പ്രശാന്ത് ചിറക്കര

June 07, 2020, 8:15 am

കാഴ്ചയുടെ അപരലോകം

Janayugom Online

ഇസ്രഫ് അർമഗൻ എന്ന ടർക്കിഷ് ചിത്രകാരന്റെ ചിത്രങ്ങൾ നമ്മിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുകയാണ്. തന്റെ ചിത്രങ്ങളിലെ വൈവിധ്യമാർന്ന പ്രകൃതി മാത്രമല്ല, അതിലെ നിറങ്ങളുടെ വിന്യാസം പോലും കാഴ്ചക്കാരനെ വിസ്മയത്തിന്റെയും അവിശ്വസനീയതയുടെയും കൊടുമുടിയേറ്റുന്നു. കാരണം, ചിത്രകാരൻ ഈ ലോകത്തെയോ പ്രകൃതിയെയോ അതിന്റെ വർണ്ണങ്ങളെയോ തന്റെ ചിത്രങ്ങൾപോലുമോ തന്റെ കണ്ണുകൾ കൊണ്ട് ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരാളാണ്. പ്രകാശം എന്ന പ്രതിഭാസത്തെ ഒരിക്കൽപ്പോലും കണ്ണുകൾ കൊണ്ട് കണ്ടറിഞ്ഞിട്ടില്ല ഇസ്രഫ്. അതായത്, ചിത്രകാരൻ പൂർണ്ണമായും അന്ധനാണ്!

ലോകത്തെ കാണാനേ കഴിഞ്ഞിട്ടില്ലാത്ത ഒരാൾ ലോകത്തെ വരച്ചാൽ അത് എവ്വിധമാകും എന്നത് തികച്ചും കൗതുകകരമാണ്. പക്ഷേ ഇവിടെ, അത് കേവല കൗതുകത്തിനപ്പുറം നമ്മെ വിസ്മയത്തിന്റെയും കാഴ്ച എന്നപ്രതിഭാസത്തെക്കുറിച്ചുള്ള വലിയ സംശയങ്ങളുടെയും മറ്റൊരു ലോകത്തേയ്ക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്. കാഴ്ച എന്ന പ്രതിഭാസം ഭൂമിയിലെ ജീവജാലങ്ങൾക്ക് മാത്രം ലഭിച്ച സവിശേഷമായ ഒരു സംവേദന സജ്ജീകരണമായിരിക്കുമോ?

കണ്ണുകളല്ലാതെ പ്രകൃതിയെ കണ്ടറിയുന്നതിനുള്ള മറ്റ് സംവേദനികൾ മനുഷ്യന് പരിചയമില്ല. ഒരുപക്ഷേ, പ്രപഞ്ചത്തിൽ മറ്റേതെങ്കിലും ‘വിദൂരഭൂമി‘യിലെ ജീവജാലങ്ങൾക്ക് കണ്ണിനുപകരം നിലവിലുള്ളത് വ്യത്യസ്തമായ സംവേദനികളാകാം. വർണ്ണങ്ങൾ, രൂപങ്ങൾ എന്നിവയൊക്കെ കേവലം നമുക്ക് കണ്ണുകളിലൂടെയുള്ള കാഴ്ച എന്ന അനുഭവത്തിനപ്പുറത്ത്, പ്രകാശരഹിതമായ മറ്റൊരു ലോകത്ത് മറ്റേതോ അഗോചര സംവേദനികളിലൂടെ മനസ്സിലാക്കപ്പെടുന്നു എന്നുള്ളതാണ് ഇസ്രഫ് അർമഗന്റെ ചിത്രസൃഷ്ടികൾ വെളിപ്പെടുത്തുന്നത്. റേച്ചൽ ബർക്ക് രചിച്ച ‘പെയിന്റിംഗ് ഇൻ ദ ഡാർക്ക്’ എന്ന പുസ്തകവും ഖാലിദ് റമദാനും സ്റ്റൈൻ ഹോക്സ്ബ്രൊയും കൂടി സംവിധാനം ചെയ്ത ‘ഐ ഇൻ ഹാൻഡ്’ എന്ന ഡോക്കുമെന്ററിയും ഇസ്രഫ് അർമഗന്റെ അസാധാരണജീവിതം വിവരിക്കുന്നു.

