ഡോ. അജീഷ് പി ടി

റിസര്‍ച്ച് ഓഫീസര്‍, എസ്സിഇആര്‍ടി

March 09, 2021, 3:38 am

ജീവിതത്തിലെ സന്തോഷം സ്വയം കണ്ടെത്തണം (ഭാഗം-2)

Janayugom Online

ലേഖനത്തിന്റെ ആദ്യഭാഗത്തിൽ വ്യക്തികൾക്ക് സന്തോഷം പ്രദാനം ചെയ്യുന്ന ഹാപ്പി ഹോർമോണുകളിൽ ചിലതാണ് പരിചയപ്പെടുത്തിയത്. മറ്റുള്ള പ്രധാന ഹോർമോണുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നമുക്ക് മനസിലാക്കാം.

3. സെറാടോണിൻ

സമൂഹത്തിൽ യാതനയും കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ സഹായിക്കുവാൻ താത്പര്യം കാണിക്കുന്ന സന്ദർഭങ്ങളുടെ തീവ്രതയനുസരിച്ച് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ആണ് സെറാടോണിൻ. പ്രത്യുപകാരത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഇതിനെ ഗ്രാറ്റിറ്റ്യുഡ് ഹോർമോൺ എന്നും ബ്ലസിങ്ങ് ഹോർമോൺ എന്നും പറയാറുണ്ട്. ശരീരത്തിൽ വിഷാദം ഉണ്ടാകാതെ നിലനിർത്തുന്നതും ഈ ഹോർമോൺ ആണ്. മികച്ച ഉറക്കം, ദഹനശേഷി, വിശപ്പ് എന്നിവ നിലനിർത്തുവാനും ഇത് സഹായിക്കുന്നു. മനസ്സിന് സന്തോഷം തരുന്ന ഇഷ്ടപ്പെട്ട കായിക വിനോദങ്ങളിലോ വ്യായാമപ്രവർത്തനങ്ങളിലോ ദിവസേന നിശ്ചിത നേരം ഏർപ്പെടുന്നത് ഇതിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു.

4. എൻഡോർഫിനുകൾ

ശരീരത്തിലെ സ്വാഭാവികമായ വേദന സംഹാരികൾ ആണെന്നാണ് ഇവയെ പൊതുവേ പറയുന്നത്. ശരീരത്തിനും മനസ്സിനും ഇഷ്ടമുള്ള പ്രവൃത്തികളായ സാഹസികമായ കായിക പ്രവർത്തനങ്ങൾ, ദിവസവും വ്യായാമത്തിന്റെ ഭാഗമായി ചെയ്യുന്ന കായിക പ്രവർത്തനങ്ങൾ, ചലഞ്ചിങ്ങ് പ്രവർത്തനങ്ങൾ, തടസങ്ങളെ തരണം ചെയ്ത് മുന്നേറുന്ന കായിക പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഉത്പാദനത്തെ വളരെയധികം സ്വാധീനിക്കുന്നു. എൻഡോർഫിൻ സാന്നിധ്യം സമ്മർദം ഉണ്ടാക്കുന്ന കോർട്ടിസോളിന്റെ ഉത്പാദനം ശരീരത്തിൽ കുറയ്ക്കുകയും സന്തോഷം പകരുവാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും നിശ്ചിതനേരം സൂര്യപ്രകാശം ഏൽക്കുന്നത് സെറോടോണിൻ, എൻഡോർഫിൻ എന്നിവയുടെ ഉത്പാദനത്തെ സ്വാധീനിക്കുകയും ശരീരത്തിൽ വിറ്റാമിൻ ഡി ലഭ്യമാകുന്നതിനു കാരണമാവുകയും ചെയ്യുന്നു. വിശ്രമവേളകളിൽ ഏറ്റവും പ്രിയപ്പെട്ട കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒപ്പമിരുന്ന് ചെലവഴിക്കുവാൻ ലഭ്യമാകുന്ന സമയവും സന്ദർഭവും പരമാവധി പ്രയോജനപ്പെടുത്തുക. അവരുമായി ചിരിക്കുകയും ഉല്ലസിക്കുകയും ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്യണം. നന്നായി ചിരിക്കുന്ന സന്ദർഭങ്ങളിലൂടെ എൻഡോർഫിന്റെ ഉത്പാദനവും വർധിക്കുന്നു. സ്ഥിരമായ കായിക പ്രവർത്തനം എൻഡോർഫിനുകളെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധശേഷിക്കും ഉൻമേഷത്തിനും സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിൽ ഹാപ്പി ഹോർമോണുകളുടെ വർധനവിനെ ത്വരിതപ്പെടുന്ന പൊതുവായ ഘടകങ്ങൾ

