജീവിതത്തുലാസിലെ
ശിഷ്ടജീവിതം
ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കാന്‍’ (വിധവ )

രക്തസാക്ഷികളുടെ ബാക്കിപത്രം എന്താണ്? സമകാലിക രാഷ്ട്രീയ ചരിത്രത്തിലൂടെ നടക്കുകയാണ് കവി. രക്തസാക്ഷികളുടെ കുടുംബിനിയെക്കുറിച്ചോ, അവളുടെ ജീവിതത്തെക്കുറിച്ചോ നമ്മള്‍ ഗൗരവമായി ചിന്തിക്കുന്നുണ്ടോ? ഇത്തരമൊരു പര്യാലോചനയാണ് രശ്മി യുടെ ‘ഓര്‍ക്കാനാവാതെ’. ഇങ്ങനെ താന്‍ ജീവിക്കുന്ന കാലത്തോട് നിരന്തരം കലഹിക്കുന്ന ഒരു മനസ്സ് ഈ കവിക്കുണ്ട്.
പ്രണയത്തെ ഉരുകിത്തിളച്ചുമറിയുന്ന അക്ഷരങ്ങള്‍ കൊണ്ട് കോറിയിടുന്നുണ്ട് രശ്മി സജയന്‍. കണ്ണുകളില്‍ പ്രണയമൊളിപ്പിക്കുമ്പോള്‍ അതിലേക്കു നോക്കാന്‍ ഭയപ്പെടുകയാണ് കവി. നീ അടുത്തു വരുമ്പോള്‍ നിന്റെയധരങ്ങള്‍ എന്റെയധരങ്ങളെ പ്രാപിച്ചാലോയെന്നാശങ്കപ്പെടുന്നു.
‘പക്ഷേ നിന്റെ പ്രണയവും ചുംബനവും
കൊതിക്കുന്ന ഒരു മനസ്സുണ്ടെന്ന്
നീയറിയാത്തതാണ് ശരിക്കുമെന്റെ ഭയം ’
( ഭയം )
എന്നു പറഞ്ഞു വയ്ക്കുമ്പോള്‍ പ്രണയത്തിന്‍റെ തീവ്രമായ ലാവാപ്രവാഹം വായനക്കാരന്‍ അനുഭവിക്കുന്നു.
നക്ഷത്രങ്ങള്‍ കടമെടുത്ത രാവുകളെക്കുറിച്ചു കവി പാടുന്നുണ്ട്. എന്‍റെ കിനാവുകളെ നീ മോഷ്ടിച്ചിരിക്കുന്നു .ആരോ ഉപേക്ഷിച്ച മണ്‍ചെരാതില്‍ നിനക്കു വേണ്ടി കാത്തുവച്ച ദീപനാളങ്ങള്‍ കത്തിജ്വലിക്കുമ്പോള്‍ അവന്‍റെ പുനര്‍ജനിക്കായി കൊതിക്കുകയാണ്. കവി ഒരേ സമയം വിരഹിണിയും നഷ്ടപ്രണയത്തിന്‍റെ പാട്ടുകാരിയുമാണ് .‘എന്നിലെയോര്‍മ്മകളിലെ മഴത്തുള്ളികളില്‍
നിനക്കു രൂപമില്ല ഭാവമില്ല
എന്നിലലിയാന്‍ കൊതിച്ച നക്ഷത്രം നീ’
പ്രണയത്തെക്കുറിച്ചു പാടുമ്പോള്‍ നക്ഷത്രത്തിളക്കമുള്ള അക്ഷരങ്ങളെ മാത്രം തിരഞ്ഞെടുത്ത് മയില്‍പ്പീലി വര്‍ണങ്ങളിലവതരിപ്പിക്കുകയാണ് രശ്മി സജയന്‍.
പാരിസ്ഥിതിക നാശത്തെപ്പറ്റി പുതു കവികള്‍ നിരന്തരം പാടിക്കൊണ്ടേയിരിക്കുന്നു. മനുഷ്യന്റെ വിവേകശൂന്യമായ പ്രവൃത്തികള്‍ കൊണ്ട് നശിച്ചുപോകുന്നത് നമ്മുടെ പുഴയും പച്ചപ്പും ശുദ്ധമായ വായുവുമാണ്. ‘രോദനം’ എന്ന കവിത ഈ പരിസരത്തുനിന്നു വേണം വായിക്കാന്‍.
