August 9, 2022 Tuesday

ബാഷ്പബിന്ദു

സെയ്ഫ് ചക്കുവള്ളി
January 19, 2020 6:00 am

അന്നൊരു വ്യാഴാഴ്ച ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ പറക്കോട് ആഴ്ച ചന്ത നടക്കുന്ന ദിവസം. വയനാട്ടിൽ നിന്ന് കൊണ്ടു വന്ന അടക്ക പറക്കോട് ചന്തയിൽ ഇറക്കിയശേഷം മടക്കായത്രയിലായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവ് ഓടിച്ച മിനിലോറി. എം സിറോഡിൽ പന്തളം കഴിഞ്ഞ് ജില്ലാ അതിർത്തിയിലെ മാന്തുകയിൽ സ്പീഡ് റഡാർ ഉപയോഗിച്ചുള്ള വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന ഹൈവേ പെട്രോൾ സംഘത്തിന് നേരേ മിനിലോറി ദിശതെറ്റി പാഞ്ഞ് കയറിയത് നിമിഷാർദ്ധം കൊണ്ടാണ്. ജോലിയിൽ ഏർപ്പെട്ടിരുന്ന വനിതാ പോലീസുകാരിയുടെ തൽക്ഷണ മരണത്തിനും സബ് ഇൻസ്പെക്ടറും വഴിയാത്രക്കാരും ഉൾപ്പെടെ ഏഴ് പേരുടെ മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിനും കാരണമായ ആ അപകടത്തിന്റെ ഇന്നും ജീവിക്കുന്ന ഇരയാണ് കാലുകൾക്ക് ചലനശേഷി ഭാഗികമായി നഷ്ടമായ മാന്തുക കല്ലൂരേത്ത് ബിന്ദു എന്ന പോലീസുകാരി.

ജോലിയിൽ വ്യാപൃതയായിരുന്ന സഹപ്രവർത്തക ബിന്ദുമോൾ കാണെക്കാണെ മരണത്തിലേക്ക് മടങ്ങിയതിന്റെ ഞെട്ടലിൽ നിന്ന് അന്ന് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരും ഇന്നും വിമുക്തരായിട്ടില്ല. പത്താണ്ടുകൾക്കിപ്പുറം മിനിലോറിഡ്രൈവറുടെ കൊടിയ അശ്രദ്ധ മൂലം ഉണ്ടായ ആ അപകടത്തിലേക്ക് മനസ്സു കൊണ്ടൊരു മടക്കയാത്ര നടത്തുകയാണ് അവരെല്ലാം.

ദിശതെറ്റി വന്ന അപകടം

2010 നവംബർ നാലിന് രാവിലെ പതിന്നൊന്നരയോടെ മാന്തുക ചെങ്ങന്നൂർ‑പന്തളം റോഡിലെ മാന്തുകയിൽ ജീപ്പ് ഒതുക്കി നിർത്തി സ്പീഡ് റഡാർ ഉപയോഗിച്ച് വാഹന പരിശോധന നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടറും രണ്ട് വനിതാ പോലീസുകാരും മൂന്ന് സിവിൽ പോലീസ് ആഫീസർമാരും ചേർന്ന സംഘം. പന്തളം ഭാഗത്തു നിന്ന് അമിതവേഗത്തിൽ വടക്കോട്ട് ഓടി വന്ന മിനിലോറി പെട്ടെന്ന് എതിർദിശയിൽ കിടന്ന പോലീസ് ജീപ്പിന്റെ പിൻഭാഗത്തൂടെ പാഞ്ഞെത്തി.

