വിജയ് സി എച്ച്

February 07, 2021, 3:47 am

അഗ്നിസാക്ഷിയായ അന്തർജനം

Janayugom Online

പ്രശസ്തരായ എഴുത്തുകാരോടു സംവദിക്കണമെന്ന മോഹം കൊടുംപിരികൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ആരിൽ തുടങ്ങും? ജന്മനാടായ പൊന്നാനിയിലുള്ളവർക്ക് പൊതുവെ അടുപ്പവും ആദരവും തോന്നിയിരുന്ന എഴുത്തുകാരൻ വൈക്കം മുഹമ്മദു ബഷീർ ആയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും വായിച്ചു കഴിഞ്ഞതുമാണ്. സംസാരിച്ചിരിക്കാൻ വേണ്ടുവോളം വിഷയങ്ങൾ! വേണ്ടത്ര സമയം അദ്ദേഹം അനുവദിക്കണമെന്നു മാത്രം. ബഷീറുമായുള്ള കൂടിക്കാഴ്ച എപ്പോൾ, എങ്ങനെ എന്നൊക്കെ ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം വർഷങ്ങൾക്കുമുന്‍പ് ലളിതംബിക അന്തർജനത്തിന് അയച്ച ഒരു കത്ത് ഒരു ആനുകാലികത്തിൽ അച്ചടിച്ചു വന്നത് വായിക്കാനിടയായത്. അതുവരെ ചെറുകഥകളും കവിതകളും മാത്രം എഴുതിയിട്ടുള്ള അന്തർജനത്തിനോട് ഇനി അവരൊരു നോവൽ എഴുതണമെന്നുള്ള സർഗ്ഗാത്മകമായ ആഹ്വാനം! ബഷീറിന്റെ കത്തിലെ ഹൃദയസ്പർശിയായ ചില വരികൾ ഞാനിപ്പോഴുമോർക്കുന്നു:

“പ്രിയപ്പെട്ട സഹോദരി, നിങ്ങൾ ഒരു നോവലെഴുതണം. ഒരു സ്ത്രീയുടെ ജീവിതകഥ. ആ കഥയുടെ ബീജം നിങ്ങൾ തന്നെ ആയിരിക്കണം. ഇതുവരെ നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ലാത്തത്ര ഉത്കൃഷ്ടമായ ഒരു ഗ്രന്ഥം നിങ്ങൾക്ക് രചിക്കുവാൻ കഴിയുമെന്നു തീർച്ച! ഈ കത്തെഴുതുന്നത് നിങ്ങളുടെ മൂത്ത സഹോദരനാണെന്ന് കരുതുക. ആറുമാസംകൊണ്ട് ഈ പുസ്തകം നിങ്ങൾക്ക് പൂർത്തിയാക്കാമെന്ന് ഞാൻ കരുതുന്നു. അതിനിടെ ഞാൻ മരിച്ചുപോയിട്ടില്ലെങ്കിൽ, അതിന്റെ ഒരു കോപ്പി എനിക്കയക്കണം. മംഗളാശംസകൾ.” ബഷീറിന്റെ ബോധന പ്രകാരം അന്തർജനം എഴുതിയ ആ പുസ്തകമാണ് ‘അഗ്നിസാക്ഷി’ എന്നുകൂടി പ്രസ്തുത ലേഖനത്തിൽ കണ്ടപ്പോൾ, അതു വായിക്കാനുള്ള തീവ്രമായ ആഗ്രഹത്താൽ ഞാൻ അസ്വസ്ഥനായി. അന്തർജനത്തിന്റെ രചനകളൊന്നും ഞാൻ അതിനുമുന്നെ വായിച്ചിട്ടുമില്ലായിരുന്നു. മൂന്നാം ദിവസം ഞാൻ ‘അഗ്നിസാക്ഷി’ വാങ്ങി വായിച്ചു, ഒരിക്കലല്ല, പല വട്ടം! അത്രയും ജീവിതഗന്ധിയായ മറ്റൊരു കഥ അതിനുമുന്നെ ഞാൻ വായിച്ചിട്ടുണ്ടൊയെന്നുതന്നെ സംശയമാണ്. ‘അഗ്നിസാക്ഷി’ പോലൊരു സാമൂഹിക‑സാമ്പ്രദായിക വിപ്ലവ നോവൽ മലയാള ഭാഷയിൽ എഴുതപ്പെട്ടിട്ടേയില്ല എന്നുതന്നെ നിരൂപിക്കുന്നതാവും കൂടുതൽ ശരി. പ്രൊഫഷണലായ എന്റെ പ്രഥമ അഭിമുഖം അന്തർജനവുമായി ആയിരിക്കണമെന്ന ഒരു തിരുത്ത് മുൻ തീരുമാനത്തിൽ വരുത്തി.