തുർക്കിയിലെ ഇസ്താംബുളിൽ ഒരു ദരിദ്ര കുടുംബത്തിലാണ് 1953ൽ ഇസ്രഫ് ജനിച്ചത്. ജന്മനാ കാഴ്ചയില്ലാത്തവനായതിനാൽ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാൻ അവസരമുണ്ടായിരുന്നില്ല. ഇസ്രഫിന്റെ കുട്ടിക്കാലം യാതനകൾ നിറഞ്ഞതായിരുന്നു. കുട്ടിയായ ഇസ്രഫ് തന്റെ ദിവസങ്ങൾ ചെലവഴിച്ചിരുന്നത് പിതാവിനോടൊപ്പം അദ്ദേഹത്തിന്റെ വർക്ക്ഷോപ്പിലായിരുന്നു. അവൻ തന്റെ വിരൽത്തുമ്പിലൂടെയാണ് ചുറ്റുമുള്ള ലോകത്തെ അറിഞ്ഞിരുന്നത്. സ്പർശനത്തിലൂടെ വെളിവാകുന്ന വസ്തുക്കളുടെ രൂപത്തിൽനിന്നും ഇസ്രഫ് അവയെ ഓരോന്നിനെയും വേറിട്ട് മനസ്സിലാക്കിത്തുടങ്ങി. പിതാവ് ജോലിയിലേർപ്പെട്ടിരിക്കുമ്പോൾ ഇസ്രഫ് ഒരു കാർഡ് ബോർഡിൽ തന്റെ നഖങ്ങൾകൊണ്ട് കുത്തിവരഞ്ഞുകൊണ്ടിരിക്കും. മറ്റുള്ളവർക്ക് അത് വെറും കുത്തിവരയായി തോന്നിയിരുന്നുവെങ്കിലും ഇസ്രഫ് തന്റെ വിരൽത്തുമ്പിലൂടെ അറിഞ്ഞ തന്റെ ചുറ്റുമുള്ള ലോകത്തെ കാർഡ്ബോർഡിൽ അടയാളപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.


ഒരിക്കൽ, ഇസ്രഫിന് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ അവൻ പിതാവിനോട് തനിക്ക് ഒരു ചിത്രശലഭത്തെ പിടിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. അവനെ നിരാശപ്പെടുത്താതിരിക്കാൻ പിതാവ് ഒരു ചിത്രശലഭത്തിന്റെ ആകൃതി ഒരു മരക്കട്ടയിൽ വരഞ്ഞ് അവന് നൽകി. മരക്കട്ടയിലെ വരഞ്ഞ പാടുകൾ അവൻ പലവുരു കൈകൊണ്ട് സ്പർശിച്ചു. അതിന്റെ വരഞ്ഞപാടുകളിലൂടെ വിരലോടിച്ചു. പിന്നീട് അതുപോലൊരെണ്ണം അവൻ മറ്റൊരു കട്ടയിൽ കുത്തിവരയ്ക്കാൻ തുടങ്ങി. ഇസ്രഫിന്റെ ആദ്യ ചിത്രരചനാ ശ്രമമായിരുന്നു അത്. ഇസ്രഫ് വരഞ്ഞ ചിത്രശലഭത്തെക്കണ്ട് പിതാവ് അവനെ വാരിപ്പുണർന്നു. തുടർന്ന് അവൻ അവന്റെ ചുറ്റുപാടുകളെ വിരൽകൊണ്ട് സ്പർശിച്ചറിയാൻ തുടങ്ങി. ആ സ്പർശനാനുഭവങ്ങൾ അവൻ കടലാസുകളിലേയ്ക്ക് ആവിഷ്ക്കരിക്കാൻ ശ്രമിച്ചു. താൻ വരയ്ക്കുന്ന ചിത്രങ്ങൾ യഥാർത്ഥ വസ്തുക്കളുമായി എത്രമാത്രം സാദൃശ്യമുണ്ടെന്ന് മറ്റുള്ളവരുടെ വാക്കുകളിൽനിന്നും മനസ്സിലാക്കി അവൻ ചിത്രരചന തുടർന്നു. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഒരു ഉപാധിയായും ഇസ്രഫ് വരയെ ഉപയോഗിച്ചുതുടങ്ങി. താൻ വിരൽത്തുമ്പുകൊണ്ട് സ്പർശിച്ചറിയുന്നതൊക്കെയും വരഞ്ഞിടുക എന്നത് ഇസ്രഫിന്റെ ശീലമായിത്തീർന്നു. അവ കണ്ട് കാഴ്ചക്കാർ വിസ്മയം പൂണ്ടു. എങ്ങനെയാണ് ആ ആവിഷ്ക്കാരങ്ങൾ സാധ്യമാകുന്നതെന്ന് കാഴ്ചക്കാരുടെ ആകാംക്ഷയോടെയുള്ള അന്വേഷണങ്ങൾക്ക് ഇസ്രഫിന് മറുപടിയുണ്ടായിരുന്നില്ല. കാരണം അതെങ്ങനെയാണ് തന്റെ ഉൾക്കണ്ണിൽ തെളിയുന്നതെന്ന് അവനും വിശദീകരിക്കാനായിരുന്നില്ല.

