വിജയ് സി എച്ച്

January 24, 2021, 3:03 am

മരത്തിന്റെ മനം തൊട്ട ഒരു ‘ഡോക്ടര്‍’

Janayugom Online

“എനിക്ക് മരണഭയമില്ല, ഇന്നു മരിച്ചാലും സന്തോഷം. നിങ്ങളെപ്പോലെയുള്ളവർ ബാക്കിയുണ്ടല്ലൊ, അത് മതി, ” സുഗതകുമാരി ടീച്ചർ വാഴൂർക്കാരൻ ബിനു മാഷോട് പറഞ്ഞതാണ് ഈ വാക്കുകൾ. കേരള വനം-വന്യജീവി വകുപ്പിൻറെ (KFWD) മുഖ്യമന്ത്രി അധ്യക്ഷത വഹിച്ചൊരു ചർച്ചയിൽ, പുതിയതായി എത്തിയ ബോർഡ് അംഗത്തിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അതിലെ ഏറ്റവും മുതിർന്ന അംഗമായിരുന്ന സുഗതകുമാരി ടീച്ചർ.

ബിനു മാഷിൽ ‘നിശ്ശബ്ദ വനം’ രചിച്ചയാൾ തന്റെയൊരു പിൻതുടർച്ചക്കാരനെ കണ്ടിരുന്നുവോ? ടീച്ചർ മരിച്ചതിന്റെ നാലാം നാൾ നെയ്യാറിന്റെ തീരത്ത് നാട്ടുകാരെ സാക്ഷിനിർത്തി ബിനു മാഷ് ഒരു പേരാൽ നട്ടു. തന്റെ ഓർമയ്ക്കായ് ജീവിതസായാഹ്നത്തിൽ ടീച്ചർ അതുമാത്രമേ കൊതിച്ചിരുന്നുള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ഒരു ആൽമരം. പുതു ഇലകൾ നാമ്പിട്ട് വളർന്നുകൊണ്ടിരിക്കുന്ന ഈ ചെറുവൃക്ഷത്തിൽ ടീച്ചറെക്കാണുന്ന ബിനു മാഷിൽ നമുക്ക് ടീച്ചറെയും കണ്ടുകൂടേ! ജീവിതം പരിസ്ഥിതി സംരക്ഷണമാക്കിയവരെത്തേടി വനമിത്ര, പ്രകൃതിമിത്ര മുതലായ പുരസ്കാരങ്ങൾ എത്തുന്നത് സ്വാഭാവികം.

എന്നാൽ, ഉള്ളായം യു പി സ്കൂളിലെ അദ്ധ്യാപകനിൽ ഈയിടെ അവരോധിക്കപ്പെട്ട ‘വൃക്ഷഡോക്ടർ’ എന്ന പദവി പങ്കിടാൻ രാജ്യത്ത് മറ്റൊരാളില്ല. മനുഷ്യന്റെ സ്വാർത്ഥതയാലോ, ക്രൂരതയാലോ, ദീനം വന്നതിനാലോ, ഇടിവെട്ടേറ്റതിനാലോ ഓജസ്സ് നഷ്ടമായൊരു മരം മുറിച്ചു മാറ്റുകയെന്ന രീതി നമുക്കിനി വേണ്ട. പകരം ബിനു മാഷെ വിളിയ്ക്കാം, മരത്തെ ചികിത്സിക്കാം! ഇതിനകം കേരളത്തിലും, തമിഴ് നാട്ടിലും, മഹാരാഷ്ട്രയിലുമായി അറുപതിലേറെ വന്‍ വൃക്ഷങ്ങളെ കോടാലിയിൽനിന്ന് കാത്ത് പച്ചപ്പിന്റെ പറുദീസയിലേക്ക് തിരിച്ചുകൊണ്ടുവന്ന മര ഭിഷഗ്വരൻ തന്റെ നൂതനമായ ഹരിതവിപ്ലവ അനുഭവങ്ങൾ പങ്കുവക്കുന്നു…

