ബൃന്ദ

February 14, 2021, 3:02 am

പ്രണയത്തിന് എത്ര ചിറകുകള്‍ വേണം.…

Janayugom Online

‘ഞാൻ നിന്നെ പ്രണയിക്കുന്നു.’ പ്രണയത്തിന്റെ പകരം വയ്ക്കാനില്ലാത്ത അടയാളവാക്യമാണിത്. നൂറ്റാണ്ടുകളെത്ര കഴിഞ്ഞിട്ടും ജന്മാന്തരങ്ങൾ വിടർന്നു കൊഴിഞ്ഞിട്ടും പ്രണയികൾക്കിടയിൽ ഈ ഹൃദയവാക്യം മതിവരാതെ അങ്ങോട്ടുമിങ്ങോട്ടും തൊട്ടു കൊണ്ടേയിരിക്കുന്നു.ആത്മാവിലൂടെ എത്രയോ കാതം സഞ്ചരിച്ചാണ് ചുണ്ടിന്റെ ഇത്തിരി വിടവിലൂടെ നുഴഞ്ഞിറങ്ങി വന്ന് പ്രണയവാക്ക് മറ്റേയാളുടെ ഹൃദയത്തെ തൊടുന്നത്. പ്രണയത്തിന്റെ കരിമ്പിൻനീർ തുള്ളികൾ പതിച്ച് ഉള്ള് മധുരക്കുഴമ്പാകുന്നു. മനുഷ്യർ മധുരം നിറച്ച പാനപാത്രങ്ങളാകുന്നു.
“ഞാൻ ഇല്ലാതായിരിക്കുന്നു
എന്നിലെ ഞാൻ അവസാനിച്ചു.
എന്റെ നിലനിൽപ്പ് അവനിലാണ്.
പിന്നെയെങ്ങനെയാണെനിക്ക്
മറ്റൊരു പുരുഷന്റേതാകുവാൻ
കഴിയുക?”
- റാബിയ

പ്രണയം അത്രയേറെ എളുപ്പമുള്ള ധ്യാന മാർഗ്ഗമാണ്. അസാധാരണനായ പ്രണയിയെ ലഭിക്കുമെങ്കിൽ, അതൊരു സമ്പൂർണ്ണമായ സാധ്യതയാണ്. ഉത്കൃഷ്ടമായ ആനന്ദ പദ്ധതിയുമാണ്. പ്രണയം ഒരു ഉത്സവമാണ്. മനസ്സിന്റെ, ശരീരത്തിന്റെ, പ്രകൃതിയുടെ ഒക്കെ മധുരോത്സവമാണ്. ഒരു ജന്മാഭിലാഷം കൂടിയാണത്. ജയദേവകവി ഗീതഗോവിന്ദത്തിൽ ശ്രീകൃഷ്ണന്റെ വിരഹചേഷ്ടകളെക്കുറിച്ച് വർണ്ണിക്കുന്നുണ്ട്. കൃഷ്ണനാൽ നിയോഗിക്കപ്പെട്ട തോഴി രാധയോട് പറയുന്നതിങ്ങനെയാണ്,

“വസതി വിപിനവിതാനേ ത്യജതി ലളിതധാമ
ലുംതി ധരണിശയനേ ബഹു വിലപതി തവനാമ”
ശ്രീകൃഷ്ണൻ സുന്ദരമായ ഗൃഹം ത്യജിക്കുന്നു. വനത്തിൽ പോയി വസിക്കുന്നു. നിലത്ത് കിടന്ന് ഉരുളുന്നു. നിന്റെ പേരു വിളിച്ച് വളരെയധികം വിലപിക്കുന്നു. നിന്റെ വിരഹം കാരണം അദ്ദേഹം തളർന്നു പോകുന്നു. ഇത്രമേൽ പ്രണയിക്കുന്ന പുരുഷൻ മറ്റെവിടെയുണ്ടാകും. മറ്റാരുണ്ടാകും. അതു കൊണ്ടാകാം സ്ത്രീകളുടെ പ്രണയബിംബമായി കൃഷ്ണൻ രൂപപ്പെടുന്നത്. ദൈവിക പരിവേഷങ്ങൾ മാറ്റി നിർത്തി ചിന്തിക്കുകയാണെങ്കിൽ കൃഷ്ണൻ എന്ന രാജകുമാരൻ, ഭരണാധികാരി, അക്കാല ഭാരതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച ഭരണ നിപുണൻ. അയാൾ പ്രണയിക്കുകയാണ്, നിസ്വയായ ഒരു ഇടയപ്പെൺകൊടിയെ, ഗ്രാമാതിർത്തിക്കപ്പുറം ചാണകം മണക്കുന്ന തെരുവിലെ പശുക്കളെ പരിപാലിച്ചു ജീവിക്കുന്ന രാധയെ. അവിടെയാണ് വിഖ്യാതമായ പ്രണയം ഉടലെടുക്കുന്നത്. അവളെയോർത്താണ് കൃഷ്ണൻ വിലപിക്കുന്നത്. നൂറ്റാണ്ടുകൾക്കു ശേഷവും രാധയില്ലാത്ത കൃഷ്ണനും, കൃഷ്ണനില്ലാത്ത രാധയും അപൂർണരാണ്. ശരിക്കും അവരുടെ പ്രണയത്തെ യാണ് നമ്മളിന്നും ആരാധിക്കുന്നത്.