പരിശോധനയിൽ ഏർപ്പെട്ടിരുന്ന വനിത സിവിൽ പോലീസ് ഓഫീസർമാരായ ബിന്ദുമോൾ, വി കെ ബിന്ദു, റഡാർ പ്രവർത്തിപ്പിച്ചിരുന്ന ഹരികുമാർ സബ് ഇൻസ്പെക്ടർ വർഗീസ് അലക്സാണ്ടർ എന്നിവരെ ഇടിച്ച് തെറിപ്പിച്ചു. ഇടത്തേക്ക് വീണ്ടും തിരിഞ്ഞ മിനിലോറി രണ്ട് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി. ഓട്ടോഡ്രൈവർ കുഞ്ഞുമോൻ, യാത്രക്കാരായ ലിസി, ശ്രീദേവി, ഭവാനി, സിന്ധു എന്നിവർക്കും പരിക്കേൽപ്പിച്ചു. ഇടിയേൽക്കാതെ പകച്ച അജികുമാറും അനിൽകുമാറും നോക്കി നിൽക്കെ റോഡിൽ നിന്ന് കൂട്ടനിലവിളി ഉയർന്നു. സഹപ്രവർത്തകർക്ക് സംഭവിച്ചത് എന്തെന്ന് തിരിച്ചറിയുമ്പോഴേക്കും മിനിലോറിയുടെ ്രൈഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. വി കെ ബിന്ദുവും, ബിന്ദുമോളും, ഹരികുമാറും, വർഗീസ് അലക്സാണ്ടറും ചോരയിൽ കുളിച്ചു കിടക്കുകയാണ്.

തലനാരിഴക്ക് രക്ഷപ്പെട്ട അജികുമാറും, അനിൽകുമാറും ഇവരെ ആശുപത്രിയിലെത്തിക്കാൻ അതുവഴിപോയ നിരവധി വാഹനങ്ങൾക്ക് കൈകാണിച്ചു. ഒന്നു പോലും നിർത്തിയില്ല. പത്ത് മിനിട്ട് അങ്ങനെ പാഴായി. പിന്നെ പോലീസ് ജീപ്പിൽ തന്നെ എല്ലാവരെയും എങ്ങനെയൊക്കെയോ കയറ്റി കുളനടയിലെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ എത്തിയപ്പേഴേക്കും ബിന്ദുമോൾ മരിച്ചിരുന്നു. മറക്കാനാഗ്രഹിക്കുന്ന ഒരധ്യായത്തിന്റെ പതിവ് ഏടുകളിലേക്ക് പതിയെ നടന്നപ്പോൾ കാക്കിയണിയാൻ നേരം പഠിച്ച പാഠങ്ങളൊക്കെ മറന്ന് അവരുടെയെല്ലാം കണ്ഠമിടറി.

സേനയുടെ തീരാനഷ്ടം

അപകടത്തിൽ മരിച്ച ബിന്ദുമോൾ അങ്ങേയറ്റം സമർപ്പണത്തോടെ ജോലി നോക്കിയിരുന്ന പോലീസ് ഉദ്യോഗസ്ഥ ആയിരുന്നെന്ന് സഹപ്രവർത്തകർ സാക്ഷ്യം പറയുന്നു.

ഏൽപ്പിക്കുന്ന ചുമതലകൾ എതിർപ്പേതുമില്ലാതെ നിർവ്വഹിക്കുന്ന പ്രകൃതം. സൗമ്യമായ പെരുമാറ്റം. എംകോം വരെ പഠിച്ചശേഷം സേനയുടെ ഭാഗമായ ബിന്ദുമോൾ ജോലിയിലും അസാമാന്യമായ മികവ് പ്രകടിപ്പിച്ചിരുന്നു. 2010 ആദ്യം അന്നത്തെ ആഭ്യന്തര മന്ത്രി കോടയേരി ബാലകൃഷ്ണനിൽ നിന്ന് ജില്ലയിലെ മികച്ച വനിത പോലീസ് ഉദ്യോഗസ്ഥക്കുള്ള പുരസ്കാരം ബിന്ദുമോൾ ഏറ്റുവാങ്ങിയിരുന്നു. അന്നത്തെ ദക്ഷിണമേഖല എഡിജിപി എ ഹേമചന്ദ്രന്റെ നിർദ്ദേശപ്രകാരം നടത്തിയ വിലയിരുത്തലിന് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. അപകടസ്ഥലത്ത് ബിന്ദുമോൾ വീണുടയുംവരെയും പരിശോധനകളിൽ കാര്യക്ഷമമായി ഇടപെട്ടിരുന്നു. സ്പീഡ് റഡാറിൽ കുടുങ്ങുന്ന അമിത വേഗത്തിലുള്ള വാഹനങ്ങള കൈകാകണിച്ച് നിർത്താൻ മുന്നിട്ടു നിൽക്കുന്നതിനിടെയാണ് ലക്ക്തെറ്റിയ മിനിലോറി മരണദൂതുമായെത്തിയത്. അടൂർ മങ്കൂട്ടം പത്മവിലാസത്ത് വീട്ടിൽ ഭർത്താവ് വേണുഗോപാലൻ നായരും മക്കളായ അഭിഷേകും അഭിജിത്തും ബിന്ദുമോളുടെ ഓർമ്മകൾക്ക് ഇന്നും കൂട്ടിരിക്കുന്നു.