ആദ്യ ചികിത്സ ഏഴു വർഷം മുൻപ്

കഴിഞ്ഞ മാസം നമ്മെ വിട്ടുപിരിഞ്ഞുപോയ പ്രൊഫസർ ഡോ. എസ് സീതാരാമൻ സാറുമൊത്തുള്ളതാണ് എന്റെ പ്രഥമ വൃക്ഷചികിത്സാനുഭവം. കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റായിരുന്ന അദ്ദേഹം വിളിച്ചുകൂട്ടിയ ഒരടിയന്തിര യോഗത്തിനുശേഷം മടങ്ങുമ്പോഴാണ് ആലുവയിലെ പാലസ് റോഡിൽ മനോഹരമായി പരന്നു വളർന്നൊരു മഴമരം ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുള്ളവർ തുടർച്ചയായി മാലിന്യമിട്ട് കത്തിച്ചുകൊണ്ടിരുന്നതിനാൽ, ആ വൃക്ഷത്തിന്റെ കടഭാഗമാകെ കരിഞ്ഞുപോയിരുന്നു. ഇതു കണ്ട് ഉള്ളുനീറിയ ഞാൻ, മരത്തെ രക്ഷിക്കാൻ എന്തെങ്കിലും ചികിത്സയുണ്ടോയെന്ന് സീതാരാമൻ സാറിനോട് ആരാഞ്ഞു. പ്രകൃതിയുമായി ഏറെ അടുത്തിടപഴകി പരിചയമുള്ള അദ്ദേഹം ചില ചേരുവകൾ ഔഷധമായി ഉപയോഗിക്കാൻ നിർദ്ദേശിച്ചു. ആദ്യം വൃക്ഷത്തടിയിലുണ്ടായിരുന്ന പൊള്ളലുകളും മുറിവുകളും കഴുകി വൃത്തിയാക്കി. പിന്നീട്, പരിക്ക് പറ്റിയ ഇടങ്ങളിൽ ഔഷധം തേച്ചുപിടിപ്പിച്ചു. ആ ഭാഗം മൊത്തിൽ ഒരു വെള്ള മുണ്ടുകൊണ്ട് ചുറ്റിക്കെട്ടി. ഒരു മനുഷ്യനെയെന്നപോലെ ഞങ്ങൾ ആ മരത്തെ പരിചരിക്കുന്നതുകണ്ടു മനമലിഞ്ഞ നാട്ടുകാർ പിന്നീട് ഒരു വൃക്ഷച്ചുവട്ടിലും തീയിട്ടില്ലെന്നുമാത്രമല്ല, അവയുടെ സംരക്ഷകരായി മാറുകയാണുണ്ടായത്!

 

അന്വേഷിക്കുക, കണ്ടെത്തുക

വൃക്ഷചികിത്സ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ, സീതാരാമൻ സാർ പറഞ്ഞത്, “നീ അന്വേഷിക്കുക, നീ കണ്ടെത്തുക” എന്നായിരുന്നു. ആ വാക്കുകൾ പ്രചോദനമായി. നിരവധി പുസ്തകക്കടകളും ലൈബ്രറികളും കയറിയിറങ്ങിയതിനൊടുവിൽ ആധികാരികമായ ഒരു രേഖ കണ്ടെത്തി. ഡോ. എൻ വി പി ഉണിത്തിരി എഴുതി, കേരള ഭാഷാ ഇൻസ്റ്റിററ്യൂട്ട് പ്രസിദ്ധീകരിച്ച ‘വൃക്ഷായുർവേദ ഗ്രന്ഥങ്ങൾ ഒരു പഠനം’ എന്ന പുസ്തകം. ശാർങ്ഗധരൻ, സുരപാലൻ, സുശ്രുതൻ മുതലായ മഹർഷിമാരുടെ ബന്ധപ്പെട്ട സംഹിതകൾ ക്രോഡീകരിച്ചുള്ളതിന്റെ മലയാള പരിഭാഷ.

