Web Desk

കെ കെ ജയേഷ്

February 14, 2021, 3:30 am

നാടകത്തെ നെഞ്ചോടു ചേർത്ത ജീവിതം

Janayugom Online

“ഇവിടുത്തെ പഠനം പൂർത്തിയാക്കി മടങ്ങിയാൽ നിങ്ങൾ എന്തു ചെയ്യും” — ചോദ്യത്തിന് പതിനേഴുകാരനായ രാജേന്ദ്രന്റെ ഉത്തരം വേഗത്തിലായിരുന്നു. പഠനം കഴിഞ്ഞാൽ ഞാനെന്റെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകും. അവിടെ ഞാൻ പുരോഗമനാശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നാടകങ്ങളൊരുക്കും. പുതു തലമുറയെ നാടകത്തെക്കുറിച്ച് പഠിപ്പിക്കും. നാടകത്തിന് വേണ്ടി ജീവിക്കും. പതിനേഴുകാരന്റെ ഉറച്ച ശബ്ദത്തിലുള്ള മറുപടി കേട്ട് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന പ്രഗത്ഭർ കയ്യടിച്ചു. ആ യുവാവ് വാക്കു പാലിച്ചു. സാധാരണ മനുഷ്യർക്കു വേണ്ടി അദ്ദേഹം നാടകങ്ങൾ ഒരുക്കി. ലോകോത്തര ക്ലാസിക് കൃതികൾ ലളിതമായ ആഖ്യാനത്തിലൂടെ നാടകങ്ങൾ വഴി ജനങ്ങളിലെത്തിച്ചു. അരങ്ങിലും വെള്ളിത്തിരയിലും വ്യത്യസ്ത വേഷങ്ങളിൽ നിറഞ്ഞാടി. നാടകത്തെ നെഞ്ചോടു ചേർത്ത്, നാട്യമില്ലാത്ത സ്നേഹ പുഞ്ചിരിയുമായി മുന്നോട്ടുപോകുന്ന ഇ എ രാജേന്ദ്രനെ തേടി സംഗീത നാടക അക്കാദമി പുരസ്കാരം എത്തിയപ്പോൾ, “പുരസ്ക്കാരം നാടകത്തിന് വേണ്ടി ജീവിച്ച് മരിച്ച മനുഷ്യർക്ക് വേണ്ടി സമർപ്പിക്കുന്നു”- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തൃശൂർ ജില്ലയിൽ വാടാനപ്പള്ളിയ്ക്കടുത്ത് തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനാണ് ഇ എ രാജേന്ദ്രൻ. നാടക സംവിധായകനായും നടനായും സിനിമാ നടനായും അദ്ദേഹം മുന്നോട്ടുപോകുന്നു. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് കേരള ഹോർട്ടികോർപ്പ് കോർപ്പറേഷന്റെ ചെയർമാനുമായിരുന്നു. നാടക‑സിനിമാ ജീവിതത്തെക്കുറിച്ച് അദ്ദേഹം ജനയുഗം വാരാന്തവുമായി സംസാരിക്കുന്നു.

