വെനീസിന്റെ ‘മൂന്നര’ നക്ഷത്രം

Web Desk
Posted on April 07, 2019, 9:30 am

ആര്‍ ബാലചന്ദ്രന്‍

മനസ്സില്‍ കാത്ത് സൂക്ഷിച്ച സ്വപ്‌നം സഫലമാക്കാന്‍ ഒട്ടേറെ ജീവിത പ്രതിസന്ധികളിലൂടെ കടന്ന് വന്ന വ്യക്തയാണ് അറുമഖനെന്ന മുന്നരയടി പൊക്കക്കാകാരന്‍. പൊക്കമില്ലായ്മ ഒരു കുറവാണെന്ന് കണ്ടിരുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കാന്‍ ഒരു പരിധിവരെയെങ്കിലും ഇദ്ദേഹത്തിന് കഴിഞ്ഞു. സിനിമയിലും ടെലിവിഷന്‍ സീരിയലുകളുമായി തിളങ്ങിനില്‍ക്കുന്ന ഈ നാല്‍പ്പത്തിമൂന്നുകാരന്‍ കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ അഭിമാന താരകമാണ്. ഗിന്നസ് പക്രു (അജയന്‍) മുതല്‍ നിരവധി പൊക്കം കുറഞ്ഞ താരങ്ങള്‍ മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. തന്റെ പരിമിതികളെ കുറിച്ച് ചെറുപ്പകാലം മുതലേ ഉയര്‍ന്നു കേള്‍ക്കുന്ന ആക്ഷേപങ്ങളെ വിഷമത്തോടെയാണ് അറുമുഖന്‍ അഭിമുഖീകരിച്ചത്. സുഹൃത്തുക്കള്‍ പോലും ഒപ്പം നിന്നില്ല. ജോക്കറെന്ന് വിളിപ്പേരിന്റെ ദു:ഖ ഭാരവുമായി കഴിച്ചുകൂട്ടിയ സ്‌കൂള്‍— കോളേജ് ജീവിതം പലപ്പോഴും സങ്കടങ്ങളുടെ തീച്ചുളയിലായിരുന്നു. എന്നാല്‍ അതില്‍ നിന്നും ഉയര്‍ത്തെഴുനേല്‍ക്കാന്‍ അറുമുഖനെ പ്രാപ്തമാക്കിയത് കലയോടുള്ള അഭിനിവേശം തന്നെയായിരുന്നു. മിമിക്രി, മോണോആക്ട്, ചിത്രകല, നാടകം തുടങ്ങി ഇനങ്ങളായിരുന്നു താല്‍പ്പര്യം. പ്രീഡിഗ്രിക്ക് ആലപ്പുഴ എസ് ഡി കേളേജില്‍ പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരികൂട്ടി. ഇതാണ് മലയാള സിനിമ- സീരിയല്‍ രംഗത്തേക്ക് വരുന്നതില്‍ ഷണ്‍മുഖന് സഹായകമായത്. 28 വര്‍ഷമായി ഈ രംഗത്ത് തിളങ്ങി നില്‍ക്കുന്ന ഈ കുഞ്ഞു നക്ഷത്രം പ്രശസ്തിയുടെ പടവുകള്‍ കയറുകയാണ്.

ഒരു തികഞ്ഞ കലാ കുടുംബത്തിലായിരുന്നു അറുമുഖന്‍ ജനിച്ചത്. പിതാവായിരുന്ന രാമനാരായണന്‍ തൃശ്ശൂരിലെ ശ്രീമുരുകബാലെ സംഘത്തിന്റെ ഉടമയായിരുന്നു. മാതാവ് രമണി ഒരു ഗായികയും. കുടയും ബാഗും നന്നാക്കുന്ന ജോലിയായിരുന്നു പിതാവിന്. 1993 ല്‍ ആലപ്പുഴ എസ് ഡി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അറുമുഖന് മാതാപിതാക്കളെ നഷ്ടമാകുന്നത്. അസ്ഥികളുടെ ബലക്ഷയം മൂലം അമ്മ മരിച്ച് അഞ്ച് മാസത്തിനകം അച്ഛനും ഓര്‍മ്മയായി. അതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട അറുമുഖന് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തിന്റെ താങ്ങും തണലുമായിനിന്നവര്‍ നഷ്ടപ്പെട്ടതോടെ പട്ടിണിയും പരിവട്ടവുമായി. അച്ഛനും അമ്മയും കലകള്‍ പഠിപ്പിച്ചെങ്കിലും ജീവിക്കാന്‍ ഒരു തൊഴില്‍ പഠിപ്പിച്ചിരുന്നില്ല. മുല്ലക്കലിലെ സെന്റ് ജോര്‍ജ് (ഇന്ന് ജോണ്‍സ്) കടയ്ക്ക് മുന്നിലെ വരാന്തയിലിരുന്ന് കുടയില്‍ പേരെഴുതിയാണ് ജീവിതം ആരംഭിച്ചത്. പിന്നീട് പുതിയ ബാഗുകളും ചെരുപ്പുകളും തുന്നാനും നന്നാക്കാനും പഠിച്ചു. ഇതിലെ ചെറിയ വരുമാനം പട്ടിണിയില്‍ നിന്നും രക്ഷിച്ചു. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപില്‍ അഭിനയിച്ച ശേഷം നാട്ടില്‍ അറിയപ്പെടുന്ന താരമായതോടെ സര്‍ക്കാര്‍ സഹായങ്ങളും അറുമുഖനെ തേടിയെത്തി. ചെറിയൊരു കട അനുവദിച്ചതോടെ അഭിനയത്തിനൊപ്പം മറ്റൊരു വരുമാനവപമായി.

