”സ്‌നേഹ പതാകകള്‍”

Web Desk
Posted on March 04, 2018, 8:05 am

പി ഉഷാകുമാരി

തിരക്കേറിയ ബസ്‌ബേയ്ക്കരികിലെ ഡിവൈഡറിനിടയിലാണ് അയാള്‍ എന്നെ കൊണ്ടുനിര്‍ത്തിയത്. അവിടെ നിര്‍ത്തിയിട്ട്, മുണ്ട് മടക്കിക്കുത്തി അഭിമാനത്തോടെ അന്തസുള്ള ഒരു ജോലി ചെയ്തുതീര്‍ത്തമട്ടില്‍ അയാള്‍ നടന്നുപോയി. രണ്ടുപ്രാവശ്യം എന്നെ തിരിഞ്ഞുനോക്കി. പച്ചനിറത്തിലെ ഒരു ഉടുപ്പായിരുന്നു ഞാന്‍ ധരിച്ചിരുന്നത്.
റോഡിലൂടെ നൂറുകണക്കിനാളുകള്‍ തിരക്കേറി പോകുന്നതുകണ്ടു. ചിലരൊക്കെ എന്നെ ഒന്നു പാളിനോക്കി. ഒട്ടും ശ്രദ്ധിക്കാതെപോയ കുറേപേര്‍. തനിച്ചുനിന്ന് എനിക്ക് ബോറടിതുടങ്ങി. കാറ്റത്ത് എന്റെ ഉടുപ്പ് നന്നായി ഇളകിയാടി. വൈകുന്നേരമായപ്പോഴേയ്ക്കും രണ്ടുമൂന്ന് പേര്‍ എന്റെ അടുത്തുവന്ന് എന്തൊക്കെയോ പറയുന്നത് കേട്ടു. ”ഇവിടെ വേണ്ടായിരുന്നു. അപ്പുറത്തായിരുന്നു നല്ലത്.” ”ഇത് നല്ല ബസ്റ്റ് സ്ഥലമാണ്. എല്ലാവരും കാണും.” അങ്ങനെ എന്തൊക്കെയോ പറഞ്ഞു. അന്ന് ഞാന്‍ ഒറ്റയ്ക്ക് നിന്ന് സങ്കടപ്പെട്ടു. പിറ്റേദിവസം കുറേപേര്‍ ഒത്തുചേര്‍ന്ന് മുഷ്ടിചുരുട്ടി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് ഒരു ചുവന്ന ഉടുപ്പുകാരിയെ എന്റെ അരികില്‍ നിര്‍ത്തി. അവര്‍ ചുറ്റുംകൂടി ആഹ്ലാദിച്ച് ഇടയ്ക്കിടെ എന്നെയും നോക്കി ഗര്‍വോടെ തലയുയര്‍ത്തിപോയി. അതില്‍ ചിലര്‍ക്ക് എന്റെപുറത്ത് കൈവയ്ക്കണമെന്നുണ്ടായിരുന്നു. കൂട്ടത്തിലെ നേതാവെന്നുതോന്നുന്ന ആള്‍ അവരെ നിരുത്സാഹപ്പെടുത്തി.

ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുക്കുന്നതും കേട്ടു. രണ്ടുനിറത്തിലെ ഉടുപ്പിട്ട ഞങ്ങള്‍ രണ്ടുപേര്‍ അടുത്തടുത്ത് നില്‍ക്കുന്നത് കണ്ട് പലര്‍ക്കും കൗതുകം തോന്നി. ഞങ്ങള്‍ വളരെ പെട്ടെന്ന് സൗഹൃദത്തിലായി. ചുവന്ന ഉടുപ്പുകാരി എന്നോടു ചോദിച്ചു ”എത്ര ദിവസം ഇവിടെ നില്‍ക്കണം”-എനിക്കറിയില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ചുവന്ന ഉടുപ്പുകാരിയോട് തിരിച്ചും ചോദിച്ചു: ”നിനക്ക് എത്രദിവസം ഇവിടെ നില്‍ക്കണം”- അറിയില്ലെന്ന് അവളും പറഞ്ഞു.
ഞങ്ങളുടെ ഉടുപ്പുകളുടെ നിറം മങ്ങി, തിളക്കമില്ലാതെ കീറിത്തുടങ്ങിയാലും ചിലപ്പോള്‍ ആരും കൊണ്ടുപോകില്ല. ഒരു ദിവസം നിര്‍ത്തിയിട്ട് വേഗത്തില്‍ കൈയും പിടിച്ച് പോകുന്നവരുമുണ്ട്. അങ്ങനെ ഞങ്ങള്‍ പലതും പറഞ്ഞു. നല്ല കാറ്റുള്ളപ്പോള്‍ പലപ്പോഴും ഞങ്ങളുടെ ഉടുപ്പുകള്‍ തമ്മില്‍ തൊട്ടുരുമ്മി നിന്നു. അന്ന് രാത്രിയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായി. മഴ നനഞ്ഞു കുതിര്‍ന്ന് ഞങ്ങളുടെ ഉടുപ്പുകള്‍ ഒട്ടിച്ചേര്‍ന്നുകിടന്നു. ഉടുപ്പില്‍ നിന്നും മഴത്തുള്ളികള്‍ അടര്‍ന്നടര്‍ന്ന് ഭൂമിയിലേയ്ക്ക് പതിച്ചു. രൂപവും ഭംഗിയും നഷ്ടപ്പെട്ട ഉടുപ്പുകള്‍ ചുരുണ്ടുകൂടി. അവള്‍ എന്നോട് സങ്കടത്തോടെ പറഞ്ഞു: ”മഴ നനഞ്ഞ് കുതിര്‍ന്ന് എന്റെ ഉടുപ്പ് ചെറുതായി” ”എന്റേയും”-എന്നുപറഞ്ഞ് ഞാനവളെ ആശ്വസിപ്പിച്ചു. വെയിലത്ത് നമ്മുടെ ഉടുപ്പുകള്‍ ഉണങ്ങി തിളങ്ങിയാടുമെന്ന് അവളോട് ഞാന്‍ പറഞ്ഞു.