ഓഷോ പറയുന്നുണ്ട്: നിങ്ങളെ നിങ്ങളുടെ യഥാർത്ഥ പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയുന്ന, നിങ്ങളെ വീണ്ടും മനുഷ്യത്വത്തിലേക്ക് മനുഷ്യജീവിയായി പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരേയൊരു പ്രതിഭാസം പ്രണയമാണെന്ന്.
‘പ്രണയത്തിന്റെ വിഷം തീണ്ടി വീണു ഞാൻ വെറും മണ്ണിൽ ’ എന്ന് സാഫോയും പാടുന്നു. ആ വെറും മണ്ണ് സകല അലങ്കാരങ്ങളും ഇല്ലാതായ സ്വപ്രകൃതിയാണ്. പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്ന ഭൂമിക. ഒരാൾ അവനവനാകുന്നത്, തന്നെത്തന്നെ കാണുന്നത് പ്രണയത്തിൽ മാത്രമാണ്.

അവിടെ ഞാനെന്ന ഭാവങ്ങളില്ല. സകല അഹംഭാവങ്ങളുമുപേക്ഷിച്ച് അയാൾ പ്രണയിക്കുകയാണ്. അതു കൊണ്ടാണ് അയാൾ ശിരസ്സിൽ മയിൽപ്പീലി ചൂടിയിരിക്കുന്നത്, പുല്ലാങ്കുഴൽ പിടിച്ചിരിക്കുന്നത്. ഞാനെന്ന ഭാവം വെടിഞ്ഞ് പീലിത്തുണ്ടു കണക്കെ ഭാരരഹിതനായി അയാൾ സ്വയം ഗാനമായിത്തീരുന്നു. മുരളികയിൽ ചുണ്ടു ചേർത്ത് ജീവൻ മീട്ടുന്നു. അയാൾ പുരുഷന്മാരെ പ്രണയത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുകയാണ്.

പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്നതാണ് മഹത്തരവും സന്തോഷപൂർണ്ണവുമായതെന്ന് വാൻഗോഗും ഹൃദയം തൊട്ടെഴുതി. ഇങ്ങനെ പ്രണയിക്കപ്പെട്ടാൽ മാത്രം മതിയെന്ന് പ്രണയിച്ചു പ്രണയിച്ച് തമ്മിലലിഞ്ഞു പോയ പ്രണയത്തെ തിരിച്ചറിയാൻ കഴിയാതെ പ്രണയികൾ തമ്മിൽ തമ്മിൽ പറഞ്ഞു, പറഞ്ഞ് അധരങ്ങളെ സ്വന്തമാക്കി.

“എന്റെ അനുരാഗീ
വസന്തത്തിന്റെ രാജകുമാരാ
എന്നിൽ
പ്രണയ നർത്തനം ചെയ്യുന്നവനേ
അനുഭൂതിയുടെ
വെള്ളാമ്പലുകളെ
വർഷിക്കുന്നവനേ
നിന്റെ പ്രണയം
എന്നെ മോഹിപ്പിക്കുന്നു
ഞാൻ നിന്നിലേക്കു തന്നെ
ഒഴുകിയെത്തുന്നു”

പ്രണയം ആത്മാവിന്റെ ധ്യാനമാണ്. അവനവന്റെ ശരിയായ സ്വരം. മറ്റെല്ലാ ഇടങ്ങളിലും എത്രയെത്ര അലങ്കാരങ്ങൾ ഒരാൾക്ക് അറിഞ്ഞും അറിയാതെയും അണിയേണ്ടി വരാറുണ്ട്. പ്രാണന്റെ ഉപാധികളില്ലാത്ത ഉടമയ്ക്കു മുന്നിലാണ് ഒരാൾ സ്വയം വെളിപ്പെടുന്നത്. അതിനാലാണ് പ്രണയം അത്രമേൽ വശ്യവും നിഗൂഢവുമായിരിക്കുന്നത്.

