വി മായാദേവി

February 14, 2021, 4:35 am

സിനിമയിലെ ചില അടുക്കള വിശേഷങ്ങള്‍

Janayugom Online

മലയാള ചലച്ചിത്ര നിരൂപണ മേഖലയിൽ അടുത്തകാലത്തിറങ്ങിയ ശ്രദ്ധേയ പുസ്തകങ്ങളിൽ ഒന്നാണ് ‘മലയാള സിനിമയിലെ അടുക്കള’ മുതിർ മാധ്യമപ്രവർത്തകൻ എ ചന്ദ്രശേഖറിന്റെ തൂലികയിൽ പിറവിയെടുത്ത പുസ്തകമാണിത്. ചലച്ചിത്ര അക്കാദമിയുടെ നവതി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സമർപ്പിക്കപ്പെട്ട പ്രബന്ധത്തിന്റെ പുസ്തകരൂപമാണിത്. ബാലൻ മുതൽ മലയാളത്തിലിറങ്ങിയ ചലച്ചിത്രങ്ങളിലെ അടുക്കള ജീവിതങ്ങളെയും ഭക്ഷണ രീതികളെയും ആഴത്തിൽ വിശകലനം ചെയ്യുകയാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിലൂടെ. സിനിമകളിലെ പാട്ടും അഭിനയവും പശ്ചാത്തലവുമെല്ലാം പല ഘട്ടങ്ങളിലും പഠന വിധേയമായിട്ടുണ്ടെങ്കിലും ഇത്തരം ഒരു ഉദ്യമം പുതുതായി ഉണ്ടായതാണ്. അത് കൊണ്ട് തന്നെ ഈ ചലച്ചിത്ര പഠന ഗ്രന്ഥം സ്വന്തം സ്വത്വം കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്നുവെന്ന് പറയാതെ വയ്യ.

ചലച്ചിത്രങ്ങൾ സെറ്റിനുള്ളിലെ പരിമിതികളിൽ രൂപമെടുത്തിരുന്ന കാലം തൊട്ട് അടുക്കള ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു. അടുക്കളയും പിന്നാമ്പുറവുമൊക്കെ പലപ്പോഴും ഹാസ്യവും ലൈംഗികതയും വിളയിച്ചെടുക്കാൻ കൂടിയുള്ള ഇടമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അടുക്കളക്കാരുടെ വസ്ത്രധാരണം മുതൽ ഇവരുടെ പ്രണയവും ലൈംഗികകാമനകളും പോലും അതിന് വിഷയമായി. ആദ്യകാലത്തെ അടുക്കളക്കാരിൽ പുരുഷൻമാർക്കായിരുന്നു മേധാവിത്വമെന്നും ചന്ദ്രശേഖർ വിവിധ ചലച്ചിത്രങ്ങൾ ഉദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട്. എങ്കിലും അവിടെ പൂർണതയ്ക്കായി സ്ത്രീ സാന്നിധ്യം അത്യാവശ്യം തന്നെ ആയിരുന്നു. അടൂർഭാസിയുടെയും ബഹദൂറിന്റെയും പാചകക്കാരും സുകുമാരിയും ഫിലോമിനയും അടക്കമുള്ളവരുടെ അടുക്കളക്കാരികളും ഒരുകാലത്ത് മലയാള ചലച്ചിത്രങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ചേരുവ തന്നെ ആയിരുന്നു. നിലത്തിരുന്ന് പാചകം ചെയ്യുന്ന അടുക്കളകൾ ഇപ്പോൾ ഫ്ലാറ്റുകളിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള അടുക്കളകളായി പരിണമിച്ചപ്പോഴും അടുക്കളജീവിതത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഗ്രന്ഥകാരൻ പറഞ്ഞു വയ്ക്കുന്നുണ്ട്. സമ്പന്ന ഗൃഹങ്ങളിലെ അടുക്കളക്കാരികൾ പലപ്പോഴും വീട്ടുകാരന്റെ കാമപൂരണത്തിനുള്ള ഉപാധിയായി മാറുന്നതും അവളുടെ പ്രണയവും വിരഹവും വിഹ്വലതകളുമെല്ലാം അടുക്കളയിൽ ആരംഭിച്ച് അവിടെ തന്നെ അവസാനിക്കുന്നതും പുസ്തകം നമുക്ക് കാട്ടിത്തരുന്നുണ്ട്. വിവിധ കാലഘട്ടങ്ങളിലെ അടുക്കളകളെയും പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. പുകയും കരിയും പിടിച്ച അടുക്കളകളിൽ നിന്ന് അതിഥി മുറികളെക്കാൾ സമ്പമായ ആധുനിക അടുക്കള വരെയെത്തുന്ന കാഴ്ചകളാണ് പുസ്തകം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അടുക്കള ജീവിതങ്ങളുടെ വസ്ത്രധാരണത്തെയും പുസ്തകത്തിൽ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ജാതിസമ്പ്രദായത്തിന്റെ ചില കാഴ്ചകളും പുസ്തകം നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നു.

