June 3, 2023 Saturday

നടനും മനുഷ്യനും

പ്രദീപ് ചന്ദ്രൻ
May 10, 2020 7:00 am

സിനിമയുടെ വെള്ളിവെളിച്ചത്തിലും മനുഷ്യനായി, കാലുകൾ ഭൂമിയിൽ ഉറപ്പിക്കാനായി എന്നതാണ് ഇർഫാൻ ഖാന്റെ വൈശിഷ്ട്യം. പാരമ്പര്യത്തിന്റെയും വംശമഹിമയുടെയും പിന്തുടർച്ചാവകാശം ഇല്ലാതിരുന്നിട്ടും ബോളിവുഡിലെ താര പ്രമാണിമാർക്കു മുന്നിൽ കസേര വലിച്ചിട്ട് ഇരിക്കാനായി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഇർഫാന്റെ വിയോഗം ഹിന്ദി സിനിമാ ലോകത്ത് വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ബോളിവുഡിലും ഹോളിവുഡിലും ഒരേ സമയം കഴിവ് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. വെറുമൊരു നടൻ മാത്രമായിരുന്നില്ല. എല്ലാറ്റിനെക്കുറിച്ചും വ്യക്തമായ അഭിപ്രായം വച്ചു പുലർത്തിയിരുന്ന ഇർഫാൻ അത് തുറന്നു പറയാൻ ഒരിക്കലും മടി കാട്ടിയിരുന്നില്ല. 2009ലെ പൊതു തിരഞ്ഞെടുപ്പിൽ അഹമ്മദാബാദ് ലോക്‌സഭാ മണ്ഡലത്തിൽ എൽ കെ അദ്വാനി മത്സരിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി മല്ലിക സാരാഭായിയ്ക്കു വേണ്ടി പ്രചരണത്തിനിറങ്ങിയത് പലരുടെയും നെറ്റി ചുളിപ്പിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ അദ്വാനിക്കെതിരെ രംഗത്ത് വരാൻ ബോളിവുഡിലെ പ്രമുഖരാരും ചങ്കൂറ്റം കാട്ടാതിരുന്നപ്പോഴാണ് ഇർഫാൻ ഈ സാഹസത്തിന് മുതിർന്നത്. ദരിദ്രരായ കരകൗശല തൊഴിലാളികൾക്കു വേണ്ടി രൂപീകരിച്ച ഗ്രാമ സേവ സംഘിന്റെ പ്രവർത്തനങ്ങൾക്കും അദ്ദേഹം ചുക്കാൻ പിടിച്ചു. 

മീരാ നായരുടെ ‘സലാം ബോംബെ’ യിലൂടെയാണ് ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. വഴിത്തിരിവായത് ആസിഫ് കപാഡിയുടെ ‘ദി വാറിയർ’ എന്ന ഇംഗ്ലീഷ് ചിത്രം. രാജസ്ഥാനിലെ ടോങ്ക് എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് സിനിമ എന്ന മായിക ലോകത്തിലേക്ക് എത്തിയതിനു പിന്നിൽ സ്ഥിരോൽസാഹവും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള കഴിവും മാത്രമായിരുന്നു.
ജോഡ്പൂരിലെ തിയേറ്റർ ആർട്ടിസ്റ്റായ അമ്മാവനാണ് കൊച്ച് ഇർഫാനെ നാടക കളരികളുമായി ബന്ധപ്പെടുത്തുന്നത്. എം എ പൂർത്തിയാക്കി ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയ പരിശീലനത്തിന് ചേർന്നു. അവിടെയും ഒറ്റപ്പെടൽ ഏറെ അനുഭവിച്ചു. ജീവിത സഖിയായ സുതാപ സിക്ദറെ കണ്ടുമുട്ടുന്നതും ഇവിടെ വച്ചാണ് ബോംബെയിലെത്തിയ ഇർഫാൻ ജീവിക്കാനായി എസി മെക്കാനിക്കിന്റെ വേഷമണിഞ്ഞു. തന്റെ റോൾ മോഡലായിരുന്ന രാജേഷ് ഖന്നയുടെ വീട്ടിൽ എ സി റിപ്പയർ ചെയ്യാൻ പോയത് താരമായപ്പോഴും അത്യാഹ്ലാദത്തോടെയാണ് അനുസ്മരിക്കുന്നത്. നായകനായാലും വില്ലനായാലും ഏൽപ്പിക്കുന്ന റോളുകളല്ലാം ഇർഫാന്റെ പക്കൽ ഭദ്രമായിരുന്നു. 