ആളുകൾ വസ്തുക്കളെ തിരിച്ചറിയുന്നത് അവയുടെ നിറം കൊണ്ടാണെന്ന് അവരുടെ സംസാരത്തിൽനിന്ന് ഇസ്രഫ് മനസിലാക്കിയിരുന്നു. നിറം എന്നതിനെ എവ്വിധമാണ് താൻ മനസ്സിലാക്കിയത് എന്ന് ഇസ്രഫിന് വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. നിറം എന്ന പ്രതിഭാസം കാഴ്ചയുമായി ബന്ധപ്പെട്ടത് മാത്രമാകയാൽ ഇസ്രഫിന് മനസ്സിലാ കുന്നതരത്തിൽ അത് വിശദീകരിക്കുന്നതിന്റെ പരിമിതിയും മറ്റുള്ളവർക്കുണ്ടായിരുന്നു. പതിനഞ്ചു വയസ്സുള്ളപ്പോൾ ഇസ്രഫ് തനിക്ക് ഒരു സെറ്റ് കളർ പെൻസിലുകൾ വേണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടു. നിറങ്ങൾ തിരിച്ചറിഞ്ഞ് പെൻസിലുകൾ തിരഞ്ഞെടുക്കാൻ ഇസ്രഫ് ഒരു ഒരു ഉപായം കണ്ടെത്തി. പെൻസിലുകൾ നിറങ്ങളുടെ ക്രമത്തിൽ വെള്ള, കറുപ്പ്, മഞ്ഞ, ബ്രൗൺ, ചുവപ്പ്, നീല, പച്ച എന്നിങ്ങനെ കൃത്യമായി അടുക്കി വച്ച് ഓരോന്നായി എടുക്കാൻ തുടങ്ങി. അങ്ങനെ നിറങ്ങൾ തിരഞ്ഞെടുത്ത് അവൻ വരച്ചുവച്ചിട്ടുള്ള പെൻസിൽ സ്കെച്ചുകൾക്ക് നിറം പകർന്നു. ഓരോനിറവും കൃത്യമായി അടുക്കിവച്ച് ക്രമത്തിൽ തിരഞ്ഞെടുത്തായിരുന്നു നിറം പകരൽ. ഓരോ നിറവും എത്രാമതാണുള്ളതെന്ന് ഇസ്രഫിന് ധാരണയുണ്ടായിരുന്നു.