അടുത്ത പ്രദേശമായതിനാൽ, ബേപ്പൂരുപോയി സുൽത്താനെ കാണുന്നത് എപ്പോൾ വേണമെങ്കിലും ആകാമല്ലോയെന്നും സമാധാനിച്ചു. ബഷീറിനു പകരം, കോട്ടയത്തുനിന്ന് ഏറെ അകലത്തുള്ള രാമപുരത്തു താമസിക്കുന്ന അന്തർജനത്തെ എന്റെ കന്നി സംരംഭത്തിനു തിരഞ്ഞെടുത്തത്, മലയാള സാഹിത്യത്തിൻറെ അമ്മയുടെ പാദങ്ങൾതൊട്ടു തുടങ്ങാം എന്നുള്ളതുകൊണ്ടു മാത്രമല്ല, ‘അഗ്നിസാക്ഷി‘യുടെ കാവ്യ‑ബിംബ സൗന്ദര്യം എന്നെ അടിമുടി ഗ്രസിച്ചതുകൊണ്ടുമായിരുന്നു. നമ്മുടെ ഭാഷയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര ഉത്കൃഷ്ടമായ ഒരു ഗ്രന്ഥം അന്തർജനത്തിനു രചിക്കാൻകഴിയുമെന്നു ബഷീർ പ്രവചിച്ചത് എത്ര ശരി! മാനമ്പിള്ളി ഇല്ലത്തെ ഉണ്ണി നമ്പൂതിരിയുടെ ജീവിതത്തിൽ‍ പൂജകൾക്കും മന്ത്രങ്ങൾക്കും മറ്റു ആചാരങ്ങൾക്കും മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളൂ. അഗ്നിയെ സാക്ഷിനിർത്തി തന്റെ ജീവിതത്തിലേക്കു കടന്നുവന്ന പത്നി ദേവകിയുടെ സ്വപ്നങ്ങൾ തകരുന്നത് അവളുടെ കർമഫലമെന്നു വ്യാഖ്യാനിച്ച അദ്ദേഹത്തിന് അവൾക്കു നൽകാൻ സ്നേഹമോ സമയമോ ഉണ്ടായിരുന്നില്ല. അവഗണന അസഹനീയമായപ്പോൾ, ജീവിതം തകർന്നടിഞ്ഞപ്പോൾ, ദാമ്പത്യമുദ്രയായ സ്വർണ്ണത്താലിയും മണിയും ഭർത്താവിനെ തിരിച്ചേൽപ്പിച്ച് ദേവകി ഇല്ലം വിട്ടിറങ്ങി. നമ്പൂതിരി സമുദായത്തിലെ സ്ത്രീവിരുദ്ധ വഴക്കങ്ങൾക്കെതിരെ അവൾ പിന്നീടു പോരാടുന്നു. നിരവധി നിരാലംബ സ്ത്രീജീവിതങ്ങൾ എരിഞ്ഞടങ്ങിയ യാഥാസ്ഥിതിക ഹോമകുണ്ഡം തന്നെയായിരിക്കണം അന്തർജനം സ്വപ്നം കണ്ട സാമൂഹിക മാറ്റത്തിന്റെ ചാലകശക്തി. ഒരു സ്ത്രീയുടെ ജീവിതകഥ, അതിന്റെ ബീജം അന്തർജനം തന്നെയായിരിക്കണം, ബഷീർ തന്റെ കത്തിൽ കുറിച്ചിട്ടിരുന്നല്ലൊ! തുല്യനീതിക്കുവേണ്ടി ഇന്നു ‘ഫാഷനബിളായി’ പോരാടുന്ന ഫെമിനിസ്റ്റുകൾ ജന്മംകൊള്ളുന്നതിന് എത്രയോ മുന്‍പുതന്നെ, 1977‑ൽ ‘അഗ്നിസാക്ഷി‘യെഴുതി, കേരളക്കര കണ്ട ഏറ്റവും ശക്തയായ സ്ത്രീ വിമോചന പടയാളി ജനിച്ചിരുന്നു! ബ്രാഹ്മണ വനിതകളുടെ മാത്രമല്ല, സ്ത്രീ സമൂഹത്തിൻറെ മാത്രമല്ല, മുഴുവൻ മാനവരാശിയുടെ മോചനത്തിനായുള്ള അവബോധത്തിലേക്കാണ് അനുവാചകരെ ‘അഗ്നിസാക്ഷി‘യിൽ അന്തർജനം കൊണ്ടുപോകുന്നത്.