*ദിവസവും നിശ്ചിത നേരം (30–40 മിനിട്ട്) കായിക പ്രവർത്തനങ്ങളിലും വ്യായാമത്തിലും ഏർപ്പെടണം.
* കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വിനോദയാത്രകൾ പോകുക. അവരുമായി കൂടുതൽ സമയം ചെലവഴിക്കുക.
* ദിവസവും കുറച്ചു നേരം ലഘുവായ സൂര്യപ്രകാശം ഏൽക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകണം
*ചിരിക്കുവാനുള്ള അവസരം ഫലപ്രദമായി ഉപയോഗിക്കുക.
* രുചികരമായ ഭക്ഷണം പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് നൽകുക
* നന്നായി ഉറങ്ങുന്നതിന് സമയം കണ്ടെത്തണം
* പ്രൊഫഷണൽ ജീവിതത്തിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിച്ച് ലക്ഷ്യം സാക്ഷാത്കരിക്കണം
* ദിവസവും നിശ്ചിത നേരം സംഗീതം ആസ്വദിക്കണം
* മസാലക്കൂട്ടുകൾ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുക
* ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ചെയ്യുന്ന ഉഴിച്ചിൽ, മസാജ് എന്നിവയുടെ സമയത്ത് രോഗശമനത്തിനായി സുഗന്ധമുള്ള എണ്ണകളും സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാ രീതിയായ അരോമതെറാപ്പി ചെയ്യുന്നതും നല്ലതാണ്.

ദിവസത്തിൽ മുഴുവൻ സമയവും വളരെ ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകണം. വ്യക്തിഗത ഹോബികളിൽ ഏർപ്പെടുവാൻ സമയം കണ്ടെത്തണം. ഇത്തരം പ്രവ്യത്തികൾ ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നതിനും ശാരീരിക മാനസിക സമ്മർദങ്ങളെ ലഘൂകരിച്ചു കൊണ്ട് സന്തോഷകരമായ ജീവിതം നയിച്ച് മുന്നേറുന്നതിനും സഹായിക്കും. സന്തോഷം ഓരോ വ്യക്തിയുടെയും തീരുമാനത്തിൽ മാത്രം അധിഷ്ഠിതമായിരിക്കും. ചിന്തകളുടെ ഐക്യരൂപമാണ് വ്യക്തിയെ ഒരുക്കിയെടുക്കുന്നത്. അതിനനുസരിച്ചാണ് അവന്റെ ജീവിതത്തിലെ പ്രയാണവും ജീവിത വിജയവും. ശരീരവും മനസ്സും ശാന്തമാണെങ്കിൽ സന്തോഷം ഒരു നിഴലെന്ന പോലെ വ്യക്തിയോടൊപ്പം എല്ലാ കാലവും സഞ്ചരിക്കും. നമുക്ക് ചുറ്റുമുള്ള വ്യക്തികളുമായി നാം സൂക്ഷിക്കുന്ന ബന്ധത്തിന്റെ ആഴമാണ് ജീവിതത്തിലെ സന്തോഷം നിർണയിക്കുന്നത്. ബന്ധങ്ങൾ സമാധാനപരവും മനോഹരവുമായി പരിപാലിക്കുന്നതിലൂടെ മാത്രമേ സന്തോഷം എല്ലാക്കാലവും നിലനിൽക്കുകയുള്ളൂ. അതിനാൽ എല്ലാ കാലവും കർമ്മനിരതരായി സമൂഹ നന്മമാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഉറച്ച ഒരു മനസുമായി ജീവിതത്തെ ധൈര്യപൂർവം മുന്നോട്ട് നയിക്കുക.