പെൻസിൽ ഡ്രായിംഗുകളുടെ വരകളിൽ വിരലോടിച്ച് അരികുകൾ മനസ്സിലാക്കി കൃത്യമായി നിറം പകരാൻ ഇസ്രഫിന് സാധിക്കുന്നത് മറ്റുള്ളവരിൽ അത്ഭുതം നിറച്ചു. ഇസ്രഫിന്റെ ചിത്രങ്ങളിൽ ചിലതിന്റെ പ്രകാശവിന്യാസം, പ്രകാശം എന്ന പ്രതിഭാസം ഒരിക്കൽപ്പോലും അനുഭവിച്ചിട്ടില്ലാത്ത ഒരാളുടേതാണെന്ന് വിശ്വസിക്കുകതന്നെ പ്രയാസമായിത്തീർന്നു. പിതാവിന്റെ വർക്ക്ഷോപ്പിൽ അദ്ദേഹം പണിയെടുക്കുമ്പോൾ അർമഗൻ തറയിൽക്കിടന്ന് ചിത്രരചനയിലേർപ്പെട്ടു. ഒരു തണ്ണിമത്തനെ വരയ്ക്കുമ്പോൾ അതിന്റെ പുറംതോടിന്റെ പച്ച മാത്രമല്ല, മുറിച്ചുവച്ച തണ്ണിമത്തന്റെ അകത്തെ ചുവപ്പും അവൻ മനസ്സിലാക്കി വരച്ചു. സമുദ്രത്തിന്റെ നിറം നീലയാണ് എന്ന് പറയുമ്പോൾത്തന്നെ, തെളിഞ്ഞ ആകാശമുള്ളപ്പോൾ മാത്രമാണ് ആ നീലയെന്നും ആകാശം മേഘാവൃതമാകുമ്പോൾ സമുദ്രനിറത്തിന് നിറഭേദം വരുമെന്നും അവൻ സൂക്ഷ്മാർത്ഥത്തിൽ മനസ്സിലാക്കിത്തുടങ്ങി. നിറങ്ങളെക്കുറിച്ചും വസ്തുക്കളുടെ രൂപ വൈചിത്ര്യങ്ങളെക്കുറിച്ചുമുള്ള അവന്റെ അന്വേഷണങ്ങൾക്ക് പിതാവ് ക്ഷമയോടെ വിശദീകരണങ്ങൾ നൽകി. ഒരിക്കൽ കേട്ടവയൊക്കെയും അവൻ ഓർമ്മകളുടെ ക്യാൻവാസിൽ പതിപ്പിച്ചുവച്ചു. വസ്തുക്കളുടെ നിഴലുകൾ സംബന്ധിച്ച് ആളുകൾ സംസാരിക്കുന്നത് കേൾക്കാനിടയായ ഇസ്രഫ് ഒരു വസ്തുവിന് എങ്ങനെയാണ് നിഴൽ രൂപപ്പെടുന്നതെന്ന് മനസ്സിലാക്കി.

പ്രകാശം എന്ന പ്രതിഭാസത്തെ ഒരിക്കൽപ്പോലും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഇസ്രഫ് ആണ് വസ്തുക്കളുടെ നിഴൽ എങ്ങനെ രൂപപ്പെടുന്നു എന്ന് മറ്റുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കിയത്! ആ മനസ്സിലാക്കൽ ഇസ്രഫ് ഒരുനാൾ ചിത്രത്തിലാവിഷ്ക്കരിക്കുകയു ണ്ടായി. ഒരു ആപ്പിളിന്റെ ചിത്രവും അതേ നിറത്തിലുള്ള അതിന്റെ നിഴലും! ആ ചിത്രം കണ്ട ഇസ്രഫിന്റെ പിതാവ് പൊട്ടിച്ചിരിച്ചുകൊണ്ടുപറഞ്ഞു: “മകനേ നീ വരച്ചിരിക്കുന്നത് രണ്ട് ആപ്പിളുകളാണ്. വസ്തുക്കളുടെ അതേ നിറത്തിലല്ല അവയുടെ നിഴലുകൾ സംഭവിക്കുന്നത്.“ അത് അവന് ഒരു തിരിച്ചറിവായിരുന്നു — തന്റെ ചിത്രകലാജീവിതത്തിലെ സുപ്രധാനമായ ഒരു തിരിച്ചറിവ്. പതിനെട്ടാമത്തെ വയസ്സിൽ ഇസ്രഫ് ഓയിൽ പെയിന്റ് ഉപയോഗിച്ചുതുടങ്ങി. ഇസ്രഫിന്റെ പെയിന്റിങ്ങുകൾ കാഴ്ചക്കാരിൽ വലിയ വിസ്മയവും അമ്പരപ്പും സൃഷ്ടിച്ചു. പൂർണ്ണമായും അന്ധനായ ഒരാൾ വരച്ചതാണ് ആ യഥാതഥ ചിത്രങ്ങൾ എന്ന് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സമീപസ്ഥവും വിദൂരസ്ഥവുമായ ദൃശ്യങ്ങളുടെ അന്തരങ്ങളെക്കുറിച്ചും അവയുടെ ത്രിമാനത്വത്തെയും കുറിച്ചുള്ള സംശയങ്ങൾ അർമഗൻ കാഴ്ചക്കാരുമായി പങ്കുവച്ചു.


