ഈ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരിക്കല്‍ക്കൂടി പ്രണാമം

Web Desk
Posted on June 28, 2018, 10:15 pm

 രമ്യാ മേനോന്‍

രിസ്ഥിതി സംരക്ഷണം ഒരു ദിവസത്തെ കാര്യമായി തള്ളുന്നവര്‍ക്ക് എ ലത അത്ഭുതമായിരിക്കാം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് എഴുതാന്‍ ധാരാളംപേരുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിവും ഔത്സുക്യവുമുള്ള ചിലര്‍ മാത്രമെ എടുത്തുപറയാനായി ലോകത്തുണ്ടാകുകയുള്ളൂ. എന്നാലും പരിസ്ഥിതി സംരക്ഷണം എന്നത് ജീവിതചര്യയാക്കിയ എ ലതയെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ പറഞ്ഞുകൊടുക്കേണ്ടതില്ല.
അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുള്ള ഡോ. എ ലത ‘ട്രാജഡി ഓഫ് കോമണ്‍സ്’, ‘ഡൈയിംഗ് റിവേഴ്‌സ്’, ‘കേരള എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്‌സ്’ തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാള്‍ കൂടിയാണ്.
എ ലതയുടെ എഴുത്തുകള്‍ വെറും വിനോദോപാധികള്‍ മാത്രമായിരുന്നില്ല. വായനാസുഖം നല്‍കി കടന്നുപോകുന്ന പുസ്തകങ്ങളില്‍ നിന്ന് വേറിട്ട് നിന്ന ലതയുടെ കൃതികള്‍ പരിസ്ഥിതി സംരക്ഷണത്തിനെക്കുറിച്ച് അറിയേണ്ടവര്‍ക്ക് നിഘണ്ടുകൂടിയാകുന്നു.
പാഠഭേദം പ്രസിദ്ധീകരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ ലതയുടെ എഴുത്തുകളുടെ സമാഹാരം ‘കാട് മുതല്‍ കടല്‍ വരെ’ എന്ന പുസ്തകത്തിന്റെ പ്രകാശനനം നടന്നിരുന്നു. ഒരിക്കല്‍ക്കൂടി പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍ അവരെ സമൂഹത്തിന് മുന്നില്‍ ഓര്‍മ്മപ്പെടുത്തി.
ഗാന്ധി സ്മാരക നിധിയും പരിസ്ഥിതി സംരക്ഷണ സംഘടനയായ ട്രീവാക്കും സംയുക്തമായി നടത്തിയ പുസ്തക പ്രകാശന ചടങ്ങില്‍ ഒ വി ഉഷ, ഡോ. ജെ ദേവിക തുടങ്ങിവര്‍ പങ്കെടുത്തു. ലതയുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ പ്രമുഖ യൂത്ത് ക്വയര്‍ സംഘമായ എംബിഎസ് ആലപിച്ചു. ഒപ്പം കാനനം എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു.
ദീര്‍ഘകാലമായി കാന്‍സര്‍രോഗബാധിതയായി ചികിത്സയിലായിരുന്ന ഡോ. എ. ലത അന്‍പത്തിയൊന്ന് വയസ്സില്‍ തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ചാണ് ഈ ലോകത്തോട് വിടപറയുന്നത്.
അതിരപ്പിള്ളി, പാത്രക്കടവ് സമരങ്ങളിലെ പ്രധാന നേതൃസ്ഥാനനിരയില്‍ ഉണ്ടായിരുന്ന ലത ചാലക്കുടിയിലെ റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിരുന്നു.
അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്ന നിലയിലുള്ള സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് അവര്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായത്. പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ലത പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായി.
ലത ഉള്‍പ്പെടുന്ന ദേശീയ തലത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ഫോറത്തിന്റെ നിരന്തരമായ ശ്രമഫലമായാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മറ്റിയെ നിയോഗിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വന്‍കിട ഡാം വിരുദ്ധ സമരങ്ങള്‍ക്ക് അക്കാദമിക് പിന്തുണയും ലത നല്‍കിയിരുന്നു.
‘റിവര്‍ റിസര്‍ച്ച് സെന്റര്‍’ എന്ന സര്‍ക്കാരിതര സംഘടനയുടെ ഡയറക്ടര്‍ ആയിരുന്ന ലത ഈ സംഘടനയുടെ സഹായത്തോടെ പുഴ സംരക്ഷണം സംബന്ധിച്ച പഠന പ്രവര്‍ത്തനങ്ങള്‍ക്കും അതിരപ്പിള്ളി പദ്ധതി വിരുദ്ധ സമരത്തിനും നേതൃത്വം നല്‍കി. കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്.