ഉച്ചമയക്കത്തിലാണ് കൊട്ടും പാട്ടും മേളവുമൊക്കെയായി കുറേപേര്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്. അവരുടെ കൂടെ ഓറഞ്ച് വര്‍ണത്തിലുള്ള ഒരു ഉടുപ്പുകാരി ഉണ്ടായിരുന്നു. അവര്‍ അവളെ ഞങ്ങളുടെ ഇടയില്‍ തിരികിക്കയറ്റി നിര്‍ത്തി. ഞങ്ങള്‍ക്ക് വല്ലാത്ത ദേഷ്യം തോന്നി. വന്നവര്‍ അട്ടഹസിച്ച് അഹങ്കാരത്തോടെ ഞങ്ങളെ നോക്കി പരിഹസിച്ചു. ഞങ്ങളുടെ ഉടുപ്പിന് പിടിച്ച് പൊക്കിയെടുത്ത് കളയുവാന്‍ വരെ ശ്രമിച്ചു. പിന്നെ പിരിഞ്ഞുപോയി.
ഞങ്ങള്‍ക്ക് പഴയതുപോലെ അടുത്ത് നിന്ന് മിണ്ടുവാന്‍ ആയില്ല. ഇടയില്‍ നില്‍ക്കുന്നവര്‍ സൗഹൃദത്തിന് തടസമായി. എങ്കിലും ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി ചിരിച്ചുനിന്നു. അവള്‍ക്ക് ഞങ്ങളോട് സൗഹൃദത്തിലാവുകയേ തരമുണ്ടായിരുന്നുള്ളു. അന്ന് ക്ഷീണംകൊണ്ട് ഞങ്ങള്‍ നന്നായി ഉറങ്ങിപ്പോയി. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് പലനിറത്തിലുള്ള ഉടുപ്പിട്ടവര്‍ ഞങ്ങളോടൊപ്പം നിരന്നുനില്‍ക്കുന്നു. വളരെ ആശ്ചര്യത്തോടെ ഞാന്‍ ചുറ്റും നോക്കി. എന്റെ തൊട്ടടുത്ത് പച്ചയും വെള്ളയും ഓറഞ്ചും കൂടിയുള്ള നിറത്തിലെ ഉടുപ്പിട്ടവള്‍. മറ്റൊരാളുടെ വെള്ളയുടുപ്പില്‍ നക്ഷത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. നീലയും ചുവപ്പും കൂടി കലര്‍ന്ന ഉടുപ്പ് ധരിച്ചവള്‍ യുവത്വത്തിന്റെ പ്രസരിപ്പുള്ളവളായിരുന്നു. ചില ഉടുപ്പുകളില്‍ ഒന്നിലധികം ഇംഗ്ലീഷ് അക്ഷരങ്ങളും ഉണ്ടായിരുന്നു. ഞാന്‍ തലതിരിച്ചൊന്നു നോക്കിയപ്പോള്‍ അവസാന നിരയില്‍ ഒരു മഞ്ഞ ഉടുപ്പുകാരിയേയും കണ്ടു.