ഔഷധക്കൂട്ടും പ്രയോഗവും

മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽപ്പുറ്റ്, കൃഷി നടത്തുന്ന വയലിലെ ചെളിമണ്ണ്, നാടൻ പശുവിന്റെ പാൽ, ചാണകം, നെയ്യ്, ശുദ്ധമായ ചെറുതേൻ, കദളിപ്പഴം, എള്ള് എന്നിവയാണ് ഔഷധക്കൂട്ടിനു വേണ്ട പ്രധാന ചേരുവകൾ. സാധനങ്ങൾ കുഴമ്പ് രൂപമാക്കി മരത്തിന്റെ കേടുബാധിത ഇടങ്ങളിൽ ലേപനം ചെയ്ത് വെള്ള കോട്ടൺ തുണി അതിനു മുകളിലൂടെ ചുറ്റിക്കെട്ടണം. ചേരുവകൾ ഓരോന്നും എന്തുകൊണ്ട് ഉപയോഗിക്കുന്നുവെന്നതിന് ശാസ്ത്രീയമായ കാരണങ്ങളുണ്ട്. എന്നാൽ, ഓരോ ഘടക പദാർത്ഥവും എന്ത് അളവിൽ ഉപയോഗിക്കണമെന്ന് ‘വൃക്ഷായുർവേദ ഗ്രന്ഥങ്ങൾ ഒരു പഠന’ത്തിൽ പരാമർശിക്കുന്നില്ല. ചേരുവകളുടെ അളവും, മൊത്തം എത്ര കുഴമ്പ് ആവശ്യമാകുമെന്നും ചികിത്സാനുഭവങ്ങളെ മുൻനിർത്തി ഞാൻതന്നെ കണ്ടെത്തുകയായിരുന്നു.

പൊൻകുന്നം പ്ലാവ് പുനർജ്ജനിച്ചു

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിന് തൊട്ടുമുന്നിലെ ഇലച്ചാർത്ത് ഏറെയുണ്ടായിരുന്ന പ്ലാവിന് ഇടിമിന്നലേറ്റു. ‘കോവിൽ പ്ലാവ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വൻ വൃക്ഷത്തിന്റെ ശിഖരങ്ങൾ അശേഷം കരിഞ്ഞു. ഇനിയത് ഉണങ്ങിപ്പോകുകയേയുള്ളൂ എന്ന നിഗമനത്തിൽ പ്ലാവ് വെട്ടിക്കളയാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തു. വിവരമറിഞ്ഞ ഞാൻ രക്ഷാധികാരികളെക്കണ്ട് കോവിൽ പ്ലാവിന്റെ കടയ്ക്കൽ മഴു വെക്കുംമുന്നെ എനിയ്ക്കൽപം സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചു. ചികിത്സക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സമീപത്തുള്ള സ്കൂളിലെ ഹരിത ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ അവരുടെ അദ്ധ്യാപകൻ അഭിലാഷിന്റെ നേതൃത്വത്തിൽ സഹായിക്കാനെത്തി. സത്യത്തിൽ ആ കുട്ടികളാണ് തികഞ്ഞ ആവേശത്തോടെ മരുന്ന് കുഴച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന പരിചരണത്തിൽ പ്ലാവിന്റെ പൊള്ളലേറ്റ എല്ലാ ഭാഗങ്ങളിലും ഔഷധമെത്തിച്ച് വെള്ളത്തുണികൊണ്ട് ബന്ധിച്ചു. രണ്ടാഴ്ച്ച കഴിയുംമുൻപേ പ്രിയപ്പെട്ട കോവിൽ പ്ലാവിൽ പുതിയ കൊമ്പുകൾ തുരുതുരാ മുളയ്ക്കാൻ തുടങ്ങിയപ്പോൾ, എന്നെക്കാളും, നാട്ടുകാരെക്കാളും, ദേവസ്വം അധികാരികളെക്കാളും, അധികം ആഹ്ളാദിച്ചത് ആ സ്കൂൾ വിദ്യാർത്ഥികളായിരുന്നു! ചികിത്സാനന്തരം തഴച്ചുവളർന്ന വൃക്ഷത്തിൽ അടിമുടി ഊക്കൻ ചക്കകളുണ്ടായി. അതിൽ ഏറ്റവും വലുത് ദേവസ്വക്കാർ ഹരിത ക്ലബ്ബിന് സമ്മാനമായി കൊണ്ടുകൊടുത്തു. കുട്ടികൾ അതിൻറെ ചുളകൾ എടുത്ത് വിദ്യാലയമാകെ വിതരണം ചെയ്തു; സ്കൂൾ വളപ്പിൽ കുരുകൾ പാകി മുളപ്പിച്ചു; തൈകൾ ആ പഞ്ചായത്ത് മൊത്തം എത്തിച്ചു.