അമ്മ പോകുമ്പോൾ അഭിജിത്തിന് മൂന്ന് വയസായിരുന്നു പ്രായം.

തളരാത്ത ഓർമ്മകൾ

എം സി റോഡിന്റെ ഓരം ചേർന്നുള്ള മാന്തുകയിലെ വീട്ടിലെ സ്വീകരണ മുറിയിലെ ചെറിയ കട്ടിലിലാണ് ബിന്ദുവിന്റെ ജീവിതം. അപകടശേഷം ഇരുകാലുകൾക്കും ചലനശേഷി ഭാഗികമായി നഷ്ടമായ ബിന്ദുവിന് താങ്ങും തണലുമായി നില്‍ക്കുന്നത് ഭർത്താവ് സി വി സുരേഷും ജില്ലയിലെ പോലീസ് സേനയുമാണ്. പത്തനംതിട്ട ജില്ലാ പോലീസ് ലഘുവായ ജോലികൾ മാത്രം ഏൽപ്പിച്ച് ഈ സേനാംഗത്തോട് നീതി കാണിക്കുന്നു. ആശുപത്രി വാസവും നിരവിധി ശസ്ത്രക്രിയകളും പലതരം ചികിൽസകളുമായി ഒൻപതാണ്ടുകൾ കടന്നു പോയി. ലോഡിംഗ് തൊഴിലാളിയായ ഭർത്താവിന്റെ സഹായത്തോടെയാണ് ബിന്ദുവിന്റെ ദൈനംദിന ജീവിതം. പ്ലസ് വണ്ണിൽ പഠിക്കുന്ന ജ്യോതിഷും ഏഴാംക്ലാസുകാരി ജ്യോതിമയും അമ്മയുടെ ദുരിതകാലത്തോട് ഐക്യദാർഡ്യപ്പെട്ട് കഴിഞ്ഞു.

ജീവിതത്തിന്റെ സ്വാതന്ത്യ്രങ്ങൾ മുഴുവൻ അപഹരിച്ച അപകടത്തെപ്പറ്റി ബിന്ദുവിനുള്ള ഓർമ്മകളിൽ മറവി മൂടിയിട്ടില്ല. ഒരു തവണയെങ്കിലും അതൊന്നും ഓർക്കാതെ ഒരു ദിവസവും ബിന്ദുവിന്റെ ജീവിതത്തിൽ കടന്നു പോകുന്നില്ല. ഓരോ കാര്യങ്ങളും ഓർമ്മപ്പെടുത്തലായി മനസ്സിൽ വരാതെ കഴിയില്ല. അത്രമേൽ ആ അപകടം അവരുടെ ജീവിതത്തെമാറ്റി മറിച്ചു. വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതി ജീവിച്ച് പഠിച്ച് വളർന്ന് പോലീസ് സേനയുടെ ഭാഗമായ ഒരു ദലിത് ജീവിതത്തിന്റെ, ഉയരെയുയരെ പറക്കാനുള്ള മോഹങ്ങളാണ് ഭ്രാന്തിളകിയ ആ നാല് ചക്രവാഹനം അന്ന് തകർത്തെറിഞ്ഞത്.

