16 September 2024, Monday
KSFE Galaxy Chits Banner 2

റസൽ എന്ന ഏകാന്ത താരകം

ജോയ് നായരമ്പലം
എഴുത്തും ജീവിതവും
January 1, 2023 4:00 am

‘കഴിഞ്ഞുപോയ നീണ്ട വർഷങ്ങളിലൂടെ ഞാൻ സമാധാനം അന്വേഷിച്ചു. ഉൽക്കടമായ വിഷാദം കണ്ടു. മതിഭ്രമം കണ്ടു, ഏകാന്തത കണ്ടു, മനസിനെ ദുഃസഹമാക്കുന്നതായിരുന്നു ആ ഏകാന്തത. എന്നാൽ എവിടെയും ഞാൻ സമാധാനം കണ്ടില്ല. ‘ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും അവ കൊണ്ടാടിയ നാശങ്ങളും മനുഷ്യക്കുരുതികളും കണ്ട് വിഷാദപ്പെട്ട ഗണിതശാസ്ത്രജ്ഞനും-മനുഷ്യസ്നേഹിയുമായ ബർട്രാന്റ് റസൽ തന്റെ ആത്മകഥയായ പോർട്രെയിറ്റ്ഡ് ഫ്രം മെമ്മറി ആന്റ് അദർ എസെയ്സ് എന്ന കൃതിയിൽ കോറിയിട്ട വാക്കുകളാണ് മേൽ സൂചിപ്പിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ജീനിയസുകളിൽ ഒരുവന്റെ ആത്മരോദനമായിരുന്നു അത്. ഭരണകൂടങ്ങൾ മത്സരബുദ്ധിയോടെയും അധികാരത്തിന്റെ ധിക്കാരത്തോടെയും തുടങ്ങിവയ്ക്കുകയും അത് അവസാനിപ്പിക്കാൻ പിന്നെയും നടത്തുന്ന യുദ്ധങ്ങൾ റസലിനെ സംബന്ധിച്ചിടത്തോളം ദുസഹവും വെറുപ്പും ഉളവാക്കിയിരുന്നു. യുദ്ധത്തിനെതിരായ യുദ്ധത്തിന് ആ മനുഷ്യൻ മുന്നിട്ടിറങ്ങി. നിർബന്ധിത സെെനികസേവന വിരുദ്ധസമിതിയിൽ പ്രവർത്തിച്ചുകൊണ്ട് യുദ്ധവിരുദ്ധ പ്രചരണം നടത്തിയതോടെ, ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളിയായി. അവർ അദ്ദേഹത്തെ ജയിലിലടയ്ക്കുകയും പിഴ ചുമത്തുകയും ചെയ്തു. പിഴ ഒടുക്കാൻ വിസമ്മതിച്ച റസലിന്റെ പുസ്തകങ്ങളും ഗൃഹോപകരണങ്ങളും കണ്ടുകെട്ടാൻ ഗവൺമെന്റ് ഉത്തരവിട്ടു. സുഹൃത്തുക്കൾ പിഴ ഒടുക്കി താല്ക്കാലികമായി അദ്ദേഹത്തെ രക്ഷിച്ചു.

