എ പി കുഞ്ഞാമു

May 30, 2021, 4:24 am

എനിക്ക് എന്റെ വഴി

Janayugom Online

തനിക്ക് പരിചയമുള്ള ലോകത്തെ കുറിച്ച് തനിക്ക് വഴങ്ങുന്ന ഭാഷയിൽ മാത്രമേ മണിയൂർ ഇ ബാലൻ എഴുതിയിട്ടുള്ളു. ചാലിയത്തെരുവാണ് മിക്കവാറും അദ്ദേഹത്തിന്റെ കഥാപശ്ചാത്തലം. നെയ്ത്ത് ഉപജീവനമായി സ്വീകരിച്ചവരാണ് ചാലിയ സമുദായക്കാർ. മണിയൂർ ബാലൻ മാസ്റ്റർ എഴുതിയത് ഈ സമുദായത്തിന്റെ കണ്ണീരിനേയും കിനാവിനേയും കുറിച്ചാണ്. മെയ് ഒന്‍പതിന് അന്തരിച്ച മണിയൂര്‍ ഇ ബാലന്‍ മാസ്റ്ററെ അനുസ്മരിക്കുന്നു.

‘ഒടുക്കത്തെ ദാഹ’മാണോ അതോ ‘വരണ്ടു പോകുന്ന നമ്മളോ’, പുസ്തകമേതാണെന്നറിയില്ല. എം ടി വാസുദേവൻ നായരെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്ന് ബാലൻ മാസ്റ്റർക്ക് നിർബ്ബന്ധം. എം ടിയോട് ആരു സംഗതി പറയും, പറഞ്ഞാൽത്തന്നെ എം ടി വരുമോ, എം ടി വരുന്ന ഒരു പരിപാടി രീതിയിൽ ചടങ്ങ് കൊഴുപ്പിക്കുവാൻ നമുക്ക് സാധിക്കുമോ എന്നൊക്കെയുള്ള സംശയം ഉത്സാഹക്കമ്മിറ്റിക്കാരായ ഞങ്ങൾക്കൊക്കെയുണ്ടായിരുന്നു. ആരാണ് എം ടി യെ പോയിക്കണ്ട് ക്ഷണിച്ച് സമ്മതിപ്പിക്കുക? അതായിരുന്നു ഉത്തരം കിട്ടാത്ത ചോദ്യം..
ഞാൻ ക്ഷണിക്കും, എം ടി വരും.
ഒട്ടും സന്ദേഹമില്ലാത്തതായിരുന്നു ബാലൻ മാസ്റ്ററുടെ മറുപടി. സംഗതി വിചാരിച്ച പോലെ തന്നെ നടന്നു. എം ടി വാസുദേവൻ നായർ വന്നു പുസ്തകം പ്രകാശിപ്പിച്ചു, മണിയൂർ ഇ ബാലന്റെ കഥകളെപ്പറ്റി വിശദമായി സംസാരിച്ചു. എല്ലാം കൊണ്ടും ചടങ്ങ് ഗംഭീരവും ഹൃദ്യവുമായി. അതിന്റെ സന്തോഷവുമായി കൂടിയിരുന്നു സംസാരിക്കുന്നതിന്നിടയിൽ ആരോ ചോദിച്ചു — എം ടി യുമായി നല്ല അടുപ്പമാണ് അല്ലേ?