തന്റെ ജീവിതസായാഹ്നത്തിൽ അന്തർജനം രചിച്ച കൃതിക്ക്, പ്രഥമ വയലാർ അവാർഡിനു പുറമെ, കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും, ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു. നോവലിനെ ആസ്പദമാക്കിയുള്ള ശ്യാമപ്രസാദിന്റെ ചലചിത്രാവിഷ്കാരത്തിന് 1999‑ൽ മികച്ച മലയാളം ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരവും, മികച്ച സിനിമ ഉൾപ്പെടെ, എട്ടു സംസ്ഥാന അവാർഡുകളും നേടി. ‘അഗ്നിസാക്ഷി’ രചിച്ചയാളെ നേരിൽകണ്ടു. അൽപ്പനേരത്തിനുള്ളിൽ മുൻവിധികളെല്ലാം അപ്രസക്തമായി. അവർ ഏറെ വാത്സല്യമുള്ളൊരു അമ്മയായാണ് എനിക്കനുഭവപ്പെട്ടത്. 1909 മാർച്ച് 30‑ന് പുണ്യജന്മം കിട്ടിയ അന്തർജനത്തിന് എന്നേക്കാൾ ഏകദേശം അമ്പതു വർഷത്തെയെങ്കിലും പ്രായാധിക്യം ഉണ്ടായിരുന്നു. പക്ഷെ, അവരുമായി പെട്ടെന്നടുക്കാൻ വയസ്സൊരു വിലങ്ങുതടി ആയതേയില്ല. പ്രഥമ അഭിമുഖത്തിന് ഇത്രയും ഔന്നിത്യത്തിലുള്ളൊരാളെ തിരഞ്ഞെടുത്തത് എന്റെ സ്വാർത്ഥത കൊണ്ടാണെന്ന് ഞാൻ അമ്മയോട് ഏറ്റുപറഞ്ഞു. അങ്ങനെയൊന്നും ചിന്തിക്കരുതെന്നും, നല്ലൊരു സുഹൃത്തായിത്തന്നെ അവരെ കാണണമെന്നും സ്നേഹം നിറഞ്ഞ ഭാഷയിൽ അന്തർജനം എനിക്കു മറുപടി നൽകി. ഒടുവില്‍ അവരുടെ പാദങ്ങൾ തൊട്ടു വന്ദിച്ചു, യാത്ര പറഞ്ഞിറങ്ങുമ്പോൾ നന്നായി എഴുതാൻ കഴിയട്ടേയെന്ന് അവർ ആശിർവദിച്ചു! അന്തർജനവുമായി അഭിമുഖം നടത്തിയ വിവരം കണ്ടവരെയൊക്കെ ഞാൻ അറിയിച്ചു. ഏറെ ഉന്മാദത്തിലായിരുന്നു ഞാൻ! ഞങ്ങൾ സംവദിച്ച, ജനുവരി 24,1987,അങ്ങനെ എന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ ദിനമായി മാറി. പക്ഷെ, ഉന്മാദങ്ങളൊന്നും ശാശ്വതമല്ലല്ലൊ. പതിമൂന്നാമത്തെ ദിവസം അന്തർജനം അന്തരിച്ച വിവരമറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽതന്നെ ഞാൻ ഞെട്ടി! എന്റെ പ്രപഞ്ചം അൽപ്പനേരത്തേക്ക് നിശ്ചലമായി. അചേതനമായ നിമിഷങ്ങൾ… പിന്നീട്, ധാരധാരയായി കണ്ണീരൊഴുകി… 1987ഫെബ്രുവരി 6‑നു രാവിലെ പതിനൊന്നു മണിക്കെത്തിയ ദുരന്തവാഹിനിയായൊരു ഹൃദയാഘാതത്തിന് മലയാളത്തിന്റെ അമ്മയുടെ ജീവൻ വേണമായിരുന്നു!