പ്രണയം നമ്മുടെ അകംയാത്ര കൂടിയാണ്. നാം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത നമ്മുടെ തന്നെ എത്രയെത്ര ഭൂഖണ്ഡങ്ങളാണ് പ്രണയത്തിനു മുന്നിൽ വെളിപ്പെട്ടു വരുന്നത്. മനസ്സിന്റെ വഴികളിലേക്കു നോക്കി കൗതുകപ്പെട്ടു നിൽക്കും. മേനിയുടെ ഒരു കുഞ്ഞിടം പോലും ലാവണ്യഭരിതമാകും. നോക്കിൽ, വാക്കിൽ, ഓർമ്മയിൽ ആനന്ദത്തിന്റെ കടലുകൾ നിറഞ്ഞാർക്കും. എത്ര മഹത്തരമായ അത്ഭുതമാണ് പ്രണയം.

കണ്ടിട്ടും മതിവരാതെ, കേട്ടിട്ടും മതിവരാതെ, എത്രയൊന്നായലിഞ്ഞിട്ടും മതിവരാതെ പ്രണയമിങ്ങനെ പിടി തരാതെ.
പ്രണയത്തിന്റെ ആകാശത്തിന് അതിരുകളില്ല. അതുകൊണ്ടാണ് അനന്തമായ പ്രണയത്താൽ പ്രണയികൾ പരസ്പരം ആശ്ലേഷിക്കുന്നത്. കാലങ്ങൾ സഞ്ചരിച്ചാവും ചിലപ്പോൾ ഒരാൾ തന്റെ പ്രണയിയിലേക്കെത്തിച്ചേരുന്നത്. ഭൗതികമായ അവസ്ഥകളുടെ ബന്ധനങ്ങൾ അപ്രസക്തമാകുന്നതും അതിനാലാണ്. ആത്മാവിന്റെ പകുതി പ്രണയത്തിലാണുള്ളത്.

ശരീരത്തെയും മനസ്സിനെയും സ്വന്തമാക്കിയാൽ തീരുന്നതാണോ പ്രണയം എന്ന സന്ദേഹങ്ങൾ കേട്ടിരിക്കുന്നു. പ്രണയിക്കുമ്പോൾ പ്രണയികൾ ഉണ്ടാകുന്നതേയില്ല. തേനിന്റെ മധുരം എങ്ങനെ പറഞ്ഞറിയിക്കാൻ പറ്റും.വളരെ ഇഷ്ടം തോന്നുന്ന ചില വാഹനങ്ങളെയോ വസ്തുക്കളെയോ ജീവജാലങ്ങളെയോ ചിലർ സ്വന്തമാക്കാറുണ്ട്. അങ്ങനെ സ്വന്തമാക്കിക്കഴിയുമ്പോൾ സംതൃപ്തി സംജാതമാകാറുണ്ട്. അത് കേവല ഇഷ്ടങ്ങളാണ്. അത് സഫലമാകുമ്പോൾ അനുഭവപ്പെടുന്ന വിരക്തിയാണത്. അത്തരം ഇഷ്ടം ചില ശരീരങ്ങളോടുമുണ്ടാകും. അതിനെ അറിയുകയോ സ്വന്തമാക്കുകയോ ചെയ്യുമ്പോൾ ഇതേ വിരസത അനുഭവപ്പെടും. പ്രണയം എന്ന വാക്കു കൊണ്ടാകും നമ്മൾ അതിനെ സ്പർശിക്കുന്നത്. പ്രണയം തെറ്റിദ്ധരിക്കപ്പെട്ടു പോകുകയാണ് അവിടെ. ശരിയായ പ്രണയം അറിയുകയും തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. കേവല ഇഷ്ടങ്ങളെ പ്രണയമെന്നു കരുതുകയും പ്രണയമില്ലായ്മയിലും കൂടി കടന്നു പോകുമ്പോഴാണ് പ്രണയം തെറ്റിദ്ധരിക്കപ്പെടുന്നത്.