പല ലാവണങ്ങൾ

ഹൈവേ പട്രോൾ സംഘത്തിന് നേതൃത്വം നൽകിയ എസ് ഐ വർഗീസ് അലക്സാണ്ടർ ഇന്ന് പ്രമോഷൻ ലഭിച്ച് ഇടുക്കി കഞ്ഞിക്കുഴി സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ് എച്ച് ഒ ആയി ജോലി നോക്കുമ്പോൾ അന്ന് ഒപ്പമുണ്ടായിരുന്ന മൂവർ സംഘം ഇന്ന് സീനിയർ സിവിൽ പോലീസ് ആഫീസർമാരാണ്.

സ്പീഡ് റഡാർ പ്രവർത്തിപ്പിച്ചിരുന്ന ഹരികുമാറിനാണ് ഇവരിൽ ഏറ്റവുമധികം പരിക്കേറ്റത്. വാരിയെല്ലുകൾ തകർന്ന് എട്ടുമാസത്തോളം ചികിൽസയിൽ കഴിയേണ്ടി വന്നു. കഠിനമായ പോലീസ് ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുളള ഹരികുമാർ ഇപ്പോൾ പമ്പയിലെ സി സി ക്യാമറ സ്റ്റേഷനിലാണ് ഡ്യൂട്ടി നോക്കുന്നത്. പത്തനംതിട്ട ജില്ല വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സീനിയർ സിവിൽ പൊലീസ് ആഫീസറാണ് അനിൽകുമാർ ഇപ്പോൾ. അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട എം എ, എൽ എൽ ബി കാരനായ അജികുമാർ ഇപ്പോൾ പത്തനംതിട്ട ജില്ലാ പോലീസിന്റെ ലീഗൽ വിഭാഗത്തിലെ സജീവ സാന്നിദ്ധ്യമാണ്. അന്നത്തെ അപകടത്തെപ്പറ്റി പറഞ്ഞു തുടങ്ങുമ്പോഴെല്ലാം ഇവരുടെ ഓർമ്മയിലെത്തുന്നത് വഴിവക്കിൽവച്ച് വേർപിരിഞ്ഞുപോയ സഹപ്രവർത്തകയുടെ മുഖമാണ് പന്തളം പോലീസ് സ്റ്റേഷനിലെ 1022/2010 എന്ന ക്രൈം നമ്പരിലാണ് ഈ വാഹനാപകട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസിന്റെ വിധി തീർപ്പ് വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ ഒക്ടോബർ 22 ന് ബിന്ദുവിന്റെ വീട്ടിൽ തോട്ടക്കോണം ഗവ: ഹയർസെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികൾ സീനിയൽ സിവിൽ പോലീസ് ഓഫീസർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയിരുന്നു. പോലീസിലെ രക്തസാക്ഷികളുടെ ഓർമ്മ ദിവസമാണ് ഒക്ടോബർ 21. അന്ന് അവധി ആയതിനാലാണ് കുട്ടികൾ പിറ്റേന്ന് വീട്ടിലെത്തി ബിന്ദുവിനെ കണ്ട് ഹൃദയത്തിൽ തൊട്ടൊരു സല്യൂട്ട് നൽകി മടങ്ങിയത്. ഡ്യൂട്ടിക്കിടയിൽ രക്തസാക്ഷിത്വം വരിച്ച ബിന്ദുമോൾക്കും അപകടത്തിൽപ്പെട്ട് ചലനശേഷിയിൽ ഗണ്യമായ കുറവ് സംഭവിച്ച ഈ ബിന്ദുവിനും അവരെ അങ്ങേയറ്റം കരുതലോടെ കാത്തുരക്ഷിക്കുന്ന പോലീസ് സേനക്കും നമുക്ക് നൽകാം ഒരു ബിഗ്സല്യൂട്ട്.… . . ജോലിക്കിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ദീർഘകാലം ചികിൽസയിൽ കഴിഞ്ഞവരെയും നമുക്ക് മറക്കാതിരിക്കാം… . . കാരണം ഓരോ സേനാംഗത്തിന്റെയും നമ്മൾ അറിയാതെ പോകുന്ന മഹാത്യാഗങ്ങളാണല്ലോ നമ്മെ സ്വസ്ഥമായും സുരക്ഷിതമായും ജീവിക്കാൻ സഹായിക്കുന്നത്.

[email protected] com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.