വ്യവസ്ഥാപിതമായ കവിതയുടെ രൂപഭാവങ്ങളില്‍ നിന്നു ചിലപ്പോഴെങ്കിലും രശ്മിയുടെ കവിത കുതറിത്തെറിക്കുന്നു. കവിതയെ പരീക്ഷണത്തിനു വിധേയമാക്കാനും കവി ചിലപ്പോള്‍ ശ്രമിക്കുന്നുണ്ട്. ‘വര’, ‘ബിന്ദു’ എന്നീ കവിതകളെ ഈ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍. ജ്യാമിതീയ രൂപങ്ങളെ കവിതയുടെ ടൂളായി ഉപയോഗിച്ചു കൊണ്ട് രശ്മി പുതിയ വൃത്തം ചമയ്ക്കുന്നു. വൃത്തമൊരു വീടാണെന്നും താനതിലെ ബിന്ദുവാണന്നും കവി പറയുന്നു. ആരങ്ങളും വ്യാസങ്ങളും താണ്ടി ജീവിതം കൈയകലെ. ചാപങ്ങളും കോണുകളും ത്രികോണങ്ങളും പലയളവുകളില്‍ വൃത്തത്തിനുള്ളില്‍ കേന്ദ്രീകരിക്കുമ്പോള്‍ ജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങളുടെ ഭിന്നമുഖങ്ങളെ മാറി നിന്നു വീക്ഷിക്കുകയാണ് കവി. ഒടുവില്‍ ആരവും വ്യാസവും ഭേദിച്ച് പുറത്തിറങ്ങി സൂക്ഷിച്ചു നോക്കുന്ന എഴുത്തുകാരി തന്നെ ഒരു പൊട്ടായി വൃത്തത്തിലവതരിപ്പിക്കുന്നു.

‘മോഷ്ടാവ്’ എന്ന കവിത എം പി നാരായണപിള്ളയുടെ ‘കള്ളന്‍’ എന്ന കഥയേയും, വിക്ടര്‍ യൂഗോയുടെ പാവങ്ങളിലെ ‘ജീന്‍ വാല്‍ ജീന്‍’ എന്ന കഥാപാത്രത്തേയും സി ജെ തോമസിന്റെ ‘ക്രൈം’ നാടകത്തേയും അനുസ്മരിപ്പിക്കുന്നു. ആരാണ് കള്ളന്‍ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് നമ്മുടെ സമൂഹത്തിലെ കപട സദാചാരവാദികളേയും, നൈതികവാദികളേയും ചോദ്യം ചെയ്യുന്നു. ഇവിടെ രശ്മിയുടെ കവിത പൊട്ടിത്തെറിക്കുന്ന സംഗീതമാകുന്നില്ലെങ്കിലും നമ്മുടെയൊക്കെ ചിന്തകളിലേക്ക് വലിയ ചോദ്യങ്ങള്‍ എടുത്തെറിഞ്ഞു കൊണ്ട് അസ്വസ്ഥതയുടെ മുഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
‘ശിക്ഷ നല്‌കേണ്ടതാര്‍ക്ക്?
മോഷ്ടാവിനോ? എനിക്കോ?
ന്യായാധിപനോ?
അതോ നിങ്ങള്‍ക്കോ?’
എന്ന് സമൂഹത്തിന്‍റെ മുഖത്തിനു നേരെ ഒരു ചോദ്യചിഹ്നം കൊരുത്തുകൊണ്ടവസാനിപ്പിക്കുകയാണ് കവി. ‘വായനശാല’ എന്ന കവിത പുതിയൊരു വായന ആവശ്യപ്പെടുന്നു. എഴുത്തുകാരന്‍റെ മരണം എന്ന പ്രബന്ധത്തില്‍ റൊളാങ് ബാര്‍ഥ്, ഒരു കൃതി പൂര്‍ണ്ണമാകുന്നതോടെ എഴുത്തുകാരന്‍ മരിക്കുകയും കൃതി മാത്രം അവശേഷിക്കുകയും ചെയ്യുന്നു എന്നു നിരീക്ഷിക്കുന്നുണ്ട്. കൃതികളിലെ ബഹുസ്വരതയെക്കുറിച്ചാണ് വായനശാല എന്ന കവിതയിലൂടെ കവയിത്രി ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്. ബഷീറിനേയും വിജയനേയും തകഴിയേയും എം ടിയേയും പുതിയ പരിസരങ്ങളില്‍ വ്യത്യസ്ത വായനകള്‍ ആവശ്യപ്പെടുകയാണ് എഴുത്തുകാരി. ഖസാക്കിന്‍റെ ഇതിഹാസം ഒ വി വിജയന്റേതല്ലെന്നും രവിയുടേതാണെന്നും പറഞ്ഞു വയ്ക്കുമ്പോള്‍ ബാര്‍ഥ് വായനക്കാരന്‍റെ മനസ്സിലേക്ക് ഉടുക്കും കൊട്ടി എത്തുന്നു.
മലയാള കവിത ഇന്നു മാറ്റത്തിന്‍റെ പാതയിലാണ്, കവിത ബഹുസ്വരതയുടെ തരംഗങ്ങള്‍ സൃഷ്ടിച്ച് വിവിധ തലങ്ങളിലേക്കിറങ്ങി ചെല്ലുന്നത് നാമനുഭവിക്കുന്നു. ഓരോ കവിയും ഇതര കവികളില്‍ നിന്നു വ്യത്യസ്തരാകുന്നു. ഓരോ കവിയും അവനവനെത്തന്നെ നവീകരിച്ചു കൊണ്ടേയിരിക്കുന്നു. വായനശാലയിലെ ഓരോ കവിതയും പ്രമേയം കൊണ്ടും അവതരണ രീതി കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു. പ്രമേയങ്ങളിലെ വൈവിധ്യം തന്നെയാണ് ഈ പുസ്തകത്തിലെ കവിതകളെ ശ്രദ്ധേമാക്കുന്നതും.