ആ ജയിൽവാസം അദ്ദേഹത്തെ മുഷിപ്പിച്ചു. കനത്ത പ്രതിഷേധത്തിനിടയിലും ക്രിയാത്മകമായി ഈ അവസ്ഥയെ റസൽ ഉപയോഗിച്ചു. ‘ഗണിതശാസ്ത്രപരമായ തത്വചിന്തയ്ക്ക് ഒരാമുഖം’ എന്ന ഗ്രന്ഥവും ജോൺഡീയുടെ ഒരു ഗ്രന്ഥത്തിന് നിരൂപണവും തടവറയിൽ വച്ച് തയാറാക്കി. അധ്യാപക ജോലിയുൾപ്പെടെ പലതും അധികാരികൾ ‘ബ്ലോക്ക്’ ചെയ്തപ്പോഴും റസൽ തന്റെ ദാർശനികതയിലും മാനവികതയിലും ഉറച്ചുനിന്നു. നിങ്ങൾക്ക് അറിയാവുന്നത് ശാസ്ത്രവും അറിഞ്ഞുകൂടാത്തത് തത്വശാസ്ത്രവുമാണ് എന്ന് അദ്ദേഹം അവരോടായി പ്രഖ്യാപിച്ചു. മറ്റൊന്നുകൂടി ബോധ്യപ്പെടുത്തി- ശാസ്ത്രം കെങ്കേമമായി കൊണ്ടാടുകയും ന്യൂക്ലിയർ യുദ്ധത്തിന് വഴിയൊരുക്കുകയുമല്ലേ ചെയ്യുന്നത്. തോറ്റവരും ജയിച്ചവരും അവശേഷിക്കാത്ത യുദ്ധമല്ലേ നിങ്ങൾ തട്ടിക്കൂട്ടുന്നത്.

 

പ്രഭുത്വത്തിന്റെയും ആഭിജാത്യത്തിന്റെയും സാർവ പാരമ്പര്യത്തിന്റെയും കളിത്തൊട്ടിലിലായിരുന്നു റസലിന്റെ ജനനം. പിതാവ് അമ്പർലി പ്രഭു സ്വതന്ത്ര ചിന്തകനും മതപണ്ഡിതനും പാർലമെന്റംഗവും. അംഗീകൃത സാമൂഹ്യപ്രവർത്തകയും സാംസ്കാരിക ചിന്തകയുമൊക്കെയായി സമ്പന്ന കുടുംബാംഗമായ മാതാവ്. അധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ റസല്‍ ഉത്സാഹം കൊള്ളുമ്പോഴും ആ പ്രതിഭാധനന് ഏറെ താല്പര്യം ഗണിതത്തോടും തത്വശാസ്ത്രത്തോടുമായിരുന്നു. എല്ലാറ്റിനെയും കണക്കിലെടുത്തുകൊണ്ട് നൊബേൽ സമ്മാനം കൊടുത്തതോ സാഹിത്യത്തിന്റെ സംഭാവനയ്ക്കും. ചെറുപ്പത്തിൽത്തന്നെ യുക്തിചിന്തയുടെ ഓരംപറ്റി വളർന്ന റസലിന്റെ പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ (1872) ധനാഢ്യതയുടെയും സുഖാസക്തിയുടെയും വിശാലതയിലായിരുന്നു ജനനമെങ്കിലും കാലം കാത്തുവച്ചിരുന്നത് വല്ലാത്തൊരു ദൗർഭാഗ്യത്തിന്റെ പരുക്കൻ വഴികളിലൂടെയുള്ള സഞ്ചാരത്തുടർച്ചയായിരുന്നു. മാതാപിതാക്കളുടെ അകാലമരണം, അനാഥത്വത്തിന്റെ അന്ധകാരത്തിനപ്പുറം ഒത്തിരി വെളിച്ചവും സംരക്ഷണവുമായി ചേർത്തുപിടിച്ചത് മുത്തശിയായിരുന്നു. അവരുടെ ഭർത്താവ് ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയായിരുന്നു. കുഞ്ഞുമകന്റെ ബുദ്ധി ധാരാളിത്തത്തിനപ്പുറത്തേക്ക് അവനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കണമെന്ന് ആ വാത്സല്യനിധി ആഗ്രഹിച്ചുപോയി. പക്ഷെ, തനിക്ക് കണക്ക് പഠിക്കണം, കണക്ക് പഠിച്ചേ പറ്റൂ എന്നു റസൽ ശഠിച്ചുതുടങ്ങി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഗണിതത്തിൽ ഡിഗ്രി എടുക്കുകയും സ്കോളർഷിപ്പ് നേടുകയും ചെയ്തു. പക്ഷെ പോസ്റ്റുഡിഗ്രിക്ക് എടുത്ത വിഷയമാകട്ടെ മോറൽ സയൻസും. ഉയർന്ന മാർക്കോടെയാണ് സന്മാർഗശാസ്ത്രം പാസായത്. വിഗ്രഹഭഞ്ജകനായ റസൽ ഇനിയും പഠിക്കാൻ തല്പരനാകുമായിരുന്നെങ്കിൽ വിഷയം മറ്റൊന്നാകുമായിരുന്നു.