മനസ്സുകൊണ്ട് എത്ര ഒന്നു ചേർന്നാലും മതിവരാത്തതുപോലെയാണ് പ്രണയികളുടെ ശരീരം കൊണ്ടുള്ള ഒന്നുചേരലുകൾ. അലൗകികമായ ഒന്നു ചേരലാണത്. സ്വയമറിയാതെയുള്ള പ്രണയത്തിന്റെ ഇണചേരൽ. ശരീരം ഏത്, ഹൃദയം ഏത്, പ്രണയമേത് എന്ന് തിരിച്ചറിയാനാകാതെയുള്ള കെട്ടുപിണയലുകൾ. പിന്നെങ്ങനെ ഒരാൾക്ക് മറ്റേയാളെ മതിയാകും. പിന്നെ സകല സ്വാതന്ത്ര്യങ്ങളോടും കൂടി പ്രണയം ആഘോഷിക്കും. ശരീരത്തിന്റെയും മനസ്സിന്റെയും ബന്ധനങ്ങളെല്ലാമകലുമ്പോൾ പ്രണയാകാശം വിസ്തൃതമാകും. മതി മറന്ന് സ്വയം മറന്ന് പരസ്പരം പ്രണയിക്കും. ആനന്ദത്തിന്റെ അഗാധതകൾ മറ്റെവിടെയും നിന്ന് ലഭിക്കില്ല. അതിനാലാണ് പ്രണയികൾ ലോകാവസാനം വരെ അമൃതം നുണഞ്ഞുകൊണ്ടിരിക്കുന്നത്.

”വടതിക്കാറ്റേ ഉണരുക. തെന്നിക്കാറ്റേ വരിക. എന്റെ തോട്ടത്തിൽ നിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക.” (ഉത്തമ ഗീതം ).
പ്രണയ സുഗന്ധം പരത്തേണ്ടതിന് പ്രണയികൾക്കിടയിൽ കാറ്റുകൾ വീശിക്കൊണ്ടേയിരിക്കുന്നു. ദൂര ദൂരങ്ങളിലെല്ലാം അതിന്റെ സുഗന്ധം നിറയുന്നു. നിലയ്ക്കാത്ത പ്രണയ സുഗന്ധം. എന്തൊരു പ്രണയമായിരുന്നു അത്! അടിത്തട്ടു കാണാത്ത അഗാധത. തീരാത്ത വിസ്മയങ്ങളുടെ നിറക്കൂട്ട്. എത്ര കണ്ടിട്ടും മതിവരായ്ക. എത്ര കേട്ടിട്ടും മതിയാവായ്ക. പ്രണയത്തിന്റെ ഉന്മാദ നിലാവുകൾ. തോരാമഴകൾ. വീശി വീശിത്തണുപ്പിക്കുമിളം കാറ്റുകൾ.

രണ്ടു നക്ഷത്രങ്ങൾ വെറുതെയങ്ങു സ്നേഹിക്കുകയായിരുന്നു. എന്തിനെന്നറിയാതെ,എത്രമേലെന്നറിയാതെ. ഒരു കാരണവുമില്ലാതെ. അപ്പോഴതിന് ആഴിയെക്കാൾ ആഴം കൂടും. ആകാശത്തോളം പരപ്പും വരും. ഉപാധികളേതുമില്ലാതെ പ്രണയിച്ചു പ്രണയിച്ചങ്ങനെ. പ്രണയം എന്ന ഒറ്റ ഭാവത്തിൽ കാലവും ദേശവും വർണ്ണവും വർഗ്ഗവും ഇല്ലാതാകുന്നു. എല്ലാ മതിലുകളും അപ്രത്യക്ഷമാകുന്നത് പ്രണയത്തിലാണ്. ഏതു പ്രായത്തിലും ഒരാളെ വസന്തമാക്കുന്നതും പ്രണയമാണ്.