അവരുടെ വിശദീകരണങ്ങളിൽനിന്ന് അവയെ വരകളിലും വർണ്ണങ്ങളിലും കാൻവാസിൽ ആവിഷ്ക്കരിച്ച് ഇസ്രഫ് അവരെവിസ്മയത്തിന്റെയും അമ്പരപ്പിന്റെയും ആകാശത്തിലേയ്ക്ക് ഉയർത്തിക്കൊണ്ടുപോയി. പിൽക്കാലത്ത് ഇസ്രഫ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി. കുടുംബത്തെ സഹായിക്കാൻ ഇസ്രഫിന് എന്തെങ്കിലും തൊഴിൽ ചെയ്യാതെ മാർഗ്ഗമുണ്ടായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസം അശേഭിക്കാൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഇസ്രഫ് തന്റെ പിതാവിന്റെ വർക്ക്ഷോപ്പിൽ തകരം കൊണ്ട് സ്റ്റൗ നിർമ്മിക്കുന്ന ജോലിയിലേർപ്പെട്ടു. അതിൽ നിന്ന് കിട്ടുന്ന വരുമാനം കുടുംബത്തിന്റെ ചെലവുകൾ നേരിടാൻ പര്യാപ്തമായിരുന്നില്ല. ഒഴിവു സമയം ചിത്രരചനയിൽ മുഴുകിയ ഇസ്രഫിന് അത് മറ്റൊരു വരുമാന മാർഗ്ഗമായിത്തീർന്നു. ചിത്രങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ടായി.

ചിത്രങ്ങൾ വിറ്റുപോകാൻ തുടങ്ങിയതോടെ വരുമാനവും വർദ്ധിച്ചു. പത്രങ്ങളിൽ ഇസ്രഫിനെക്കുറിച്ച് റിപ്പോർട്ടുകൾ വരാൻ തുടങ്ങി. 1990ൽ ഇസ്രഫ് തന്റെ ആദ്യ വിദേശ എക്സിബിഷൻ നടത്തുന്നതിനായി പോളണ്ടിലേയ്ക്ക് പുറപ്പെട്ടു. പ്രശസ്ത വ്യക്തികളുടെ ഛായാ ചിത്രങ്ങൾ വരച്ചുതുടങ്ങിയതോടെ ഇസ്രഫിന്റെ പ്രതിഭ കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. ഇത് കാഴചക്കാരിൽ പല സംശയങ്ങളും ഉണർത്തി. ഇസ്രഫ് പൂർണ്ണമായും അന്ധനല്ലെന്നും അയാൾക്ക് ചെറിയ തോതിലെങ്കിലും കാഴ്ചയുണ്ടെന്നും ചിലർ സംശയിച്ചു. ചിലർ ഇതൊരു തട്ടിപ്പാണെന്നുപോലും വാദിച്ചു. 1993ൽ ഇസ്രഫിന്റെ പിതാവ് മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു പ്രതിസന്ധിയെ നേരിട്ടു. ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയി. ഭക്ഷണത്തിനുപോലും വക കണ്ടെത്താനാകാതെ ഇസ്രഫ് വിഷമിച്ചു. എന്നാൽ ആ സമയത്തും ചിത്രരചന തുടർന്നുകൊണ്ടിരുന്നു. കാഴ്ചപരിമിതിയുള്ള പ്രതിഭകൾക്ക് അവസരം നൽകുന്നതിന് ഒരു ആഘോഷ പരിപാടി ചെക്ക് റിപ്പബ്ലിക്കിലെ ഒരു സംഘടന സംഘടിപ്പിച്ചത് ഇക്കാലത്താണ്. അവിടെ ഇസ്രഫിന്റെ ഗൈഡായി പ്രവർത്തിച്ച ജോവൻ ഇറോൻസൻ എന്ന അമേരിക്കക്കാരി യുമായുള്ള പരിചയം ഇസ്രഫിന്റെ ജീവിതത്തിലെ വഴിത്തിരിവായിത്തീർന്നു.