ബാലൻ മാസ്റ്റർ ചിരിച്ചു, എന്നിട്ടു പറഞ്ഞു: എന്ന് പറഞ്ഞു കൂടാ. ഞാനിവിടെ കോഴിക്കോട്ട് ജോലി ചെയ്തിരുന്നുവല്ലോ കുറച്ചു കാലം. അന്ന് സ്കൂൾ വിട്ടാൽ ഞാൻ മാതൃഭൂമി ആപ്പീസിന്റെ മുമ്പിലെത്തും. എഴുതിയ കഥ കൈയിലുണ്ടാവും. എം ടി വാസുദേവൻ നായരെ ഏൽപ്പിക്കണം. പക്ഷേ അകത്ത് കയറി അദ്ദേഹത്തെ കാണിക്കാനുള്ള ധൈര്യമില്ല. അങ്ങനെ പുറത്ത് കാത്തു നിൽക്കുമ്പോഴായിരിക്കും അദ്ദേഹം പുറത്തിറങ്ങി വരിക. എന്നെ എം ടി കണ്ടിട്ടോ ശ്രദ്ധിച്ചിട്ടോ ഉണ്ടാവുകയില്ല. നിരത്തിലിറങ്ങി ഏതെങ്കിലുമൊരു ഭാഗത്തേക്ക് നടക്കുന്നുണ്ടാവും അദ്ദേഹം. ഇത്തിരി മാറി പിന്നാലെ ഞാനും നടക്കും. അദ്ദേഹത്തിന്ന് ചില സ്ഥിരം താവളങ്ങളുണ്ട്. അവിടെയെത്തുന്നതു വരെ ഞാനമുണ്ടാവും പിറകിൽ. അദ്ദേഹം അതൊന്നും അറിയില്ല. അങ്ങനെ നടന്ന് നടന്നു് എം ടി യോടുള്ള ആരാധന പ്രകടിപ്പിച്ചു കൊണ്ടിരുന്ന ആളാണ് ഞാൻ. അതാണ് അടുപ്പം. പക്ഷേ അതൊന്നും പറയേണ്ടി വന്നില്ല. മാതൃഭൂമിയിൽ എഴുതിയ കഥകളുടെ പേരിൽത്തന്നെ എന്നെ പരിഗണിച്ചിരുന്നു അദ്ദേഹം.
അപ്പോൾ എം ടി യുടെ പിന്നാലെ കുറേ നടന്നിട്ടുണ്ട് അല്ലേ? കഥയെഴുത്തിലും അങ്ങനെയോ?
തമാശയായാണ് ചോദിച്ചതെങ്കിലും ദൃഢമായിരുന്നു ബാലൻ മാസ്റ്ററുടെ ഉത്തരം.
ഇല്ല. ഒരിക്കലുമില്ല. ആ നടത്തത്തിന്നിടയിൽ എന്റെ ഒറ്റ കഥയും എം ടി യെ നേരിട്ടേൽപ്പിച്ചിട്ടില്ല. അതേപോലെ ഒരു കഥയും എം ടി യെ അനുകരിച്ചെഴുതിയിട്ടില്ല. എനിക്ക് എന്റെ വഴി…
എനിക്ക് എന്റെ വഴി എന്ന് ഇങ്ങനെ ദൃഢമായി പറയാൻ മലയാളത്തിലെ എത്ര എഴുത്തുകാർക്ക് സാധിക്കും? മണിയൂർ ബാലൻ മാസ്റ്ററുടെ കഥകളിലൂടെയും നോവലുകളിലൂടെയും കടന്നു പോവുമ്പോൾ ഇത് നൂറു ശതമാനം ശരിയാണെന്ന് ഉറപ്പിച്ചു പറയാനാവും. തനിക്ക് പരിചയമുള്ള ലോകത്തെ കുറിച്ച് തനിക്ക് വഴങ്ങുന്ന ഭാഷയിൽ മാത്രമേ മണിയൂർ ഇ ബാലൻ എഴുതിയിട്ടുള്ളു. ചാലിയത്തെരുവാണ് മിക്കവാറും അദ്ദേഹത്തിന്റെ കഥാപശ്ചാത്തലം. നെയ്ത്ത് ഉപജീവനമായി സ്വീകരിച്ചവരാണ് ചാലിയ സമുദായക്കാർ.
മണിയൂർ ബാലൻ മാസ്റ്റർ എഴുതിയത് ഈ സമുദായത്തിന്റെ കണ്ണീരിനേയും കിനാവിനേയും കുറിച്ചാണ്. അവരുടെ കൂട്ടത്തിലെ ഒരു പച്ച മനുഷ്യനായിരുന്നു ബാലൻ മാസ്റ്റർ. അതിനാൽ അദ്ദേഹം എഴുതിയത് തന്നെപ്പറ്റി തന്നെയാണെന്ന് പറയാം. തന്നെക്കുറിച്ചെഴുതുന്ന ഒരാൾ എന്തിന്നു മറ്റുള്ളവരെ അനുകരിക്കണം? തനിക്കു ചുറ്റുമുള്ള ആളുകളെക്കുറിച്ചെഴുതുന്ന ഒരാൾ എന്തിന് മറ്റുള്ളവരിൽ നിന്ന് എന്തിന്ന് ആശയങ്ങളും ഭാഷയും കടം വാങ്ങണം. മണിയൂർ ഇ ബാലന് എഴുത്തിന്റെ വഴിയിൽ ഇതൊന്നും വേണ്ടി വന്നിട്ടില്ല.
അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഭാര്യയും ടീച്ചർ. അധ്യാപക ജീവിതം അത്രയൊന്നും ശോഭനമല്ലാത്ത കാലത്താണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അധ്യാപകരുടെ ജീവിത പ്രയാസങ്ങളും ആത്മസംഘർഷങ്ങളും അദ്ദേഹത്തിന്റെ ഒരു പാട് കഥകളിൽ പ്രമേയമായിട്ടുണ്ട്. ഒടുക്കത്തെ ദാഹം അദ്ധ്യാപക ജീവിതം പ്രമേയ പശ്ചാത്തലമായ നോവലാണ്. നോവലിലെ ബാലകൃഷ്ണൻ മാസ്റ്റർ ഒരു പക്ഷേ കഥാകാരൻ തന്നെയാവാം. ‘ഭാവി പൗരന്മാരെ വാർത്തെടുക്കേണ്ട അധ്യാപകർ തങ്ങളുടെ സേവന വേതന വ്യവസ്ഥകളിൽ മാത്രം മുഴുകുകയും വിദ്യാർത്ഥി സമൂഹത്തിന്റെ മനസ്സുകളിൽ വെളിച്ചം പകരുക എന്ന ലക്ഷ്യത്തിൽ നിന്ന് അകലുകയും ചെയ്യുന്നതിൽ ‘ഖിന്നനാണ് കഥാകൃത്ത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരധ്യാപകനാണ് മണിയൂർ ഇ ബാലന്റെ ആദർശ കഥാപാത്രം. മലയാളത്തിലെ അദ്ധ്യാപക കഥകൾ അധ്യാപകരുടെ വ്യത്യസ്തമായ രൂപമാതൃകകളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
തനിക്കു പരിചയമുള്ള ലോകത്തെ മാത്രമേ മണിയൂർ ഇ ബാലൻ കഥാരചനയുടെ പശ്ചാത്തലമാക്കിയുള്ളു എന്നു് പറഞ്ഞുവല്ലോ. തനിക്കു പരിചയമുള്ള ലോകത്തിന്റെ വൈജാത്യങ്ങളും വൈചിത്ര്യങ്ങളും അവയുടെ സൂക്ഷ്മതല സ്പർശിയായ അനുഭവ പശ്ചാത്തലത്തിൽ അപ്പാടെ ഒപ്പിയെടുത്തിട്ടുണ്ട് എന്നും പറയണം ബ്ലോട്ടിംഗ് പേപ്പർ മഷി ഒപ്പിയെടുത്ത് ചിത്ര വൈവിധ്യങ്ങൾ സൃഷ്ടിക്കുന്നത് പോലെ.
ഇപ്പോൾ ഞാനോർക്കുന്നത് മണിയൂർ ഇ ബാലൻ മാസ്റ്ററോടൊന്നിച്ചുള്ള ചില യുവകലാസാഹിതി അനുഭവങ്ങളാണ്. ഞാനും ടി വി ബാലനും ബാലൻ മാസ്റ്ററും സമാധാന പദയാത്രയിലെ അംഗങ്ങളായി കാസർഗോഡ്. പരമസാത്വികനായ ബാലൻ മാസ്റ്ററെ തഞ്ചം കിട്ടുമ്പോഴൊക്കെ സ്നേഹപൂർവ്വം കളിയാക്കുന്നത് ടി വി ക്ക് പെരുത്ത് ഇഷ്ടം. സർവ്വസംഗപരിത്യാഗിയെപ്പോലെ അത് കേട്ടു നിൽക്കുന്നത് മാസ്റ്റർക്കും ഇഷ്ടം. അത് സോവിയറ്റ് യൂണിയൻ സന്ദർശനവേളയിലെ കളസമിടൽതൊട്ട് ‘ഭഗവാൻ കാലു മാറുന്നു’ എന്ന നാടകത്തിന്റെ പേര് സായിപ്പന്മാർക്ക് ഭഗവാൻ ചെയ്ഞ്ച്ഡ് ഹിസ് ലെഗ്സ് എന്ന് തർജ്ജമ ചെയ്തത് വരെയുള്ള നിരവധി സെൻസർ ചെയ്യാത്ത കഥകളായി നിറഞ്ഞു ‘ഭാവന പീലി വിടർത്തിയാടുമ്പോൾ ടി വി ബാലന് കഥകൾ ആകാശത്ത് നിന്നിറങ്ങി വരും. ബാലൻ മാസ്റ്റർ ചിരിച്ചു് കൊണ്ട് എല്ലാം കേട്ടു നിൽക്കും.