ബോളിവുഡിൽ വേറിട്ട ചരിത്രം കുറിക്കുമ്പോൾ തന്നെ ഹോളിവുഡിലും ചിരപ്രതിഷ്ട നേടാനായി. ‘ദി അമേസിംഗ് സ്പൈഡർമാൻ’, ‘ലൈഫ് ഓഫ് പൈ’, ‘ജൂറാസിക് വേൾഡ് ‘, ’ ഇൻഫർണോ’ തുടങ്ങിയ ചിത്രങ്ങളിലെ റോളുകൾ അവിസ്മരണീയമാക്കാൻ നടന് കഴിഞ്ഞു. ‘മക്ബൂൽ’, ‘ദി നെയിം സേക് ‘, ’ സ്ലംഡോഗ് മില്ലനയർ’, ‘ന്യൂയോർക് ‘, ‘ക്വിസ’, ’ ഹൈദർ ‘, ‘പികു’, ‘ദി ലഞ്ച് ബോക്സ് ’ തുടങ്ങിയ ചിത്രങ്ങൾ ബോളിവുഡിലെ സിംഹാസനം അരക്കിട്ടുറപ്പിച്ചു. ’ അംഗ്രേസി മീഡിയം’ ആണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രം. നിരവധി ടി വി ഷോകളുടെയും ഭാഗമായി. 

കായികതാരത്തിൽ നിന്ന് ചംബൽ കൊള്ളക്കാരനിലേക്ക് എത്തപ്പെട്ട പാൻ സിംഗ് തോമറിന്റെ ജീവിത കഥ ആസ്പദമാക്കിയ കഥാപാത്രം രാജ്യത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. സ്ലംഡോഗ് മില്ലനയറും ലൈഫ് ഓഫ് പൈയും ഓസ്കർ നിശയിൽ തിളങ്ങി. 2017 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം’ ഹിന്ദി മീഡിയം’ വമ്പൻ ഹിറ്റായി. വിദേശ രാജ്യങ്ങളിലും ചിത്രം സ്വീകാര്യത നേടി. ’ ലഞ്ച് ബോക്സി‘ലെ നായക കഥാപാത്രമാണ് ഇർഫാന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രം. രാജ്യത്തിന്റെ ഉന്നത സിവിലിയൻ പുരസ്കാരമായ പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തി.
‘ബിഹാഡ് മേം തോ ബാഗി ഹോത്തെ ഹെ, ഡക്കായിറ്റ് മിൽത്തേ ഹേ പാർലമെന്റ് മേം ’ (നാട്ടിടങ്ങളിൽ കലാപകാരികളെ കാണാം, കൊള്ളക്കാരെ കാണാനാകുക പാർലമെന്റിൽ ) എന്നത് പാൻസിംഗ് തോമറിലെ ഇർഫാന്റെ പ്രസിദ്ധമായ ഡയലോഗാണ്. ആയിരക്കണക്കിന് യുവാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ മെസേജാക്കിയിട്ടുള്ളത് ഈ വാചകങ്ങളാണ്. അടുത്തറിയാത്തവർക്കു പോലും ഇർഫാന്റെ വേർപാട് സ്വകാര്യ ദുഃഖമാക്കുന്നതിന് കാരണവും ഈ വേറിട്ട വ്യക്തിത്വം തന്നെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.