വരേണ്യവർഗത്തിന്റെ അടുക്കളയിൽ കടക്കണമെങ്കിൽ ജാതി അൽപ്പം കേമമാകേണ്ടതുണ്ട്. താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അടുക്കളപുറത്ത് തന്നെ പണിയുള്ളൂ. ഭക്ഷണ രംഗത്ത് കുറഞ്ഞ കാലം കൊണ്ട് മലയാളിയുടെ ശീലങ്ങളിൽ വന്ന മാറ്റങ്ങളും ഗ്രന്ഥകാരൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. നിലത്തിരുന്ന് കഞ്ഞി കുടിക്കുന്ന മലയാളിയിൽ നിന്ന് ആഢ്യത്വം വഴിഞ്ഞൊഴുകുന്ന തീൻമേശയിൽ നിറഞ്ഞിരിക്കുന്ന പേരറിയാ വിഭവങ്ങൾ വരെ അത് എത്തി നിൽക്കുന്നു. മലയാള സിനിമയിലെ അടുക്കളകൾക്കും അടുക്കള ജീവിതങ്ങൾക്കും കച്ചവട-കമ്പോള‑മധ്യവർത്തി, ആർട്ട് ഹൗസ് വേർതിരിവുകളും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നുണ്ട്. പുകയും കരിയും പിടിച്ച അടുക്കളയും കൈലിയും ബ്ലൗസുമണിഞ്ഞ അടുക്കളക്കാരികൾ മുതൽ മോഡേൺ വനിതകൾ വരെ നിറഞ്ഞാടിയ മലയാള ചലച്ചിത്ര ലോകത്തെ അടുക്കളയിൽ നിന്ന് പക്ഷേ വെറുത ഒരു ഭാര്യയിലെ സുഗുണന്റെ ഭാര്യ ബിന്ദുവിനെ തന്നെ ഗ്രന്ഥകാരൻ കവറായി തെരഞ്ഞെടുത്തത് മലയാളി പ്രേക്ഷകരോട് ചിലത് പ്രത്യേകമായി പറയാനുള്ളത് കൊണ്ട് തന്നെ ആയിരിക്കണം. പ്രത്യേക പരാമർശം വേണ്ടതുണ്ടെന്ന ചിന്ത ചലച്ചിത്രകാരൻമാർക്ക് പോലും തോന്നിയിട്ടില്ലാത്ത മേഖലയിലേക്ക് കടന്ന് ചെന്ന് അതിനെ ആഴത്തിൽ വിശകലനം ചെയ്യാൻ തോന്നിയ ചന്ദ്രശേഖറിനിലെ വേറിട്ട ചലച്ചിത്ര പ്രേമിയെ അഭിനന്ദിക്കാതിരിക്കാനാകില്ല. വേറിട്ടൊരു ചലച്ചിത്ര നിരൂപണ ഗ്രന്ഥം വായിച്ച ആത്മസംതൃപ്തിയോടെ മാത്രമേ മലയാള സിനിമയിലെ അടുക്കള വായിച്ച് നിർത്തി മടക്കി വയ്ക്കാനാകൂ. മലയാള സിനിമയിലെ അടുക്കള എ ചന്ദ്രശേഖര്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

വില: 380 രൂപ