ധന്വന്തരിയുടെ നെല്ലി മരത്തിനും ചികിത്സ

കോവിൽ പ്ലാവ് പുനർജ്ജനിച്ച കഥ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ആഘോഷിച്ചു. അതാ വരുന്നു വിളി, തൊടുപുഴ ധന്വന്തരി വൈദ്യശാലയുടെ ഉടമ നമ്പൂതിരിയുടെ വന്ദ്യ പിതാവിന്റെ നക്ഷത്രനാൾ മരമായ നെല്ലിയിലാകെ പൊത്ത്. പൂക്കുന്നില്ല, കായ്ക്കുന്നില്ല, പുതിയ ശാഖകൾ കിളിർക്കുന്നില്ല. 125 വർഷം പഴക്കമുള്ള വൃക്ഷത്തെ പുനർജ്ജീവിപ്പിക്കണം. ചികിത്സ ഏറ്റെടുത്തു. ധന്വന്തരിയുടെ അസ്സൽ ചേരുവകൾ ഉപയോഗിച്ചായിരുന്നു മരുന്നുകൂട്ട്. ഭരണി ജന്മനക്ഷത്രക്കാരുടെ മരമായ നെല്ലിയിലാസകലം ഭാരമേറിയ നെല്ലിയ്ക്കാ കുലകളാണിപ്പോൾ!

ശ്വാസംമുട്ടി മരിക്കാറായ പുളിമരം

ഗോപിനാഥ് മുതുകാടിന്റെ കഴക്കൂട്ടത്തുള്ള മാജിക് പ്ലാനറ്റിലെ ഭീമാകാരൻ പുളിമരം പ്രാണവായു കിട്ടാതെ ഉണങ്ങിപ്പോയി. വൃക്ഷത്തെ നടുക്കുനിർത്തി ഒരാൾ ഉയരത്തിൽ കോൺക്രീറ്റ് പ്ലാറ്റ് ഫോം നിർമ്മിച്ചതു നേരിൽകണ്ട എനിക്ക് രോഷം സഹിക്കാനായില്ല. കൊച്ചുകൊച്ചു ഇലകളാൽ ആനയ്ക്കുപോലും തണലേകുന്ന സുന്ദരമായൊരു ‘മര’ത്തെയാണ് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നത്! ഇരമരത്തിനുള്ള എന്റെ ചികില്‍സ തുടങ്ങുംമുന്നെ, ‘മ്യൂസിയം ഓഫ് മാജികി‘ലെ ആ കോൺക്രീറ്റ് തറ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. വൃക്ഷത്തടിയിലും സമീപത്തുള്ള ഭൂമിയിലും വായുവും സൂര്യപ്രകാശവും എത്തിയേ മതിയാകൂയെന്ന് നിർബന്ധം പിടിച്ചു. തുടർന്ന്, ജാലവിദ്യ അരങ്ങേറുന്ന ആ പ്ലാറ്റ് ഫോം മുതുകാട് പുനർക്രമീകരിച്ചു; ഞാൻ ചികിത്സ തുടങ്ങി. ഇപ്പോൾ പോയി നോക്കൂ, മാജിക് പാർക്കിലെ ആ മാന്ത്രിക മരത്തിൽ വാളൻപുളികൾ കൂട്ടംകൂട്ടമായി തൂങ്ങിയാടുന്നത് കാണാം.

