സി. രാധാകൃഷ്ണൻ

November 22, 2020, 3:04 am

സംസ്കാരം നെയ്തെടുക്കുന്ന ഒരാൾ

Janayugom Online

ണിയൂർ ബാലൻ എന്ന എഴുത്തുകാരനെ കുറിച്ച് ഡോക്ടർ ശശികുമാർ പുറമേരി എഴുതിയ പുസ്തകമാണ് എന്റെ മുന്നിലിരിക്കുന്നത്. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ഒരു കൃതി. നല്ല മലയാളത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്ന വിശേഷം കൂടിയുണ്ട് ഇതിന്. അധ്യാപകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും എല്ലാം കൂടിയായ ഒരാളുടെ ജീവിത പാതയാണ് പുസ്തകത്തിന്റെ വിഷയം. മണിയൂർ ഈ ബാലൻ എന്ന അധ്യാപകൻ ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പ്രധാനമായും രണ്ട് ഇനങ്ങളിലാണ് ഇവ. ചെറുകഥയും നോവലും. രണ്ടും കഥപറച്ചിൽ ആയതുകൊണ്ട് രണ്ടിലും ഈ അധ്യാപകന് നല്ല നൈപുണി ഉണ്ട്. നല്ല അധ്യാപകർ എന്നും നല്ല കഥപറച്ചിലുകാരും ആയിരുന്നുവല്ലോ. കഥകൾ പറഞ്ഞതാണല്ലോ അവർ കാര്യങ്ങൾ പഠിപ്പിച്ചത്. ഇവിടെയും അങ്ങനെ തന്നെ. കുട്ടികളോട് മാത്രമല്ല മുതിർന്നവരോടും കൂടിയാണ് ഈ കഥകൾ പറയുന്നത് എന്ന വ്യത്യാസമുണ്ട്. അത്രയേ ഉള്ളൂതാനും. കഥ പറയാനുള്ള ഈ ശേഷി കൊണ്ടാണ് നെയ്ത്തുകാരുടെ കുടുംബത്തിൽ ജനിച്ചു വളർന്ന ഈ സാധാരണക്കാരനായ മനുഷ്യൻ അസാധാരണക്കാരനായി മാറിയത്.

ആർജിത സംസ്കാരത്തെയും ആധുനിക ബോധത്തെയും ഇഴകളാക്കിയ എഴുത്തിൽഅനുഭവം ഒരുപോലെ പാവായി ചേരുന്നുണ്ട്. പരന്നു കിടക്കുന്നത് സമത്വ ബോധത്തിന്റെ ഏറ്റവും ശക്തിയുള്ള ഇഴകൾ ആണ്. ഈ നെയ്ത്തും ഇദ്ദേഹവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. ഈ കാലങ്ങളിൽ ഇങ്ങനെ ആണല്ലോ. ആവശ്യമില്ലാത്തതിനെക്കുറിച്ചൊക്കെ നാം ഉറക്കെ സംസാരിക്കുകയും ചെയ്യുന്നു. നാം ചിന്തിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങൾ അറിയാതെയും ചിന്തിക്കാതെയും പോവുകയും ചെയ്യുന്നു. സങ്കടകരമായ ഒരു പരിണതി. പുരോഗതിക്ക് നിരക്കാത്ത കാര്യവുമാണ്. ഗാന്ധിജിയുടെ സ്വാധീനവും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഗാന്ധിജിയുടെ ആദർശങ്ങൾ നടപ്പിലാക്തെകാതെ പോയതിന്റെ വേദനയും ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും കൃതികളിലും കാണാം. ആ പ്രതിഷേധം ശക്തനായ ഒരു എഴുത്തുകാരനായി ഇദ്ദേഹത്തെ മാറ്റുന്നു. അങ്ങനെ ആരോടും ഒന്നും മറുത്തു പറയാൻ ശീലിക്കാതെ വളർന്ന രാമൻകുട്ടി എന്ന ചെറുപ്പക്കാരൻ ആരോടും എന്തു കാര്യവും പറയാൻ ധൈര്യം കാണിക്കുന്ന ഒരു വലിയ ആളായി പരിണമിക്കുന്നു. ആ പരിണാമം ഒരു പൂമ്പാറ്റയെപോലെ അത്രയും അപ്രതീക്ഷിതവും മനോഹരവുമാണ്.

