Monday
18 Feb 2019

ആശ്വാസത്തിന്‍റെ..അല്ല അഭിമാനത്തിന്‍റെ തണലേകുന്ന ഇരിപ്പിടങ്ങള്‍

By: Web Desk | Thursday 5 July 2018 10:18 PM IST

പി എസ് രശ്മി

തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് സ്വപ്‌നം മാത്രമായിരുന്നു.. തുല്യ ജോലിക്ക് തുല്യകൂലി മാത്രമല്ല.. മണിക്കൂറുകളോളം നിന്നു ജോലിചെയ്ത് മടുക്കുമ്പോള്‍ ഒന്നിരിക്കാന്‍, മൂത്രമൊഴിക്കണമെങ്കില്‍ തിരിച്ചു വീട്ടില്‍ എത്തേണ്ട അവസ്ഥ ഇല്ലാതാകാന്‍, പിന്നെ ജോലിയെല്ലാം കഴിഞ്ഞു രാത്രി വൈകി മടങ്ങുമ്പോള്‍ പിന്തുടരുന്ന വൃത്തികെട്ട നോട്ടങ്ങളില്‍ നിന്നും മോചനം കിട്ടാന്‍… ഇതെല്ലാം നേടിയെടുക്കാന്‍ ധൈര്യത്തോടെ ചിലര്‍ മുന്നോട്ടു വന്നു. തെരുവിലിറങ്ങി സമരം ചെയ്തു. പക്ഷെ അന്ന് അധികാരത്തില്‍ ഇരുന്നവര്‍ ഇവരെ കണ്ടില്ലെന്നു നടിച്ചു. പക്ഷെ അവര്‍ക്കൊപ്പം നില്‍ക്കാന്‍, അവരുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായി.. ഇടത് മുന്നണി സര്‍ക്കാര്‍ സ്ത്രീകള്‍ക്കു മുന്‍ഗണന നല്‍കി ഒരു നിയമം ഭേദഗതി ചെയ്യുമ്പോള്‍ അവിടെ ഒരു പുതിയ തുടക്കം കുറിക്കുകയാണ്. ഷോപ്‌സ് ആന്‍ഡ് എസ്സ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്‍റെ ഈ ഭേദഗതി ഗതി മാറ്റുക ഒരു കൂട്ടം സ്ത്രീകളുടെ ജീവിതമാണ്. സ്ത്രീയുടെ അഭിമാനവും, അന്തസ്സും, സംരക്ഷണണവും ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍.. സുരക്ഷിതത്വം അവള്‍ക്കും സ്വന്തമാകുകയാണ്.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് നിയമം മാറ്റിയിരിക്കുന്നത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള ദാക്ഷിണ്യമല്ല അവകാശമാണ് അവള്‍ക്ക് സ്വന്തമാകുക. അശ്ലീല ചുവയോടെയുള്ള സംസാരവും നോട്ടങ്ങളും തൊഴിലിടത്തില്‍ ഇനി ഒരു പെണ്ണിനും നേരിടേണ്ടി വരില്ല എന്നത് അഭിമാനകരമായ നേട്ടം തന്നെയായാണ്. തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ ഒന്നും സഹിക്കേണ്ട അവസ്ഥ ഇനി സ്ത്രീകള്‍കുണ്ടാകരുത് എന്ന് തന്നെയാണ് ഈ നിയമം വ്യക്തമാക്കുന്നത്. ഏറ്റവും ഗുണകരമായ മറ്റൊന്ന് അവള്‍ക്കു സ്വന്തമാകുന്ന ഇരിപ്പിടങ്ങള്‍ തന്നെ.വിപണിയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ തേടി വസ്ത്ര ശാലകളിലെത്തുന്നവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ഷെല്‍ഫില്‍ നിന്നും ഓരോ മോഡല്‍ വസ്ത്രങ്ങള്‍ കാണിക്കുമ്പോഴും അവരുടെ ചുണ്ടില്‍ മായാത്ത ചിരിയുണ്ടാകും. മണിക്കൂറുകളോളം നില്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകള്‍ അവള്‍ക്ക് ആരെയും അറിയിക്കാന്‍ പറ്റില്ലലോ. ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും അവള്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ വേദനയോടെ സഹിക്കുമ്പോള്‍ പോലും ഇരിക്കാനുള്ള അനുവാദം ഇവര്‍ക്കില്ല. അഥവാ അങ്ങിനെ ചോദിച്ചാല്‍ നഷ്ടമാകുന്നത് സ്വന്തം തൊഴില്‍ തന്നെയാകും എന്ന ബോദ്ധ്യവും മറ്റാരേക്കാളും ഇവര്‍ക്കുണ്ട്. ഇതിന്റെയെല്ലാം ബാക്കി പാത്രമായി ഇവര്‍ക്ക് സ്വന്തമാകുന്നത് കുറേ രോഗങ്ങള്‍ മാത്രമാണ്.

മൂത്രാശയ രോഗങ്ങള്‍ മുതല്‍ ഗര്‍ഭപാത്രം താഴെക്കു തള്ളി വരുന്ന രോഗസ്ഥിതി വരെ ഈ നില്‍പ്പിന്റെ ഫലമാണ് . പിന്നെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യമില്ലാത്ത തൊഴിലിടവും. ഈ അവസ്ഥയാണ് മാറ്റപ്പെടുന്നത്. ഇരിപ്പിടങ്ങള്‍ അവകാശമാകുമ്പോള്‍ ആശ്വാസം മാത്രമല്ല.. അഭിമാനവുമാണ്. രാത്രിയില്‍ ജോലിചെയ്യുന്ന സ്ത്രീയുടെ സുരക്ഷയും, രാത്രി ജോലിക്ക് ശേഷം സുരക്ഷിതയായി തന്റെ വീട്ടിലെത്തുക എന്നതും ഓരോ സ്ത്രീയുടെയും അവകാശമാകുകയാണ് ഇനി . രാത്രി വൈകി എല്ലാ ജോലികളും തീര്‍ത്തു വീട്ടിലേക്കു മടങ്ങുമ്പോള്‍ പോലും സ്ത്രീ സുരക്ഷിതയല്ല. ജോലി സ്ഥലത്തു നിന്നു സ്ത്രീജീവനക്കാരെ വീട്ടില്‍ സുരക്ഷിതമായി എത്തിക്കാന്‍ ഭൂരിഭാഗം തൊഴില്‍ ഉടമകള്‍ തയ്യാറാകാറുമില്ല. ഇവിടെയും വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുകയാണ് ഈ നിയമഭേദഗതി. ഇതനുസരിച്ചു തൊഴിലുടമകള്‍ തന്നെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയേ പറ്റു. നിയമവ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഉള്ള ശിക്ഷയും വര്‍ധിപ്പിച്ചു. ഏറെ സന്തോഷത്തോടെയാണ് ഓരോ സ്ത്രീ തൊഴിലാളിയും ഈ നടപടിയെ സ്വാഗതം ചെയ്യുന്നത് ..അതേ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന ഈ നിയമഭേദഗതി സ്ത്രീകള്‍ക്കു തൊഴില്‍ ചെയ്യാനുള്ള അവകാശം ഉറപ്പാക്കി അവള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലേകുകയാണ്.