തലസ്ഥാനത്തെ മരമല്ലി

തിരുവനന്തപുരം പാളയത്തുള്ള രക്തസാക്ഷി മണ്ഡപത്തിനു സമീപം പാലപോലെ വളർന്നു നിൽക്കുന്ന മരമല്ലിയുടെ ഒരു ശിഖരം ഒടിഞ്ഞുവീണു. ഇനിയും പിളർന്നു വീണേക്കാം. യാത്രക്കാരെകൊണ്ട് നിറയുന്ന സ്ഥലമാണ്. മരമല്ലി വെട്ടിമാറ്റാൻ അധികൃതർ തീരുമാനമെടുത്തു. തലസ്ഥാന നഗരിയിലെ മരങ്ങളെ സംരക്ഷിക്കാൻ രൂപംകൊണ്ട ‘ട്രീ വാക്ക്’ (Tree Walk, Thiru­vanan­tha­pu­ram) എന്ന കൂട്ടായ്മ പ്രതിഷേധിച്ചപ്പോൾ, വെട്ടിവീഴ്ത്തുന്നതിനു പകരം, സകല കൊമ്പുകൾക്കും നിർദയം പരശു വീശി. തായിത്തടി മാത്രം ബാക്കിനിർത്തി, മരത്തെ മൊട്ടയടിച്ചു. ട്രീ വാക്കുകാരിൽനിന്ന് വിവരമറിഞ്ഞ ഞാൻ അനന്തപുരിയിലേക്കോടി. ട്രീ വാക്ക് ചെങ്ങാതിമാർ അകമ്പടി നിന്നു. മരമല്ലിക്ക് ഞാൻ മരുന്ന് കുഴച്ചു. 2019 ഡിസംബറിൽ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തൊരു ചികിത്സയാണിത്. അന്ന് ഒരിലപോലും അവശേഷിക്കാതിരുന്ന മരത്തിലിന്ന് കണ്ണഞ്ചിപ്പിക്കുന്ന പച്ചിലച്ചാർത്താണ്. ഹാ, വെട്ടിവീഴ്ത്താൻ ഉത്തരവിട്ടവർക്കും, വെട്ടിവീഴ്ത്തിയവർക്കും, കഥയൊന്നുമറിയാതെ ആ വഴിയെ പോകുന്നവർക്കും നറുമണം നൽകികൊണ്ട് മരമല്ലിയവിടെ പൂത്തുലഞ്ഞാടി നിൽക്കുന്നു!

ആറു മരത്തിൽനിന്ന് അഞ്ചു കിലോ ആണി

മരത്തിൽ ആണികൾ തറച്ച് പരസ്യങ്ങൾ സ്ഥാപിക്കുന്നത് നിയമം മൂലം നിരോധിച്ചതാണ്. നിർഭാഗ്യവശാൽ, ഈ ക്രൂരത ഇന്നും തുടരുന്നു. ചികിത്സയൊഴിഞ്ഞ ദിവസങ്ങൾ ക്രൂശിക്കപ്പെട്ട വൃക്ഷങ്ങൾക്ക് മോചനം നൽകനായി ചിലവിടുന്നു. ആണി അടിക്കുന്നതാണ് മരത്തിൽ പൊത്തുകളുണ്ടാകാനുള്ള ഒരു പ്രധാന കാരണം. ആലപ്പുഴയിലെ എ സി കനാലിന്റെ ഇരുവശത്തുമുള്ള ആറു മരങ്ങളിൽനിന്ന് ഈയിടെ അഞ്ചു കിലോ ആണികളാണ് പറിച്ചെടുത്തത്. താഴെ ഇറക്കിയ പരസ്യ ബോർഡുകൾ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ടുമെന്റിന് കൈമാറി. പരസ്യപ്പാരകളിൽനിന്ന് മരങ്ങളെ രക്ഷിക്കലും നെന്മാറയിലെ ഞാവൽ മുത്തശ്ശിയുടെ ചികിത്സയും ഒരുമിച്ചാണ് പാലക്കാട് ജില്ലയിൽ അരങ്ങേറിയത്. ഗിഫ്റ്റ് എ ട്രീ ജന്മദിനമായാലും വിവാഹമായാലും, ഒരു വൃക്ഷത്തയ്യാണ് ഞാൻ ആർക്കും സമ്മാനമായി നൽകുന്നത്. എനിക്ക് നൽകാൻ കഴിയുന്നതിൽ ഏറ്റവും വിലപ്പെട്ടത് അതാണ്

ഗിഫ്റ്റ് എ ട്രീ!

കഴിഞ്ഞ നവംബർ 10‑ന്, സിപിഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഞാൻ ഒടുവിൽ പിറന്നാൾ ഉപഹാരം കൊടുത്തത്. ഒരു വയ്യങ്കത തൈ. വളരെ സന്തോഷത്തോടെ രാജേട്ടനത് എന്റെ സാന്നിദ്ധ്യത്തിൽതന്നെ തന്റെ തൊടിയിൽ നട്ട് ജലമൊഴിച്ചു. വനം-വന്യജീവി വകുപ്പിന്റെ സംസ്ഥാന ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യുമ്പോൾ, ”നിന്നെ ഞാൻ കാട്ടിലേക്ക് അയക്കുന്നു” എന്ന് രാജേട്ടൻ പറഞ്ഞിരുന്നു. സഖാവിന്റെ വാക്കുകൾ എത്ര ശരി! അവിവാഹിതനായ എനിക്ക് മരങ്ങൾതന്നെയാണ് എന്നും കൂട്ട്…