പ്രണയത്തിനോളം ശത്രുക്കൾ മറ്റ് ഏതു വികാരത്തിനാണുള്ളത്.
“എന്റെ പ്രണയമേ
മതിവരാതെ ഞാൻ
നിന്റെ സിരകളിൽ
പടർന്നു പൂവിടുന്നു
എത്രയലിഞ്ഞു ചേർന്നിട്ടും
മതിവരാതെ
പിന്നെയും പിണയുന്നു
പ്രണയത്തിന്റെ
മതിവരായ്കകൾ ”

കടലിന്റെ ആഴം എനിക്കറിയുമായിരുന്നില്ല. അതുപോലെയാണ് പ്രണയത്തിന്റെ ആഴവും. തീരത്ത് അലസം ശയിച്ചും ആലോലം നടന്നും ഞാൻ കടലിനെ നോക്കിക്കണ്ടു. അതിന്റെ നിലയ്ക്കാത്ത പ്രണയ ചാരുത നിറഞ്ഞ തിരമാലകൾ. അഗാധമായ സ്നേഹം, ചേർത്തു പിടിക്കുന്ന സുരക്ഷിതത്ത്വം, കൃതജ്ഞതയാൽ നമിച്ചു പോകുന്ന കരുണ, ഉന്മത്തപ്പെടുത്തുന്ന കാമം അങ്ങനെ പ്രണയത്തിന്റെ സകല മോഹനതകളും ഒത്തുചേർന്ന കടൽ.

പ്രണയിക്കുമ്പോൾ ഒരാൾ ചിലപ്പോൾ അതേ വരെ സഞ്ചരിച്ച വഴികളിലേക്ക് ഒന്നു നോക്കാൻ ശ്രമിച്ചെന്നിരിക്കും. തീർച്ചയായും നടന്നു തീർത്ത വഴികളും കാലങ്ങളും മാഞ്ഞു പോയിരിക്കും. തന്റെ പ്രണയിയെ കണ്ടുമുട്ടിയ അവിടം തൊട്ടാണ് ഒരാൾക്ക് ലോകം ആരംഭിക്കുന്നത്. അപ്പോഴാണ് അയാൾ ജനിക്കുന്നത്. ജീവിക്കാനുള്ള പ്രചോദനമെന്ന് പരസ്പരം പറയാതെ അറിയുന്നത്.

ഇനി നിങ്ങൾ പ്രണയത്തിലേക്ക് ഉറ്റു നോക്കുക. അവനവന്റെയും ചുറ്റുപാടുകളുടെയും പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും സകല കുറവുകളെയും പരിഹരിക്കാൻ അതിനേ കഴിയൂ.പ്രണയത്തിന്റെ രാഷ്ട്രീയം സകലതിനെയും നവീകരിക്കുന്ന അതിർത്തികളിൽ കരിമ്പിൻ തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്ന മാധുര്യത്തിന്റേതാണ്.

ഇതാ പ്രണയത്തിന്റെ വസ്ത്രങ്ങളണിഞ്ഞു കൊണ്ട് പ്രണയി ഇറങ്ങി വരുന്നു. നിങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നു. പ്രണയിക്കുകയല്ലാതെ പ്രണയത്തിനു മറ്റു വഴികൾ ഇല്ല. അതിനാൽ അവന്റെ നെഞ്ചിലെ വിസ്തൃതമായ സമുദ്രനീലിമ പച്ചകുത്തിയതുപോലെയുള്ള മറുകിന്മേൽ ഞാൻ മുഖം ചേർത്തു.

‘അവൻ എന്നെ വീഞ്ഞു വീട്ടിലേക്കു
കൂട്ടിക്കൊണ്ടുപോയി
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി
സ്നേഹമായിരുന്നു ”
(ഉത്തമ ഗീതം)
ഞാൻ വീഞ്ഞു വീട്ടിലിരുന്ന് പ്രണയത്തിന്റെ ലഹരി നുണഞ്ഞു കൊണ്ടിരിക്കുന്നു. അവനാണ് എന്റെ വീട്. അവനാണ് എന്റെ ലഹരി. ഇനി നിങ്ങൾ പ്രണയിക്കുക. എല്ലാ ദിനവും പ്രണയ ദിനങ്ങളാകട്ടെ. നിമിഷങ്ങൾ പ്രണയത്തിൽ അലിഞ്ഞ് ഇല്ലാതെയാകട്ടെ. ഇനി നിങ്ങൾ പ്രണയിയുടെ കാതിൽ ചുണ്ടു ചേർത്ത് പറയുക,
‘ഞാൻ നിന്നെ പ്രണയിക്കുന്നു.’