പിൽക്കാലത്ത് ഇസ്രഫിന്റെ അടുത്ത സുഹൃത്തും മാനേജരുമായിത്തീർന്ന അവർ ഇസ്രഫിന്റെ കഴിവുകളെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചു. ഇസ്രഫിന്റെ പ്രശസ്തി വർദ്ധിച്ചതോടെ അദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങളും വർദ്ധിച്ചുവന്നു. മറ്റാരുടേയും സഹായമില്ലാതെ ഇവ്വിധം മനോഹരമായ ചിത്രങ്ങൾ സൃഷ്ടിക്കുവാൻ ജന്മനാ പൂർണ്ണമായും അന്ധനായ ഒരാൾക്ക് സാധിക്കുകയില്ല എന്നതായിരുന്നു ആ വിമർശനം. 2004 ൽ ശാസ്ത്രലോകം ഇസ്രഫിന്റെ രക്ഷയ്ക്കെത്തി. ഇസ്രഫിന്റെ കാഴ്ച ശാസ്ത്രീയ പഠനത്തിന് വിധേയമാക്കാൻ അവർ അദ്ദേഹത്തെ അമേരിക്കയിലേയ്ക്ക് ക്ഷണിച്ചു. അവിടെ ഒരു സംഘം ഗവേഷകരും ഡോക്ടർമാരും ഇസ്രഫിന്റെ കാഴ്ചശക്തി അത്യാധുനികമായ ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധനാ വിധേയമാക്കി. പരിശോധനാഫലം ഇതായിരുന്നു: ഇസ്രഫ് ജന്മനാ പൂർണ്ണമായും അന്ധനാണ്. ഇസ്രഫിന്റെ കണ്ണുകൾക്ക് പ്രകാശത്തിന്റെ സാന്നിധ്യത്തെ അശ്ശേശേിരിച്ചറിയാൻ കഴിയില്ല! ഇസ്രഫിന്റെ പ്രകടനത്തിന്റെ ശാസ്ത്രീയത ഗവേഷകർക്ക് വിശദീകരിക്കാനായില്ല. ചിത്രരചനാവേളയിൽ ഇസ്രഫിന്റെ മസ്തിഷ്ക്കത്തിലെ ‘വിഷ്വൽ കോർട്ടെക്സ്’ (കണ്ണിൽ നിന്നുവരുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്ന തലച്ചോറിന്റെ ഭാഗം) കാഴ്ചയുള്ള ആളുകളുടേതിന് സമാനമായ പ്രതികരണങ്ങൾ കാണിച്ചു എന്നതൊഴികെ മറ്റൊന്നും അവർക്ക് കണ്ടെത്താനുമായില്ല. തന്റെ സത്യം വെളിപ്പെട്ടതിൽ സന്തോഷവാനായി ഇസ്രഫ് തുർക്കിയിലേയ്ക്ക് മടങ്ങി.

തുടർന്ന് ഡിസ്ക്കവറി ചാനൽ അവരുടെ ‘ദ റിയൽ സുപ്പർ ഹ്യൂമൻസ്’ എന്ന പരമ്പരയിലുൾപ്പെടുത്തി ഇസ്രഫിനെക്കുറിച്ച് ഒരു ഡോക്കുമെന്ററി നിർമ്മിച്ചു. അതിൽ ഇറ്റലിയിലെ 8 വശഎട്ടു്ങളുള്ള കൂറ്റൻ കെട്ടിടം അതിന്റെ ത്രിമാന സ്വഭാവത്തോടെ ഇസ്രഫ് ക്യാമറകൾക്കുമുന്നിൽ വരച്ചുകാട്ടി. കാണുന്നതിന് കണ്ണുകൾ വേണ്ടെന്ന് ആ അത്ഭുത പ്രകടനത്തിലൂടെ ഇസ്രഫ് ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആ പരിപാടി അമ്പരപ്പിച്ചു. അതോെ ഇസ്രഫിന്റെ പ്രശസ്തി ലോകമെമ്പാടും വർദ്ധിച്ചു. പെയിന്റിങ്ങുകൾ വലിയ തോതിൽ വിറ്റുപോയി. പല രാജ്യങ്ങളിലും ഇസ്രഫിന്റെ പെയിന്റിങ്ങുകളുടെ പ്രദർശനങ്ങൾ നടന്നു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, പ്രപഞ്ചത്തിൽ മറ്റെ വിടെയെങ്കിലും പുലരുന്ന അജ്ഞാതമായ ഏതോ ജീവലോകത്തിന്റെ ആ സംവേദനി കളാോ ഒരുപക്ഷേ ഇസ്രഫ് അർമഗനിൽ പ്രവർത്തിച്ചുപോരുന്നത്? വെളിച്ചം എന്ന ഭൗതിക പ്രതിഭാസം അപ്രസക്തമാകുന്ന കാഴ്ചയുടെ മറ്റൊരു ലോകം! ആ ലോകം നമ്മുടെ ഭാവനയ്ക്കും അപ്പുറത്താണല്ലോ.

Eng­lish Sum­ma­ry: janayu­gom varan­tham about blind draw­ing artist Israf Arma­gan

You may also like this video