നാടകത്തോടുള്ള സ്നേഹം

തൃത്തല്ലൂർ യുപി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ ഞാൻ സജീവമായിരുന്നു. അമ്മയും അമ്മാവൻമാരുമെല്ലാം അധ്യാപകരായിരുന്നു. കലാരംഗത്തോട് താല്പര്യമുണ്ടായിരുന്നെങ്കിലും എന്നെയൊരു നാടക കലാകാരനായി മാത്രം കാണാൻ അമ്മ ആഗ്രഹിച്ചിരുന്നില്ല. നാട്ടിക എസ് എൻ കോളെജിൽ പഠിക്കുമ്പോൾ ഞാൻ നാടകങ്ങളിലും രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായി. കലാലയ പഠനത്തിന് ശേഷമാണ് ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നത്. തീർത്തും യാദൃച്ഛിമായാണ് സ്കൂൾ ഓഫ് ഡ്രാമയിൽ എത്തപ്പെടുന്നത്. എന്റെ ബന്ധുവായ ധർമ്മരത്നം ലളിതകലാ അക്കാദമിയുടെ എക്സിബിഷൻ ഓഫീസറായിരുന്നു. അദ്ദേഹം എന്റെ അമ്മയുടെ വിദ്യാർത്ഥി കൂടിയാണ്. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നപ്പോൾ അമ്മാവൻമാർ എന്റെ നാടക താല്പര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. സ്കൂൾ ഓഫ് ഡ്രാമയിൽ ശ്രമിക്കാമെന്ന് പറഞ്ഞ അദ്ദേഹം ഒരു വെള്ള പേപ്പറിൽ അപേക്ഷ എഴുതി കൊടുക്കാൻ പറഞ്ഞു.

എനിക്കപ്പോഴും യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. കേരളത്തിൽ നിന്ന് മധു, രാഘവൻ തുടങ്ങി വളരെ കുറച്ചു പേർ മാത്രമെ അക്കാലത്ത് അവിടെ പഠിച്ചിട്ടുള്ളു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂവിന് ഹാജരാകാൻ സൂചിപ്പിച്ചുകൊണ്ടുള്ള ടെലഗ്രാം വന്നു. സത്യം പറഞ്ഞാൽ എനിക്കപ്പോൾ വല്ലാത്ത പേടി തോന്നി. നാലു മക്കളിൽ ഏറ്റവും ഇളയവനാണ് ഞാൻ. അമ്മയ്ക്ക് എന്നോടൊരു പ്രത്യേക വാത്സല്യവും ഉണ്ട്. ഈ സ്നേഹവാത്സല്യങ്ങൾക്കിടയിൽ നിന്ന് അറിയാത്തൊരു ദേശത്തേക്ക് പോകണമല്ലോ എന്നോർത്തായിരുന്നു പേടി തോന്നിയത്. ചേട്ടൻമാരുടെ സുഹൃത്തായ ഭാസ്ക്കരൻ നായർ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. നാട്ടിലുണ്ടായിരുന്ന അദ്ദേഹം എന്റെ കൂടെ വരാമെന്ന് സമ്മതിച്ചു. അന്ന് ഡൽഹിയിലേക്ക് നേരിട്ട് ട്രെയിനില്ല. മദ്രാസിലേക്ക് ഒരു ട്രെയിനിൽ പോയി മറ്റൊരു വണ്ടിയിൽ അവിടെ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക്