”ഹൊ” ”എന്തൊരു ചന്തം.” പലനിറത്തിലെ ഉടുപ്പിട്ട ഞങ്ങള്‍ തിരക്കുള്ള റോഡില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്തെല്ലാം കാഴ്ചകള്‍. ആദ്യമൊക്കെ കൂട്ടുകാരെ കണ്ടപ്പോള്‍ തോന്നിയ നീരസം പിന്നീട് തോന്നിയില്ല. നഗരത്തിലെത്തുന്ന എല്ലാവരും ഞങ്ങളെ ശ്രദ്ധിച്ചു. വളരെ തിരക്കുപിടിച്ച് പോകുന്നവര്‍ പോലും ഞങ്ങളെ തിരിഞ്ഞുനോക്കി, പുഞ്ചിരി തൂകും. ഞങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ടെന്ന് അതുവഴി പോയവര്‍ പറഞ്ഞു. കൗതുകത്തോടെ നോക്കി ചിരിച്ചത് ബസ് യാത്രക്കാരായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ ഞങ്ങളുടെ ഉടുപ്പില്‍ തൊട്ടുനോക്കി. ചിലര്‍ മൊബൈലില്‍ ഞങ്ങളെ പകര്‍ത്തി. വേറെ ചിലര്‍ ഞങ്ങളുടെയിടയില്‍ നിന്ന് സെല്‍ഫിയെടുത്തു. എത്രയെത്ര നിറങ്ങള്‍. ഞങ്ങള്‍ ഉല്ലാസവതികളായി, അഭിമാനത്തോടെ നിന്നു.

വളരെ പെട്ടെന്നാണ് ദൂരെനിന്നും ഒരു ജാഥ വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ ജാഥയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ആവേശത്തോടെ വരുന്നത് കണ്ടു. ജാഥ കൊഴുപ്പിക്കുന്നത് പലപ്പോഴും ഞങ്ങള്‍ തന്നെയാണ്. ഘനഗംഭീര ശബ്ദത്തോടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവന്നു. അത് കേട്ട് ഞങ്ങള്‍ കോരിത്തരിച്ചു. ജാഥയുടെ മുന്‍നിരയില്‍ യുവത്വത്തിന്റെ ചുടുരക്തം കടല്‍ത്തിരപോലെ പതഞ്ഞുപൊങ്ങി വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ജാഥയുടെ വേഗത കുറഞ്ഞു. എല്ലാവരും ഞങ്ങളെതന്നെ നോക്കുകയാണ്.

കാണാന്‍ കൗതുകമുണ്ടെങ്കിലും ഞങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്നതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. ആന കാടിളക്കി പോയപോലെ ജാഥ കടന്നുപോയി. ഞങ്ങള്‍ ആശ്വസിച്ചു. അപ്രതീക്ഷിതമായാണ് നഗരത്തില്‍ ഇടിമിന്നലും കൊടുങ്കാറ്റും പേമാരിയും ഉണ്ടായത്. ആ പ്രകൃതിദുരന്തത്തില്‍ ഞങ്ങളില്‍ ചിലര്‍ കാലിടറി വീണു.
പാതിരാത്രിയില്‍ അതുവഴി കുടയില്ലാതെ വന്ന ഒരാള്‍ കൂട്ടത്തിലൊരുവളുടെ ഉടുപ്പുകീറി കുട ചൂടിപ്പോയി. മഴ നനയാതെ വീട്ടിലെത്താനുള്ള അയാളുടെ ഓട്ടത്തിനിടയില്‍ ഞങ്ങളെ അവിടെ കൊണ്ടുനിര്‍ത്തിയവരെ കുറിച്ച് ഓര്‍ത്തില്ല.

ഞങ്ങളുടെ ഉടുപ്പിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഞങ്ങള്‍ നിസഹായരായി നോക്കിനിന്നു. ഉടുപ്പുകള്‍ വലിച്ചുകീറി പ്രതികാരം ചെയ്യുന്നവരെ നോക്കി ഞങ്ങള്‍ സങ്കടപ്പെട്ടു. മിനിട്ടുകള്‍ക്കുള്ളില്‍ ആളുകള്‍ ഓടിയടുക്കുന്നതും തല്ലിച്ചതയ്ക്കുന്നതും കല്ലെറിയുന്നതും കണ്ട് ഞങ്ങള്‍ പരിഭ്രാന്തരായി. പൊലീസും ആളുകളും തമ്മില്‍ പരസ്പരം തല്ലി. തെരുവ് യുദ്ധം കൊടുമ്പിരികൊണ്ടു. ഉടുപ്പുകള്‍ അടയാളങ്ങളും നിറങ്ങള്‍ വകഭേദങ്ങളുമാണെന്ന തിരിച്ചറിവില്‍ ഞങ്ങള്‍ മിഴി പൂട്ടിനിന്നു. ആള്‍ക്കൂട്ടത്തിന്റെഇടയിലേയ്ക്ക് പൊലീസ് നീങ്ങി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഞങ്ങളുടെ ഉടുപ്പുകള്‍ അപ്പോഴും നനയുന്നുണ്ടായിരുന്നു.