ഈ മനോഹാരിത അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് നേരിട്ട് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലാത്തവർക്ക് ഈ പുസ്തകം അത് സമ്മാനിക്കുന്നു. അധ്യാപകരായ കഥ എഴുത്തുകാർ നമുക്ക് മുൻപും ഉണ്ടായിട്ടുണ്ട് ഇപ്പോഴും വേറെയുമുണ്ട്. കാരൂരിനെ പോലെയുള്ളവർ തികച്ചും വൈയക്തികമായ തലത്തിൽ നിന്നാണ് കഥകൾ എഴുതിയത്. മണിയൂര് ആകട്ടെ സാംസ്കാരികവും സാമൂഹ്യവുമായ ഒരു പശ്ചാത്തലത്തിലാണ് എത്തി നിൽക്കുന്നത്. അതേസമയം വൈയക്തിക ബന്ധങ്ങളുടെ തെളിമ നഷ്ടപ്പെടുന്നുമില്ല. ഡോക്ടർ ശശികുമാർ മണിയൂർ ബാലൻ മാസ്റ്ററുടെ കൃതികളെ വിശകലനം ചെയ്യുകയല്ല പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. അഥവാ ഇത് ആ കൃതികളുടെ പഠനത്തിനുള്ള ഒരു ആമുഖം മാത്രമാണ്. ഒരുകാലത്ത് കേരളത്തിൽ നെയ്ത്തുകാരുടെ ഒരു വലിയ സമൂഹം ഉണ്ടായിരുന്നു. അവർ നെയ്തു കൂട്ടിയതിന്റെ ഖ്യാതി ലോകം മുഴുവൻ പരന്നിരുന്നു. പക്ഷേ ആ കാലങ്ങളിൽ പോലും അവർ സമ്പന്നരായിരുന്നില്ല. കാലം മാറിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അവർ ഉൽപ്പാദിപ്പിക്കുന്നതിന് വിലയില്ലാതായി.

കിട്ടുന്ന വിലപോലും അവർക്ക് കിട്ടാതെയും ആയി. നെയ്ത്തുകാരുടെ ജീവിതം തീർത്തും അസഹ്യമായ വേദനയായി തീർന്നു. ഊടും പാവും ശരിയായെങ്കിലും വീടും കൂടും തകർന്നു. ദാരിദ്ര്യം നിത്യ അവസ്ഥയായി. ഇക്കാലത്ത് പോലും ഈ കുടുംബങ്ങൾ പൂർണമായും പുനരധിപ്പിക്കപ്പെട്ടിട്ടില്ല. എല്ലാവർക്കും സ്വാതന്ത്ര്യം കിട്ടിയപ്പോൾ അസ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയ ഈ ഒരു സമൂഹത്തെ പറ്റി ബാലൻ മാസ്റ്റർ വേദനയോടെ അറിവോടെ പ്രതിഷേധത്തോടെ യും എഴുതി. പാവിൽ ഇടുന്ന ചായംതന്നെ ആയിരുന്നു എഴുത്തിലെ വർണ്ണ ഭംഗിയുടെ രഹസ്യം. കേരളീയതയുടെ സാംസ്കാരിക കമ്പോളത്തിൽ അപൂർവചാരുത നെയ്തു ചേർത്ത ഈ ഒരു സാംസ്കാരിക പ്രതിഭ ഇനിയെങ്കിലും ശ്രദ്ധിക്കപ്പെടണം എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ അക്കാദമി ഇദ്ദേഹത്തെ കണ്ടില്ലെന്ന് നടിക്കുന്നത് നിർത്തണം. ആരും പറയാൻ ഇല്ലാത്തതുകൊണ്ട് ഇങ്ങനെയൊരാൾ ആരും ശ്രദ്ധിക്കാതെ പോകരുത്. അത് മനുഷ്യന്റെ സർഗ്ഗശേഷി ഒന്നുകൊണ്ട് മാത്രം പ്രബുദ്ധരായ നാം നമ്മോടുതന്നെ ചെയ്യുന്ന ഏറ്റവും വലിയ നീതികേട് ആയിരിക്കും.