ഞങ്ങള്‍ക്ക് ഇനി ഇരിക്കാം

Web Desk
Posted on July 05, 2018, 10:14 pm

അഡ്വ. ഇന്ദിരാ രവീന്ദ്രന്‍

തുണിക്കടകളിലടക്കമുള്ള തൊഴില്‍ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടം അവകാശമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനാവശ്യമായ നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
അതികഠിനമായ ജീവിതസാഹചര്യങ്ങളില്‍ പെട്ടുഴലുന്ന സ്ത്രീകള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു മാര്‍ഗം എന്ന നിലയിലാണ് റെസ്റ്റോറന്റുകളിലും മാളുകളിലും തുണിക്കടകളിലും മറ്റും പണിയെടുക്കുന്നത്. എന്നാല്‍ അവിടെ അവരെ കാത്തിരിക്കുന്നത് കൊടിയ ചൂഷണവും അവഗണനയുമാണ്.

തൊഴിലിടങ്ങളില്‍ പീഡനം തടയാന്‍ നിയമമുണ്ടെങ്കിലും പലയിടത്തും അതിനുവേണ്ട കമ്മിറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ല. തുണിക്കടകളടക്കമുള്ള വ്യാപാരശാലകളില്‍ ദീര്‍ഘനേരം നിന്നുകൊണ്ടുള്ള തൊഴില്‍ സ്ത്രീതൊഴിലാളികളെ മാനസികവും ശാരീരികവുമായി ബാധിക്കുന്നു. നല്ല തിരക്കുള്ള തുണിക്കടകളില്‍ തൊഴിലാളികള്‍ക്ക് ഒരു കപ്പു വെള്ളം പോലും കുടിക്കാന്‍ സാധിക്കുകയില്ല. രാവിലെ ജോലിക്കു കയറിയാല്‍ രാത്രി ഒമ്പതു മണിവരെ നീണ്ടുപോകുന്നു അവരുടെ ജോലിസമയം. ഇതിനിടയ്ക്ക് ഉച്ച ആഹാരം കഴിക്കാന്‍ കിട്ടുന്ന മുക്കാല്‍ മണിക്കൂര്‍ സമയത്ത് എല്ലാവരും ഓടി ഒത്തുകൂടുമ്പോള്‍ ഒന്നു നിന്നു കഴിക്കാന്‍ പോലും ഉള്ള സൗകര്യം പല കടകളിലും ഉണ്ടാകാറില്ല. കൊണ്ടുവന്ന ആഹാരം ഏതാണ്ട് കഴിച്ചു, കഴിച്ചില്ലെന്ന മട്ടില്‍ അവസാനിപ്പിച്ച് വീണ്ടും തൊഴില്‍ തുടങ്ങുകയാണ്. കാപ്പി കുടിക്കാന്‍ കിട്ടുന്ന 15 മിനിട്ട് ബ്രേക്കിലും എല്ലാവര്‍ക്കും കാപ്പി കിട്ടണമെന്നുമില്ല. ആദ്യം എത്തുന്ന അമ്പതോ അറുപതോ പേര്‍ മാത്രം കുടിച്ചിട്ടുണ്ടാകാം. ബാക്കിയുള്ളവര്‍ക്ക് കിട്ടാറുമില്ല. സമയവും അപ്പോഴേയ്ക്കും കഴിഞ്ഞിരിക്കും. ദീര്‍ഘനേരം നിന്നു പണിയെടുക്കുന്നതുമൂലം സ്ത്രീകള്‍ക്ക് കഴുത്തുവേദന, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍, കാല്‍മുട്ടു വേദന, വേരിക്കോസ് വെയിന്‍ തുടങ്ങിയ നിരവധിയായ അസുഖങ്ങള്‍ പിടിപെടുന്നു. പത്ത് മണിക്കൂറിലേറെ സമയം നിന്ന് പണിയെടുക്കുന്നതുകൊണ്ട് മൂത്രാശയ സംബന്ധമായ രോഗങ്ങളും ഉണ്ടാകുന്നുണ്ട്.

തൊഴില്‍ശാലകളില്‍ ഇരിക്കാനുള്ള അവസരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് ‘ഇരിക്കല്‍ സമരം’ തൃശൂരും കോട്ടയത്തും കൊല്ലത്തും എല്ലാം നടന്നു. എന്നു മാത്രമല്ല തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും നിലനില്‍ക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ സ്ത്രീസംഘടനകളും ഇടതു തൊഴില്‍ സംഘടനകളും 2013 മുതല്‍ സമരം ചെയ്തിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആ ആവശ്യങ്ങള്‍ നിറവേറ്റിത്തരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹം തന്നെ.
തുണിക്കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലിക്കു നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാനും വസ്ത്രവ്യാപാരശാലകളില്‍ ദീര്‍ഘനേരം നിന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കണമെന്നും ജോലിക്കിടയില്‍ സൗകര്യം കിട്ടുമ്പോള്‍ ഇരിക്കാം എന്നും വ്യവസ്ഥ ചെയ്യുന്ന കരട് ബില്ലിനാണ് രൂപം നല്‍കിയിരിക്കുന്നത്. ബില്‍ അംഗീകരിച്ച് നിയമമാക്കാന്‍ ഒട്ടും വൈകിക്കൂട.
ആഴ്ചയില്‍ ഒരു ദിവസം അവധി അവകാശമാക്കാം. രാത്രി 9 മുതല്‍ രാവിലെ 6 വരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണം ഉണ്ടാകും. അഞ്ച് പേരെങ്കിലും ഉള്ള ഗ്രൂപ്പില്‍ ഈ സമയങ്ങളില്‍ ജോലിക്ക് നിയോഗിക്കാന്‍ രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് പണിയെടുക്കാം. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസസ്ഥലത്തെത്താന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തണം. നിലവില്‍ സ്ത്രീകളെ രാത്രി ഏഴ് മുതല്‍ രാവിലെ 6 മണി വരെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല. ഈ വ്യവസ്ഥ ഒഴിവാക്കിയാണ്. സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് സ്ത്രീകളെ രാത്രിയില്‍ ജോലിക്ക് നിയോഗിക്കാതിരിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നത്. ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960 ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്. ഏജന്‍സി വഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന താല്‍ക്കാലിക ജീവനക്കാരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനം നല്ലതുതന്നെ. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കാനുള്ള വ്യവസ്ഥയുമുണ്ട്.

നിയമലംഘകര്‍ക്കുള്ള പിഴത്തുക (ഓരോ വകുപ്പിനും) 5000 രൂപയില്‍ നിന്നും ഒരു ലക്ഷമായും 10000 രൂപയില്‍ നിന്ന് രണ്ട് ലക്ഷമായും ഉയര്‍ത്തിയതും നല്ലതുതന്നെ. ഇടതുപക്ഷ മഹിളാ-തൊഴിലാളി സംഘടനകള്‍ നടത്തിയ എണ്ണമറ്റ സമരങ്ങളുടെ ഫലമായാണ് ഇപ്പോഴത്തെ നിയമഭേദഗതി. നിയമഭേദഗതി നടപ്പിലാക്കാനും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തോടു കൂടിയ പ്രവര്‍ത്തനം ആവശ്യമാണ്. മഹിളാ-തൊഴിലാളി സംഘടനകളുടെ മാത്രമല്ല പൊതുസമൂഹത്തിന്റെയാകെ സമ്മര്‍ദം ഉയര്‍ന്നുവരണം.