പദയാത്രയുടെ ഉദ്ഘാടനച്ചടങ്ങാരംഭിച്ചിട്ടില്ല. പൊടുന്നനെ മാഷ് പറയുന്നു.
എനിക്ക് ഉടനെ മന്തരത്തൂരിലെത്തണം.
മന്തരത്തൂർ ‘മണിയൂരിന്നടുത്തുള്ള ഒരു സ്ഥലമാണ്. കാസർഗോഡ് നിന്ന് മണിക്കൂറുകളുടെ വഴി ദൂരമുള്ള പ്രദേശം.
എനിക്ക് പോയേ പറ്റൂ. അവിടെ ഒരു പയറ്റുണ്ട്. അതിന്ന് പൈസ എത്തിക്കണം.
‘വടക്കൻ മലബാറിലെ ചായപ്പയറ്റുകളുടെ സാമ്പത്തിക ശാസ്ത്ര’ മറി യാവുന്ന ടി വി ബാലൻ സമാധാന പദയാത്രയുടെ പ്രാധാന്യത്തെപ്പറ്റിയും ലോകസമാധാനത്തിന്റെ ആവശ്യകതയെപ്പറ്റിയുമൊക്കെ എത്ര നേരം സംസാരിച്ചിട്ടും ബാലൻ മാസ്റ്റർക്ക് ഒരേ വാശി. പോയേ പറ്റൂ!
ലോകസമാധാനം! പോവാൻ പറ. മണിയൂരിലേയും മന്തരത്തൂരിലേയും സമാധാനമാ എനക്ക് വലുത്. ’
ഏത് ലോകം വന്നു വിളിച്ചാലും മണിയൂരും മന്തരത്തൂരും ഇരിങ്ങലും തിക്കോടിയുമൊക്കെയായിരുന്നു മാഷിന്റെ ലോകം.
സ്വന്തം ലോകം സൃഷ്ടിച്ച നർമ്മബോധത്തിന്റെ പരാഗരേണുക്കൾ മണിയൂർ ബാലൻ മാസ്റ്ററുടെ കഥകളിലെല്ലാം കാണാം. പുയ്യാപ്ല, മുസ്ലിം പശ്ചാത്തലത്തിലെഴുതിയ ഒരു കഥയാണ്. ഉടനീളം നർമ്മം പ്രസരിക്കുന്ന കഥ. കോരപ്പുഴക്ക് വടക്കുള്ള മലബാറിലെ ഫിക്ഷൻ എഴുത്തുകാരിൽ മിക്കവരിലും ഈ ശുദ്ധഹാസ്യത്തിന്റെ മുദ്രകൾ കാണും. പുനത്തിൽ കുഞ്ഞബ്ദുല്ലയിലും തിക്കോടിയനിലും വി പി മുഹമ്മദിലും അക്ബർ കക്കട്ടിലിലും കാണുന്ന ഹാസ്യത്തിന്റെ മറ്റൊരു ആവിഷ്ക്കാരമാണ് ബാലൻ മാസ്റ്ററുടെ രചനകളിലുള്ളത്. ജീവിത ദൈന്യതകളെ കണ്ണുനനയിക്കും മട്ടിൽ ചിത്രീകരിക്കുമ്പോഴും അവയ്ക്ക് നേരെയൊരു കറുത്ത ചിരിയുണ്ട്. പരിഹാസത്തേക്കാളേറെ ആത്മഹാസം നിറഞ്ഞു നിൽക്കുന്ന ചിരി.
മണിയൂർ ഇ ബാലൻ മാസ്റ്ററുടെ എഴുത്തിലെ മാനവികതയേയും പ്രതിബദ്ധതയേയും തെളിച്ചമുള്ളതാക്കിയത് ഈ ചിരിയുടെ സാന്നിധ്യമാണ്.