ഗണിതത്തോടൊപ്പം ചരിത്രവും തത്വചിന്തയും കെെകാര്യം ചെയ്തുപോന്നു അദ്ദേഹം. അത്തരം വിഷയങ്ങളുടെ അഗാധമായ അപഗ്രഥനം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് മാത്തമാറ്റിക്കൽ ലോജിക്കിലും ലോജിക്കൽ ആറ്റമിസത്തിലും അനലിറ്റിക്കൽ ഫിലോസഫിയിലുമൊക്കെയായിരുന്നു. തന്റെ ആശയങ്ങളുടെ സമഗ്രതയിലൂടെ തത്വശാസ്ത്രത്തിന് വല്ലാത്തൊരു ഊർജ്ജം സൃഷ്ടിച്ച ഒരു ലേഖനവും ഉണ്ടായിരുന്നു- ഡിനോട്ടിങ്. വിശ്വമനഃസാക്ഷിയുടെ കാവൽഭടനെന്ന് വിശേഷണം ഏറ്റെടുത്ത ബർട്രാന്റ് റസൽ ആണവായുധങ്ങൾ ഭൂമിയിൽ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുകയും അവയ്ക്കെതിരെ ഒച്ചവയ്ക്കുകയും ആധികാരികതയോടെ സംസാരിക്കുകയും എഴുതുകയും ചെയ്തു. അതിനുവേണ്ടിയായിരുന്നു അദ്ദേഹം ‘ബർട്രാന്റ് റസൽ പീസ് ഫൗണ്ടേഷനും അറ്റ്ലാന്റിക് പീസ് ഫൗണ്ടേഷനു‘മൊക്കെ സ്ഥാപിച്ചതും അവയെ പ്രവർത്തനോന്മുഖമാക്കിയതും. യുദ്ധമല്ല മനുഷ്യനും ലോകത്തിനും വേണ്ടത് സമാധാനമാണ് എന്ന തിരിച്ചറിവിലൂടെ ലോകത്തിന്റെ തലതിരിഞ്ഞ പോക്കിനെതിരെ ജീവിതാന്ത്യം വരെ മുഷ്ടിചുരുട്ടുമ്പോഴും ചില സുമനസുകളെങ്കിലും ആഗ്രഹിച്ചിരുന്നു സമാധാനത്തിനുള്ള ഒരു നൊബേൽ സമ്മാനം അദ്ദേഹത്തിന് മാത്രമായി കൊടുക്കേണ്ടിയിരുന്നു എന്ന്.
അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥം ‘സോഷ്യൽ ഡെമോക്രസി’ ആയിരുന്നു. ദ പ്രോബ്ളംസ് ഓഫ് ഫിലോസഫി, ദ ഹിസ്റ്ററി ഓഫ് മോഡേൺ ഫിലോസഫി, ദ വാർ ക്രെെംസ് ഇൻ വിക്ടറി എന്നൊക്കെ പേരിൽ കനപ്പെട്ട ഗ്രന്ഥങ്ങൾ മെല്ലെ മെല്ലെ പുറത്തിറങ്ങിയിരുന്നു. വിദ്യാഭ്യാസ വിഷയത്തിന്റെ താത്വിക നിലകളെ തച്ചുടച്ചു വാർക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതിന്റെ നേർ തെളിവാണ് ‘ഓൺ എഡ്യൂക്കേഷൻ’ എന്ന പുസ്തകം. തന്റെ അത്തരത്തിലുള്ള ആശയത്തെ ഭൗതികമാക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയെങ്കിലും അത് പരാജയപ്പെട്ടതിൽ അദ്ദേഹം ഏറെ ദുഃഖിതനായിരുന്നു. നാടോടുമ്പോൾ റസൽ തിരിഞ്ഞോ മുറിഞ്ഞോ ഒക്കെയായിരുന്നല്ലോ ഓടിക്കൊണ്ടിരുന്നത്.