തികച്ചും അപ്രതീക്ഷിതമായായിരുന്നു സിനിമയിലേക്കുള്ള അറുമുഖന്റെ പ്രവേശം. 1991ല്‍ പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് സദ്ദിഖ്- ലാല്‍ ടീമിന്റെ വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിംങ് ആലപ്പുഴയില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. മോഹല്‍ലാലിനെ കാണാന്‍ ലൊക്കേഷനിലെത്തിയപ്പോള്‍ കുട്ടികള്‍ക്കൊപ്പമുള്ള സീനില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി എ ലത്തീഫ് അറുമുഖനെയും പിടിച്ച് നിര്‍ത്തി. പിന്നീട് കാബൂളിവാലയിലും ചെറിയ വേഷം ലഭിച്ചു. അതിന് ശേഷം സര്‍ഗവസന്തം, ഷാര്‍ജാ ടു ഷാര്‍ജാ, ഓര്‍ഡിനറി, കുട്ടിയും കോലും, ഡയറി മില്‍ക്ക്, ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍, മായാപുരി-3ഡി തുടങ്ങി മലയാളത്തിലും തമിഴിലുമായി 30 ഓളം ചിത്രങ്ങളിലെ ചെറിയ വേഷങ്ങള്‍ ലഭിച്ചു. ഓര്‍ഡിനറി, അത്ഭുതദ്വീപ് എന്നീ സിനിമകളാണ് തന്റെ അഭിനയ ജീവിതം കെട്ടിപ്പടുക്കാന്‍ സഹയകമായ ചിത്രങ്ങള്‍. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയതും കോളജ് പഠനകാലത്തായിരുന്നു. സിനിമാ രംഗത്ത് നിറഞ്ഞുനിന്ന ആര്യാട് ഭാര്‍ഗവന്റെ ഉടമസ്ഥതയിലുള്ള വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്ററിലായിരുന്നു അഭിനയ കല പഠിച്ചത്. സിനിമയില്‍ നായക കഥാപാത്രം ഇത്തരക്കാരെ തേടിയെത്തുന്നത് നന്നേകുറവാണ്. എന്നാല്‍ അത്തരമൊരു ഭാഗ്യം അറുമുഖന് ലഭിച്ചു. എറണാകുളത്തുള്ള സുഹൃത്ത് മുരളിയുടെ റെക്കോഡിംങ് സ്റ്റിയുഡിയോ കാണാന്‍ പോയിരുന്നു. അവിടെവെച്ചാണ് സുരാജ് എസ് കുറുപ്പ് എന്ന സംവിധായകനെ പരിചയപ്പെടുന്നത്. എന്നാല്‍ അത് തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് അറുമുഖന്‍ കരുതിയിരുന്നില്ല. പൊക്കകുറവുള്ളവര്‍ക്കായി ‘മൂന്നര’ എന്ന സിനിമക്ക് വേണ്ടി നയകനാകാന്‍ വിളി വന്നു. സിനിമയിലെ നായിക മഞ്ജുവിനെ നിര്‍ദ്ദേശിച്ചതും അറുമുഖനായിരുന്നു. നടിക്കും തന്നെപ്പോലെ മൂന്നര പൊക്കമേ ഉണ്ടായിരുന്നുള്ളു. ഒരു ക്രൈം ത്രില്ലറായിരുന്ന ഈ സിനിമ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാതെ പോയി.

കോമഡി റിയാലിറ്റി ഷോകളിലും അറുമുഖന്‍ കഴിവു തെളിയിച്ചു. എന്നാല്‍ ആ പ്ലാറ്റ്‌ഫോമില്‍ അത്രയോജിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇത്തരം ഷോകള്‍ നല്‍കിയത് കടുത്ത സാമ്പത്തിക ബാധ്യതയാണ്. കോമഡി ഷോ നിരവധി എപ്പിസോഡുകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ചാനല്‍ അധികാരികള്‍ കൈമലര്‍ത്തി. പറഞ്ഞുറപ്പിച്ച തുക തരാതെ ഷോയില്‍നിന്നും അവര്‍ പിന്‍മാറുകയായിരുന്നുവെന്ന് അറുമുഖന്‍ പറയുന്നു. സ്വര്‍ണം പണയംവെച്ചും കടംവാങ്ങിയുമാണ് ഇതിന്റെ പിന്നാലെ പോയത്. ഇന്നും അതിന്റെ കടം പൂര്‍ണ്ണമായും വീട്ടാന്‍ കഴിഞ്ഞിട്ടില്ല. അഭിനയത്തില്‍ കോമഡിയാണ് തനിക്ക് ഏറ്റവും ഇണങ്ങുന്നതെന്ന് അറുമുഖന്റെ സാക്ഷ്യപ്പെടുത്തല്‍. എന്നാല്‍ മിക്കപ്പോഴും വില്ലന്‍ കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. അതില്‍ ചെറിയ പരിഭവം ഉള്ളില്‍ അവശേഷിക്കുന്നുണ്ട്. മകന്‍ വലിയ കലാകാരനാകണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സഫലമായതിന്റെ സന്തോഷം അറുമുഖന്റെ മുഖത്ത് കാണാം. മക്കളെ നല്ല രീതിയില്‍ വളര്‍ത്തണം, വീടുവെയ്ക്കണം അങ്ങനെ കൊച്ചുകൊച്ചു ആഗ്രഹങ്ങളും മനസിലുണ്ട്. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡിലെ തറയ്ക്കല്‍ വീട്ടിലാണ് അറുമുഖനും ഭാര്യ രാധികയും താമസിക്കുന്നത്. തത്തംപ്പള്ളി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളായ ആര്യയും ആഗ്രയുമാണ് മക്കള്‍.