ഡൽഹിയിലെത്തി മദ്രാസ് ഹോട്ടലിൽ മുറിയെടുത്തു. രാത്രി ടെൻഷൻ കാരണം ഉറങ്ങാൻ പറ്റിയില്ല. രവീന്ദ്ര ഭവനിലാണ് അന്ന് സ്കൂൾ ഓഫ് ഡ്രാമ പ്രവർത്തിക്കുന്നത്. എനിക്കന്ന് പതിനേഴ് വയസ് മാത്രമാണ് പ്രായം. ഇന്റർവ്യൂവിന് വന്നവർക്കെല്ലാം എന്നേക്കാൾ പ്രായമുണ്ട്. അവരെല്ലാം ഏതാടാ ഈ ചെറിയ പയ്യൻ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. അപ്പോഴെല്ലാം ഭാസ്ക്കരൻ നായർ എന്നെ ആശ്വസിപ്പിച്ചു. ഉച്ചവരെ എന്റെ പേര് വിളിച്ചില്ല. രക്ഷപ്പെട്ടുവെന്ന് ഞാനും കരുതി. ടി എ ആയി മുന്നൂറ് രൂപ കിട്ടും. അതും വാങ്ങി ഡൽഹിയിലൊന്ന് കറങ്ങി നാട്ടിലേക്ക് വണ്ടി കയറാൻ ആലോചിക്കവെ എന്റെ പേര് വിളിച്ചു. മൂന്നു പേർ ചേർന്നാണ് ഇന്റർവ്യൂ ചെയ്യുന്നത്. വളരെ പോസിറ്റീവായുള്ള സമീപനം. ആത്മവിശ്വാസത്തോടെ ചോദ്യങ്ങളെ നേരിട്ടു. ഇവിടെ പഠിച്ചു പോയാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഞാൻ കൃത്യമായ മറുപടി നൽകിയതോടെ അവർ കയ്യടിച്ചു. കെ പി എസ് മേനോൻ, ഓംചേരി, കപില വാത്സ്യായൻ എന്നിവരായിരുന്ന എന്നെ ഇന്റർവ്യൂ ചെയ്തതെന്ന് ഞാൻ പിന്നീട് മനസിലാക്കി. മറ്റുള്ളവർക്ക് കുറേ നേരമെടുത്തായിരുന്നു ഇന്റർവ്യൂ എങ്കിൽ എന്റേത് 20 മിനുട്ടിൽ തീർന്നു. പിറ്റേന്ന് എഴുത്തു പരീക്ഷയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒരു മരണ വീടിന്റെ അവസ്ഥ. അമ്മ വിഷമിച്ചിരിക്കുന്നു. ആരെങ്കിലും മരിച്ചോ എന്നായിരുന്നു എന്റെ ഭയം. ഞാൻ തെരഞ്ഞെടുക്കപ്പെട്ട വിവരം ടെലിഗ്രാം വഴി വീട്ടിലെത്തിയിരിക്കുന്നു. എനിക്ക് കിട്ടുമെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷമുള്ള വാർത്തയാണെങ്കിലും ഞാൻ ദൂരേക്ക് പോകുമല്ലോ എന്ന വിഷമമായിരുന്നു അമ്മയ്ക്ക്.

സ്കൂൾ ഓഫ് ഡ്രാമ സമ്മാനിച്ച സൗഭാഗ്യങ്ങൾ

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു അന്ന് സ്കൂൾ ഓഫ് ഡ്രാമ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നേരിട്ടു പരിചയമുണ്ടാക്കാൻ വരെ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം സഹായിച്ചു. തോക്കും സുരക്ഷാ ജീവനക്കാരും ഇല്ലാതെ പ്രധാനമന്ത്രി ഇടയ്ക്കിടെ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തുമായിരുന്നു. അവിടെ വെച്ചാണ് അവരുമായി പരിചയപ്പെടാൻ സാധിച്ചത്. ലോക പ്രശസ്ത നാടക പ്രവർത്തകൻ ഇബ്രാഹിം അൽഖാസിയുടെ ശിഷ്യനാകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഒന്നാം റാങ്കോടുകൂടിയാണ് സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം പൂർത്തിയാക്കിയത്. തുടർന്ന് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിൽ ബിരുദാനന്തര ബിരുദം നേടി. പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് ഒ മാധവന്റെ മകളും നടൻ മുകേഷിന്റെ സഹോദരിയുമായ സന്ധ്യയുമായി പരിചയപ്പെടുന്നത്. അക്കാലത്ത് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്ന സന്ധ്യ പിന്നീട് ജീവിതസഖിയായി. വിവാഹശേഷം കൊല്ലത്തെത്തിയ ഞാൻ ഭാര്യാപിതാവായ ഒ മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