‘ആൻ എസെ ഓൺ ദ ഫൗണ്ടേഷൻ ഓഫ് ജ്യോമിട്രി’ എന്ന ഗ്രന്ഥം റസലിനെ പിന്നെയും പിന്നെയും പ്രശസ്തിയുടെ പാരമ്യത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു. ബുദ്ധിപരവും ദാർശനികവുമായ അദ്ദേഹത്തിന്റെ രചനാസൗഷ്ഠവങ്ങളെ എതിർക്കാനും വിമർശിക്കാനും മറ്റൊരു ബുദ്ധിരാക്ഷസനും കഴിഞ്ഞിട്ടേയില്ല എന്ന സത്യം സത്യമായി നിലനിന്നിരുന്നു. ബർട്രാന്റ് റസലിന്റെ ധിഷണാവെെഭവത്തിന്റെയും ഗണിതശാസ്ത്രഗവേഷണത്തിന്റെയും അതിവിപുലതയും പ്രശസ്തിയും എത്തിച്ചേർന്നത് ആ ഒരൊറ്റ പുസ്തകത്തിൻമേലായിരുന്നു- ‘പ്രിൻസിപ്പിയ‍ മാത്തമാറ്റിക്ക’. മൂന്ന് വാള്യങ്ങളായിട്ടാണ് പുസ്തകത്തിന്റെ പിറവി. നീണ്ട പത്ത് വർഷത്തോളം പൊരുതേണ്ടി വന്നു ആ ഗ്രന്ഥത്തിന് ജീവനേകാൻ. റസൽ കടിഞ്ഞാണില്ലാത്ത തന്റെ പ്രതിഭയെ പ്രിൻസിപ്പിയ ‘മാത്തമാറ്റിക്കിയ’യിലൂടെ പിടിച്ചുകെട്ടി എന്നു വേണമെങ്കിൽ പറയാം. ആ വൻകിട പദ്ധതി കഴിഞ്ഞതോടെ താൻ ആകെ തളർന്നുപോയെന്നാണ് അദ്ദേഹം പറഞ്ഞത്, ഇനി മറ്റൊന്നും എഴുതാനാവാത്ത വിധം.

വിവാഹത്തെക്കുറിച്ചൊക്കെ നിലവിലിരുന്ന നിർവചനങ്ങളെയൊക്കെ അദ്ദേഹം പൊളിച്ചടുക്കി. എൺപതാമത്തെ വയസിലും ഒരു വിവാഹം കഴിച്ചു. അതിനുമുൻപേ മൂന്ന് വിവാഹങ്ങൾ. റസലിന്റെ അന്ത്യവും ചരിത്രപരം എന്നുവേണമെങ്കിൽ പറയാം. മരണവും ആ ജീവിതത്തിൽ ഒരിക്കൽ ഒളിച്ചുകളി നടത്തി. തന്റെ ചെെനാ സന്ദർശനവേളയിൽ ന്യുമോണിയ ബാധിച്ച് അത്യാസന്നനിലയിലായിരുന്നപ്പോൾ ജപ്പാനിലെ ചില പത്രങ്ങളിൽ റസൽ മരിച്ചെന്ന് വാർത്ത കൊടുത്തു. ഈ വാർത്ത ഇംഗ്ലണ്ടിൽ എത്തുന്നതിനു മുൻപേ അമേരിക്ക അത് സ്ഥിരീകരിച്ചു. പക്ഷെ, രോഗവിമുക്തനായ അദ്ദേഹം പിന്നെയും കുറച്ചുനാൾ കൂടി ജീവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.