കാളിദാസ കലാകേന്ദ്രം

നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ ഒരു റഷ്യൻ നോവൽ നാടകമാക്കി. 1987‑ൽ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ നാടകം നേടി. പിന്നീടിങ്ങോട്ട് കൊല്ലം കാളിദാസ കലാ കേന്ദ്രത്തിന്റെ ചുമതലക്കാരനായി. 29 നാടകങ്ങൾ ഇക്കാലത്തിനിടയ്ക്ക് സംവിധാനം ചെയ്തു. ഇതിൽ ഇരുപത്തി എട്ടും കാളിദാസ കലാകേന്ദ്രത്തിനും ഒരു നാടകം കെപിഎസിക്കും വേണ്ടിയായിരുന്നു. കെപിഎസിയുടെ മികച്ച നാടകങ്ങളിലൊന്നായ ‘മൂലധനം’ വീണ്ടും സദസ്സുകളിലെത്തിച്ചപ്പോൾ രംഗഭാഷ ഒരുക്കാൻ ഭാഗ്യം ലഭിച്ചത് വലിയൊരു അംഗീകാരമായി ഞാൻ കാണുന്നു. മക്ബത്ത്, അമ്മ, രമണൻ, കരുണ തുടങ്ങി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. ഒഎൻവി കുറുപ്പിന്റെ നാടക ഗാനങ്ങൾക്ക് ഏറ്റവും കൂടുതൽ രംഗഭാഷ്യം നിർവ്വഹിച്ച സംവിധായകനാണ് ഞാനെന്നത് അഭിമാനത്തോടെ കാണുന്നു. കാളിദാസ കലാകേന്ദ്രത്തിന് വേണ്ടി ഫ്രാൻസിസ് ടി മാവേലിക്കരയുടെ രചനയിൽ ചന്ദ്രികയ്ക്കുമുണ്ടൊരു കഥ പറയാൻ എന്ന നാടകവുമായി മുന്നോട്ടുപോകവെയാണ് കോവിഡ് പിടിമുറുക്കിയത്. അതോടെ ആ നാടകം താത്ക്കാലികമായി മാറ്റിവെച്ചു. നാടകങ്ങൾ നിലച്ചതിന്റെ വേദനയിൽ നിൽക്കുന്നതിനിടെയാണ് സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരം എന്നെ തേടിയെത്തിയത്. ഒ മാധവന്റെയും ഒ എൻ വികുറുപ്പിന്റെയും ജി ദേവരാജന്റെയും പാദങ്ങളിൽ നമസ്കരിച്ചുകൊണ്ട് ഈ പുരസ്ക്കാരം നെഞ്ചോടു ചേർക്കുന്നു. കാളിദാസ കലാകേന്ദ്രത്തിലെ എല്ലാ കലാകാരൻമാർക്കും നാടകത്തിന് വേണ്ടി ജീവിതം സമർപ്പിച്ച എല്ലാവർക്കുമായി പുരസ്ക്കാരം സമർപ്പിക്കുന്നു.

ഗ്രീഷ്മത്തിലൂടെ സിനിമയിലേക്ക്

പൂനയിൽ നിന്ന് തിരിച്ചെത്തിയ സന്ദർഭത്തിലാണ് വി ആർ ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിലെ നായക വേഷത്തിലൂടെ സിനിമയിലെത്തുന്നത്. ജലജയായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് കുറേക്കാലത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരികെയെത്തുന്നത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്. ഈ സിനിമയിലെ കഥാപാത്രം ശ്രദ്ധനേടിയതോടെ സിനിമയിൽ സജീവമായി. പ്രണയവർണ്ണങ്ങൾ, ദയ, പട്ടാഭിഷേകം, നരസിംഹം, സ്നേഹം, പഞ്ചലോഹം, വാഴുന്നോർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, നരിമാൻ, മീശമാധവൻ, തച്ചിലേടത്ത് ചുണ്ടൻ, ഋഷിവംശം, ഹാർട്ട് ബീറ്റ്സ്, ഭ്രമരം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം വേഷമിടാൻ ഭാഗ്യമുണ്ടായി. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നാടകത്തിലും സിനിമയിലും ഒരുപോലെ സജീവമായി മുന്നോട്ട് പോകാനാണ് തീരുമാനം. സത്യൻ അന്തിക്കാടിന്റെയും ജോഷിയുടെയും പുതിയ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. മകൻ ദിവ്യദർശൻ നാടക‑സീരിയിൽ‑സിനിമാ രംഗത്ത് സജീവമാണ്.